27 April Saturday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

മനസ്സിലാകായ്‌മയുടെ രസതന്ത്രം

ബിജു കാർത്തിക്‌

കവിത വായിക്കാൻ, മനസ്സിലാക്കാൻ പഠിക്കേണ്ടതുണ്ടോ?  എല്ലാവർക്കും വേണമെന്നല്ല, എന്നാൽ, ചില കവിതകൾ വായിച്ചാൽ അത്‌ മനസ്സിലാകുന്നില്ലെന്ന്‌ പറയുന്നവർക്കുവേണ്ടിയാണ്‌ കവി പി രാമൻ കവിനിഴൽമാല എഴുതിയത്‌. മനസ്സിലാകായ്‌മ കവിതയ്ക്ക്‌ മാത്രമല്ലെന്നും സിനിമ, നാടകം, ചിത്രകല എന്നിവയ്‌ക്കൊക്കെയും ഉള്ളതുപോലെയാണ്‌ സാഹിത്യത്തിലെ മനസ്സിലാകായ്‌മ എന്ന്‌ രാമൻ പറഞ്ഞുവയ്‌ക്കുന്നു. എന്നാൽ, അറിയാത്ത ഭാഷയിലുള്ള പാട്ടായാലും അതുകേട്ട്‌ നാം മനസ്സിലായില്ലെന്ന്‌ പറയാറില്ലല്ലോ. അപ്പോൾ മനസ്സിലാകലിനു പിന്നിൽ വേറെന്തോ ഒരു ‘രസതന്ത്ര’മുണ്ട്‌. ആ രസതന്ത്രത്തെ കവിനിഴൽമാലയിലൂടെ രാമൻ പിന്തുടരുകയാണ്‌. കാവ്യകലയെക്കുറിച്ചുള്ള ഒരു കവിയുടെ നിരീക്ഷണങ്ങൾ എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ലേഖനങ്ങളിൽ പി കുഞ്ഞിരാമൻ നായർ, അക്കിത്തം തുടങ്ങി പി പി രാമചന്ദ്രൻവരെ ഉള്ളവരുടെ കാവ്യഭാഷയെയും ഇത്തരത്തിൽ പിന്തുടരുന്നുണ്ട്‌. മലയാളത്തിലെ എണ്ണം പറഞ്ഞ കവികളെ മാത്രമല്ല, അകാലത്തിൽ വിട്ടുപിരിഞ്ഞ ഷിഫാന ഷെറിയെന്ന തൃത്താല സ്‌കൂളിലെ 10–-ാം ക്ലാസുകാരിയുടെ കവിതകളെയും സൂക്ഷ്‌മമായി പിന്തുരടാനും അതിന്റെ ഭാഷാപരമായ പ്രത്യേകതകളെക്കുറിച്ചും രാമൻ എടുത്തുപറയുന്നു. അതിനൊപ്പം കാവ്യശിൽപ്പശാലയിൽ പങ്കെടുത്ത പ്രൈമറി കുട്ടികളുടെ രചനാപരമായ സവിശേഷതകളെയും കവിനിഴൽമാല അടയാളപ്പെടുത്തുന്നു. ഇത്തരത്തിൽ കാമ്പുള്ള 18 ലേഖനമാണ്‌ കവിനിഴൽമാലയിലുള്ളത്‌. ആദ്യംപറഞ്ഞ കവിതയെ മനസ്സിലാക്കിയെടുക്കുന്ന ‘സൂത്രവിദ്യ’ പറയുന്ന കവിത മനസ്സിലാവൽ എന്ന ആദ്യ അധ്യായത്തിൽ തുടങ്ങി ഇഷ്ടാനിഷ്ടങ്ങൾ മെടഞ്ഞ കവിതോലപ്പായ നിവർത്തുമ്പോൾ എന്ന അവസാന അധ്യായത്തിൽ എത്തുമ്പോൾ മലയാളത്തിൽ തലയുയർത്തിനിൽക്കുന്ന കുറെയേറെ കവിതകളുടെ കാവ്യഭാഷയുടെ കവിക്ക്‌ ഇഷ്ടപ്പെട്ട സവിശേഷതയും ഇഷ്ടപ്പെടാത്ത സവിശേഷതയും അക്കമിട്ടു നിരത്തുന്നുമുണ്ട്‌ എഴുത്തുകാരൻ.

 

നിത്യയാത്രികന്റെ പാഠാന്തരബന്ധം

ഡോ. കെ എസ് രവികുമാർ

അകാലത്തിൽ വിട്ടുപിരിഞ്ഞ പി രവിവർമ എഴുതിയ ചെറുകഥകളുടെ സമാഹാരമാണ് ഓർമക്കൽമേട്.  ശീർഷകംതന്നെ രവിവർമയുടെ വ്യക്തിത്വത്തിന്റെ ചില മുഖങ്ങളെ വ്യക്തമാക്കുന്നു. നിത്യയാത്രികനായിരുന്ന രവിവർമ ഒരുപാട്‌ കാടുംമേടും താണ്ടിയിട്ടുണ്ട്. രാമക്കൽമേട്ടിലും പോയിട്ടുണ്ട്. ആ സ്ഥലനാമത്തിൽനിന്ന് പടർന്ന പാഠാന്തരബന്ധമാണ് ‘ഓർമക്കൽമേട്’എന്ന ശീർഷകം. ക ഥകൾ എഴുതിയിരുന്നെങ്കിലും അവ  പ്രസിദ്ധീകരിക്കുന്നതിലും പുസ്തകമാക്കുന്നതിലും ഉത്സാഹം കാട്ടിയിരുന്നില്ല രവിവർമ. ‘അകലങ്ങളിൽ പൂപ്പടയുടെ ആരവം’, ‘കിമ കുർവത സഞ്ജയ’ എന്നീ രണ്ട് ചെറുസമാഹാരം പുറത്തുവന്നതുതന്നെ  സുഹൃത്തുക്കളുടെ പ്രേരണയാലാണ്. രവിവർമയുടെ സഹധർമിണി  കെ സി മനോരമത്തമ്പാട്ടി കണ്ടെടുത്തവയാണ് ‘ഓർമക്കൽമേടി’ലെ 18 കഥകൾ. കഥാകൃത്തിന്റെ അനുഭവങ്ങളിൽനിന്ന് രൂപംകൊണ്ടവയാണ് മിക്ക കഥകളും. ‘മോട്ടോർ ബൈക്കിന്റെ ആത്മകഥ, എന്റെയും’ എന്ന ഭ്രമാത്മകതയും നർമവും കലർന്ന കഥയിൽ ജീവനുള്ള കഥാപാത്രത്തെപ്പോലെ മോട്ടോർ ബൈക്കിന് രൂപാന്തരപ്രാപ്തി കൈവരുന്നു.‘അമ്മ മാവിന്റെ ഇലയനക്കം’ വൃദ്ധയായ അമ്മയെ കേന്ദ്രീകരിച്ച് എഴുതിയ സങ്കടം വിങ്ങിനിൽക്കുന്ന ഭാവതീവ്രതയുള്ള രചനയാണ്.  പൊതുവേ നർമം കലർന്ന മറ്റു കഥകളിൽനിന്ന് അത് വേർതിരിഞ്ഞുനിൽക്കുന്നു. ജീവിതത്തിന്റെ അവശേഷം ഓർമകളാണ്. അതിനെ രൂപകമാക്കിയ രചനയാണ് ‘ഓർമക്കൽമേട്’. സ്ത്രീപുരുഷ ബന്ധത്തിന്റെ സങ്കീർണത പ്രമേയമാകുന്ന ആ കഥയിൽ രാത്രി കുന്നിൻമുകളിലെ കൽമേട്ടിൽ നടക്കുന്ന സംഭവത്തെ ഡ്രാക്കുളയുമായി ബന്ധിപ്പിച്ച്  ഭീകര കഥയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ‘ലഭ്യം’ സമൂഹത്തിലെ കാപട്യങ്ങൾ തുറന്നുകാട്ടുന്ന ഹാസ്യകഥയാണ്. ‘ഏണി’,‘മാടക്കല്ല്’, ‘പ്രതീക്ഷയുടെ തുരുത്തിലേക്ക് ഒരു ടിക്കറ്റ്’ തുടങ്ങി മിക്ക കഥകളും ജീവിതത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതാണ്. ഏറെ എഴുതിയില്ലെങ്കിലും ചെറുകഥയുടെ രംഗത്തെ മാറ്റങ്ങളെ ഉൾക്കൊണ്ട, മികച്ച രചനാസിദ്ധിയുള്ള കഥാകൃത്താണ് രവിവർമയെന്ന്  ‘ഓർമക്കൽമേട്’ സാക്ഷ്യപ്പെടുത്തുന്നു.

 

ഹൃദയത്തിലെ കൊളുത്ത്

അജീഷ്‌ ജി ദത്തൻ

വിശാലമായ മാനവികതയിലൂന്നുന്ന ദർശനമാണ് തന്റെ പുതിയ കവിതാ സമാഹാരമായ ‘ ഹൃദയത്തിലെ കൊളുത്തി’ലൂടെ ഡോ. കായംകുളം യൂനുസ് മുന്നോട്ടുവയ്ക്കുന്നത്. കോവിഡ് മഹാമാരിയടക്കം സംഭവിച്ച പുതിയ ലോകക്രമത്തിൽ, അവനവനിലേക്ക് തന്നെ ഒതുങ്ങുന്ന മനുഷ്യരുടെ ഇടയിൽ കവിതയിലൂടെ രോഗമുക്തിക്ക്‌ ശ്രമിക്കുകയാണ്  കവി. ഈ സമാഹാരത്തിലെ 23 കവിതയിൽ  മനുഷ്യന്റെ ആത്യന്തികമായ നന്മ- തിന്മകളെ പ്രശ്നവൽക്കരിക്കുകയും ശുഭാപ്തിവിശ്വാസത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. പൊന്നല്ല! സ്വർണം? എന്ന കവിതയിൽ പൊന്ന് എന്ന വാക്കിന് സംഭവിച്ച അർഥപരിണാമമാണ് കവി ചർച്ച ചെയ്യുന്നത്. ഇന്ന് ‘സ്വർണം’ എന്ന വാക്കിന് സ്നേഹരാഹിത്യത്തിന്റെയും ക്രൂരതയുടെയും സ്വർണക്കച്ചവടത്തിന്റെയുമൊക്കെ അർഥവ്യാപ്തിയേ  ഉള്ളൂവെന്ന് കവി സങ്കടപ്പെടുന്നു. ‘കാലം’ എന്ന കവിതയിൽ മാറിയ കാലത്തിന്റെ പ്രതീകത്തെ അവതരിപ്പിക്കുന്നു. ‘നിധി കക്കുന്ന ഭൂതങ്ങൾ’ എന്ന കവിതയും സമാനമായ ആശയലോകമാണ് പങ്കിടുന്നത്. ‘ഒലിവുമരമില്ലാത്ത ലോകം’, യുദ്ധങ്ങളില്ലാത്ത സമാധാനപൂർണമായ ലോകത്തെ സ്വപ്നം കാണുന്നു. ‘പിന്നോട്ടുപായുന്ന തീവണ്ടി’യിലും ഇതേ ആശയമാണ്. ശേഷിപ്പുകൾ, സ്കൂളുകൾ പൂട്ടുന്നു,  ജീവിതയാത്ര, പാലം, പുന്നെല്ല് തുടങ്ങിയ കവിതകളിൽ ബന്ധങ്ങളും ഗൃഹാതുരതയുമൊക്കെ നിറയുന്നുണ്ട്.  ‘വരൾച്ച’ എന്ന  കവിതയിൽ മുലപ്പാൽ വറ്റിയ പെണ്ണിനോടാണ് വറ്റിവരണ്ട ഭൂമിയെ ഉപമിക്കുന്നത്. കായംകുളം യൂനുസ് കവിതകൾക്ക്‌ വിഷയം തിരയുന്നത് പരിചിത സന്ദർഭങ്ങളിൽനിന്നു തന്നെയാണ്. സാധാരണക്കാരന് അന്യമായൊരു വിഷയവും ഈ കവിതകൾ ചർച്ച ചെയ്യുന്നില്ല. മാറിയ ജീവിതസന്ദർഭങ്ങളിൽ അപ്രധാനീകരിക്കപ്പെടുന്ന പല വിഷയത്തിലും കവിക്ക് ആശങ്കകളുണ്ട്. അനുവാചകനെയും കൊളുത്തില്ലാത്ത ഒരു വിശാലഹൃദയത്തോടെ നിലകൊള്ളാൻ ഈ കവിതകൾ പ്രേരിപ്പിക്കുന്നു.

 

ജീവിതസങ്കൽപ്പങ്ങളുടെ വിശേഷവായന

ബിന്ദു വി എസ്‌

സംസ്കാരങ്ങളുടെ കടന്നുകയറ്റവും കൈയൊഴിയലുംകൊണ്ട് ഏകീകരിക്കപ്പെടുകയോ അനാഥമാകുകയോ ചെയ്യുന്ന ലോകാവസ്ഥകള മനുഷ്യർ കരുതലോടെ സമീപിക്കുന്ന നാളുകളാണ്‌ ഇപ്പോൾ. അർഥങ്ങൾ മാറുകയും ഇല്ലാതാകുകയും ദുരർഥം ചമയ്‌ക്കുകയും ചെയ്യുന്ന വാക്കുകളുടെ കാലവും.  ഇതിനിടയിൽ ഭാഷയെയും സംസ്കാരത്തെയും ബന്ധിപ്പിക്കുന്നവയെക്കുറിച്ചുള്ള വർത്തമാനങ്ങളും പഠനങ്ങളും സാംസ്കാരിക രാഷ്ട്രീയത്തിന്റെ വിശകലനംകൂടിയാണ്.  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ച ഡോ. കവടിയാർ രാമചന്ദ്രന്റെ ദർശനം വിമർശനം എന്ന പുസ്തകം നാല്‌ ഭാഗത്തിൽ കവിയും കവിതയും കഥ, നോവൽ, നാടകം, മറ്റിനം എന്നിവ ഉൾക്കൊള്ളുന്നു. തുഞ്ചത്താചാര്യനെ സംസ്കാരത്തിന്റെ പിതാവായി അടയാളപ്പെടുത്തിയിരിക്കുന്നു എന്നത് പ്രത്യേകതയാണ്. ഭാഷ നിർമിക്കുന്ന സാമൂഹ്യജീവിതത്തെ അപഗ്രഥിക്കുന്ന വിമർശപാഠങ്ങളിൽ നളചരിതം, വള്ളത്തോൾ കൃതി, ഇടശ്ശേരിക്കവിതകൾ, വി കെ എന്നിന്റെ കൃതികൾ, മലയാള –-ബംഗാളി നോവൽ, പ്രൊഫ. എൻ കൃഷ്‌ണപിള്ളയുടെ നാടകം, കവിതാപഠനങ്ങൾ, സാംസ്കാരിക ലേഖനങ്ങൾ എന്നിങ്ങനെ ഗ്രന്ഥകാരന്റെ നവനിരീക്ഷണങ്ങളും കണ്ടെത്തലുകളുമടങ്ങിയ എഴുത്തുകൾ മികച്ച വായനാവബോധത്തിന് ആസ്വാദകരെ പ്രേരിപ്പിക്കുന്നു. ഗവേഷകർക്ക് മാർഗനിർദേശമായി ഈ പുസ്തകം മാറുന്നുണ്ട്. തെളിവുള്ള ശൈലിയിൽ എഴുതപ്പെട്ട എഴുത്തച്ഛൻ മുതൽ ഏഴാച്ചേരിവരെ എന്നു പറയാവുന്നവിധത്തിൽ കാലത്തിന്റെ അന്തഃസംഘർഷങ്ങളിലേക്കുള്ള ഭാഷാ സംവാദയാത്രകൂടിയാണ് ഈ പുസ്‌തകം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top