25 March Saturday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

ഉത്തരം തേടുന്ന ചോദ്യങ്ങൾ

ടി ചന്ദ്രമോഹൻ

സ്‌ത്രീകളെ സംബന്ധിച്ച നാടകീയമായ അ വതരണ ചാരുത, സ്ത്രീപക്ഷ രചനകളിലെ ശ്രദ്ധേയമായ അവതരണം, കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ വ്യത്യസ്‌തത, സാധാരണ കാണപ്പെടുന്നതിൽനിന്ന് വ്യത്യസ്തമായ പ്രതിബിംബങ്ങളാൽ വരച്ചിടുന്ന ഭാവപ്രപഞ്ചം. ഇവിടെ കാലവും പ്രകൃതിയും മഴയും വെയിലും വിഭ്രാന്തിയും സന്തോഷവും പ്രണയവും പ്രതീക്ഷകളും എല്ലാം ചുരുങ്ങിയ വാക്കുകളിലൂടെ വളരെ മനോഹരമായ കവിതകളാകുന്നു. സ്‌ത്രീജീവിതങ്ങളുടെയും പൊതുസമൂഹ വ്യവസ്ഥിതിയുടെയും ചിന്തകൾ ഉയർത്തുന്നതാണ്‌ വള്ളുവനാട്ടുകാരിയായ ഹേമാമിയുടെ ‘തണലുതേടുന്ന വെയിൽപ്പൂക്കൾ’ എന്ന കവിതാ സമാഹാരം. കാഴ്‌ചയില്ലാത്ത, ശബ്ദമില്ലാത്ത, ഉപ്പുരസം നിറഞ്ഞ കണ്ണൂനീർ ചിത്രങ്ങളാണ്‌ ഓരോ വരയിലും (ചായം), കനലെരിയുന്ന ചൂടിന്റെ നീറ്റലാണ്‌ നട്ടുച്ചവെയിലിന്‌, മണ്ണിൽ പണിയെടുക്കുന്ന മനുഷ്യനും ഇരതേടുന്ന മൃഗത്തിനും ഒരേ വികാരം, തീക്ഷ്‌ണതയിൽ വിയർത്ത്‌ വിശപ്പിന്റെ വിളികേൾക്കുന്നു (-വെയിൽ), സദാചാരവാദികളുടെ ഒരുമ്പോട്ടോളെന്ന വിളിയും (പെണ്ണ്‌, പെണ്ണ്‌, പെണ്ണ്‌) ചുരുങ്ങിയ വരികളായി വയനക്കാരുടെ മനസ്സിൽ പതിയുന്നു. സ്‌ത്രീയുടെ വൈവിധ്യമാര്‍ന്ന സാമൂഹിക വൈകാരിക അനുഭവങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കാന്‍ ഓരോ കവിതകളിലൂടെയും സാധിക്കുന്നു. പുരുഷാധിപത്യത്തിന്റെ ചേറില്‍നിന്നു പ്രതീക്ഷകളുടെ നീലാകാശത്തെ നോക്കി ഉയര്‍ന്നുപൊന്തുന്നവരാണ് സ്ത്രീകളെന്ന്‌ പെരിന്തൽമണ്ണ കുന്നപ്പിള്ളി സ്വദേശിയായ ഹേമാമി പല കവിതയിലും മനോഹരമായി വരച്ചിടുന്നു. ജീവന്റെ ഇലപ്പച്ചയെ നട്ടുനനയ്‌ക്കുന്ന മണ്ണിന്റെ മണമുള്ള ഈ സമാഹാരത്തിലെ കവിതകൾ വ്യത്യസ്‌തമായ അനുഭൂതിയാണ് വായനക്കാരന് നൽകുന്നത്.

 

മെയ്‌ദിനത്തിന്റെ രാഷ്‌ട്രീയബോധം

ആർ പാർവതീദേവി

ലോക വിപ്ലവചരിത്രത്തിലെ ആവേശോജ്വല അധ്യായമാണ് ചിക്കാഗോ പ്രക്ഷോഭം. ചൂഷണത്തിനും അനീതിക്കുമെതിരെ ജീവൻ സമർപ്പിച്ച് പോരാടിയ പൂർവികരുടെ രക്തവും വിയർപ്പുമാണ് നമ്മെ ഇവിടെവരെ എങ്കിലും എത്തിച്ചതെന്ന ഓർമ പുതുക്കുന്നതിന് എൽ പരമേശ്വരന്റെ ‘ഷിക്കാഗോ രക്തസാക്ഷികൾ' എന്ന പുസ്തകം സഹായിക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഷിക്കാഗോയിൽ 1886-ൽ നടന്ന ഹേ മാർക്കറ്റ് സംഭവമാണ് അധികാരിവർഗത്തെ ഞെട്ടിച്ച പ്രക്ഷോഭത്തിലേക്കു നീങ്ങിയത്. ലക്ഷക്കണക്കിനു തൊഴിലാളികൾ തെരുവിലിറങ്ങി ന്യായമായ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തി. ജനകീയസമരത്തെ, എന്നുമെന്നപോലെ ഭരണകൂടം സായുധമായി നേരിടുകയും അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു. ഷിക്കാഗോ പ്രക്ഷോഭത്തെ ആദരിച്ചുകൊണ്ടാണ് ‘മെയ്ദിനം' നിലവിൽവന്നത്‌. രക്തസാക്ഷികളെ എന്നും നെഞ്ചോടുചേർത്തു നിർത്തുന്നവരാണ് മലയാളികൾ. എന്നാൽ, അഡോൾഫ് ഫിഷർ, ജോർജ്‌ എംഗൽ, ആൽബർട്ട് പാഴ്സൺസ്, അഗസ്ത് സ്പേസ് എന്നീ ധീരരക്തസാക്ഷികളെ നമ്മളിൽ പലർക്കും അറിയില്ല. എൽ പരമേശ്വരൻ ഈ ചെറുപുസ്തകത്തിലൂടെ അവരുടെ വീരേതിഹാസം പരിചയപ്പെടുത്തുന്നു. അമേരിക്കൻ ഐക്യനാട്ടിൽ സ്വകാര്യസന്ദർശനത്തിനു പോയപ്പോൾ ഷിക്കാഗോയിലെ രക്തസാക്ഷി സ്മാരകങ്ങൾ കണ്ടതിൽനിന്നും ആവേശവും പ്രചോദനവും ഉൾക്കൊണ്ടാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.  ഷിക്കാഗോ സമരത്തിന്റെ ചരിത്രത്തിൽനിന്നും ആരംഭിച്ച്‌ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടവസാനിപ്പിക്കുന്ന ഈ കൃതി, പരമേശ്വരന്റെ തെളിഞ്ഞ രാഷ്ട്രീയബോധമാണ് വ്യക്തമാക്കുന്നത്.

 

പപ്പുഡോക്ടർ എന്ന ജീവൻമശായി

പി വി ജീജോ

പൊതുജനാരോഗ്യം വളർച്ച നേടിയതിൽ സാമൂഹ്യ–- ഭരണ ഇടപെടലിനൊപ്പം ആരോഗ്യപ്രവർത്തകരുടെ സംഭാവനയും പ്രധാനമാണ്‌. രോഗിയുടെ നാഡിമിടിപ്പിനൊപ്പം നാടിന്റെ ഹൃദയമിടിപ്പും തിരിച്ചറിഞ്ഞ  ഡോക്ടർമാർ നാടിന്റെ ജീവൻമശായിമാരായി മാറിയ അനുഭവങ്ങളുണ്ട്‌. കോഴിക്കോട്‌ ജില്ലയിലെ മൊകേരിയിൽ വൈദ്യവൃത്തിയെ മാനവസേവയാക്കിയ ജനകീയ ഭിഷഗ്വരൻ പപ്പുഡോക്ടർ എന്ന്‌ മൊകേരിക്കാരും കടത്തനാടുമാകെ  വിളിക്കുന്ന ഡോ. പി പി പത്മനാഭൻ അത്തരക്കാരിൽ പ്രഥമഗണനീയനാണ്‌. ‘പപ്പു ഡോക്ടർ: ഒരു ദേശത്തെ സുഖപ്പെടുത്തിയ ചരിത്രം’ എന്ന പുസ്‌തകത്തിലൂടെ ജയചന്ദ്രൻ മൊകേരി പരിചയപ്പെടുത്തുന്നത്‌ മാതൃകാപാഠമായ  അദ്ദേഹത്തിന്റെ ജീവിതാനുഭവമാണ്‌. ലാബുകളും ഉപകരണങ്ങളും ചേർന്ന്‌ രോഗംനിർണയിക്കുന്ന വർത്തമാനകാലത്തിൽ രോഗിയെ കണ്ടുംകേട്ടും തൊട്ടുനോക്കിയും പിഴയ്‌ക്കാതെ ചികിത്സിച്ച പത്മനാഭൻ ഡോക്ടറുടെ ജീവചരിതം വൈദ്യ വിദ്യാർഥികൾക്ക്‌ പാഠപുസ്‌തകവുമാണ്‌. ദിവസവും നൂറിലധികം  രോഗികൾ, പാവപ്പെട്ടവർക്ക്‌ പൂർണമായി സൗജന്യ പരിശോധന, മറ്റുള്ളവരിൽനിന്ന്‌ ഒന്നോ രണ്ടോ രൂപ.  തിരക്കേറിയ ജീവിതത്തിനടിയിൽ കമ്യൂണിസ്റ്റ്‌ പാർടി പ്രതിനിധിയായി കുന്നുമ്മൽ പഞ്ചായത്ത്‌ പ്രസിഡന്റായും പ്രവർത്തിച്ചു. കമ്യൂണിസ്റ്റ്‌ നേതാവ്‌ സി എച്ച്‌ കണാരന്റെ ഇടപെടലിലാണ്‌ നാട്ടുകാരുടെ ജനകീയ ഡോക്ടർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌. വൈദ്യമേഖലയിൽനിന്ന്‌ പൊതുജീവിതത്തിൽ ഇത്രമേൽ സജീവമുദ്ര പതിപ്പിച്ച മറ്റധികം ഡോക്ടർമാരില്ലെന്നതാണ്‌ ഈ ജീവിതത്തെ മഹിതമാക്കുന്നത്‌,  ഈ പുസ്‌തകത്തെ വേറിട്ടതാക്കുന്നതും.

 

ഗോത്രായനത്തിന്റെ ഉള്ളറകള്‍

ഡോ. ഉണ്ണി ആമപ്പാറയ്ക്കല്‍

കവിതകളിലൂടെ ജീവിതത്തെ ആവിഷ്കരിച്ച സുകുമാരന്‍ ചാലിഗദ്ധയുടെ ജീവചരിത്ര കുറിപ്പുകളാണ് ബേത്തിമാരന്‍ എന്ന പുസ്തകം. താനും തന്റെ ഗോത്രവും ഉള്‍പ്പേറുന്ന പ്രാക്തനജ്ഞാനവും ഗോത്രത്തനിമയും കുടിയേറ്റത്തിന്റെയും ആധുനിക ജീവിതത്തിന്റെയും തിരതല്ലിയാര്‍ക്കലില്‍ നഷ്ടമായിപ്പോകുന്നതിന്റെ നോവും വേവും ബേത്തിമാരന്‍ അടയാളപ്പെടുത്തുന്നു. ബേത്തിമാരന്‍ എന്ന തന്റെ അപ്പച്ഛന്റെ പേര് ആധുനികസമൂഹം സുകുമാരന്‍ എന്ന് വിവര്‍ത്തനം ചെയ്തപ്പോള്‍ തനിക്ക് നഷ്ടമായത് ഗോത്രപാരമ്പര്യത്തിന്റെ അടിവേരുകളാണെന്നും ഒരു സമൂഹത്തിന്റെ തനിമയും ഇനിമയും നൈരന്തര്യവും ഉള്‍ക്കൊള്ളുന്നവരാണ് തങ്ങളെന്നും പറയാതെ പറയുകയാണ് ഈ ജീവചരിത്രം. ചൂഷണം  ചെയ്യപ്പെടുകയാണെന്ന് ഉള്‍ക്കൊള്ളാത്ത ഒരു ജനതയുടെ നിഷ്കളങ്ക ജീവിതത്തെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. പലതരം ചൂഷണത്തിന് വിധേയരാകുന്ന ആദിവാസി ഗോത്രവര്‍ഗത്തിന്റെ കാണാപ്പുറങ്ങളിലേക്കാണ് ഒരര്‍ഥത്തില്‍ ഈ പുസ്തകം വെളിച്ചംവീശുന്നത്. ആത്യന്തികമായി, താൻ എങ്ങനെ ഒരു കവിയായിത്തീര്‍ന്നു എന്നതിന്റെ മൊഴിയും പൊരുളുമാണ് ബേത്തിമാരന്‍.  റാവുള ഭാഷയുടെ ചാരുതയും ചേരുവയും ഉള്‍ക്കൊള്ളുന്നതാണ് സുകുമാരന്റെ കവിതകള്‍.  സുകുമാരന്റെ വരാനിരിക്കുന്ന ആദ്യ കവിതാ സമാഹാരത്തിന് നല്ലൊരു പ്രവേശികയായിരിക്കുന്നു ബേത്തിമാരന്‍ എന്ന പി രാമന്റെ അഭിപ്രായം (അവതാരിക) എന്തുകൊണ്ടും അന്വര്‍ഥമാണെന്നു പറയാം.

 

ഒരു സാമൂഹ്യപ്രവർത്തകന്റെ ശക്തിയും ദൗർബല്യവും

പി കരുണാകരൻ

ആത്മകഥാംശമുള്ള ആഖ്യായികയാണ് കൂക്കാനം റഹ്മാന്റെ ‘ഉമ്മയ്ക്കൊരുമ്മ’ എന്ന നോവൽ. ചുട്ടുപൊള്ളുന്ന അനുഭവങ്ങളുടെ തീച്ചൂളയിലാണ് പലരുടെയും ജീവിതത്തിന് നിറശോഭയുണ്ടാകുന്നതെന്ന് ഈ കൃതി വ്യക്തമാക്കുന്നു. മജീദ്‌ എന്ന സ്കൂൾ അധ്യാപകന്റെ ജീവിതം സമകാലിക പ്രശ്നങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുന്ന രചന. കഥാപാത്രങ്ങളിലൂടെയും എഴുത്തുകാരൻ നേരിട്ടും  പ്രത്യക്ഷപ്പെട്ടാണ് ഇതിലെ ആഖ്യാനം. ഒരു സാമൂഹ്യ പ്രവർത്തകന്റെ ശക്തിയും ദൗർബല്യവും ഹൃദയസ്പർശിയായി വിവരിക്കുന്ന  കൃതി. സ്വജീവിത പരിസരത്തിൽനിന്നാണ് കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും  നോവലിസ്റ്റ്‌ കണ്ടെത്തുന്നത്.  കയ്പേറിയ അനുഭവങ്ങളും സംഭവങ്ങളും ചിത്രണം ചെയ്യാൻ ഒട്ടും മടികാണിക്കുന്നില്ല. കരിവെള്ളൂരിലെ ദരിദ്ര മുസ്ലിം കുടുംബത്തിന്റെ കിതപ്പും കുതിപ്പും വിവരിക്കുന്നതിലൂടെ പ്രദേശത്തിന്റെ സാമൂഹ്യ,- സാംസ്കാരിക,- രാഷ്ട്രീയ പശ്ചാത്തലംകൂടി പറഞ്ഞുവയ്ക്കുന്നു.  വിദ്യാഭ്യാസമേഖലയിൽ കരിവെള്ളൂർ ആർജിച്ച നേട്ടത്തിന്റെ പ്രതിരൂപമാണ് മജീദ്. കൊച്ചുകുട്ടികൾക്ക് അക്ഷരം പകർന്നു നൽകിത്തുടങ്ങിയ ആ ജീവിതം തൊഴിലാളി പഠിതാക്കളെ സാക്ഷരരാക്കുന്നതിലേക്ക് വളർന്നതിന്റെ കഥകൂടിയാണ് ‘ഉമ്മയ്ക്കൊരുമ്മ'. വ്യക്തിജീവിതത്തിലെ ഉയർച്ചയിലുണ്ടാകുന്ന സന്തോഷവും  കുടുംബ ജീവിതത്തിലെ താളപ്പിഴകളിലെ സങ്കടങ്ങളും ചേർന്നതാണ് സാമൂഹ്യ പ്രവർത്തകന്റെ ജീവിതമെന്ന്‌ കൃതി സാക്ഷ്യപ്പെടുത്തുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top