27 January Friday

പൊരിവെയിലിന്റെ വർത്തമാനം

എം കെ പ്രദീപ് mkpradeep44@gmail.comUpdated: Sunday Dec 4, 2022

ഫാറൂക്ക് അബ്ദുൽ റഹ്മാൻ

പാലക്കാടൻ ഗ്രാമങ്ങൾക്ക് ഏറെ പ്രത്യേകതകളുണ്ട്. ഇടവഴികളിലെ വേലിപ്പടർപ്പുകളിൽ വിടർന്ന് നിൽക്കുന്ന കോളാമ്പിപ്പൂക്കളും ശംഖുപുഷ്പങ്ങളും തുടങ്ങി എല്ലാം ഗ്രാമനിഷ്കളങ്കതകൾക്ക് അടിവരയിടും. ഭാരതപ്പുഴയുടെ പുളിനങ്ങൾ ജീവിതത്തെ പുത്തൻ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുകതന്നെ ചെയ്യും. പുഴയോരങ്ങളിലെ മണൽപ്പരപ്പിൽ നിലാവിന്റെ വിശുദ്ധിയിലിഴുകി മഹാമനുഷ്യനായി നമുക്കിടയിലൂടെ നടന്നുപോയ മഹാകവി പി കുഞ്ഞിരാമൻ നായർ. പി യുടെ കൃതികൾ വായിച്ചറിഞ്ഞും ജീവിതം കേട്ടറിഞ്ഞും പുളകിതരായ മലയാളികൾക്കിടയിലെ ഒരാളായ ഫാറൂക്ക് അബ്ദുൽ റഹ്മാൻ കളിയച്ഛൻ എന്ന സിനിമ പറഞ്ഞപ്പോൾ മലയാളി ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. 2012 ൽ സംസ്ഥാന സർക്കാരിന്റെ  സംവിധായകനുള്ള പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഫാറൂക്കിനെ തേടിയെത്തി. മറ്റ് ഡോക്യുമെന്ററികൾക്കും ഏറെ അംഗീകാരങ്ങൾ ലഭിച്ചു. ഫാറൂക്ക് അബ്ദുൽ റഹ്മാൻ സംസാരിക്കുന്നു.

കളിയച്ഛനിൽനിന്ന്‌ പൊരിവെയിലിലേക്ക്‌

കളിയച്ഛൻ 2012 ൽ കഴിഞ്ഞെങ്കിലും എൻഎഫ്ഡിസി യുടെ അനാസ്ഥ കാരണം 2015 ൽ ആണ് റിലീസ് ചെയ്തത്. ഇതിനിടയിൽ ‘ഇശലിൽ കനൽ തോറ്റിയ കവി ' എന്ന പേരിൽ കവി മോയിൻകുട്ടി വൈദ്യരെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തു. 2016 ൽ ഭാര്യയുടെ വിയോഗം ഉണ്ടായി ഞാൻ ഉൾവലിഞ്ഞു. അതാണ് അടുത്ത സിനിമ വൈകാനുള്ള പ്രധാന കാരണം. എം ജെ രാധാകൃഷ്ണൻ അടക്കമുള്ള സൗഹൃദങ്ങളുടെ  നിർബന്ധമാണ് പിന്നീട് പൊരിവെയിൽ സാധ്യമാക്കിയത്.

കലാരംഗത്തെ ചുവടുറപ്പിക്കൽ

കേട്ടുവളർന്ന നാട്ടുശീലുകളും നാട്ട് പേച്ചുകളും എന്നെ അവിടെ എത്തിച്ചു എന്ന് വേണം കരുതാൻ. വീടിന്റ എതിർവശത്തുള്ള അമ്പലത്തിൽ അരങ്ങേറുന്ന നാടകങ്ങളും സിനിമ കണ്ടുവന്ന് അമ്മയോടും മക്കളോടുമായി കഥപറയുന്ന അച്ഛനും, അടുക്കളപ്പണികൾക്കിടയിലും ശ്രദ്ധാപൂർവം കേട്ട്‌ അഭിപ്രായം പറയുന്ന അമ്മയും,  നാലാം ക്ലാസ് പഠിക്കുമ്പോൾ ആദ്യമായി നാടകത്തിലഭിനയിപ്പിച്ച പാലക്കാട്‌ താത്തമംഗലത്തു തുമ്പിച്ചിറ സ്കൂളിലെ മാധവൻ മാഷും, കുട്ടേട്ടൻ എന്ന ഷാഡാനനൻ ആനിക്കത്ത്, കാളിദാസ് പുതുമന, ശശിമാഷ് അങ്ങനെ ഒട്ടനവധി പേർ ഇന്ധനമായിട്ടുണ്ടാകാം. നിലവിലുള്ള ലോകത്തേക്കാൾ, വിസ്മയമാണ്  സങ്കൽപ്പലോകത്തിനും ലോകക്രമങ്ങൾക്കും. അതിന് കലാകാരനേ കഴിയൂ എന്ന് വായനയിലൂടെയും അനുഭവത്തിലൂടെയുമെല്ലാം അറിഞ്ഞു.

കളിയച്ഛൻ സിനിമയ്‌ക്കുശേഷം  ഇനിയെന്തെങ്കിലും ബാക്കിവച്ചോ

കളിയച്ഛനെക്കുറിച്ചും കവിയെക്കുറിച്ചും ഒരുപാട് പറഞ്ഞു കഴിഞ്ഞതാണ്. മലയാള സാഹിത്യ ലോകത്ത് പി കുഞ്ഞിരാമൻ നായർ തീർത്ത മാസ്മരിക ലോകത്തെ മധുവുണ്ട് തീർക്കാൻ ഇനിയും ഒരുപാട് ജന്മങ്ങൾ വേണ്ടിവരും. സിനിമയിലൂടെ പറഞ്ഞു മതിയാകാത്തത് കൊണ്ടാണ് ‘പുയ പോൽ ചിരിച്ചു മയപോൽ കരഞ്ഞു ’ എന്ന നോവലെഴുതിയത്. കളിയച്ഛൻ  കവിയെ അറിയുന്നവർക്കും അത്തരം ഒരു ജീവിതത്തെ അറിയാൻ പാകപ്പെട്ടവർക്കും  വളരെ പെട്ടന്ന് സംവദിക്കാൻ കഴിയും. എന്നാൽ ‘പൊരിവെയിൽ'എല്ലാത്തരം ആസ്വാദകരെയും ആസ്വദിപ്പിക്കും. സാധാരണയിൽ സാധാരണക്കാരായ കഥാപാത്രങ്ങളാണ് നായികയും നായകനും. 

മൊഴിമാറ്റം ചെയ്‌ത സിനിമകൾ മലയാളത്തിൽ നിറഞ്ഞോടുകയാണല്ലോ

90ന് ശേഷം ജനിച്ചവർ  ജീവിക്കുന്നതും സൃഷ്ടിക്കുകയും ചെയ്യുന്ന ലോകം അതിന് മുമ്പേ ജനിച്ചവരുടേതല്ല. മലയാളവും മലയാളിയും മാറുന്നു. ‘സീൻ' ‘പൊളി'എന്നീ വാക്കുകൾപോലും മലയാളി പൊളിച്ചെഴുതുന്നു. ഗ്ലോബൽ കുഞ്ഞുങ്ങളായി ജനിച്ചു വളരുന്നവർക്കിടയിൽ മലയാളം, തമിഴ്, കന്നഡ എന്നിങ്ങനെ വേർതിരിച്ചു പറയുന്നതുപോലും അവർക്കിഷ്‌ടമാകുന്നില്ല. അത്തരത്തിലുള്ള അവരുടെ വളർച്ചയെ അംഗീകരിച്ചു കൊടുക്കണം. പക്ഷേ, പലപ്പോഴും ഗോഷ്‌ടികൾ കച്ചവടം ചെയ്യുന്നവരുടെ കൈകളിലാണ് ഇവർ ചെന്ന് പെടുക. യഥാർഥ കലയുടെ പ്രവർത്തനം മാനസിക ആരോഗ്യം വർധിപ്പിക്കുമെങ്കിൽ ചില സിനിമകൾ ഇവരെ (നമ്മളെ) വശംവദരാക്കുകയാണ് ചെയ്യുക. നമ്മുടേതായ ഭാഷയും സംസ്‌കാരവും എന്ന് പറയുന്നത് ദേശീയവാദംപോലെ പിന്തിരിപ്പനായ കാലത്താണ് നമ്മൾ അന്യഭാഷാ ചിത്രങ്ങൾ എന്ന് പറഞ്ഞു ചർച്ചചെയ്യുന്നത്. പറയുന്ന കഥയ്‌ക്കും സിനിമയാക്കി പറയുന്ന രീതിക്കും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കണം. ചില  മാറ്റങ്ങൾ പുത്തൻ അനുഭവങ്ങൾ തരിക തന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top