ഓർമകളുടെ കടന്നൽകൂടുകൾ
മനോഹരൻ മോറായി
യുവകഥാകാരൻ കെ എൻ പ്രശാന്തിന്റെ ഏഴു കഥകളുടെ സമാഹാരം ‘പാതിരാലീല’ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത് അവരവരുടെ നാട്ടിടങ്ങളിലേക്കാണ്. കഥകളുടെ ഭാഷയും പരിസരവും അനുഭവിച്ചറിയുമ്പോൾ, മനസ്സിലുയരുന്ന ചോദ്യം ഇതിലെവിടെയോ ഞാനുമുണ്ടല്ലോ എന്നായിരിക്കും. സമകാല ജീവിതാനുഭവങ്ങൾ അത്രയേറെ കണ്ടെടുക്കാനാവും ഒാരോ കഥയിലും. മനുഷ്യനും ഇതര ജീവികളും തമ്മിലുള്ള സംഘർഷം വലിയ പ്രശ്‌നമായി തുടരുന്ന വർത്തമാനത്തിൽ ‘പൂതപ്പാനി’ എന്ന കഥ ഓർമ്മകളുടെ കടന്നൽകൂട് ഇളക്കാതിരിക്കില്ല. പ്രകൃതിസ്‌നേഹവും ജീവിസ്‌നേഹവും സാധാരണ ജീവിതവുമായി ഏറ്റുമുട്ടുമ്പോൾ ആർക്കും നിഷ്‌പക്ഷരായിരിക്കാനാവില്ല. ‘ഉറങ്ങിത്തുടങ്ങിയപ്പോൾ കടന്നലുകൾ കൂട്ടമായിവന്ന് അടച്ചിട്ട ജനാലകൾ തുളയ്‌ക്കാൻ തയ്യാറെടുക്കുന്നതായി സ്വപ്‌നംകണ്ട് അയാൾ ഞെട്ടി ഉണർന്നു’–- എന്നത് ഈ നിസ്സഹായാവസ്ഥയുടെ വിളംബരമാണ്. സദാചാര ഗുണ്ടായിസം പശ്‌ചാത്തലമാക്കുന്ന ‘ പാതിരാലീല’ പറയുന്നത് ലൈംഗികതയുമായി ബന്ധപ്പെട്ട ‘പൊതുബോധ’ നിർമിതിയെക്കുറിച്ചാണ്. എവിടെയും ജാരനെ തേടുന്നവർക്ക് തലമുറ വ്യത്യാസമില്ല. ട്രാൻസ്‌ജൻഡർ വിഭാഗങ്ങളെയും വിഭിന്ന ലൈംഗിക സ്വത്വങ്ങളെയും ഉൾക്കൊള്ളാൻ നമ്മുടെ സമൂഹം ഇനിയുമെത്ര മുന്നോട്ടുപോകണമെന്ന ചിന്തയാണ് ഈ കഥ ഉണർത്തുന്നത്. പെരടി, മൾബറിക്കാട്, കുരിപ്പുമാട്, ഗുഹ, ചട്ടിക്കളി എന്നിവയാണ് സമാഹാരത്തിലെ മറ്റു കഥകൾ. പ്രാദേശിക ഭാഷാഭേദങ്ങളുടെ സമ്പന്നതയും പാത്രസൃഷ്‌ടിയിലെ അസാമാന്യമായ കയ്യടക്കവുമാണ് പ്രശാന്തിന്റെ കഥകളെ വേറിട്ടതാക്കുന്നത്. നാട്ടുനന്മകളുടെ നൈർമല്യത്തിലുപരി അതിജീവനത്തിന്റെ കഠിന പാഠങ്ങളായിരിക്കും ഒരുപക്ഷെ, ഈ കഥകളിൽ മുഴച്ചുനിൽക്കുന്നത്. പ്രശസ്‌ത കഥാകാരി ഡോ. ആർ രാജശ്രീ അവതാരികയിൽ പറയുന്നതുപോലെ മനുഷ്യരെ ചന്തംചാർത്തി നിർത്താത്ത കഥകൾ.
16 കഥയുള്ള കഥകൾ
ഷാഫി വേളം
പല പല കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് വലിയ വലിയ ജീവിത ദർശനങ്ങൾ വായനക്കാരന് പകർന്നു കൊടുക്കുന്ന ജീവിതത്തിന്റെ തീവ്രമായ ആവിഷ്കാരങ്ങളാണ് സൗദ റഷീദിന്റെ ‘നീലക്കൊടുവേലി ' എന്ന കഥാസമാഹാരം. സ്വന്തം നാട്ടിൽനിന്ന് കണ്ടതും കേട്ടതും വായിച്ചതും പ്രവാസ ജീവിതം നൽകിയ അനുഭവങ്ങളുമൊക്കെയാണ് പതിനാറു കഥകളിൽ നിറഞ്ഞൊഴുകുന്നത്. ഓരോ കഥയും മറ്റൊരു കഥയിൽനിന്നും പൂർണമായും വേറിട്ടുനിൽക്കുകയും നമ്മുടെ ചിന്താ മണ്ഡലങ്ങളെ വ്യത്യസ്ത ധാരകളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. നീലക്കൊടുവേലി തേടി മരണത്തെ പുൽകിയ കുഞ്ഞിന്റെ കഥ വ്യത്യസ്തമായ വായനാനുഭവമാണ്. ‘വെളിച്ചമില്ലാത്ത മുറി' എന്ന കഥ വൃദ്ധമാതാവ് മക്കളാൽ തിരസ്കരിക്കപ്പെടുന്ന കാലത്തെയാണ് ആവിഷ്കരിക്കുന്നത്. മരണം ഏതു നിമിഷവും നമ്മെ തേടിയെത്തുമെന്നാണ് ‘തിരക്ക്' എന്ന കഥ ഓർമിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിലൂടെയാണ് ‘മരുപ്പച്ച' എന്ന കഥ വികസിക്കുന്നത്. വാക്യഘടനയിലും, ആഖ്യാനത്തിലും ഈ സമാഹാരത്തിലെ ഓരോ കഥയും ഒന്നിനൊന്ന് മെച്ചമാണെന്ന് നിസ്സംശയം പറയും. വായനക്കാരെ കഥാപാത്രങ്ങൾക്കൊപ്പം യാത്ര ചെയ്യിപ്പിക്കാനുള്ള ശൈലി എടുത്തുപറയേണ്ടതാണ്.
ശ്രീകണ്ഠേശ്വരത്തിന്റെ ജീവചരിതം
ആർ കിരൺ ബോധി
മലയാളികൾക്ക് മറക്കാനാകാത്ത മഹാനിഘണ്ടുവിന്റെ രചനയാൽ അനശ്വരനായിത്തീർന്ന ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കവി എൻ എസ് സുമേഷ് കൃഷ്ണൻ രചിച്ച പുസ്തകമാണ് ‘ശ്രീകണ്ഠേശ്വരം ജി പത്മനാഭപിള്ള’ എന്ന ജീവചരിത്ര കൃതി. ചില വ്യക്തിത്വങ്ങളെക്കുറിച്ച് അനേകം ജീവചരിത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ശ്രീകണ്ഠേശ്വരത്തെക്കുറിച്ച് അധികം പേർ എഴുതിയിട്ടില്ല. സുമേഷ് കൃഷ്ണൻ ഒരു വലിയ സാംസ്കാരിക ദൗത്യമാണ് നിർവഹിച്ചിരിക്കുന്നത്. "ശബ്ദതാരാവലി' മാത്രം എഴുതിയ ഭാഷാപണ്ഡിതനായ ശ്രീകണ്ഠേശ്വരത്തെയല്ല ഈ പുസ്തകത്തിലൂടെ നാം കാണുന്നത്.നന്നേ ചെറുപ്പത്തിൽത്തന്നെ തുള്ളൽ കൃതികൾ രചിക്കുകയും കാവ്യസമാഹാരങ്ങൾ രചിക്കുകയും ചെയ്‌ത സർഗ്ഗാത്മക സാഹിത്യകാരൻ എന്ന നിലയിൽക്കൂടി അവതരിപ്പിക്കുന്നു. ഉദ്യോഗം രാജിവച്ച് "ശബ്ദതാരാവലി' രചിക്കാൻ ആയുസ്സിന്റെ സിംഹഭാഗവും സമർപ്പിച്ച ആ മനുഷ്യന്റെ ജീവിതം പുതുതലമുറയ്ക്ക് പാഠപുസ്തകമാണ്. കവിത, കഥാകാവ്യം, ആട്ടക്കഥ, തുള്ളൽ കൃതികൾ, നാടകം, ഉപന്യാസം എന്നീ വ്യത്യസ്ത സർഗ്ഗമേഖലകളിൽ വ്യാപരിച്ചിട്ടുള്ള ശ്രീകണ്ഠേശ്വരത്തെക്കുറിച്ച് ലളിതവും സുന്ദരവുമായ ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള ലഘു ജീവചരിത്രം കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ ഗുണകരമാകും.
കാപട്യങ്ങൾ വിചാരണ ചെയ്യപ്പെടുമ്പോൾ
ജോബി ജോസഫ്
ജോജി കൂട്ടുമ്മേലിന്റെ ആദ്യകഥാസമാഹാരമാണ് ‘മരുഭൂമിയിൽ വരണ്ടും ഗോതമ്പു പാടത്ത് വിളഞ്ഞും.’ വ്യത്യസ്തമായ 13 കഥകളുടെ സമാഹാരം. മിത്തുകളെ വിശ്വാസ സത്യങ്ങളെന്നു വിളിക്കണമെന്നു ശഠിക്കുന്ന മതതീവ്രതയുടെ കാലത്ത്, സ്ഥാപനവൽക്കൃതമായ പുരോഹിത്യ ബ്രഹ്മചര്യം എത്തിപ്പെട്ട പ്രതിസന്ധിയാണ് സമാഹാരത്തിന്റെ ടൈറ്റിൽ കഥ. സാമാന്യ മനുഷ്യരും അരികുവൽക്കൃതരും ഈയാംപാറ്റകളെപ്പോലെ അകപ്പെട്ടു പോകുന്ന ചൂഷണത്തിന്റെ രാവണൻ കോട്ടകളുടെ കഥയാണ് ഒരു ലാബറിന്ത് സന്ധ്യയിൽ. പൊതുശ്മശാനങ്ങൾ പോലും അധിനിവേശത്തിനിരയാകുന്ന ഭ്രാന്തമായ വികസനത്തിന്റെ കഥയായ ശവക്കോട്ടപ്പാടം ഇതോടു ചേർത്തു വായിക്കേണ്ടതാണ്. മതയാഥാസ്ഥിതികത്വവും ആചാര വ്യവസ്ഥയും നവമുതലാളിത്ത കാലത്ത് എങ്ങനെ അപകടകരമാകുന്നു എന്നതാണ് ചക്ഷുശ്രവണഗളസ്ഥം എന്ന കഥ. കുമരകം ബോട്ടുദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രണയദുരന്തമാണ് മരണശിക്ഷ. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എന്നും പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ സത്യത്തെ ദാർശനികവൽക്കരിക്കുന്നതിന് ഈ സമാഹാരത്തിലെ കഥകൾ ശ്രമിക്കുന്നു. ഓരോ കഥയും ഓരോ വിചാരണയാണ്. മനുഷ്യന്റെ കാപട്യങ്ങൾക്കു നേരെ അത് വിരൽ ചൂണ്ടുന്നു. വീട്, തൊഴിൽ, ഇഷ്ടം, വിശ്വാസം, പ്രണയം, ലിംഗം എന്നിവയൊന്നിനും സ്വതന്ത്രമായൊരിടം നൽകാത്ത ഹിംസാത്മകമായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് ഓർമപ്പെടുത്തുന്നതാണ് ഇതിലെ കഥകൾ. മിത്തുകളും ഫാന്റസിയും പ്രണയവും ദുരന്തവും ആയുധമാക്കുന്നു അവ. എഴുത്തുരീതി അനുവാചകനു പകരുന്ന വായനസുഖം അനിർവചനീയമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..