19 April Friday

അല്ല, എന്റെ ലക്ഷദ്വീപ്‌ ഇങ്ങനെയല്ല

ജോബിUpdated: Sunday Jul 4, 2021

ജോബിയും സംഘവും ലക്ഷദ്വീപിൽ എത്തിയപ്പോൾ

1997ൽ ലക്ഷദ്വീപിലേക്ക്‌ നടത്തിയ ഒരു യാത്രയുടെ അനുഭവം പങ്കുവയ്‌ക്കുകയാണ്‌ പ്രശസ്‌ത നടൻ ജോബി

പത്താം ക്ലാസിലെ ഹിന്ദി പാഠത്തിൽ മിനിക്കായ് വാസിയോം  എന്ന പാഠം പഠിപ്പിച്ച   ‘ബൈട്ടോ' സാറാണ് ആ കൊച്ചു പവിഴദ്വീപിന്റെ അവ്യക്തചിത്രങ്ങൾ മനസ്സിലാദ്യം കോറിയിട്ടത്. (വെടിപൊട്ടുന്ന ഉച്ചത്തിൽ പറയുന്ന ബൈട്ടോ എന്ന വാക്ക് മാത്രമാണ്‌ ഞങ്ങൾക്ക്‌ മനസ്സിലായത്‌. അങ്ങനെ അദ്ദേഹം ഞങ്ങളുടെ ബൈട്ടോ സാറായി).

ലക്ഷദ്വീപിന്റെ സുവർണജൂബിലി വർഷം. ദ്വീപ് നിവാസികൾക്ക്‌ സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്ദിനവും ഗംഭീര ആഘോഷം.  ആ വർഷം പരിപാടികൾക്ക്‌ അവസരം കിട്ടിയത്‌  തിരുവനന്തപുരം നർമകൈരളിക്ക്‌. പത്തനംതിട്ട കലക്ടറായിരുന്ന ഹാസ സാഹിത്യകാരൻ  പി  സി സനൽകുമാർ ആണ്‌ അവസരമുണ്ടാക്കിയത്‌.

കാർട്ടൂണിസ്റ്റ് സുകുമാർ, എഴുത്തുകാരായ കൃഷ്‌ണ പൂജപ്പുര, വി സുരേശൻ, പിആർഡി ഉദ്യോ ഗസ്ഥൻ  ജേക്കബ് സാംസൺ, സിനിമ -നാടക പ്രവർത്തകൻ ഡോ. തോമസ്‌ മാത്യു, മിമിക്രി കലാകാരൻ നാരായണൻകുട്ടി എന്നിവരടങ്ങുന്ന സംഘത്തിൽ ഞാനുമുണ്ട്‌.

‘ടിപ്പുസുൽത്താൻ' എന്ന കപ്പലിലേക്ക്  ടിപ്പുവിനേക്കാൾ പരാക്രമികളാണെന്ന ഭാവത്തോടെ കയറി. വൈകാതെ സനൽകുമാർ ഐഎഎസ്‌ കലക്ടറുടെ കുപ്പായം അഴിച്ചുവച്ചു. കൈലിയും കൈയില്ലാത്ത ബനിയനും തലേക്കെട്ടും പുതിയ വേഷം. ഒരു കുത്തു ചീട്ടുമായി ഒരു മൂലയിൽ സ്ഥാനം പിടിച്ചു.

"എന്റെ ടെൻഷൻ അഴിച്ച് ഞാൻ  ആണിയിൽ തൂക്കിയിട്ടിട്ടുണ്ട്. നമുക്കൊന്ന് അർമാദിക്കണം.’ കലക്‌ടർ സാർ പറഞ്ഞു. ചീട്ടുകളിയുടെ ബഹളം. കലക്‌ടറുടെ ചെവിയിൽ തൂങ്ങിയാടാൻ  കുണുക്കുകൾ ക്യൂനിന്നു.

ഞങ്ങളിരുന്നതിനപ്പുറം വിഐപി റൂം. ബഹളം സഹിക്കവയ്യാതെ ഒരാൾ  റൂം തുറന്നുവന്ന്  ഹിന്ദിയിൽ ആക്രോശിച്ചു. തിരുവനന്തപുരം ഭാഷയിൽ ‘താനാരുവ്വാ' എന്ന്‌ ഞങ്ങളും. ബൈട്ടോ സാർ പഠിപ്പിച്ചതൊന്നും ഓർമവന്നില്ല. ഹിന്ദിക്കാരൻ വാതിലടച്ച് പോകുമ്പോഴും ‘തും' കർത്താവായി വരുമ്പോൾ എന്ത് ചേർക്കണമെന്നാലോചിച്ച്‌ കുഴങ്ങി ഞാൻ. "ആളെ വേണ്ടവിധം മനസ്സിലായില്ലെന്ന് തോന്നുന്നു,’ തിലകന്റെ ശബ്‌ദത്തിൽ നാരായണൻകുട്ടി.  പിന്നാലെ സനൽകുമാർ സാറിന്റെ വെല്ലുവിളി: "കവരത്തിയിലെത്തട്ടെ ഞാൻ ആരാണെന്ന് കാണിച്ചു കൊടുക്കാം.’

പിറ്റേന്ന് കവരത്തിയിൽ നങ്കൂരമിട്ടു. പിന്നെ ബോട്ടിലേക്ക്, അവിടെനിന്ന്‌ കരയിലേക്കും. ആകെ  ഏഴു കിലോമീറ്റർ നീളമുള്ള  ദ്വീപ്.

വാസ്‌കോഡഗാമ കാപ്പാട്  കാലുകുത്തിയ ഗമയിൽ  ഞങ്ങൾ കവരത്തിയിൽ കാലുകുത്തി. മടങ്ങിയെത്തുന്ന ഉറ്റവരെയും കാത്ത് കുറെ ആളുകൾ അവിടെ. ക്ഷണിക്കപ്പെട്ട അതിഥികളാണ് ഞങ്ങളെന്ന ബോധ്യം ഞങ്ങൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റാരും ഞങ്ങളെ  മൈൻഡ് ചെയ്‌തില്ല.

പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. ആൾക്കൂട്ടത്തിനിടയൽനിന്ന്‌ ഒരാൾ:

"ദാണ്ടടാ... ഇവൻ മറ്റേ സീരിയലിലെ  അവനല്ലേ.’

"ങാ, ശരിയാടെ...  ജോബി തന്നെ.’ 

ആളുകൾ കൂടി.

ദ്വീപിൽ അന്നുണ്ടായിരുന്ന ഏക വിനോദോപാധി ദൂരദർശൻമാത്രം. ഞാൻ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന രണ്ട് സീരിയൽ അന്ന്‌  സംപ്രേഷണം ചെയ്‌തിരുന്നു. നിമിഷാർധംകൊണ്ട് ഞാൻ ഒരു സൂപ്പർസ്റ്റാർ പദവിയിലേക്ക്.

കളങ്കമില്ലാത്ത മണ്ണും മനുഷ്യരും. കടലിനാഴം കുറവ്‌. അടിത്തട്ട് തെളിഞ്ഞു കാണാം. ആ മനുഷ്യരെപ്പോലെ ഒന്നും ഒളിക്കാനില്ലാതെ. അലമാരകൾക്കും വീടിനും പൂട്ടുകളില്ല. മോഷണമില്ലാത്ത നാടല്ലേ.

കുടിച്ചു ‘പാമ്പാ’കാൻ ആളില്ലാത്തതുകൊണ്ടാകാം അവിടെ പാമ്പുകളും ഇല്ല. പലേടത്തും തേങ്ങ ചിതറി കിടപ്പുണ്ടാകും ചിതൽപോലും അരിക്കാതെ. അതിനവിടെ ചിതലുണ്ടായിട്ടു വേണ്ടേ? മനസ്സിൽ വേലിക്കെട്ടുകൾ ഇല്ലാത്തതുകൊണ്ടുതന്നെയാകും മണ്ണിലും വേലികൾ തീർത്തിട്ടില്ല.

റിപ്പബ്ലിക് ദിനത്തലേന്നായിരുന്നു ഞങ്ങളുടെ പ്രോഗ്രാം. രണ്ടര മണിക്കൂർ  പ്രോഗ്രാമിന്‌ ആളുകൾ മനസ്സറിഞ്ഞ്  പ്രോത്സാഹിപ്പിക്കുന്നു.  പരിപാടി തീരുമ്പോഴും ആളുകൾ വന്നുകൊണ്ടേയിരുന്നു.  കോമഡി സ്റ്റോക്ക്‌ തീർന്നു. അവസാനം അവരുടെ സ്‌നേഹത്തിനു മുമ്പിൽ ഞങ്ങൾ കീഴടങ്ങി. പിറ്റേന്ന്‌  മറ്റൊരു വേദിയിൽ പരിപാടി അവതരിപ്പിക്കാമെന്ന്‌  ഉറപ്പുനൽകി.

ജോബിയും സംഘവും അഡ്മിനിസ്ട്രേറ്റർ രാജീവ് തൽവാറിനൊപ്പം

ജോബിയും സംഘവും അഡ്മിനിസ്ട്രേറ്റർ രാജീവ് തൽവാറിനൊപ്പം

റിപ്പബ്ലിക് ദിന പരേഡിൽ അതിഥികളായ ഞങ്ങളെ വിഐപി ഇരിപ്പിടത്തിൽ നേരത്തേതന്നെ കൊണ്ടിരുത്തി. സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം. ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നത് അഡ്മിനിസ്ട്രേറ്റർ രാജീവ് തൽവാർ. കൃത്യസമയത്ത് അകമ്പടിയോടെ അദ്ദേഹം അവിടെ എത്തി. ഞാൻ ഒന്നേ നോക്കിയുള്ളൂ. എനിക്ക്  കണ്ണുകളെ വിശ്വസിക്കാനായില്ല. കാഴ്‌ച മങ്ങുന്നു, തൊണ്ട വരളുന്നു. കൂടെയുള്ളവർക്ക് എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള പ്രജ്ഞ എന്നിൽ അവശേഷിച്ചിരുന്നില്ല. സമാന അവസ്ഥയിലായിരുന്നു അവരും. അഡ്മിനിസ്ട്രേറ്റർ, മറ്റാരുമല്ല തലേന്ന് കപ്പലിൽ ഞങ്ങളോട് ഉടക്കിയ ഹിന്ദിക്കാരൻ!!! 

ഈ മനുഷ്യനെയാണ്‌ ‘കവരത്തിയിൽ വന്നാൽ കാണിച്ചു തരാം' എന്ന്  വിരട്ടിയത്. നാട്ടിലേക്ക് ഒരു മടക്കം ഇനിയില്ലെന്ന്‌ ഉറപ്പിച്ച നിമിഷങ്ങൾ.

മുൻനിരയിൽ ഇരിക്കുന്ന ഞങ്ങളെ അദ്ദേഹം കണ്ടു. പെട്ടെന്നാണ് അത് സംഭവിച്ചത്. ഞങ്ങളുടെ അടുത്തേക്ക് ഓടിവന്ന അദ്ദേഹം സനൽകുമാർ സാറിനെ കെട്ടിപ്പിടിച്ചു. മാത്രവുമല്ല സല്യൂട്ട് സ്വീകരിക്കുന്ന വേദിയിൽ ഞങ്ങളെയും പിടിച്ചുനിർത്തി. വീണ്ടും ട്വിസ്റ്റ്, അദ്ദേഹം ഞങ്ങളെ ഉച്ചയൂണിന് വീട്ടിലേക്ക്‌ ക്ഷണിക്കുന്നു. ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല സ്വീകരണം. ഊണിനൊപ്പം  തലേന്നത്തെ കാര്യങ്ങൾ പറഞ്ഞ് എല്ലാവരും കൂട്ടച്ചിരി.  അഡ്മിനിസ്ട്രേറ്റർ പച്ചമലയാളത്തിലാണ്‌ ഞങ്ങളോട് സംസാരിച്ചത്.

ഞങ്ങളുടെ പ്രോഗ്രാമിനെക്കുറിച്ചും അദ്ദേഹത്തിനറിയാം.  ഇങ്ങനെയും ഒരു അഡ്മിനിസ്ട്രേറ്ററോ. വൈകുന്നേരത്തെ പ്രോഗ്രാമിന് അഡ്മിനിസ്ട്രേറ്ററുമുണ്ട്‌. ജനങ്ങൾ തടിച്ചുകൂടി. ജീവിതത്തിലെ അപൂർവാനുഭവം.  

പിറ്റേന്ന്  കാഴ്‌ചകൾ കാണാനിറങ്ങി. ഒരു ഘോഷയാത്രയായി ജനങ്ങൾ അനുഗമിച്ചു. മനംമയക്കുന്ന ആ തീരഭംഗിയിൽ ഞങ്ങൾ ഉല്ലസിച്ചു.  ലഗൂണിൽ കുട്ടികളെപ്പോലെ നീന്തി.

 ദ്വീപിൽ ഇറങ്ങിയപ്പോൾമുതൽ  ഒരഞ്ചുവയസ്സുകാരൻ  എന്നെ നിഴലുപോലെ പിന്തുടരുന്നുണ്ടായിരുന്നു. അവന്റെ നിഷ്‌കളങ്കഭാവവും തിളക്കമുള്ള കണ്ണുകളും എന്നെ  ആകർഷിച്ചു. എവിടെ പോകുമ്പോഴും എന്റെ കൈപിടിച്ചു നടക്കണം. ഞാൻ അവന്റേതാണെന്ന തോന്നൽ അവനുള്ളപോലെ. മടങ്ങുന്ന ദിവസം കാഴ്‌ച കാണാൻ ഞാൻ അവനെയും കൂടെ കൂട്ടി.

മടക്കയാത്രയ്‌ക്കു സമയമായി. കപ്പലിന് അടുത്തെത്താൻ ബോട്ട് റെഡി. ലഗേജുകൾ  കയറ്റുന്നു. അപ്പോഴും  എന്റെ കൈയിൽ ആ കുഞ്ഞിന്റെ പിടിത്തം മുറുകുകയായിരുന്നു. അവൻ പിരിയാൻ കൂട്ടാക്കുന്നില്ല. എന്നോടൊപ്പം പോരണം. 

എല്ലാവരും അങ്കലാപ്പിലായി. അവൻ എന്നെ വട്ടംപിടിച്ച് വാവിട്ടു കരയുകയാണ്. ദ്വീപിന്റെ നിർമലസ്‌നേഹമാകെ എന്നെ ചുറ്റി വരിഞ്ഞപോലെ.

അവസാനം പൂവിറുത്തുമാറ്റുംപോലെ  ആ കുഞ്ഞിളം കൈകൾ എന്നിൽനിന്ന്‌ ആരോ പിടിച്ചുമാറ്റി. ബോട്ട് തീരം വിടുമ്പോൾ നിറഞ്ഞ കണ്ണുകളിലൂടെ ഞാൻ അവ്യക്തമായി ആ രൂപം കണ്ടു, അച്ഛന്റെ തോളിലിരുന്ന് ഉറക്കെ എന്നെ കൈകാട്ടി വിളിക്കുന്ന ആ കുഞ്ഞിനെ. 

ദ്വീപിലെ ഓർമകൾക്ക് ഇന്നും നിറംമങ്ങിയിട്ടില്ല. സ്‌നേഹിക്കാൻ മാത്രമറിയുന്ന ജനത. അവരുടെ ഹൃദയം തൊട്ടറിയുന്ന  അഡ്മിനിസ്ട്രേറ്റർ. 

ആ പയ്യൻ  യുവാവായിട്ടുണ്ട്.  അവന്റെ  മുഷ്ടി സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ആകാശത്ത് ഉയർന്നുനിൽക്കുന്നുണ്ടാകണം. അവന്റെ ശബ്‌ദം സമരകാഹളമായി കടലിൽ പ്രതിധ്വനിക്കുന്നുണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top