29 March Friday

ഓയ്‌... ഓയ്‌ വന്നല്ലോ വേലേം പൂരോം

ടി കെ രത്‌നാകരൻ ratnakarancpy@gmail.comUpdated: Sunday Feb 5, 2023

കാളക്കോലങ്ങളുടെ നഗരപ്രദക്ഷിണം/ഫോട്ടോ: എം ഹർഷൻ, ചെർപ്പുളശ്ശേരി

 ‘വിത്തും കൈക്കോട്ടും...കള്ളൻ ചക്കേട്ടു, കണ്ടാ മിണ്ടണ്ട..' എന്ന വിഷുപ്പക്ഷിയുടെ കൂജനം. കേരളത്തിലെ മിക്കവാറും എല്ലാ ഉത്സവങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അവയെല്ലാം ഗതകാല കാർഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടതാണ്‌. മലബാറിലെ പ്രത്യേകിച്ചും വള്ളുവനാട്ടിലെ ജനതയുടെ തുടിപ്പും ആവേശവും ഏറ്റുവാങ്ങുന്ന കാളവേലയും പൂരവും അത്തരമൊന്നാണ്. ഹിന്ദു ആഘോഷങ്ങളിൽ മാത്രമല്ല മുസ്ലിങ്ങളുടെ ആഘോഷമായ പട്ടാമ്പി നേർച്ചയിലും ഈ ചിഹ്നങ്ങൾ ദർശിക്കാം.
 
കൃഷി ജീവനോപാധി എന്നതിലുപരി മാനവിക സംസ്‌കാരത്തിന്റെ അടിത്തറ കൂടിയായിരുന്നു. കലയും സംസ്‌കാരവുമെല്ലാം കർഷകന്റെ ഉൽപ്പാദന പ്രക്രിയയുമായി ബന്ധപ്പെട്ടു കിടന്നു. കൃഷിയുടെ ഭാഗമായ കന്നുകാലികൾ, കലപ്പ അടക്കമുള്ള കാർഷികോപകരണങ്ങൾ, കാർഷികവൃത്തിയിലെ പ്രധാന മൂലധനമായ പണിക്കാർ എന്നിവ കർഷകനു സ്വന്തമായി. ആദികാലം മുതൽ കർഷകർ തങ്ങളുടെ വിളകളെയും കന്നുകാലികളെയും കാർഷികോപകരണങ്ങളയും സംരക്ഷിക്കുന്നതിനായി ദേവതകളെ പ്രീതിപ്പെടുത്തണമെന്ന വിശ്വാസം രൂഢമൂലമായി. ഇതാണ് വള്ളുവനാട്ടിലെ കാളവേലകളുടെ തുടക്കമെന്നു കണക്കാക്കുന്നു.
 
മരവും വൈക്കോലും കൊണ്ട് കാളകളുടെ രൂപമുണ്ടാക്കി കോടിമുണ്ടുകൊണ്ട്‌ പൊതിയുന്നു. ഇവ കാവിലെ നടയ്ക്കു വയ്‌ക്കുതാണ് വഴിപാട്. കാലാന്തരത്തിൽ ഇതിന് രൂപാന്തരം വന്നതായി കാണാം. ഇതാണ് വലിയ ആഘോഷമായ കാളവേലയായി മാറിയത്. ചില പൂരങ്ങളിൽ കാളകൾക്കു പകരം കുതിരക്കോലവും തേരും ഉപയോഗിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാണിത്. ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിന് കുതിരക്കോലമാണ് എത്തുന്നത്. ഷൊർണൂരിനടുത്ത ചേറമ്പറ്റക്കാവിൽ കാള, കുതിര, തേര്, ആന, കാലാൾപ്പട എന്നിവയുമുണ്ടാകും.
 
തുലാം പത്ത് കഴിയുന്നതോടെ മലബാറിൽ ഉത്സവ കേളി ആരംഭിക്കുമെങ്കിലും മകരക്കൊയ്‌ത്തു കഴിയുന്നതോടെയാണ് വള്ളുവനാട്ടിൽ കാളവേലയ്ക്കും പൂരത്തിനും തുടക്കം. വേലേം പൂരോം എന്നാണ് ഇത് അറിയപ്പെടുന്നത്. മകരം പിറക്കുന്നതോടെ കൊയ്‌ത്തും മെതിയും ധാന്യശേഖരണവുമെല്ലാം കഴിയുന്നതോടെ കർഷകന്റെ പ്രവൃത്തിയെല്ലാം പൂർത്തിയാകുന്നു. കർഷകന്റെ പത്തായവും കർഷകത്തൊഴിലാളിയുടെ ധാന്യസൂക്ഷിപ്പു ‘കലവും' നിറയുന്നു.  ദാരിദ്ര്യത്തിനും പട്ടിണിക്കും താൽക്കാലിക വിരാമം. കന്നുകാലികളും പൂർണവിശ്രമത്തിലായി. 
 
മകരം പിറക്കുന്നതോടെ വള്ളുവനാട്ടിലെ കാളവേലയ്ക്കും പൂരത്തിനും ഉച്ചാറൽ വേലയ്ക്കും കൊടിയേറും. പാലക്കാട്, വള്ളുവനാട് പ്രദേശങ്ങളിലെ ഓരോ കാളവേലയ്ക്കും പൂരത്തിനും പണ്ടുകാലത്തെ ഓരോ ദിനങ്ങൾ നിശ്ചയിച്ചുപോന്നു. കാളവേലയ്ക്ക് പേരുകേട്ടതാണ് ചെർപ്പുളശേരി പുത്തനാൽക്കാവ്, മുളയങ്കാവ്, പരിയാനംപറ്റകാവ്, നെന്മാറ-വല്ലങ്ങി, തൂതകാവ് തുടങ്ങിയ കാവുകളും ക്ഷേത്രങ്ങളും. 28 ദിവസത്തോളം നീളുന്നതാണ് ഓരോ ഇടത്തെയും ഉത്സവാഘോഷ ചടങ്ങുകൾ. വള്ളുവനാട്ടിലെ ഒട്ടുമിക്ക ദേവി ക്ഷേത്രങ്ങളിലും രാമ-രാവണയുദ്ധം വിവരിക്കുന്ന തോൽപ്പാവക്കൂത്ത് നടക്കും. കൂത്ത് തുടങ്ങുന്നതിനെ കൂത്തുമുളയിടൽ എന്നാണ് പറയുക. പിന്നീട് ഓരോ ദിവസവും ഓരോ കലാപരിപാടി നിശ്ചയിക്കും. യുനെസ്‌കോ പൈതൃക കലാരൂപമായി അംഗീകരിച്ച കൂടിയാട്ടം, കഥകളി, കൂത്ത്, ഓട്ടൻതുള്ളൽ, കൈകൊട്ടിക്കളി, തെയ്യം, തുമ്പിതുള്ളൽ, മേളം, തായമ്പക, പഞ്ചവാദ്യം, മാജിക്, കർണാടക സംഗീതം, ഇവയ്‌ക്കൊക്കെ പുറമേ പുതുതലമുറയുടെ ആവേശമായ ഗാനമേള എന്നിവ പല ഉത്സവങ്ങളിലും അരങ്ങേറും. 
 

കാളക്കോലങ്ങള്‍

കാളക്കോലങ്ങള്‍

 

കാളക്കോലങ്ങൾ

വർണാഭമായ ഇണക്കാളക്കോലങ്ങളാണ് കാളവേലയുടെ പ്രധാന ആകർഷണം.  നേരത്തേ ജന്മിഗൃഹങ്ങളും വലിയ കർഷകഗേഹങ്ങളുമാണ് കാള നിർമാണവും സമർപ്പണവും നടത്തിയതെങ്കിൽ ഇന്ന് ക്ഷേത്രത്തിനു ചുറ്റുമുള്ള ഓരോ ദേശങ്ങളാണ് ഇതേറ്റെടുക്കുക. ദേശക്കാള എന്നാണ് ഇത് അറിയപ്പെടുക. ഇതിനായി ഇപ്പോൾ ജാതിമത ഭേദമന്യേ ജനകീയ കമ്മിറ്റികൾ വന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വൈദ്യുത ദീപാലങ്കാരത്തോടെയുള്ള കാളക്കോലങ്ങളെ ഉത്സവനാളിൽ ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. ആദി കാലങ്ങളിൽനിന്നും വ്യത്യസ്തമായി ഇണക്കാളകൾക്കും വ്യത്യാസം വന്നു.
 
ജീവൻ തുടിക്കുന്നതാണ് കാളകൾ. ആകർഷകമായ മേനി അഴക്. കണ്ണുചിമ്മുന്ന കാളകളും അയവിറക്കുന്ന കാളകളും മൂത്രമൊഴിക്കുന്ന കാളകളും നിർമിച്ചൊരുക്കുന്നു. മുൻകാലങ്ങളിൽ തലച്ചുമടായാണ് കാളകളെ കൊണ്ടുവന്നതെങ്കിൽ ഇന്ന് തുറന്ന മോട്ടോർ വാഹനങ്ങളിലാണ് കൊണ്ടുവരുന്നത്. ഘോഷയാത്രയായി എത്തുന്ന കാളകൾ ക്ഷേത്ര പറമ്പുകളിൽ ഒത്തുകൂടി ഓരോരുത്തർക്കും നീക്കിവച്ച സ്ഥലത്ത് നിലയുറപ്പിക്കും. പിന്നീട് വർണാഭമായ കാളയിറക്കം ചടങ്ങ്. ഓരോ കാളയും ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി പിരിയുന്നതോടെ കാളവേല അവസാനിക്കുന്നു. ഈ ദിവസം തോൽപ്പാവക്കൂത്തും അവസാനിക്കുന്നു. തുടർന്ന് പൂരത്തിനു തുടക്കമാകും.

 

കാളക്കോല നിർമാണം

കാള നിർമാണത്തിലും ചില പ്രത്യേകതകളുണ്ട്. അനാദി കാലത്തേ ഉഴവിനുള്ള കാളകൾക്ക് ചില ഗുണങ്ങൾ കർഷകൻ കണ്ടിരുന്നു. കാളകളുടെ പിൻഭാഗം ഉരുണ്ടതും തടിച്ചതും തണ്ടെല്ല് നേരെയുള്ളതും ഉയർന്നതുമാകണം. നിറത്തിലും  അഭികാമ്യതയുണ്ട്. നീണ്ട മുഖം, തടിച്ച മൂക്ക്, ഉയർന്ന തല, വളഞ്ഞ കൊമ്പുകൾ, കേടില്ലാത്ത പല്ല്, അഴകുള്ള കണ്ണുകൾ, നീണ്ട വാൽ എന്നിവ നല്ല കാളകളുടെ ലക്ഷണമായി കണക്കാക്കി. ഈ തത്വങ്ങൾ കാളക്കോല നിർമാണത്തിലും  പാലിച്ചു പോന്നു. ഇവയുടെ നിർമാണത്തിനായി പ്രത്യേക തച്ചുശാസ്ത്ര വിദഗ്ധർ തന്നെയുണ്ട്. കാളക്കോലങ്ങളുടെ ചായങ്ങളും തനതു രീതിയിൽ പച്ചിലകളും വൃക്ഷക്കറകളും മറ്റും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ചിലർ മാർക്കറ്റ് ചായങ്ങളും ഉപയോഗിക്കുന്നുണ്ട്‌. ആഭരണവിഭൂഷിതമായാണ് കാളകൾ എന്ന പ്രത്യേകതകളുമുണ്ട്. 12 അടിയിലധികം പൊക്കമുള്ള കാളകളുമുണ്ട്.

 

കതിരേറ്റം

കതിരേറ്റം കാളവേലാഘോഷത്തിന്റെയും പൂരത്തിന്റെയും  പ്രത്യേക ചടങ്ങാണ്. കർഷകത്തൊഴിലാളികളുടെയും പിന്നാക്ക സമുദായങ്ങളുടെയും അവകാശമായ  ആചാര-അനുഷ്ഠാനം കൂടിയാണിത്. കർഷകത്തൊഴിലാളികൾ തങ്ങൾക്ക് കൂലിയായി ലഭിച്ച നെല്ലിൽ ഒരു വിഹിതം ദേവിക്കായി കരുതിവച്ചു. ഈ വിഹിതം ഓരോത്തരും പൊതികളാക്കി വീട്ടിൽ സൂക്ഷിക്കും. ഉത്സവം കൊടിയേറുന്നതോടെ ഈ പൊതികൾ മുളത്തണ്ടുകളിൽ തൂക്കി, ചുവന്ന പട്ടുപുതപ്പിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. പ്രത്യേക വായ്ത്താരികളോടെ ഘോഷയാത്രയായാണ് കൊണ്ടുവരിക. ഈ ആചാരവും അനുഷ്ഠാന കലയായാണ് കൊണ്ടാടുന്നത്. വള്ളുവനാട്ടിൽ ചെർപ്പുളശേരി പുത്തനാൽക്കാവിൽ ഇതിനു വലിയ പ്രത്യേകതയാണ്.

വിശ്വനാഥ പുലവരുടെ നേതൃത്വത്തിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നു

വിശ്വനാഥ പുലവരുടെ നേതൃത്വത്തിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നു

 

തോൽപ്പാവക്കൂത്ത്

കാളവേല പൂരാഘോഷങ്ങളുടെ  പ്രധാന ചടങ്ങും അനുഷ്ഠാന കലയുമാണ് തോൽപ്പാവക്കൂത്ത്. മലബാറിലെയും കൊച്ചിയിലെയും എൺപതോളം ക്ഷേത്രത്തിൽ തോൽപ്പാവക്കൂത്ത് നടക്കുന്നതായി കണക്കാക്കുന്നു. കൂത്തു തുടങ്ങുന്നതിന് ‘കൂത്തു മുളയിടുക' എന്നാണ് പറയപ്പെടുന്നത്. ഓരോ ദിവസത്തെയും കൂത്തു തുടങ്ങുക പ്രത്യേക ചടങ്ങോടെയാണ്. ഇതിനെ 'കൂത്തുകൊട്ടി മാടം കേറൽ' എന്നറിയപ്പെടുന്നു. കമ്പരാമായണം പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തി തോൽപ്പാവക്കൂത്തായി അവതരിപ്പിക്കുന്നു. ക്രിസ്തുവർഷം 807-–-ാം ആണ്ടിൽ ചോള സാമ്രാജ്യത്തിലെ ആസ്ഥാന കവിയായ കമ്പരാണ് രാമായണം ചിട്ടപ്പെടുത്തിയത്.
 
ആദ്യകാലങ്ങളിൽ ചെന്തമിഴാണ് ഭാഷയായി ഉപയോഗിച്ചത്. പിൽക്കാലത്ത് ഭാഷയിൽ മാറ്റം വന്നു. ദേവീ ക്ഷേത്രങ്ങളിൽ നടക്കുന്ന തോൽപ്പാവക്കൂത്തിനു പിന്നിലും  ഐതിഹ്യകഥയുണ്ട്. ദാരികാസുരനോട് ഭദ്രകാളി യുദ്ധത്തിനു പോയ സമയത്താണ് രാമ-രാവണയുദ്ധം നടക്കുന്നത്. നീണ്ട ദിവസങ്ങളിലെ യുദ്ധത്തിനുശേഷം ദാരികനെ വധിച്ച് ചോരയൊഴുകുന്ന ശിരസ്സും കൈയിലേന്തി വരുമ്പോൾ നാട്ടുകാർ പറഞ്ഞാണ് ശ്രീരാമനും രാവണനും തമ്മിൽ ഘോരയുദ്ധം നടന്ന കഥ ഭദ്രകാളി (ദേവി) അറിഞ്ഞതത്രേ. ഈ യുദ്ധം കാണാൻ തനിക്ക് കഴിയാത്തതിൽ ദേവിക്ക് നിരാശ തോന്നി.  പിതാവായ പരമശിവന്റെ അടുത്തു ചെന്ന് ഈ യുദ്ധം ഒന്നു കാണണമെന്നു ആവശ്യപ്പെട്ടു. പരമശിവൻ ആകെ അന്ധാളിപ്പിലായി. പരിഹാരമായി പ്രത്യേക വൈദഗ്ധ്യമുള്ള കലാകാരന്മാരെ വച്ച് യുദ്ധം നിഴൽ രൂപത്തിൽ കാണാൻ  മകൾക്ക് സൗകര്യം ചെയ്തു കൊടുത്തു. ഇതാണ് തോൽപ്പാവക്കൂത്തായി രംഗത്തു വന്നതെന്നാണ്  കഥ.
 
ഒരു തനതു കലയായിരുന്ന തോൽപ്പാവക്കൂത്തിനെ ഒറ്റപ്പാലം കൂനത്തറയിലെ രാമചന്ദ്ര പുലവരാണ് ആധുനികവൽക്കരിച്ചത്. ഹൈന്ദവ മതബോധത്തിൽ ഊന്നൽ നൽകിയ കലയായിരുന്നെങ്കിലും അദ്ദേഹം ഇതിനെ മാറ്റങ്ങൾ വരുത്തി മതേതര സ്വഭാവത്തിലുള്ള കലയാക്കി.

 

പൂതനും തിറയും

പൂതനും തിറയും

പൂതനും തിറയും

പൂരം, കാളവേലാഘോഷത്തിന്റെ ഭാഗമായ ഒരു ചടങ്ങാണ് തിറയും പൂതനും. ഇതും അനുഷ്ഠാന കലയാണ്. കുംഭം, മീനം മാസങ്ങളിൽ തിറയും പൂതനും തുടങ്ങും. മലബാറിൽ പ്രത്യേകിച്ച് വള്ളുവനാട്ടിൽ പെരുവണ്ണാൻ, വണ്ണാൻ സമുദായക്കാരാണ് തിറയും പൂതനും കെട്ടുക. പാണ സമുദായവും  പരമ്പരാഗത അനുഷ്ഠാന കല ആരാധനയോടെ നിർവഹിക്കുന്നു. കിരീടമാണ് (മുടി) ഈ കോലങ്ങളുടെ പ്രധാന ആകർഷണം.
 
തിറക്കോലത്തിന് ഉടുത്തുകെട്ടും കാലിൽ ചിലമ്പും കൈയിൽ തോൾവളയും അരയിൽ ഓട്ടുമണികളുമുണ്ടാകും. സംഘത്തോടൊപ്പം ഒരു ചെണ്ടമേളക്കാരനും അനുഗമിക്കും. 
പൂതത്തിന് ചിലയിടങ്ങളിൽ വാഴച്ചപ്പിലകളും കെട്ടി അണിയുന്നു. കൂടാതെ പുറത്തേക്ക് തള്ളി നിൽക്കുന്ന ചുവന്ന നാവുമുണ്ടാകും. ചപ്പിലപ്പൂതം എന്ന്‌ ഇവയെ അറിയപ്പെടുന്നു.
 
ഭഗവതിക്കാവുകളിലാണ് തിറയും പൂതനും അരങ്ങേറുന്നത്. ഭഗവതിയുടെ പ്രതിനിധിയായാണ് ഈ കലാരൂപം കെട്ടിവരുന്നവരെ കരുതുന്നത്. പൂരം അടുത്ത ദിവസങ്ങളിൽ തട്ടകങ്ങ(ദേശം)ളിലെ വീടുകളിൽ പൂതനും തിറയും കയറിയിറങ്ങും. വീട്ടുമുറ്റത്ത് പ്രത്യേക ചുവടു വച്ച് നൃത്തം തുടങ്ങും. തുടർന്ന് അരിയെറിഞ്ഞ് വീട്ടുകാരെ അനുഗ്രഹിക്കും. വീട്ടുകാർ നെല്ലും പണവും കോടിമുണ്ടും നൽകിയാണ് അനുഗ്രഹം വാങ്ങുക. പൂര ദിവസം ക്ഷേത്രമുറ്റത്തും പൂതൻ, തിറ കളിയുണ്ടാകും. വള്ളുവനാടിനു പുറമെ മലപ്പുറം (പ്രത്യേകിച്ചും ഏറനാട്), തൃശൂർ ജില്ലകളിലും പൂതനും തിറയും പ്രചാരത്തിലുണ്ട്.

ചവിട്ടുകളി

ചവിട്ടുകളി

ചവിട്ടുകളി

കീഴാളവർഗത്തിന്റെ കലയാണ് ചവിട്ടുകളി. പൂരം കഴിഞ്ഞ അന്നു പുലർച്ചെ മുതൽ ഉച്ചവരെ ഈ കളി അരങ്ങേറും. ധാരാളം ആളുകൾ ഇത്‌ ആസ്വദിക്കാനെത്തുന്നു.  ഒരാൾ പാട്ട് ചൊല്ലിക്കൊടുക്കും. മറ്റുള്ളവർ അതേറ്റു ചൊല്ലും. ഓയ്..ഓയ്.. എന്ന വായ്ത്താരി ഓരോ പാട്ടിനുമുണ്ടാകും. സമകാലിക സംഭവങ്ങളടക്കം കോർത്തിണക്കി പാട്ടാക്കി ചൊല്ലുന്നവരുമുണ്ട്. സാമൂഹ്യ വിമർശമാണ് പാട്ടുകളിലധികവും.
 
‘പാട്ടുകൊണ്ടു ചൂട്ടുകെട്ടി മോത്തുകുത്തും ഞാൻ' എന്നീ നിമിഷ കവിതകളും  ഈ കലാരൂപത്തിനുപയോഗിക്കുന്നു. അന്യം നിന്നുപോകുന്ന ഇൗ കലാരൂപത്തിന്‌ പല ഉത്സവ കമ്മിറ്റികളും പ്രോത്സാഹനം നൽകുന്നുണ്ട്. കാളവേലയുടെയും പൂരാഘോഷത്തിന്റെയും നാളുകൾ നാടോടി വണിക്കുകളുടെ ജീവനോപാധികൂടിയാണ്. രണ്ടു വർഷത്തെ കൊറോണക്കാലം വലിയൊരു ശൂന്യതയാണ് ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമേൽപ്പിച്ചത്. അതിനു വിരാമം നൽകി ജനം ആഘോഷത്തിലേക്ക് കുതിക്കുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top