26 September Tuesday

"കാണികളാക്കി' അവരെ ചതിച്ചു

എസ് കിരൺബാബു kiran4ufrnds@gmail.comUpdated: Sunday Jun 4, 2023

കുട്ടിമാത്തൻ കാണി ആരോഗ്യപ്പച്ചയുമായി ഫോട്ടോ: സുഭാഷ് കുമാരപുരം

2002 ആഗസ്‌ത്‌ 28,  സൗത്ത് ആഫ്രിക്കയിൽ  ജൊഹാനസ്‌ബർഗിലെ ഒരു പ്രഭാതം. അന്താരാഷ്ട്ര ഭൗമ ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന യുഎൻഡിപി (യുണൈറ്റഡ് നേഷൻ ഡെവലപ്മെന്റ് പ്രോഗ്രാം)  ഇക്വേറ്റർ ഇനിഷ്യേറ്റീവ് പ്രഥമ സമ്മേളനവേദി.  നിറഞ്ഞുകവിഞ്ഞ സദസ്സ്‌.  "അയാം  കുട്ടിമാത്തൻ കാണി, കമിങ് ഫ്രം ഇന്ത്യ. ഐ വുഡ് ലൈക്ക് ടു വെൽക്കം റെസ്പെക്റ്റഡ് പ്രൈംമിനിസ്റ്റർ ഓഫ് ക്യാനഡ, മിസ്റ്റർ ജീൻ ക്രൈറ്റൈൻ' വിറയാർന്ന ശബ്ദത്തിലല്ല,  ലോകമാകെ ആ ശബ്ദം കേട്ടു.  സദസ്സിൽനിന്ന് കൈയടി മുഴങ്ങി.  ജീൻ ക്രൈറ്റൈൻ കുട്ടിമാത്തനെ വാരിപ്പുണർന്നു; ആദിവാസി സമൂഹമായ കാണിക്കാരുടെ പ്രതിനിധിയായി വേദിയിലെത്തിയ കുട്ടിമാത്തന്റെ കണ്ണ് നിറഞ്ഞു. ആ വർഷത്തെ യുഎൻഡിപി ഇക്വേറ്റർ ഇനിഷ്യേറ്റീവ് പുരസ്കാരം കുട്ടിമാത്തൻ കാണി പ്രസിഡന്റായ കേരള കാണി സമുദായ ക്ഷേമ ട്രസ്റ്റിനാണ്. പുരസ്കാരം വാങ്ങാനാണ്  ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക് ഗാർഡനിലെ (ജെഎൻടിബിജിആർഐ) മുൻ ഡയറക്ടർ പി പുഷ്പാംഗദനൊപ്പം കുട്ടിമാത്തൻ ജൊഹാനസ്‌ബർഗിലെത്തിയത്.  30,000 യുഎസ് ഡോളറായിരുന്നു ( 15 ലക്ഷം രൂപ) പുരസ്കാര തുക. എന്നാൽ ഇതിൽനിന്ന്‌ ചില്ലിക്കാശ്  കേരള കാണി സമുദായ ട്രസ്റ്റിനോ കുട്ടിമാത്തനോ ലഭിച്ചില്ല. സംഘത്തിലുണ്ടായിരുന്നവർ തുണ്ടുകടലാസിൽ എഴുതി നൽകിയ സ്വാഗത പ്രസംഗം വായിക്കുക മാത്രമായിരുന്നു കുട്ടിമാത്തന്റെ ദൗത്യം. പുരസ്‌കാരത്തിന്റെ വെറുമൊരു ‘കാണി’മാത്രമായി കുട്ടിമാത്തൻ  തിരിച്ചെത്തി. ആരാണ്‌ ചതിച്ചത്‌ ?

നഷ്ടമായ സർട്ടിഫിക്കറ്റ്‌

ജൊഹാനസ്‌ബർഗിൽ വച്ച് കനേഡിയൻ പ്രധാനമന്ത്രി സർട്ടിഫിക്കറ്റ് നൽകിയത്‌ കുട്ടിമാത്തൻ ഓർക്കുന്നുണ്ട്‌. ഇത്‌ പിന്നീട് നഷ്ടപ്പെട്ടു. സൗത്ത് ആഫ്രിക്കയിൽനിന്നും തിരികെയെത്തി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കുട്ടിമാത്തനൊപ്പം ഡോ.പുഷ്പാംഗദൻ വാർത്താസമ്മേളനം നടത്തി. അന്ന് ചില മാധ്യമപ്രവർത്തകർ പുരസ്കാര തുകയെപ്പറ്റി ചോദിച്ചപ്പോഴാണ് കുട്ടിമാത്തൻ അക്കാര്യം ആദ്യം കേൾക്കുന്നത്‌. എന്നാൽ,  വ്യക്തിഗത വിഭാഗത്തിൽ തനിക്കാണ്‌ അവാർഡ് ലഭിച്ചതെന്നാണ് പുഷ്പാംഗദന്റെ അവകാശവാദം.  താൻ മുൻകൈയെടുത്ത്‌ ഇക്വേറ്റർ ഇനിഷ്യേറ്റീവ് സമ്മേളനത്തിലേക്ക് ഒരു കാണി സമുദായക്കാരനെ കൂടി കൊണ്ടുപോകുകയായിരുന്നു. തന്റെ ചെലവിലാണ് കുട്ടിമാത്തനെ കൊണ്ടുപോയത്. പുരസ്കാരം ലഖ്നൗവിൽവച്ചാണ് തനിക്ക്‌ സമ്മാനിച്ചത്. ജൊഹാനസ്‌ബർഗിൽ വച്ച് സർട്ടിഫിക്കറ്റ് മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും പുഷ്പാംഗദൻ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി. കുട്ടിമാത്തൻ പുഷ്പാംഗദനോട് ഇതുവരെ ആ പുരസ്‌കാര തുകയെക്കുറിച്ച്‌ ചോദിച്ചിട്ടില്ല. പുഷ്‌പാംഗദൻ അങ്ങനൊരു കാര്യം കുട്ടിമാത്തനോട്‌ പറഞ്ഞിട്ടുമില്ല. രാജ്യം പദ്മശ്രീവരെ നൽകി ആദരിച്ച  പുഷ്പാംഗദൻ പണം തട്ടിയെടുത്തുവെന്ന് കുട്ടിമാത്തനെന്നല്ല, ആരും ആരോപിക്കില്ലായിരിക്കാം. പക്ഷേ, ആ തുക ആർക്കുള്ളതാണ്‌?  അതിന്റെ പുറകേ പോകാനോ അന്വേഷിക്കാനോ കാണിക്കാർക്ക്‌ അറിയില്ല. അന്വേഷിച്ചവർ അറിഞ്ഞത് ഒരു വഞ്ചനയുടെ കഥ.

യുഎൻഡിപി അവാർഡ്ദാന ചടങ്ങിൽ കുട്ടിമാത്തൻ കാണി

യുഎൻഡിപി അവാർഡ്ദാന ചടങ്ങിൽ കുട്ടിമാത്തൻ കാണി

1987 നവംബർ 

കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ആദിവാസികളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഡോ.പി പുഷ്പാംഗദനും സംഘവും കോട്ടൂരിലെ ചോനാംപാറയിലെത്തിയത്. അഗസ്ത്യവനത്തിന്റെ മടിത്തട്ടിൽ അധിവസിക്കുന്ന ആദിമ വർഗത്തിന്റെ ജീവിതവും ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട കാട്ടറിവുകളുമാണ്‌  ലക്ഷ്യം. അന്ന് അവരെ കാടുകാണിക്കാൻ കൊണ്ടുപോയ ചോനാംപാറയിലെ കുട്ടിമാത്തൻ കാണിയും മല്ലൻകാണിയും ഈച്ചൻകാണിയുമാണ് വിശപ്പും ക്ഷീണവും അകറ്റുന്ന ആരോഗ്യപ്പച്ചയെന്ന ഔഷധ സസ്യത്തെ ഗവേഷകർക്ക് കാട്ടിക്കൊടുത്തത്‌. പിന്നീട് ആരോഗ്യപ്പച്ച  (ട്രൈക്കോപ്പസ് സൈലാനിക്കസ് ട്രാവൻകൂറിക്കസ്) ഉപയോഗിച്ച്  ടിബിജിആർഐ "ജീവനി ' എന്ന മരുന്ന് വികസിപ്പിച്ചു. കോയമ്പത്തൂർ ആര്യവൈദ്യഫാർമസി ഇത്‌ വിപണനം നടത്തി. ലാഭവിഹിതത്തിന്റെ പകുതി ജെഎൻടിബിജിആർഐ കാണിക്കാർക്ക് നൽകി. ഇതിന്‌ കേരള കാണി സമുദായ ക്ഷേമ ട്രസ്റ്റ് എന്ന പേരിൽ കാണിക്കാർ മാത്രം അംഗങ്ങളായ ട്രസ്റ്റ് രൂപീകരിച്ചു. ഇത് പിന്നീട് എബിഎസ് കാണി മോഡൽ (ആക്സസ് ആൻഡ് ബെനഫിറ്റ് ഷെയറിങ്) എന്ന പേരിൽ ലോകപ്രശസ്തമായി. ഈ കാണി മോഡലിനുള്ള പുരസ്കാരമാണ്‌ കുട്ടിമാത്തൻ ജൊഹാനസ്‌ബർഗിൽനിന്ന്‌ ഏറ്റുവാങ്ങിയത്‌.

വഞ്ചനയുടെ  ചുരുളഴിയുന്നു

2002 പ്രഥമ പുരസ്കാരം കേരള കാണി സമുദായ ട്രസ്റ്റിനാണെന്ന്‌ യുഎൻഡിപി ഇക്വേറ്റർ ഇനിഷ്യേറ്റീവിന്റെ വെബ്സൈറ്റിലുണ്ട്‌.  ‘ഇക്വേറ്റർ ഇനിഷ്യേറ്റീവ് പുരസ്കാരം സമുദായങ്ങൾക്കോ സംഘടനകൾക്കോ ആണ് നൽകുക. പുരസ്കാര തുക എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് അത് ലഭിച്ച സംഘടനയാണ്. 2002 ൽ കേരള കാണി സമുദായ ക്ഷേമ ട്രസ്റ്റിനാണ് പുരസ്കാരം ലഭിച്ചതെന്നും ഇക്വേറ്റർ ഇനിഷ്യേറ്റീവിന്റെ അന്നത്തെ കോ-ഓർഡിനേറ്റർമാരിൽ ഒരാളായ അലഹാൻഡ്ര പെറോ പറയുന്നു.   പ്രഥമ പുരസ്‌കാരമായിരുന്നതിനാൽ അതിന്റെ തുക നൽകുന്നത് സംബന്ധിച്ച് കർശന വ്യവസ്ഥ ഉണ്ടായിരുന്നില്ല. ഡോ.പുഷ്പാംഗദൻ  കേരള കാണി സമുദായ ട്രസ്റ്റിന്റെ പങ്കാളിയാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കൗണ്ടിലാണ് തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്. ഇതിനെ ഇക്വേറ്റർ ഇനിഷ്യേറ്റിവ് അധികൃതർ എതിർത്തില്ല. പിന്നീട്  പരാതി ഉയർന്നു. ഇതോടെ 2003 മുതൽ  കർശന വ്യവസ്ഥകൾ നടപ്പാക്കി. പുരസ്‌കാര ജേതാക്കൾക്ക് സമുദായത്തിന്റെയോ സംഘടനയുടെയോ പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണമെന്നും ഫണ്ട് ആ സംഘടനയ്‌ക്കല്ലാതെ വ്യക്തിക്ക് നൽകില്ലെന്നും നിഷ്‌കർഷിച്ചു. അത്തരം അക്കൗണ്ടിലേക്കേ ഇപ്പോൾ തുക നിക്ഷേപിക്കാറുള്ളു എന്നും  -അലഹാൻഡ്ര പെറോ പറഞ്ഞു. എന്തായാലും ഈ വഞ്ചന കാണികളോട്‌ വേണ്ടായിരുന്നു. ഒന്നുമറിയാതെ അവരെ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്ത ലോകപ്രശസ്‌തമായ ഒരു സംഘടനയോടും. അറുപത് പിന്നിട്ട കുട്ടിമാത്തനും ട്രസ്റ്റിന്റെ പൊളിഞ്ഞുവീഴാറായ ഓഫീസും ബാക്കിപത്രമായി ഇന്നും തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ ചോനാംപാറയിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top