29 March Friday

ഒടുവിൽ തിയറ്ററിലടുത്ത്‌ തുറമുഖം

എം എസ്‌ അശോകൻ msasokms@gmail.comUpdated: Sunday Mar 5, 2023

കേരളത്തിലുണ്ടായ തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മട്ടാഞ്ചേരി വെടിവയ്‌പ്പും അതിന്റെ രാഷ്‌ട്രീയ പശ്‌ചാത്തലവുമാണ്‌ മാർച്ച്‌ 10ന്‌ തിയറ്ററിലെത്തുന്ന ‘തുറമുഖ’ത്തിന്റെ പ്രമേയം. കൊച്ചിക്കാരനായ രാജീവ്‌ രവിയാണ്‌ സംവിധായകൻ. കൊച്ചിയുടെ ചരിത്രവും സംസ്‌കാരവും ഇഴചേർത്ത്‌ രാജീവ്‌ രവി മുമ്പ്‌ ചെയ്‌ത കമ്മട്ടിപ്പാടം, അന്നയും റസൂലും എന്നീ സിനിമകൾ നന്നായി സ്വീകരിക്കപ്പെട്ടിരുന്നു. ആ നിരയിൽ മൂന്നാമത്തേതെന്നു പറയാവുന്ന തുറമുഖം കൊച്ചിയുടെ രാഷ്‌ട്രീയ ചരിത്രം കുറച്ചുകൂടി തീക്ഷ്‌ണമായി അടയാളപ്പെടുത്തുന്നതാകും.

രാജീവ്‌ രവി

രാജീവ്‌ രവി

കൊച്ചി തുറമുഖത്ത്‌ 1962 വരെ നിലനിന്നിരുന്ന ചാപ്പ സമ്പ്രദായവും അതിനെതിരെ വിപ്ലവ ഉള്ളടക്കത്തോടെ സംഘടിപ്പിക്കപ്പെട്ട തൊഴിലാളി സമൂഹത്തിന്റെ പ്രതിഷേധവും  ഭരണവർഗത്തിന്റെ പ്രതികരണവുമൊക്കെയാണ്‌ തുറമുഖം സിനിമയുടെ ചരിത്ര പശ്‌ചാത്തലം.  തൊഴിലാളി പ്രതിഷേധത്തിന്‌ നേരെ 1953 ൽ മട്ടാഞ്ചേരിയിലുണ്ടായ വെടിവയ്‌പ്പിൽ മൂന്നുപേർ രക്തസാക്ഷികളായി. ആഖ്യാനങ്ങളെക്കാൾ വായ്‌മൊഴിയായി തലമുറ കൈമാറിയ ചരിത്രത്തെ സാക്ഷ്യങ്ങളുടെയും അപൂർവം രചനകളുടെയും പിൻബലത്തോടെ ആവിഷ്‌കരിക്കുകയാണ്‌ രാജീവ്‌ രവി. ഏറെ രാഷ്‌ട്രീയപ്രാധാന്യമുള്ള  തൊഴിലാളി മുന്നേറ്റമെന്ന നിലയിൽ മട്ടാഞ്ചേരി വെടിവയ്‌പ്പിന്റെ ചരിത്രത്തെ അടയാളപ്പെടുത്തണമെന്ന ആഗ്രഹമാണ്‌ ഈ സിനിമയിലൂടെ സാധിച്ചതെന്ന്‌ രാജീവ്‌ രവി പറഞ്ഞു. കൊച്ചിക്കാരനായിരുന്നിട്ടും മുതിർന്നശേഷമാണ്‌ അതേക്കുറിച്ചെല്ലാം അറിഞ്ഞത്‌. എം കെ ചിദംബരം തുറമുഖം എന്ന പേരിലെഴുതിയ നാടകത്തിലൂടെ. സുഹൃത്തുക്കളുടെ ഉത്സാഹത്തിൽ നാടകം പിന്നീട്‌ അരങ്ങിൽ കണ്ടപ്പോഴാണ്‌ സിനിമയാക്കാൻ ആലോചിച്ചത്‌. മട്ടാഞ്ചേരി വെടിവയ്‌പ്പിന്റെ ചരിത്ര രേഖകളൊന്നും കണ്ടെത്താനായില്ല. പൊലീസ്‌ രേഖകളോ കലക്‌ടറുടെ റിപ്പോർട്ടോ ഇല്ലെന്നാണ്‌ അറിഞ്ഞത്‌. എന്നാൽ അക്കാലത്തിന്‌ സാക്ഷിയായ ചിലരെ കാണാനായി. അവരിൽനിന്ന്‌ കേൾക്കാനായതുകൂടി ചേർത്താണ്‌ തുറമുഖത്തിന്റെ സിനിമാഖ്യാനമുണ്ടാക്കിയതെന്നും രാജീവ്‌ രവി പറഞ്ഞു. പല വ്യാഖ്യാനങ്ങളുമുള്ള ചരിത്രമായതിനാൽ സിനിമ ചർച്ചയാകുമെന്നും രാജീവ്‌ കരുതുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകനും രാജീവ്‌ തന്നെ.

കൊച്ചി തുറമുഖത്തിന്റെ നിർമാണം നടക്കുന്ന 1920 മുതലുള്ള കാലഘട്ടം സിനിമയിൽ പുനർജനിക്കുന്നു. നിവിൻ പോളിയാണ്‌ നായകൻ. മട്ടാഞ്ചേരി മൊയ്‌തു എന്ന കഥാപാത്രത്തെയാണ്‌  അവതരിപ്പിക്കുന്നത്. ജോജു  ജോർജ്, ഇന്ദ്രജിത്ത്, നിമിഷ സജയൻ, പൂർണിമ, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവരും വേഷമിടുന്നു.  എം കെ ചിദംബരത്തിന്റെ മകൻ  ഗോപൻ ചിദംബരമാണ്‌ തിരക്കഥയും സംഭാഷണവും എഴുതിയത്. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം  ഷഹബാസ് അമൻ. നിർമാണം സുകുമാർ തെക്കേപ്പാട്ട്‌. വിതരണം ലിസ്‌റ്റിൻ സ്‌റ്റീഫന്റെ മാജിക്‌ ഫ്രയിംസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top