21 May Saturday

നിറയെ ഉത്സവകാല സിനിമകൾ

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Jan 2, 2022

തിയറ്ററുകളിലും ഒടിടിയിലും ഉത്സവകാല സിനിമകൾ നിറയുകയാണ്. നവംബറിൽ ആരംഭിച്ച തിയറ്റർക്കാഴ്ചകൾക്ക് സമാന്തരമായി  ഒടിടിയിലും ഹിറ്റുകൾ. കുറുപ്പും മരയ്ക്കാരും ജാൻ എ മാനും ഭീമന്റെ വഴിയും ബോക്സ് ഓഫീസിൽ  മുഴക്കങ്ങൾ സൃഷ്ടിച്ചപ്പോൾ മിന്നൽ മുരളി ഒടിടിയിൽ ഇടിമിന്നലായി. ജനുവരിയിലും ഫെബ്രുവരിയിലും വമ്പൻ സിനിമകൾ വരാനിരിക്കുന്നു

മഹാമാരിയിൽ നിശ്ചലമായ തിയറ്ററുകൾ വീണ്ടും തുറന്നത്‌ 2021 ജനുവരിയിലാണ്‌. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതോടെ വീണ്ടുമടച്ചു. തുടർന്ന്‌ നവംബറിൽ തിരശ്ശീലയിൽ വീണ്ടും വെളിച്ചം. ദീർഘമായ കാത്തിരിപ്പിന്‌ ശേഷമെത്തിയ ഉത്സവ സീസൺ ആഘോഷമാക്കാൻ സിനിമകൾ വരിവരിയായെത്തി. ദുൽഖർ ചിത്രം കുറുപ്പിലൂടെ തുടക്കം. മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം, കാവൽ, എല്ലാം ശരിയാകും, ആഹാ, ജാൻ എ മൻ, ഭീമന്റെ വഴി തുടങ്ങി ഡസനിലധികം സിനിമകൾ നവംബറിലും ഡിസംബർ ആദ്യഘട്ടത്തിലുമായെത്തി. ഒടിടിയിലും നിറയെ സിനിമകൾ. തിയറ്ററിലെ സുവർണകാലം തിരിച്ചുവരുമെന്ന പ്രതീക്ഷനൽകി വലിയ ചിത്രങ്ങളുടെ നിരയാണ്‌ റിലീസിന്‌ ഒരുങ്ങുന്നത്‌.  

കുഞ്ഞൻ സിനിമകളുടെ കാലം

കുറുപ്പും മരയ്‌ക്കാറുമൊക്കെ ആദ്യദിവസങ്ങളിൽ തിയറ്ററിലേക്ക്‌ ആളെ വലിച്ചടുപ്പിച്ചുവെങ്കിലും പ്രേക്ഷകർ കൈയടിച്ചത്‌ കുഞ്ഞു സിനിമകൾക്ക്. വലിയ അവകാശവാദങ്ങളില്ലാതെ എത്തി ഹിറ്റ് ചാർട്ടിൽ സ്ഥാനംപിടിച്ചു ചിദംബരം സംവിധാനംചെയ്‌ത ജാൻ എ മനും അഷ്‌റഫ്‌ ഹംസയുടെ ഭീമന്റെ വഴിയും. ക്രിസ്‌മസിനു മുന്നോടിയായി ടിനു പാപ്പച്ചന്റെ അജഗജാന്തരം, ലാൽ ജോസിന്റെ മ്യാവു, മാത്തുകുട്ടിയുടെ കുഞ്ഞെൽദോ എന്നിവയും തിയറ്ററിലെത്തി. കണ്ണൻ താമരക്കുളത്തിന്റെ  വിധി, എസ് ജെ സിനുവിന്റെ ജിബൂട്ടി, അഖിൽ മാരാരുടെ ഒരു താത്വിക അവലോകനം എന്നിവയും വർഷാവസാനം തിയറ്ററിലെത്തി.

കാത്തിരിപ്പ്‌ അവസാനിപ്പിക്കാൻ വമ്പൻ പടങ്ങൾ

ഒരു വർഷത്തോളമായി പ്രേക്ഷകർ കാത്തിരിക്കുന്ന പല സിനിമകളുടെയും റിലീസ്‌ പ്രഖ്യാപിച്ചാണ്‌ 2021 അവസാനിക്കുന്നത്‌. വമ്പൻ സിനിമകൾ പലതും ജനുവരിയിലും ഫെബ്രുവരിയിലുമായി തിയറ്ററിലെത്തും. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യ ജനുവരി ഏഴിന്‌ തിയറ്ററിലെത്തും. ദുൽഖർ സൽമാൻ പൊലീസ്‌ വേഷത്തിലെത്തുന്ന റോഷൻ ആൻഡ്രൂസ്‌ ചിത്രം സല്യൂട്ടും സുജിത്‌ലാലിന്റെ രണ്ടും 14ന്‌ എത്തും. രാജീവ്‌ രവിയുടെ നിവിൻപോളി ചിത്രം തുറമുഖം 20നാണ്‌ റിലീസ്‌. ജോജു, ഇന്ദ്രജിത്ത്‌, പൂർണിമ, ദർശന തുടങ്ങിയ വലിയ താരനിരയുള്ള ചിത്രം ചാപ്പ സമ്പ്രദായത്തിനെതിരെയുള്ള തൊഴിലാളി പോരാട്ടമാണ്‌. പ്രണവ്‌ മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന വിനീത്‌ ശ്രീനിവാസൻ സിനിമ ഹൃദയം 21നും ആഷിക്‌ അബു- ടൊവിനോ തോമസ്‌ ചിത്രം നാരദൻ 27നും എത്തും. ശരത്തിന്റെ ഷെയിൻ നിഗം ചിത്രം വെയിൽ, ബബിതയും റിനും ചേർന്നൊരുക്കുന്ന പ്യാലി, സൈജു കുറുപ്പ് നായകനാകുന്ന അരുൺ വൈഗയുടെ ഉപചാരപൂർവം ഗുണ്ട ജയൻ എന്നിവയുടെ റിലീസ്‌ 28നാണ്‌. മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട്‌, മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ഭീഷ്‌മപർവം എന്നിവ ഫെബ്രുവരിയിലെത്തും.

മിന്നലായി ഒടിടി

തിയറ്ററിൽ പ്രേക്ഷകരെത്തുമ്പോൾ ഒടിടിയിൽ സിനിമകളുടെ ഒഴുക്ക് തുടർന്നു. തിയറ്ററിനു സമാനമായി ഒടിടിയും നിലനിൽക്കുമെന്നാണ്‌ വർഷാന്തക്കാഴ്‌ചകൾ നമ്മോട് പറയുന്നത്. സിനിമകൾക്ക്‌ ലഭിക്കുന്ന സ്വീകാര്യതയും സാമ്പത്തിക സുരക്ഷിതത്വവും തന്നെ കാരണം. ഏറെ കാത്തിരുന്ന ബേസിൽ ജോസഫ്‌–- ടൊവിനോ ടീമിന്റെ മിന്നൽ മുരളി നെറ്റ്‌ ഫ്ലിക്‌സിലൂടെയാണ്‌ പ്രേക്ഷകരിലെത്തിയത്‌. അഹമദ്‌ കബീറിന്റെ മധുരവും നേരിട്ട്‌ പ്രേക്ഷകരിലെത്തി. ദിലീപ്‌–നാദിർഷാ ചിത്രം കേശു ഈ വീടിന്റെ ഐശ്വര്യവും  ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്‌തത്. പൃഥ്വിരാജ് സംവിധാനംചെയ്യുന്ന മോഹൻലാൽ ചിത്രം ബ്രോ ഡാഡി ഹോട്ട്‌സ്റ്റാർ റിലീസാണ്‌. പൂർത്തിയായ നിരവധി സിനിമകളും തിയറ്റർ റിലീസിന്‌ പകരം ഒടിടിയിലൂടെ പ്രേക്ഷകരിലെത്തും. തിയറ്ററിലെത്തിയ സിനിമകൾ ചെറിയ കാലയളവിനകം തന്നെ ഒടിടിയിലുമെത്തി.  

അന്യഭാഷാചിത്രങ്ങൾക്കും കൈയടി

സ്‌പൈഡർമാൻ: നോ വേ ഹോം വലിയ സ്വീകാര്യത നേടി. 1983ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയത്തെ ആസ്‌പദമാക്കിയൊരുക്കിയ 83, അല്ലു അർജുൻ നായകനും ഫഹദ്‌ ഫാസിൽ പ്രതിനായകനുമായ പുഷ്‌പ തുടങ്ങിയവും തിയറ്റിൽ ആളെക്കൂട്ടി. അജിത്‌ ചിത്രം വാലിമൈ, പ്രഭാസിന്റെ രാധേശ്യാം അടക്കം ഒരു ഡസനിലധികം സിനിമകൾ ഈ മാസം റിലീസ് ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top