18 April Thursday

ഭാഷയുടെ രാഷ്‌ട്രീയമാനങ്ങൾ

ഡോ. പി സുരേഷ്Updated: Sunday Sep 5, 2021

ഡോ. പി പി പ്രകാശന്റെ നിരീക്ഷണക്കുറിപ്പു കളുടെ സമാഹാരമായ ‘മറുവായന’യിൽ ഭാഷ അത്രമേൽ നിഷ്‌കള ങ്കമല്ല, ഭാഷ ചരിത്രത്തിന്റെ ഒളിയിടങ്ങളാണ് എന്നീ ശീർഷകങ്ങളിലുള്ള രണ്ടു ലേഖനമുണ്ട്. ഈ പുസ്‌തക ത്തിലേക്കു പ്രവേശിക്കുവാനുള്ള താക്കോലുകളാണവ

ഭാഷ ആത്മനിഷ്‌ഠമായ ആവിഷ്‌കാര രൂപമല്ല. വാക്കിനെ അല്ലെങ്കിൽ ഭാഷയെ അതിന്റെ ചരിത്ര ജീവിതത്തിൽനിന്നോ പ്രത്യയശാസ്‌ത്രത്തിൽനിന്നോ വേർപിരിക്കാനാകില്ല. ഒരു വാക്ക് രൂപപ്പെടുന്നത് സാമൂഹികമായാണ്. ചരിത്രവും സംസ്‌കാരവും ഓർമകളും വർഗബന്ധങ്ങളും അനുഭൂതിലോകവുമെല്ലാം പുരണ്ട ഭാഷ ചലനാത്മകമാണ്; അതിനാൽത്തന്നെ നിത്യ പരിണാമിയുമാണ്. നിഷ്‌കളങ്കമെന്നോ കേവലാസ്‌തിത്വമുള്ളതെന്നോ പൊതുബോധം കരുതുന്ന ഓരോ ഭാഷാപ്രയോഗത്തിലും ഭാഷണസന്ദർഭത്തിലും സാമൂഹ്യ ചരിത്രത്തിന്റെയും അധികാര ബന്ധങ്ങളുടെയും ധ്വനിമാനങ്ങൾ ലീനമാണ്‌. അത്തരം സന്ദർഭങ്ങൾ നിർധാരണം ചെയ്യുന്ന സാംസ്‌കാരിക വിമർശമാണ് ഡോ. പി പി പ്രകാശന്റെ നിരീക്ഷണക്കുറിപ്പുകളുടെ സമാഹാരമായ  മറുവായന.    

നിത്യവ്യവഹാരത്തിൽ ഉപയോഗിക്കുന്ന വാക്കുകളുടെ ചരിത്രപരവും സാമൂഹികവുമായ രൂപീകരണ പ്രക്രിയയും അവ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്‌ത്രവും എന്താണെന്ന്  കൃത്യമായി വിശകലനം ചെയ്യുന്നു ഈ പുസ്‌തകം. വിദ്യാഭ്യാസം എന്ന കേന്ദ്ര പ്രമേയത്തെയാണ്  ഭൂരിഭാഗം ലേഖനങ്ങളും അഭിമുഖീകരിക്കുന്നത്.   

വിദ്യാലയം ഒരു വലിയ രൂപകമാണെന്നും അതിന് വിശാലമായ അർഥങ്ങളുണ്ടെന്നും പുസ്‌തകം പറയുന്നു.  വിദ്യാഭ്യാസത്തിലെ ജനാധിപത്യവൽക്കരണ പ്രക്രിയയുടെ അനിവാര്യതയെപ്പറ്റി നിരന്തരം ഓർമിപ്പിക്കുന്നു കെഎസ്ടിഎയുടെ അധ്യാപകലോകം മാസികയിൽ പ്രസിദ്ധീകരിച്ച ഈ കുറിപ്പുകൾ. 

സാമൂഹ്യാബോധത്തിലും നമ്മുടെ പൊതുബോധത്തിലും നിലീനമായ വാക്കുകളോ ഭാഷണ സന്ദർഭങ്ങളോ എങ്ങനെയാണ് പുരുഷാധികാരത്തെയും സ്‌ത്രീവിരുദ്ധതയെയും ദലിത് വിരുദ്ധതയെയും പ്രതിഫലിപ്പിക്കുന്ന അധീശ രാഷ്‌ട്രീയത്തിന്റെ സൂചകങ്ങളാകുന്നത് എന്ന്  കണ്ടെത്തുന്നുണ്ട്‌.    

അവതാരികയിൽ ഡോ. കെ എം അനിൽ പറയുന്നു:  "ഒരു വലിയ ആൾക്കൂട്ടത്തോടല്ല അദ്ദേഹം സംസാരിക്കുന്നത്. ഒരു ക്ലാസ്‌ മുറിയിലോ ഒരു മരത്തിന് ചുറ്റുമോ ഇരിക്കുന്നവരോട് ഒരധ്യാപകൻ നിർവഹിക്കുന്ന ഭാഷണത്തിന്റെ അനുകൽപ്പനമാണ് ഈ ജനുസ്സെന്നു പറയാം’. 

സംവാദാത്മകതയുടെ ജനാധിപത്യ ബോധം പുലർത്തുന്ന സുതാര്യമായ ഭാഷയിലാണ് പ്രകാശൻ ചിന്തകൾ അവതരിപ്പിക്കുന്നത്. യാഥാർഥ്യത്തെ പ്രതിനിധാനംചെയ്യുന്ന ഏതൊന്നിനെയും ചരിത്രവൽക്കരിച്ചുകൊണ്ട് മാത്രമേ പ്രകാശൻ സമീപിക്കുന്നുള്ളൂ. അതിനാൽ കേരളീയ ജീവിതത്തിലെ കട്ടപിടിച്ച ജാതീയത, ആചാരവിശ്വാസങ്ങൾ, പോരാട്ട ചരിത്രങ്ങൾ, ഫ്യൂഡൽ വരേണ്യത, നവോത്ഥാനം, ദലിത് ജീവിതം, ദേശീയ പ്രസ്ഥാന ചരിത്രം, സാഹിത്യ ചരിത്രം, അധ്യാപക-വിദ്യാർഥി ബന്ധങ്ങൾ, അരികുജീവിതങ്ങൾ തുടങ്ങിയ മേഖലകളിലേക്ക്    നിരീക്ഷണ പാടവത്തോടെ കടന്നുചെല്ലുന്നുണ്ട്‌  ഗ്രന്ഥകാരൻ. 

" ഇന്ത്യ എന്റെ രാജ്യമാണെന്ന് മാഷ് തണലത്തും കുട്ടി വെയിലത്തും നിന്ന് പ്രതിജ്ഞ ചൊല്ലുമ്പോൾ വെയിലും തണലും എല്ലാവർക്കുമുള്ളതല്ലെന്നു കൂടി കുട്ടി അറിയുന്നുണ്ട്’ എന്നെഴുതുമ്പോൾ,  വിദ്യാലയങ്ങളിലെ അസംബ്ലി എന്ന ആചാരത്തിന്റെ വിദ്യാർഥിവിരുദ്ധത മാത്രമല്ല ചോദ്യം ചെയ്യപ്പെടുന്നത്. ഇന്ത്യ എന്ന രാജ്യം എന്നും തണലത്ത് നിൽക്കാൻ ഭാഗ്യം ലഭിച്ചവരുടേതാണോ എക്കാലവും വെയിലത്തുനിൽക്കാൻ വിധിക്കപ്പെട്ടവരുടേതാണോ എന്നീ ചോദ്യങ്ങളാണ്‌ തറയ്‌ക്കുന്നത്‌.

ക്ലാസ്‌ മുറിക്കു പുറത്താക്കപ്പെടുന്ന കുട്ടികളെക്കുറിച്ച് പ്രകാശൻ എഴുതുന്നുണ്ട്. കൊഴിഞ്ഞുപോക്ക്  എന്ന് വിദ്യാഭ്യാസ വിചക്ഷണർ ഉപയോഗിക്കുന്ന വാക്കിന്റെ രാഷ്ട്രീയ മാനങ്ങൾ വിശകലനം ചെയ്യുന്നുണ്ട് "പിൻബെഞ്ചിലേക്ക് നോക്കാറുണ്ടോ" എന്ന കുറിപ്പിൽ പ്രകാശൻ. പിൻബെഞ്ചിൽ പോലും ഇടമില്ലാതെ ഒഴിഞ്ഞു പോയവരെ കൊഴിഞ്ഞു പോയവരാക്കി മാറ്റുന്ന പ്രക്രിയയിൽ ആരാണ് യഥാർഥ പ്രതി എന്ന കാര്യം നാം മറച്ചുവയ്‌ക്കാറുണ്ട്. Drop out എന്ന വാക്കിന് പുറത്താക്കൽ, പുറത്താവൽ, കൊഴിഞ്ഞുപോക്ക്, ഒഴിഞ്ഞുപോവൽ തുടങ്ങിയ പരിഭാഷകളിൽ ഏത് സ്വീകരിക്കുന്നു എന്നത് സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട രാഷ്‌ട്രീയമാനങ്ങളുള്ള തെരഞ്ഞെടുപ്പിന്റെ പ്രശ്നമാണെന്ന് പറയുകയാണ് പ്രകാശൻ. "അധ്യാപകന്റെ ശബ്‌ദവും നോട്ടവും പരിഗണനയും പിൻബെഞ്ചിലിരിക്കുന്ന അവസാനത്തെ കുട്ടിയുടെയും അവകാശമാണെന്നും അവരെ പുറത്താക്കുന്നതിലല്ല, അകത്താക്കുന്നതിലാണ് തന്റെ മികവെന്നുമുള്ള തിരിച്ചറിവാണ് അധ്യാപനത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കം’ എന്നും നിരീക്ഷിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top