16 April Tuesday

സമരാനുഭവങ്ങളുടെ ചരിത്രം

ജയൻ ഇടയ്‌ക്കാട്‌Updated: Sunday Dec 5, 2021

കെ രാജഗോപാൽ എഴുതിയ ‘പാർടി ചരിത്രം ഓർമകളിലൂടെ’ എന്ന പുസ്‌തകം ഒരു രാഷ്‌ട്രീയ പ്രവർത്തകന്റെ കണ്ണിലൂടെയുള്ള പ്രാദേശിക ചരിത്രരചനയാണ്‌. ഗ്രന്ഥകർത്താവ്‌  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ആണെന്നതുകൊണ്ടുതന്നെ തൊഴിലാളികളും കർഷകരും വിദ്യാർഥികളും യുവജനങ്ങളും വനിതകളുമൊക്കെ  കൊല്ലം ജില്ലയിൽ നടത്തിയ സമരങ്ങളുടെ കാച്ചിക്കുറുക്കിയ ചരിത്രവിവരണം ഈ പുസ്‌തകത്തിലുണ്ട്‌.  സമരങ്ങൾ നയിച്ചവർ, സമരത്തിലെ പ്രധാന പങ്കാളികൾ, സമരത്തിന്റെ സഞ്ചാരപഥങ്ങൾ എല്ലാം വിശദമായി പ്രതിപാദിക്കുന്നുണ്ട്‌.   

ഇത്തരം സമരങ്ങളാണ്‌ സിപി ഐ എമ്മിനെ ജില്ലയിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനമായി വളർത്തിയെടുത്തത്‌. ജനങ്ങളുടെയും പാർടി പ്രവർത്തകരുടെയും ആശയലോകം വിപുലമാക്കാനും അവരെ രാഷ്‌ട്രീയവൽക്കരിക്കാനും സംഘടിതരാക്കാനും  ഉതകിയ  മുന്നേറ്റങ്ങളും  സംഘടനാ പ്രവർത്തനങ്ങളും അതിലുണ്ടായ വിജയങ്ങളും വിശദീകരിക്കുന്നു. മിക്ക സമരങ്ങളിലും നേതൃപരമായ  പങ്ക്‌ വഹിച്ച ഒരാൾ തന്നെ സമരാനുഭവങ്ങൾ വിശദീകരിക്കുമ്പോൾ കൈവരുന്ന ജൈവികത ഈ ഗ്രന്ഥത്തിൽ തൊട്ടറിയാം. കെ രാജഗോപാൽ തന്റെ ഓർമകൾ പങ്കുവയ്‌ക്കുമ്പോൾ അത് വ്യക്തിനിഷ്‌ഠതയ്‌ക്കപ്പുറം ഒരു കാലഘട്ടത്തിന്റെയാകെ സാമൂഹ്യ–-രാഷ്ട്രീയ ചരിത്രമാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌.  

ബാല്യത്തിൽ തന്നെ താനൊരു കമ്യൂണിസ്റ്റുകാരനാണെന്ന്  ഗ്രന്ഥകാരൻ തിരിച്ചറിഞ്ഞത്‌ ആ ആശയത്തെക്കുറിച്ച്‌ ആഴത്തിൽ പഠിച്ചിട്ടല്ല. വിമോചനസമരക്കാർ നടത്തിയ സ്‌കൂൾ അടപ്പിക്കൽ സമരത്തിനെതിരെ കരഞ്ഞുകൊണ്ടെങ്കിലും ബാല്യത്തിൽ പ്രതിഷേധിച്ചതും  ക്ലാസിൽ കമ്യൂണിസ്റ്റുകാർ ആരൊക്കെ എന്നുചോദിച്ചപ്പോൾ  അധ്യാപകനുമുമ്പിൽ എഴുന്നേറ്റുനിന്നതും  വിദ്യാർഥിപ്രസ്ഥാനത്തിന്റെ  പങ്ക്‌ എന്ന അധ്യായത്തിലുണ്ട്‌. വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കമ്യൂണിസ്റ്റ്‌ ബോധ്യം  കൂടുതൽ ദൃഢമായി. എസ്എഫ്ഐയുടെയും സിഐടിയുവിന്റെയും പ്രവർത്തകനും  നേതാവുമൊക്കെയായി  അടിയന്തരാവസ്ഥയിലടക്കം ഒളിവിലും തെളിവിലും പ്രവർത്തിക്കുമ്പോഴും ജയിൽവാസമനുഭവിക്കുമ്പോഴും  മർദനങ്ങളേറ്റുവാങ്ങുമ്പോഴും  ഒരു കമ്യൂണിസ്റ്റെന്നതിൽ  അഭിമാനം കൊള്ളുന്നുണ്ട്‌ ഗ്രന്ഥകാരൻ. ഒന്നരപ്പതിറ്റാണ്ടുകാലത്തിലധികം  സിപിഐ എം കൊല്ലം ജില്ലയിലെ സെക്രട്ടറിയുമായിരുന്നു രാജഗോപാൽ.

1964ൽ കമ്യൂണിസ്റ്റ്‌ പാർടി പിളർന്നപ്പോൾ കൊല്ലം ജില്ലയിൽ സിപിഐ എം ഏറെ ദുർബലമായിരുന്നു. എ കെ ജിയും ഇ എം എസും ഗൗരിയമ്മയും അടക്കമുള്ള നേതാക്കൾക്കുപിന്നിൽ തൊഴിലാളികളും കർഷകരും അടക്കമുള്ള അടിസ്ഥാനജനവിഭാഗങ്ങളെയും ബഹുജനങ്ങളെയും അണിനിരത്താൻ കാരണമായത്‌ നിരന്തര സമരങ്ങളാണ്‌. പോരാട്ടങ്ങളുടെ -മണ്ണായി കൊല്ലത്തെ മാറ്റിയെടുക്കാനും കഴിഞ്ഞു. അതിന് നേതൃത്വം - കൊടുത്ത ഉന്നതരായ നേതാക്കളെയും അന്നത്തെ യുവനേതൃത്വത്തെയും  പുസ്‌തകത്തിൽ എടുത്തുകാട്ടുന്നു. 

പാർടിക്കായി സമസ്‌തവും ത്യജിച്ച ഒരാളെപ്പോലും വിട്ടുപോകരുതെന്ന  ശ്രദ്ധ  പുസ്‌തകത്തിലുടനീളമുണ്ട്‌.  ഓർമക്കുറിപ്പെന്നാൽ വ്യക്തിപ്രഭാവത്തിന്റെ വിളംബരമാണെന്ന അബദ്ധധാരണ തിരുത്തുകയും ഞാനെന്നഭാവത്തെ ഉടച്ചുകളയുകയും ചെയ്യുന്നുണ്ട്‌ ഈ പുസ്‌തകം. പോരാളികളെ മുഴുവൻ  മുന്നിലേക്ക് കൊണ്ടുവരാനുമാണ് ശ്രമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചരിത്രം വായിക്കുന്ന ഓരോരുത്തരിലും വിശേഷിച്ച് കമ്യൂണിസ്റ്റുകാരിൽ ഇത് തന്റെ കൂടി ചരിത്രമാണല്ലോ എന്ന തോന്നലുണ്ടാകും. നിസ്വാർഥരായ കമ്യൂണിസ്റ്റ് പ്രവർത്തകരുടെ ആത്മവീര്യം  പുതുതലമുറയ്‌ക്ക്‌ തൊട്ടറിയാനുമാകും. എ പി കളയ്‌ക്കാട് സ്‌മാരകട്രസ്റ്റാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top