പോർച്ചുഗീസ് തുറമുഖനഗരമായ ലിസ്ബണിലെ കാറ്റിന് കൊല്ലത്തിന്റെ സുഗന്ധം ഉണ്ടായിരുന്നു. കുണ്ടറയിലെ ചെമ്മക്കാട്ടെ പറമ്പുകളിൽ വിളയുന്ന ഏറ്റവും ഗുണമേന്മയുള്ള കറുത്തപൊന്ന് കൊല്ലം തുറമുഖത്തുനിന്ന് പായ്‌ക്കപ്പലേറി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരുന്നൊരു കാലം. പൗരാണിക വ്യാപാരനഗരമായ കൊല്ലത്ത് വന്നുപോയ വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലൊക്കെ ഈ മണം പടർന്നുകിടപ്പുണ്ട്. തിരുനെൽവേലിക്കാരായ കച്ചവടക്കാർ അരി കൊടുത്ത് പകരം വാങ്ങിയ 5000 കാളവണ്ടി ചെമ്മക്കാടൻ കുരുമുളക് ആര്യങ്കാവ് ചുരത്തിൽവച്ച് പോർച്ചുഗീസുകാർ തട്ടിയെടുത്തതായി ചരിത്രരേഖകളിലുണ്ട്. കൊല്ലം രാജാവുമായി സന്ധിചെയ്ത് കൊല്ലത്ത് തങ്കശ്ശേരിയിൽ കോട്ട കെട്ടിയ പോർച്ചുഗീസുകാർ കൊല്ലത്തെ കുരുമുളക് വ്യാപാരത്തിന്റെ കുത്തകാവകാശം സ്വന്തമാക്കിയതും ചരിത്രം.
കേരളത്തിൽ ഏറ്റവും ചരിത്രപാരമ്പര്യമുള്ള നഗരമെന്നാണ് കൊല്ലത്തെ ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. കൊല്ലം നഗരത്തിനും തുറമുഖത്തിനും രണ്ടായിരത്തഞ്ഞൂറിലേറെ വർഷത്തെ പഴക്കമുണ്ടെന്ന് ചരിത്രരേഖകൾ. പുരാതന ഇന്ത്യയിലെ ഏറ്റവും മനോഹരവും മെച്ചപ്പെട്ടതുമായ തുറമുഖമായിരുന്നു കൊല്ലം.
കൊല്ലം കണ്ടാൽ
‘കൊല്ലം കണ്ടവനില്ലം വേണ്ട’ എന്ന പഴമൊഴി നഗരത്തിന്റെ പ്രാചീനപ്രൗഢി വിളിച്ചോതുന്നു. എഡി 1742 വരെ കൊല്ലം ദേശിംഗനാടിന്റെ തലസ്ഥാനമായിരുന്നു. ചെന്തമിഴായിരുന്നു സംസാരഭാഷയെന്ന് എഡി അഞ്ചാം ശതകത്തിനുശേഷം രചിക്കപ്പെട്ട ‘തൊൽക്കാപ്പിയം’ എന്ന തമിഴ് ഗ്രന്ഥത്തിൽ സൂചനയുണ്ട്. ഉണ്ണുനീലി സന്ദേശത്തിന്റെ പൂർവഭാഗത്ത് 136 പദ്യങ്ങളിൽ 28ഉം കൊല്ലത്തിന്റെ വർണനയാണ്. സന്ദേശകാവ്യത്തിൽ പ്രകീർത്തിക്കപ്പെടുന്ന ഇരവിവർമയും (കൊല്ലവർഷം 525–-551) സർവാംഗനാഥ ആദിത്യവർമയും (551–-558) വേണാട്ടു രാജാക്കന്മാരായിരുന്നു. ആദിത്യ വർമയെയാണ് സന്ദേശവാഹകനായി കൽപ്പിച്ചിട്ടുള്ളത്. ‘അംബരചുംബികളായ പൊന്മാടങ്ങളും മണിമകുടങ്ങളാകുന്ന നാവുകൾകൊണ്ട് എച്ചിലാക്കി ചന്ദ്രന്മാരെ ഖേദിപ്പിക്കുന്നവളത്രെ’ എന്നാണ് സന്ദേശകാവ്യത്തിൽ കൊല്ലം പട്ടണത്തെ വർണിക്കുന്നത്. സന്ദേശകാലത്ത് കൊല്ലത്തെ അങ്ങാടികളിൽ കയർ വിൽപ്പനയ്‌ക്ക് വച്ചിരുന്നതായി പറയുന്നു. ഉണ്ണുനീലി സന്ദേശത്തിനു തൊട്ടുമുമ്പ് രചിച്ച ശുകസന്ദേശമെന്ന സംസ്‌കൃത കാവ്യത്തിലും കൊല്ലത്തിന്റെ വർണനയുണ്ട്. 13–-ാം ശതകത്തിൽ രചിച്ച ഉണ്ണിയച്ചീ ചരിതത്തിലും 19–-ാം നൂറ്റാണ്ടിലെ മണിപ്രവാള കൃതിയായ മയൂരസന്ദേശത്തിലും കൊല്ലം പട്ടണത്തിന്റെ മനോഹാരിതയുണ്ട്. ‘കൊല്ലം കണ്ടാലൊരുവനിവിടെത്തന്നെ പാർക്കാൻ കൊതിച്ചിട്ടില്ലം വേണ്ടെന്നുകരുതു’മെന്ന് തുടങ്ങുന്നു, മയൂരസന്ദേശത്തിലെ ആദ്യ ശ്ലോകം. വരിവരിയായി ഉയർന്നുനിൽക്കുന്ന പുതുമയാർന്ന വലിയ കെട്ടിടങ്ങളും നീരാഴികളും അങ്ങാടികളും നിറഞ്ഞ സ്ഥിരവാസത്തിന് ഏറ്റവും അനുയോജ്യമായ പട്ടണമാണ് കൊല്ലം എന്നാണ് കാവ്യവർണന. 18–-ാം നൂറ്റാണ്ടിലെ ചാതകസന്ദേശം, 19–-ാം നൂറ്റാണ്ടിലെ ഹംസസന്ദേശം സംസ്‌കൃത സന്ദേശകാവ്യങ്ങളിലും കൊല്ലം നഗരമുണ്ട്.
വേണാടും ദേശിംഗനാടും
എഡി അഞ്ചാം നൂറ്റാണ്ടുവരെ ദേശിംഗനാട് ഉൾപ്പെടുന്ന വേണാടിന്റെ ഭരണാധികാരികൾ ആയ് രാജാക്കന്മാരായിരുന്നു. പാണ്ഡ്യ–- ചോള ആക്രമണങ്ങളിൽ ആയ് രാജ്യം അന്യാധീനപ്പെട്ടു. കൊല്ലവർഷം നാലാം ശതകത്തിന്റെ മധ്യത്തോടെ ആയ് രാജാക്കന്മാർ തങ്ങളുടെ കുലദേവതാ ക്ഷേത്രമായ ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിൽ ഏർപ്പെട്ട് തിരുവനന്തപുരത്തിന് എട്ടുനാഴിക വടക്കുള്ള തൃപ്പാപ്പൂരിൽ താമസമാക്കിയെന്ന് ചരിത്രം. കാലക്രമത്തിൽ ആയ് രാജവംശം വേണാട്ടു രാജവംശത്തിൽ ലയിച്ചു. കൊല്ലവർഷം 24–-ാമാണ്ടിൽ കേരള ചക്രവർത്തി സ്ഥാണു രവിയുടെ സാമന്തനായ അയ്യനടികൾ വേണാട് ഭരിച്ചിരുന്നതായി തരിസാപ്പള്ളി ചെപ്പേടുകളിൽ സൂചനയുണ്ട്.
കൊല്ലവർഷം 428 മുതൽ 474 വരെ വേണാട് പാണ്ഡ്യരാജാക്കന്മാരുടെ അധീനതയിലായിരുന്നു. വേണാടിനെ പാണ്ഡ്യരിൽനിന്ന് മോചിപ്പിച്ച ജയസിംഹനുമായി ബന്ധപ്പെട്ടാണ് വേണാടിന് ‘ദേശിംഗനാട്’ (ജയ സിംഹനാട്) എന്ന പേരുണ്ടായതെന്ന് ചരിത്രം. കൊല്ലവർഷം 488 മുതൽ 519 വരെ വേണാട് വാണ ഉദയമാർത്താണ്ഡവർമയുടെ കാലത്ത് കോലത്തിരി രാജവംശത്തിൽനിന്ന് രണ്ട് രാജകുമാരിമാരെ ദത്തെടുത്തു. ആറ്റിങ്ങൽ കൊട്ടാരത്തിൽ താമസമാക്കിയ ഇവർക്ക് ആറ്റിങ്ങൽ മൂത്ത തമ്പുരാനെന്നും ആറ്റിങ്ങൽ ഇളയ തമ്പുരാനെന്നും പദവി നൽകി. ആറ്റിങ്ങൽ പ്രദേശത്തെ വസ്‌തുവകകളിൽനിന്നുള്ള ആദായം ഈടാക്കാനുള്ള അധികാരം ഇവർക്കായിരുന്നെങ്കിലും പ്രദേശത്തെ ഭരണം നടത്തിയിരുന്നത് രാജാവ് നേരിട്ടായിരുന്നു. റാണിമാരുടെ മക്കളോ ദത്തുപുത്രന്മാരോ ആയിരുന്നു പിന്നീട് വേണാട്ടു രാജാക്കന്മാരായത്. റാണിമാർ ഭരണകാര്യങ്ങളിൽ ഇടപെടുന്നത് പതിവായി. ഇവർ സ്വന്തമായി പോർച്ചുഗീസുകാരുമായും ഡച്ചുകാരുമായും വ്യാപാരബന്ധത്തിൽ ഏർപ്പെട്ടു.
തങ്കശ്ശേരി: സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്
സൂര്യാസ്തമനവും ചന്ദ്രോദയവും ഒരേസമയം ദൃശ്യമാകുന്ന മനോഹര തീരം. കൊല്ലത്ത് വിദേശസഞ്ചാരികൾ കപ്പലിറങ്ങിയ തുറമുഖം. കേരള ചരിത്രത്തിൽ തങ്കശ്ശേരിക്ക് പ്രത്യേക സ്ഥാനമുണ്ട്. ഇബൻബത്തൂത്ത, സുലൈമാൻ ഓഫ് ഷെറീഫ് തുടങ്ങിയ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിൽ തങ്കശ്ശേരി പരാമർശിക്കുന്നുണ്ട്. തങ്കശ്ശേരിയിൽ ഡച്ചുകാർ പണിത കോട്ട ഇന്ന് സംരക്ഷിത സ്‌മാരകം. ആംഗ്ലോ–- ഇന്ത്യൻ സംസ്‌കാരത്തിന്റെ ശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്ന പ്രദേശം.
പോർച്ചുഗീസുകാർ ഇവിടെ കമ്മട്ടം സ്ഥാപിച്ചതായി പറയപ്പെടുന്നു. തങ്കനാണയം നിർമിച്ച സ്ഥലം പിൽക്കാലത്ത് തങ്കശ്ശേരിയായി. ‘ചാങ്ങ്’ എന്നാൽ കൊഞ്ചെന്നും (ചെമ്മീൻ) കടലിൽനിന്ന് ധാരാളം കൊഞ്ച് കിട്ടിയിരുന്ന ചങ്കുച്ചേരി തങ്കശ്ശേരിയായെന്നും ലോഗന്റെ ഭാഷാ നിഘണ്ടുവിൽ പരാമർശമുണ്ട്. കൊല്ലം രാജാവായിരുന്ന അയ്യനടികൾക്ക് തങ്കച്ചി എന്നൊരു സഹോദരി ഉണ്ടായിരുന്നെന്നും അവർക്ക് സ്‌ത്രീധനമായി നൽകിയ സ്ഥലമായതിനാൽ തങ്കശ്ശേരിയെന്ന പേരുണ്ടായെന്നും മറ്റൊരു പഴങ്കഥ.
ഡച്ച്, പോർച്ചുഗീസ്, ഇംഗ്ലീഷ് അധിനിവേശങ്ങളുടെ ചരിത്രപശ്ചാത്തലമുള്ള നാടാണ് ഇവിടം. പോർച്ചുഗീസ് വാസ്‌തുവിദ്യാ മാതൃകയിൽ നിർമിച്ച പരിഷ്‌കൃത നഗരത്തിന്റെ ശേഷിപ്പുകൾ ഇന്നും ഇവിടെ കാണാം. എഡി 1329ൽ ഇന്ത്യയിൽ ആദ്യത്തെ കത്തോലിക്ക രൂപത സ്ഥാപിച്ചതും ആദ്യത്തെ ബിഷപ്പിനെ വാഴിച്ചതും തങ്കശ്ശേരിയിലാണ്. പോർച്ചുഗീസുകാർ തങ്കശ്ശേരിയിൽ എത്തിയത് എഡി 1502ൽ ആണ്. തങ്കശ്ശേരിയിലെ ഓലിക്കര പള്ളി പോർച്ചുഗീസ് ഗവർണറുടെ ചാപ്പലായിരുന്നു. പോർച്ചുഗീസുകാർ 1512ൽ തങ്കശ്ശേരിയിൽ ആയുധനിർമാണശാലയും കപ്പൽ നിർമാണകേന്ദ്രവും നാവികകേന്ദ്രവും അച്ചടിശാലകളും ഫാക്ടറിയും സ്ഥാപിച്ചു.
1841ലെ പാരീസ് ഉടമ്പടിപ്രകാരം തങ്കശ്ശേരി ബ്രിട്ടീഷ് ആധിപത്യത്തിലായി. 1808ൽ ഇംഗ്ലീഷ് സൈന്യം തങ്കശ്ശേരി കോട്ട ആക്രമിച്ചു. ഇംഗ്ലീഷുകാരിൽനിന്ന് തങ്കശ്ശേരിയെ മോചിപ്പിക്കാനുള്ള തിരുവിതാംകൂർ ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ ശ്രമങ്ങൾ വിജയിച്ചില്ല. തിരുവിതാംകൂർ സൈന്യത്തെ തടയാനായി ബ്രിട്ടീഷുകാർ തങ്കശ്ശേരിയുടെ കവാടത്തിൽ ആർച്ച് സ്ഥാപിച്ചു. ആർച്ച് ‘ആനവാതിൽക്കോട്ട’ എന്നറിയപ്പെട്ടു. തങ്കശ്ശേരിക്കും അഞ്ചുതെങ്ങിനും മാത്രമായി കോടതിയും സ്ഥാപിച്ചതോടെ തങ്കശ്ശേരി പ്രത്യേക രാജ്യമായി നിലകൊണ്ടു.
1806 മുതൽ 1948 വരെ തങ്കശ്ശേരിയിൽ ബ്രിട്ടീഷ് ആധിപത്യം നിലനിന്നു. തങ്കശ്ശേരി വിളക്കുമാടം സ്ഥാപിച്ചത് 1902ൽ ബ്രിട്ടീഷുകാരാണ്. ഇത് കേരളത്തിലെ ഏറ്റവും ഉയരംകൂടിയ വിളക്കുമാടമാണ്. ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും ശ്മശാനങ്ങൾ തങ്കശ്ശേരിയിൽ ഇന്നും അവശേഷിക്കുന്നു.
തങ്കശ്ശേരി കോട്ടയുടെ നിർമാണം 1503ൽ തുടങ്ങി 1509ൽ പൂർത്തിയാക്കി. തങ്കശ്ശേരി കോട്ട പോർച്ചുഗീസ്, ഡച്ച് ഭരണാധികാരികളുടെ വാസസ്ഥലമായിരുന്നു. സ്വാതന്ത്ര്യാനന്തരം തങ്കശ്ശേരി കൊല്ലത്തിന്റെ ഭാഗമായി. പ്രൗഢമായ വിദ്യാഭ്യാസ പാരമ്പര്യം നിലനിന്ന സ്ഥലമായിരുന്നു തങ്കശ്ശേരി. 1863ൽ തങ്കശ്ശേരി തെരേസ സെമിനാരിയും 1877ൽ തുയ്യത്ത് പെൺകുട്ടികളുടെ പാഠശാലയും 1885 അഗസ്ത് ഒന്നിന് മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂളിന്റെ 1896 മെയ് ഒന്നിന് സെന്റ് അലോഷ്യസ് മിഷൻ സ്കൂളും 1907ൽ കാഞ്ഞിരോട് പെൺ പള്ളിക്കൂടവും സ്ഥാപിച്ചത് കർമലീത്തൻമാരാണ്. 1520കളിലാണ് തങ്കശ്ശേരിയിലെ ഓലിക്കര പാലസ് നിർമിച്ചത്. 1789ൽ വാരാപ്പുഴ മിഷൻ ബോം ജീസസ് പള്ളി നിർമിച്ചു. 1845ൽ നിർമാണം പൂർത്തിയാക്കിയ ഹോളിക്രോസ് പള്ളി പ്രവാസിയായി കൊല്ലത്ത് താമസിച്ച ഒടുവിലത്തെ കൊടുങ്ങല്ലൂർ ആർച്ച് ബിഷപ്പിന്റെ ആരാമമായിരുന്നു.
പോർച്ചുഗീസുകാർ വരുന്നു
എഡി 1498 മെയ് 20ന് പോർച്ചുഗീസ് നാവികൻ വാസ്കോഡ ഗാമ കോഴിക്കോടിന് അടുത്ത് കാപ്പാട്ട് കപ്പലിറങ്ങി. വാസ്കോഡ ഗാമ രണ്ടാമത് കേരളം സന്ദർശിച്ച അവസരത്തിലാണ് പോർച്ചുഗീസുകാരുമായുള്ള കൊല്ലത്തിന്റെ വാണിജ്യബന്ധം തുടങ്ങുന്നത്. പോർച്ചുഗീസ് കപ്പലുകൾ കൊച്ചി തുറമുഖത്തുനിന്ന് ആയിരുന്നു ചരക്ക് കയറ്റിയിരുന്നത്. കൊല്ലവുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെടണമെന്ന് അഭ്യർഥിച്ച് കൊല്ലം രാജ്ഞി 1503ൽ വാസ്കോഡ ഗാമയുടെ അടുത്തേക്ക് ദൂതൻമാരെ അയച്ചു. എന്നാൽ, ഗാമ അഭ്യർഥന നിരസിച്ചു. കൊച്ചി രാജാവിന് പുതിയ ബന്ധം ഇഷ്ടപ്പെടുമോ എന്ന ആശങ്കയായിരുന്നു പിന്നിൽ. ഇത് അറിഞ്ഞ രാജ്ഞി കൊച്ചി രാജാവിനെ സ്വാധീനിച്ച് കൊല്ലവുമായി വ്യാപാരബന്ധത്തിനുള്ള അനുവാദം പോർച്ചുഗീസുകാർക്ക് നേടിക്കൊടുത്തു. കൊല്ലത്ത് വ്യാപാരശാല സ്ഥാപിക്കരുതെന്നും കൊച്ചിയിൽ കുരുമുളക് കിട്ടാതെ വരുമ്പോൾ മാത്രമേ കൊല്ലവുമായി കച്ചവടം പാടുള്ളൂ എന്നുമുള്ള വ്യവസ്ഥയിലായിരുന്നു കൊച്ചി രാജാവ് അനുമതി നൽകിയത്. അന്ന് കൊച്ചി തുറമുഖത്ത് വിൽക്കുന്ന കുരുമുളകിൽ അധികവും കൊല്ലത്തിന്റെ സംഭാവനയായിരുന്നു. കൊച്ചി രാജാവിന്റെ അനുമതിയോടെ രണ്ട് പോർച്ചുഗീസ് കപ്പലുകൾ കൊല്ലത്ത് എത്തി കുരുമുളകുമായി മടങ്ങി. പിന്നീട് അൽബുക്കർക്കിന്റെ നേതൃത്വത്തിൽ പോർച്ചുഗീസുകാർ കൊല്ലത്ത് വ്യാപാരശാലയും പണ്ടകശാലയും സ്ഥാപിച്ചു. പോച്ചുഗീസുകാരുമായുള്ള കൊല്ലത്തിന്റെ വ്യാപാരബന്ധം അറബി വ്യാപാരികൾക്ക് ഇഷ്ടമായില്ല. ക്ഷുഭിതനായ സാമൂതിരി കൊല്ലവുമായുള്ള വാണിജ്യബന്ധം നിർത്തിവയ്ക്കാൻ കൊല്ലം രാജാവിനുമേൽ സമ്മർദം ചെലുത്തി. എന്നാൽ, രാജാവ് സധൈര്യം വാണിജ്യബന്ധം തുടർന്നു. വ്യാപാരം തടസ്സപ്പെടുത്താനായി പുറപ്പെട്ട സാമൂതിരിയുടെയും അറബികളുടെയും കപ്പലുകൾ പിടിച്ചെടുക്കാൻ അൽബുക്കർക്ക് കൊല്ലം രാജാവിന്റെ അനുമതി തേടി. കൊല്ലം രാജാവിന്റെ സൈന്യം സാമൂതിരിയുടെ കപ്പലുകൾ തുറമുത്ത് തടഞ്ഞിട്ടു.
ഇന്ത്യയിലെ പോർച്ചുഗീസ് വൈസ്രോയി 1505ൽ നിയമിതനായ അൽമെയ്ഡ കൊല്ലവുമായുള്ള വാണിജ്യബന്ധം വിപുലമാക്കി. അതിനായി അദ്ദേഹം ക്യാപ്റ്റൻ ഹോമിനെ കൊല്ലത്തേക്ക് അയച്ചു. കുരുമുളക് കയറ്റിയ കപ്പലുകൾ പോർച്ചുഗീസുകാർ ആക്രമിച്ച് കൊള്ളയടിച്ചു. കൊള്ള ചെയ്ത കുരുമുളക് തിരികെ നൽകണമെന്ന അഭ്യർഥന പോർച്ചുഗീസുകാർ മാനിച്ചില്ല. തുടർന്ന് അറബികൾ പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടി. പരാജയം നേരിട്ട പോർച്ചുഗീസുകാർ ഒരു ക്ഷേത്രത്തിൽ അഭയംതേടി. അറബികൾ ക്ഷേത്രത്തിനു തീവച്ചു. 13 പോർച്ചുഗീസുകാർ കൊല്ലപ്പെട്ടു. കലാപം അറിഞ്ഞ അൽമെയ്‌ഡ മകൻ ലോറൻസോയെ കൊല്ലത്തേക്ക് അയച്ചു. ലോറൻസോയും സംഘവും കൊല്ലത്ത് അറബികളുടെ കപ്പലുകൾക്ക് തീവച്ചു. അതോടെ പോർച്ചുഗീസുകാരുമായുള്ള കൊല്ലത്തിന്റെ വാണിജ്യബന്ധത്തിന് താൽക്കാലിക വിരാമമായി.
കൊല്ലം രാജാവ് 1508ൽ പോർച്ചുഗീസുകാരുമായി സന്ധിസംഭാഷണങ്ങൾക്ക് കൊച്ചിയിലേക്ക് പലതവണ ദൂതൻമാരെ അയച്ചെങ്കിലും വിജയംകണ്ടില്ല. 1515ൽ അധികാരമേറ്റ ലോപ്പോ ഡോറസ് 1516 സെപ്‌തംബറിൽ കൊല്ലം റാണിയുമായി സന്ധിയുണ്ടാക്കി. മുൻകൂർ അനുമതിയില്ലാതെ കൊല്ലത്തുനിന്ന് സുഗന്ധദ്രവ്യങ്ങൾ കയറ്റുമതി ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയിൽ വ്യാപാരബന്ധം പുനഃസ്ഥാപിച്ചു. കരാർ പ്രകാരം ചുങ്കം നൽകാതെ കൊല്ലം തുറമുഖത്ത് ചരക്ക് കയറ്റിറക്ക് നടത്താനുള്ള അവകാശവും പോർച്ചുഗീസുകാർക്ക് ലഭിച്ചു. കൊല്ലത്തെ ക്രിസ്‌ത്യൻ വ്യാപാരികൾ പോർച്ചുഗീസുകാർക്ക് നികുതി നൽകണമെന്ന് വ്യവസ്ഥ ചെയ്‌തു. 1517 ഫെബ്രുവരി ഒന്നിന് റോഡ്രിഗ്‌സ് കൊല്ലത്തെ പോർച്ചുഗീസ് ക്യാപ്‌റ്റനായി അധികാരമേറ്റു. കുരുമുളക് നൽകുന്നതിൽ കാലതാമസം വരുത്തിയതിന് പ്രായശ്ചിത്തമായി കൊല്ലം റാണി തങ്കശ്ശേരിയിൽ കോട്ട കെട്ടാനുള്ള അവകാശവും പോർച്ചുഗീസുകാർക്ക് നൽകി. കോട്ട നിർമാണം തടയാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പോർച്ചുഗീസ് പീരങ്കിപ്പട പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു. കോട്ട നിർമാണം പൂർത്തിയായതോടെ കുടിശ്ശികയായ കുരുമുളക് ഉടൻ നൽകണമെന്ന് ക്യാപ്‌റ്റൻ ആവശ്യമുന്നയിച്ചു. ആര്യങ്കാവ് ചുരംവഴി കൊണ്ടുപോയ കുരുമുളക് പോർച്ചുഗീസുകാർ പിടിച്ചെടുത്തു. ഇതിനിടെ, തദ്ദേശീയരായ ഒരുസംഘം തങ്കശ്ശേരി കോട്ട ആക്രമിച്ചു കീഴടക്കി, നിരവധി പോർച്ചുഗീസ് പടയാളികളെ തടവിലാക്കി. കൊച്ചിയിൽനിന്ന് എത്തിയ പോർച്ചുഗീസ് പട കോട്ട തിരിച്ചുപിടിച്ച് തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ചു. തുടർന്ന് നവംബർ 17ന് കൊല്ലം റാണിയുമായുണ്ടാക്കിയ ഉടമ്പടിപ്രകാരം കൊല്ലവുമായി കുരുമുളക് വ്യാപാരത്തിനുള്ള എല്ലാ വാതിലും പോർച്ചുഗീസുകാർക്ക് തുറന്നുകൊടുത്തു. ഉടമ്പടിയുടെ മറവിൽ പോർച്ചുഗീസുകാർ അവരുടെ ആധിപത്യം സ്ഥാപിക്കുന്നതിനും മതപരിവർത്തനത്തിനും പൊതുമുതൽ കൊള്ളയടിക്കുന്നതിനും ശ്രമങ്ങൾ നടത്തി. പോർച്ചുഗീസ് ഗവർണറായ മാർട്ടിം ഡിസൂസയുടെ നേതൃത്വത്തിൽ 1543ൽ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ പദ്ധതി തയ്യാറാക്കി. കൊല്ലം തേവലക്കര ക്ഷേത്രം ആക്രമിച്ച് വൻസമ്പത്ത് കൊള്ളയടിച്ചു. കൊള്ളമുതലുമായി പോയ പോർച്ചുഗീസുകാരെ നാട്ടുകാർ ആക്രമിച്ചു. നിരവധി പോർച്ചുഗീസുകാർ കൊല്ലപ്പെട്ടു. പോകുംവഴിയുള്ള എല്ലാ ക്ഷേത്രങ്ങളും അവർ കൊള്ള ചെയ്‌തു. വേണാട്ടു രാജാവ് ഡിസൂസയുമായി 1544 ഒക്ടോബർ 25ന് ഉണ്ടാക്കിയ ഉടമ്പടിപ്രകാരം ഒരു പോർച്ചുഗീസുകാരോ നാട്ടുകാരോ കുറ്റം ചെയ്‌താൽ ശിക്ഷിക്കാനുള്ള അധികാരം പോർച്ചുഗീസ് ക്യാപ്‌റ്റനിൽ നിക്ഷിപ്‌തമായി. എല്ലാവിധ നികുതികളിൽനിന്നും പോർച്ചുഗീസുകാർ ഒഴിവാക്കപ്പെട്ടു. തുടർന്ന് ഒരു നൂറ്റാണ്ടുകാലം നാട് പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്നു. 1658 ഡിസംബർ 28ന് വാൻഗൊയെൻസിന്റെ നേതൃത്വത്തിലുള്ള ഡച്ച് നാവികസംഘം തങ്കശ്ശേരി കോട്ട ആക്രമിച്ച് കീഴടക്കിയതോടെയാണ് പോർച്ചുഗീസുകാർ കൊല്ലത്തുനിന്ന് പലായനം ചെയ്‌തത്. കൊല്ലത്തിന്റെ പ്രധാന വ്യവസായമായ കശുവണ്ടി പോർച്ചുഗീസുകാരുടെ സംഭാവനയാണ്.
ഡച്ചുകാരും കൊല്ലവും
കൊല്ലം റാണിയുമായി 1659 ജനുവരി ഏഴിന് ഡച്ചുകാർ വ്യാപാര ഉടമ്പടിയുണ്ടാക്കി. പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്ന തോട്ടങ്ങളും സ്ഥാപനങ്ങളും ഡച്ചുകാർക്ക് കൈമാറി. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുമാത്രം കുരുമുളക് നൽകാനും പോർച്ചുഗീസ് പുരോഹിതരുടെ വരവ് തടയാനും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്‌തു. ക്യാപ്‌റ്റൻ കുക്കിന്റെയും ന്യൂഹോഫിന്റെയും നേതൃത്വത്തിൽ തങ്കശ്ശേരി കോട്ടയ്‌ക്ക് കാവൽ ഏർപ്പെടുത്തി. ഇതിനിടെ, പോർച്ചുഗീസുകാരും തദ്ദേശീയരും ചേർന്ന് കോട്ട ആക്രമിച്ചു. ഇത് അറിഞ്ഞ സിലോണിലെ ഡച്ച് ഗവർണർ വാൻ ഡെർ മെയ്‌ഡൻ കൊല്ലത്ത് എത്തി കോട്ടയിൽനിന്ന് ഡച്ച് സൈന്യത്തെ പിൻവലിച്ചു. 1662 മാർച്ച് 31ന് കൊല്ലം റാണി ഡച്ചുകാരുമായി വീണ്ടുമൊരു ഉടമ്പടിയിൽ ഏർപ്പെട്ടു. ഡച്ചുകാരനോ നാട്ടുകാരനോ കൊല്ലപ്പെട്ടാൽ കുറ്റവാളിക്ക് മരണശിക്ഷ ഉറപ്പാക്കുന്നതായിരുന്നു പ്രധാന ഉടമ്പടി. ഡച്ചുകാർ ഉടമ്പടി ലംഘിച്ചതോടെ ഡച്ചുകാരും കൊല്ലം റാണിയുമായുള്ള ബന്ധം ഉലഞ്ഞു. 1664 മാർച്ച് രണ്ടിന് ക്യാപ്‌റ്റൻ ന്യൂഹോഫ് കൊല്ലം റാണിയെ കല്ലടയിലെ കൊട്ടാരത്തിൽ സന്ദർശിച്ച് പുതിയ ഉടമ്പടിയിൽ ഒപ്പുവച്ചു. ഉടമ്പടിപ്രകാരം കുരുമുളകും കറുകപ്പട്ടയും കയറ്റുമതി ചെയ്യാനുള്ള അവകാശം ഡച്ചുകാരുടെ കുത്തകയായി. 1665ലും 66ലും തിരുവിതാംകൂർ രാജാവ് ഡച്ചുകാരുമായി പുതിയ ഉടമ്പടികളിൽ ഏർപ്പെട്ടതോടെ ഇവിടത്തെ വാണിജ്യരംഗം പൂർണമായും ഡച്ചുകാരുടെ അധീനതയിലായി. 1741ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ ഡച്ചുകാരെ പരാജയപ്പെടുത്തിയതോടെ കൊല്ലത്തും ഡച്ച് ആധിപത്യത്തിനു വിരാമമായി.
കൊല്ലവർഷവും കൊല്ലവും
എഡി 825 ആഗസ്‌ത് 15ന് കൊല്ലവർഷം ആരംഭിച്ചെന്ന് കരുതപ്പെടുന്നു. ദക്ഷിണ കേരളം മധുര, തിരുനെൽവേലി, ശ്രീലങ്ക എന്നിവിടങ്ങളിൽ ചിങ്ങം ഒന്നിനും ഉത്തര കേരളത്തിൽ കന്നി ഒന്നിനുമാണ് കൊല്ലവർഷം ആരംഭിക്കുന്നത്. കൊല്ലവർഷം 24–-ാമാണ്ടിലെ തരിസാപ്പള്ളി ശാസനമാണ് കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യത്തെ രേഖ.
കൊല്ലം തോൻറി ആണ്ട്
തെക്ക് കുരുക്കേണി കൊല്ലവും വടക്ക് പന്തലായനി കൊല്ലവും സ്ഥാപിക്കപ്പെട്ടതിന്റെ ഓർമയ്‌ക്കാണ് കൊല്ലവർഷം തുടങ്ങിയത് എന്ന വാദവും നിലനിൽക്കുന്നു. ശാസനങ്ങളിൽ കാണുന്ന ‘കൊല്ലം തോൻറി’ എന്ന പ്രയോഗത്തെ ‘കൊല്ലം നഗരം നിർമിച്ചതിനുശേഷം’ എന്ന് ചിലർ വ്യാഖ്യാനിച്ചിട്ടുണ്ട്. കൊല്ലം നഗരം സ്ഥാപിതമായ എഡി 825ൽ തന്നെ ആരംഭിച്ച വർഷത്തിന് കൊല്ലത്തിന്റെ പേര് നൽകിയെന്ന് മറ്റൊരു വാദം.

ഡച്ച് ക്യാപ്‌റ്റൻ ന്യൂഹോഫ് കൊല്ലം റാണിയെ സന്ദർശിക്കുന്നു (രേഖാചിത്രം)
ഉദയമാർത്താണ്ഡൻ കഥ
കലിവർഷം 396ൽ (എഡി 825) വേണാട്ടു രാജാവായ ഉദയ മാർത്താണ്ഡവർമ കൊല്ലത്ത് ഒരു പണ്ഡിതസഭ വിളിച്ചുകൂട്ടിയെന്നും ജ്യോതിശാസ്‌ത്രപരമായ ഗവേഷണങ്ങളും സൗരയൂഥക്രമങ്ങളും കണക്കാക്കി ചിങ്ങംമുതൽ രണ്ട് പുതിയ അബ്ദം തുടങ്ങാൻ തീരുമാനിച്ചെന്നും പി ശങ്കുണ്ണി മേനോൻ സമർഥിക്കുന്നു. മധുര, തിരുനെൽവേലി ശിലാ ലിഖിതങ്ങളിലും താമ്രശാസനങ്ങളിലും കൊല്ലവർഷത്തെ ആസ്‌പദമാക്കിയുള്ള കാലഗണനാ സംവിധാനം നിലനിൽക്കുന്നുണ്ട്. ഈ സിദ്ധാന്തത്തിന് ഉപോദ്‌ബലകമായി ശ്രീപത്മനാഭ ക്ഷേത്രത്തിലുള്ള കൊല്ലവർഷം ഒന്നാമാണ്ട് ചിങ്ങം അഞ്ചിന്റെ ശിലാരേഖയും പി ശങ്കുണ്ണിമേനോൻ ഉദ്ധരിക്കുന്നുണ്ട്.
ലോഗന്റെ സിദ്ധാന്തം
ലോഗന്റെ അഭിപ്രായത്തിൽ കൊല്ലവർഷം തെക്കൻ കേരളത്തിൽ ചിങ്ങം ഒന്നിനും വടക്കൻ കേരളത്തിൽ കന്നി ഒന്നിനും തുടങ്ങുന്നതിന് വേണാടും കോലത്തുനാടും യഥാക്രമം പെരുമാൾ വാഴ്‌ചയിൽനിന്ന് ഈ തീയതികളിൽ സ്വാതന്ത്ര്യം നേടിയതിന്റെ സ്‌മാരകമായിട്ടാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..