08 June Thursday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2023

അവിയലും കുഴിമന്തിയും തമ്മിലെന്ത്‌

ദിനേശ്‌വർമ

സുഖഭക്ഷണശാലകളിലിരുന്നാണ്‌ ലോകത്തെ സുപ്രധാന രാഷ്‌ട്രീയ തീരുമാനങ്ങളിൽ പലതുമെന്ന്‌ പത്രപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്‌. നല്ല ഭക്ഷണവേളയിൽ സങ്കീർണ പ്രശ്നങ്ങൾക്കും തീർപ്പുണ്ടാകാമെന്നർഥം. എന്താണ്‌ നല്ല ഭക്ഷണം? അതെന്തായാലും വംശത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ളതല്ല. ഭക്ഷണ വിജ്ഞാനീയം സുപ്രധാന പഠനവികാസ മേഖലയാണ്‌. കുഴിമന്തിയെ അതിന്റെ പേര്‌ നോക്കി ആക്ഷേപിക്കുന്നതിന്‌ പിന്നിൽ ഭക്ഷണബാഹ്യമായ താൽപ്പര്യമാണ്‌. കഥാകൃത്തും ഗവേഷകനുമായ ഡോ. സി ഗണേഷിന്റെ ‘ രുചിയും മനുഷ്യരും, കേരളഭക്ഷണത്തിന്റെ സംസ്കാരിക ചരിത്രം ’ പുസ്തകത്തിന്‌ ഈ സാഹചര്യത്തിൽ കാലിക പ്രസക്തിയേറുന്നു. കഞ്ഞിയുടെയും പുട്ടിന്റെയും അവിയലിന്റെയും മാത്രമല്ല ബിരിയാണിയുടെയും അൽഫാമിന്റെയും ചരിത്രവും അന്വേഷിക്കുന്നു. നവോത്ഥാനവും മാർക്കറ്റും എപ്രകാരം ഭക്ഷണത്തിൽ പ്രതിപ്രവർത്തിക്കുന്നു, സയനൈഡിന്റെ രുചി ലോകമറിയിച്ച മലയാളി എന്നിവയും ചർച്ച ചെയ്യുന്നു. ഫ്രഞ്ച്‌ നരവംശ ശാസ്‌ത്രജ്ഞനായ ലെവിസ്‌ ട്രൗസ്‌ മുന്നോട്ടുവയ്ക്കുന്ന ചില തിയറികളും അതിൽനിന്ന്‌ നാളിതുവരെയുള്ള ഭക്ഷണ യാത്രയുടെ തത്വശാസ്‌ത്രപരമായ വളർച്ചയും ചർച്ച ചെയ്യുന്നു. ഭക്ഷണപ്രിയരായ വികെഎന്നും ബഷീറും രുചിയുടെ പദക്കൂട്ടുകൾ കൊണ്ട്‌ സാഹിത്യക്കീറ്റിലയിൽ എന്തൊക്കെ വിളമ്പിയിരുന്നുവെന്നുമറിയാം. നിശ്ചയമായും നിതാന്തമായ നിരീക്ഷണ പടുത്വവും രുചികളോടുള്ള അതിയായ പ്രണയവും കൊണ്ടുനടക്കുന്നയാൾക്കേ ഇപ്രകാരമൊരു അന്വേഷണത്തിൽ വിജയിക്കാനാകൂ. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെകൂടി ഭാഗമായ ഭക്ഷണവിജ്ഞാനീയത്തിൽ പുതിയൊരു ചുവടുവയ്പുകൂടിയാണ്‌ പുസ്തകം.

 

ജന്മ ചോദനകളിൽ അന്തർലീനമായ വേട്ടകൾ

സുരേഷ്‌ ഗോപി

ചരിത്രാതീത കാലം മുതൽ മനുഷ്യർ നായാട്ടിനെ ഒരു ലഹരിയായി കണ്ടിരുന്നു. മനുഷ്യനിലെ വന്യതയുടെ അടയാളം തന്നെയായിരുന്നു കാടിളക്കിയുള്ള വേട്ട. കാടുകളിൽ ജീവിച്ചിരുന്ന ആദിമ മനുഷ്യർ ക്രമേണ കാടിറങ്ങി. അതോടെയാണ്‌ കാടും മനുഷ്യനും തമ്മിലുള്ള സംവേദനങ്ങളിലൊന്നായി വേട്ടയാടൽ പരിമിതപ്പെട്ടത്‌. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യൻെറ ജന്മ ചോദനകളിൽ അന്തർലീനമാണ്‌ വേട്ടയാടൽ. കൃഷി സജീവമായതോടെ മനുഷ്യൻ ഒരിടത്തു തന്നെ താമസമുറപ്പിച്ചു. പൗരാണിക കേരളത്തിൻെറ സമഗ്രമായ നായാട്ടു ചരിത്രം വിശദമാക്കുന്ന കൃതിയാണ്‌ വിനിൽ പോൾ രചിച്ച ‘മൃഗയ കേരളത്തിന്റെ നായാട്ടുചരിത്രം’. ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള നായാട്ടു ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്‌. ചരിത്രരേഖകളും ചിത്രങ്ങളും ആധികാരികമായി ചേർത്തിട്ടുണ്ട്‌. കേരളത്തിലെ നായാട്ടുകാഴ്‌ചകളും നായാട്ടുസാഹിത്യവും പാരിസ്ഥിതിക വിഷയങ്ങളും ചർച്ച ചെയ്യുന്നു. ചരിത്രം തിരഞ്ഞു പോകുന്നവർക്കും ഗവേഷണകുതുകികൾക്കും ഉപകാരപ്രദമാകുമെന്നുറപ്പ്‌.

 

 

 

ഹനനം

പൂവച്ചൽ രത്‌നാകരൻ

ജനപ്രിയ സാഹിത്യവിഭാഗത്തിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്നത്‌ അപസർപ്പക രചനകളാണ്‌. സാധാരണ വായനക്കാരന്റെ ബോധത്തെ അത്‌ ത്രസിപ്പിക്കുകയും ജിജ്ഞാസ അവനെ ഞെരിച്ചുകൊണ്ടിരിക്കുകയും ചെയ്യും. എഡ്‌ഗാർ അലൻപോയിൽനിന്ന്‌ ഭൂമിയുടെ ഇങ്ങേയറ്റത്തെ മലയാളത്തിലെ നിഖിലേഷ്‌ മേനോൻവരെ എത്തിനിൽക്കുന്നു ഈ നിര.  നിഖിലേഷിന്റെ ‘ഹനനം’ എന്ന നോവൽ വ്യത്യസ്‌ത ആഖ്യാന സവിശേഷതയുള്ള ക്രൈം ത്രില്ലറാണ്‌. ഏറെ ഗൗരവമുള്ള ഒരു മെഡിക്കൽ വിഷയത്തെ ജനപ്രിയ കഥാപരിസരത്തുനിന്ന്‌ ഡോക്‌ടർ കൂടിയായ എഴുത്തുകാരൻ അവതരിപ്പിക്കുമ്പോൾ നോവലിന്‌ പ്രസക്‌തിയേറുന്നു. വളരെ വ്യത്യസ്‌തമായ രചനാ രീതിയാണ്‌ നിഖിലേഷിന്റേത്‌. ശാസ്‌ത്രബോധത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ അത്‌ ഭ്രമണം ചെയ്യുന്നത്‌ കാണാം. ഇനിയെന്ത്‌ എന്ന അന്വേഷണബുദ്ധിയോടെ വായനക്കാരൻ നിർത്താതെ വായിച്ചുപോകുന്ന ഒരു നോവലാണ്‌ ഹനനം.

 

 

 

 

വാക്കുകളിൽ കടൽ തിരയടിക്കുമ്പോൾ

പ്രദീപ് രാമനാട്ടുകര

കടൽ അത്രമേൽ അനുഭവിപ്പിക്കുന്ന നോവലാണ് സോമൻ കടലൂരിന്റെ പുള്ളിയൻ. ചിരുകണ്ടനിലൂടെ കടലിന്റെ ആഴങ്ങളിലേക്ക് നമ്മളും യാത്ര പോകുന്നു. കഥകളുടെ കെട്ടഴിച്ച് ഐങ്കര മുത്തപ്പനും ഉപ്പാട്ടി മുത്താച്ചിയും വായനയ്ക്കു ശേഷവും നമ്മോടൊപ്പമുണ്ടാവും. കടൽക്കാറ്റിന്റെ ശ്വാസത്തിൽ ജീവിതത്തിന്റെ സൂക്ഷ്മതാളം ചിത്രകാരൻ കൂടിയായ നോവലിസ്റ്റ് വരച്ചിടുന്നുണ്ട്. കടലിന്റെ മക്കളാണ് നോവലിന്റെ ആഴവും പരപ്പും. പുള്ളിയൻ എന്ന മീനിന്റെ കഥയിൽ നിന്ന് കടൽ അനുഭവങ്ങളുടെ മഹാപുസ്തകത്തിലേക്ക്‌ വായനക്കാരനെ നോവൽ കൊരുത്തെടുക്കുന്നു. ചിരുകണ്ടന്റെ ജീവിതമെഴുതുമ്പോൾ കടലോര ജീവിതവും അടയാളപ്പെടുന്നു. അമ്പുവും, ബാപ്പുവും, ദേവക്കനിയും, ദൈരൂവും, ഭരതനും, കണാരേട്ടനും, ഹസ്സൻ കോയയും, അലിയും ... വെറും കഥാപാത്രങ്ങളായല്ല ജീവിതത്തിന്റെ പച്ചയിൽ കൊത്തിയ കാവ്യബിംബങ്ങളായാണ് വായനക്കാരനിൽ ചേക്കേറുന്നത്. വെള്ളക്കല്ലിലെ തിരണ്ടി വേട്ടയോളം മനോഹരമായ വാങ്മയം മലയാളത്തിൽ അപൂർവമാണ്.

 

 

 

 

ആഹ്ളാദവും വിഷാദവും പകരുന്ന ശിൽപ്പഘടന

ഹംസ അറയ്ക്കൽ

യാത്രയിലൂടെയാണ് മനുഷ്യർ ജീവിതം കണ്ടത്. നിരന്തരം തുടരുന്ന ഈ പ്രവാഹം മനുഷ്യരുടെ അതിജീവനത്തിന്റെ വറ്റാത്ത ഉറവയാണ്‌. പ്രവാസത്തിന്റെ വൈവിധ്യം നിറഞ്ഞ ജീവിതാനുഭവങ്ങളെ രസകരമായ കഥകളാക്കി മാറ്റിയ പുസ്തകമാണ്‌ സി വി സലാമിന്റെ എല്ലാ മരത്തിലും തീയുണ്ട്‌. അഭയാർഥികളെപ്പോലെ ജീവിതം തേടിയെത്തിയ മനുഷ്യരുടെ സ്വകാര്യ വ്യഥകൾ അതിൽ അലിഞ്ഞു ചേരുന്നു. കടൽ കടന്ന മനുഷ്യന്റെ ഓരോ യാത്രകളിലും അവൻ അനുഭവിച്ച കൊടിയ ദുരന്തങ്ങളും വേദനകളും ആണ് പുസ്തകത്തിൽ നിറയുന്നത്. മലേഷ്യയിൽ പിതാവ് വെടിയേറ്റു മരിച്ചതിന്റെ ഓർമകൾ  അയവിറക്കുന്ന മജീദിലൂടെ ആ കഥകളെല്ലാം ഇതൾ വിരിയുന്നു. കഥകൾക്കുള്ളിൽ കണ്ണീരു പുരണ്ട ഉപകഥകൾ നിർമിച്ചെടുക്കുന്ന ആഖ്യാന ശൈലി സലാം പിന്തുടരുന്നു. സിങ്കപ്പൂർ, മലേഷ്യ, റങ്കൂൺ, അക്യാബ് തുടങ്ങിയ ദേശങ്ങളിലേക്ക് പറിച്ചു നടപ്പെട്ടവരുടെ ഒന്നാം തലമുറയിലെ  പ്രതിനിധികളാണ് ഇതിലെ കഥാപാത്രങ്ങളിൽ അധികവും.നൂറ്റാണ്ടുകൾ പഴക്കമുള്ള രാജാധികാരത്തിന്റെ ചരിത്രം പേറി നിൽക്കുന്ന അൽ ഹുസ്സാൻ കൊട്ടാരത്തിന്റെ അകത്തളങ്ങളിലേക്കും പുസ്തകം നമ്മെ കൊണ്ടു പോകുന്നുണ്ട്. ഒരേ സമയം മനസ്സിന് ആഹ്ളാദവും വിഷാദവും പകരുന്ന ശിൽപ്പഘടനയിലാണ്   സലാം തന്റെ യാത്രകൾ പൂർത്തിയാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top