20 April Saturday

ലോക ചരിത്രത്തിൽ ആദ്യം

‌എസ് കിരൺ ബാബു kiran4ufrnds@gmail.comUpdated: Sunday Apr 2, 2023

ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസർമാരായി നിയമനം ലഭിച്ചവർ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ രാധാകൃഷ്‌ണൻ, ആന്റണി രാജു എന്നിവർക്കൊപ്പം

‘ഇന്ത കാട് നമ്മത്... ഇത് കാക്കതേ  മഹാപാക്യം, നന്നായി വാ മക്കളെ’

തിരുവനന്തപുരം അമ്പൂരി തൊടുമലയിലെ വനമേഖലയിൽനിന്ന്‌ കാട് കാക്കാൻ കാക്കിയണിഞ്ഞ ഏഴുപേരെയും ഊരുമൂപ്പൻ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ഏഴുപേരും ഒരേ വാർഡിൽനിന്ന്‌ ഉള്ളവർ. പഠനവും കായിക പരിശീലനവുമെല്ലാം ഒരുമിച്ച്. ഒടുവിൽ കാക്കിയണിഞ്ഞപ്പോൾ ഊര്‌ മുഴുവൻ ഉത്സവലഹരിയിലായി.ഇങ്ങനെ ഊരിന്റെ അനുഗ്രഹവുമായി സർക്കാരിന്റെ കരുതലിൽ സംസ്ഥാനത്ത് കാടിന്റെ കാവലാളാകുന്നത് 500 പേരാണ്.

വനാശ്രിതരായ 500 പട്ടികവർഗക്കാർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി സ്ഥിരംനിയമനം.  ലോക ചരിത്രത്തിൽത്തന്നെ  ആദ്യ സംഭവമാകും. കാടിന്റെ അവകാശിയെന്നത് വെറുംവാക്കല്ല, കാടിന്റെ കാവൽ വനത്തിന്റെ മക്കളെത്തന്നെ ഏൽപ്പിക്കണമെന്ന എൽഡിഎഫ്  സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ പ്രതിഫലനമാണ്‌ ഇത്. കാടിന്റെ സംരക്ഷണത്തിന് ഇതിലും വലിയ നേരവകാശികൾ മറ്റാരുണ്ട്.

അമ്പൂരി സ്വദേശിയും കോട്ടൂർ യുപിഎസിലെ അധ്യാപകനുമായ എം ദിലീപിന്റെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ ജി സുനിൽകുമാറിന്റെയും സഹായത്തോടെയാണ് അമ്പൂരി തൊടുമലയിൽനിന്നുള്ള ഏഴുപേരും പഠിച്ചത്. വി വിനോദ്, വിഷ്ണു രാജേന്ദ്രൻ, ടി എസ് സൂരജ്, വി ഒ നിത്യമോൾ, ടി കൃഷ്ണൻകുട്ടി, ആർ രാജേഷ്, ടി സുരേന്ദ്രൻ എന്നിവർ. എല്ലാവരും വനംവകുപ്പിന്റെ താൽക്കാലിക വാച്ചർമാർ ആയിരുന്നവർ. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് പഠിച്ചു. 20 കിലോമീറ്റർ അകലെയുള്ള ആര്യനാട്ടെ സ്കൂൾ ഗ്രൗണ്ടിലായിരുന്നു പരിശീലനം. നല്ലതുപോലെ കഷ്ടപ്പെട്ടാണ് പഠിച്ചതെന്നും സുഹൃത്തുക്കളും ജനപ്രതിനിധികളുമൊക്കെ സഹായിച്ചെന്നും വിനോദ് പറയുന്നു. പിന്തുണയുമായി ഒരു ഊര്‌ മുഴുവൻ കൂടെനിൽക്കുമ്പോൾ എങ്ങനെ ജയിക്കാതിരിക്കുമെന്ന് വിനോദും സംഘവും ചോദിക്കുന്നു.

വയനാട് മുത്തങ്ങ കാട്ടുനായ്ക്ക കോളനിയിലെ വിജേഷ്, രമേഷ്, രാജേഷ്, ജിഷ്ണു എന്നിവരുടെ കഥയും വ്യത്യസ്തമല്ല. മൂന്നു വർഷമായി മുത്തങ്ങയിലെ കുങ്കിയാനകളെ പരിശീലിപ്പിക്കുന്ന താൽക്കാലിക ആനപ്പാപ്പാന്മാർ ആയിരുന്നു ഇവർ. നാലുപോരും ബിരുദം പൂർത്തിയാക്കിയശേഷമാണ്  ജോലിക്ക്‌ ഇറങ്ങിയത്. നാടിനെ വിറപ്പിച്ച പിഎം 2 എന്ന കൊമ്പനെ മെരുക്കാനും ഈ നാൽവർസംഘം മുന്നിലുണ്ടായിരുന്നു. കാടിന്റെ മനസ്സ് അറിയുന്ന ഈ ചെറുപ്പക്കാരുടെ മുന്നിൽ ഏത് കൊമ്പനും മുട്ടുമടക്കും.  വയനാട്ടിൽനിന്നുമാത്രം 170 പേരാണ് കാക്കിയണിഞ്ഞ് കാട് കയറുന്നത്.  

ചരിത്രപരം ഈ തീരുമാനം

പട്ടികവർഗവികസന വകുപ്പിന്റെയും വനം വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് ചട്ടങ്ങൾ പരിഷ്കരിച്ച് പിഎസ്‍സി മുഖേന പ്രത്യേക നിയമനം നടത്തിയത്. എഴുത്തുപരീക്ഷയുടെയും ശാരീരിക പരീക്ഷയുടെയും അടിസ്ഥാനത്തിലായിരുന്നു നിയമനം. 355 പേരാണ്‌ ബീറ്റ്‌ ഫോറസ്റ്റ്‌ ഓഫീസർമാർ ആയത്‌. ഇതിൽ 71 പേർ വനിതകളാണ്‌. കാസർകോട്‌, ഇടുക്കി ജില്ലകളിൽനിന്നായി 145 പേർക്കുകൂടി ഉടൻ നിയമനം നൽകും. സാധാരണ 25,000 പേരെ നിയമിക്കുമ്പോഴാണ് പട്ടികവർഗ വിഭാഗത്തിൽനിന്ന്‌ 500 പേർക്ക് നിയമനം ലഭിക്കുന്നത്. അതിനാൽ ചരിത്രപരംതന്നെയാണ്  ഈ നിയമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top