09 December Saturday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023

മക്കൾ മടങ്ങിവരും വഴികൾ

സുരേഷ്‌ ഗോപി

ബൈബിൾ ഭാഷ യും വചനങ്ങളും എന്നും വായനയുടെ അകം പൊരുളുകളിൽ വിസ്‌മയമായി കിടക്കാറുണ്ട്‌. ചില വാക്കുകൾ ബാല്യ കൗമാരത്തോളം ഘനീഭവിച്ചു കിടക്കും. അനാദിയായ ദുഃഖഛായ പകരുന്ന വാക്കുകളിലൂടെ അനായാസമായി വായനക്കടൽ കടത്തുകയാണ്‌ ‘ നീ എന്നോടു കൂടെ പറുദീസയിൽ ഇരിക്കും’ എന്ന നോവലിലൂടെ രതീഷ്‌ ബാബു എസ്‌. നിയമപാലകൻ കൂടിയായ രതീഷിന്‌ കഥപറയുമ്പോൾ കാർക്കശ്യങ്ങളില്ല. പകരം ആർദ്രവചനങ്ങളുടെ കപ്പൽച്ചേതങ്ങളിൽ വായനക്കാരനെ വലക്കണ്ണിയിലെന്നവണ്ണം കുരുക്കിയിടുന്നു. 2018 ലെ പ്രളയം മനസ്സിലുള്ളവർക്ക്‌ ജലം കൊണ്ടുപോയവരുടെ ഓർമകൾ തികട്ടിയേക്കാം.സ്‌റ്റീഫൻ എന്ന കഥാപാത്രത്തിന്റെ ജീവിതം മൂന്ന്‌ അടരുകളിലൂടെയാണ്‌ ഈ നോവലിൽ അവതരിപ്പിക്കുന്നത്‌. അത്‌ മൂന്നും നമുക്ക്‌ തന്നെ പരിചയമുള്ളതോ നമ്മുടെ അടുപ്പക്കാരുടേയോ പരിചയക്കാരുടേയോ കൂടി ജീവിതമാണ്‌. വായിച്ചു തീരുമ്പോൾ ഇത്‌ മനുഷ്യനും -പ്രകൃതിയും തമ്മിലുള്ള ഇടപാടായി നാമനുഭവിക്കുന്നു. കാണാതെ പോയ മകനെ കാത്തിരിക്കുന്ന വയോധികയുടെ കണ്ണിലും കടലാണ്‌. മരിച്ച പുത്രനെ മടിയിൽ കിടത്തി ആ മുഖത്തേക്ക്‌ ഹൃദയം തൂക്കിയിട്ടിരിക്കുന്ന അമ്മയുടെ ചിത്രത്തിന്‌ ലോകചരിത്രത്തോളം പഴക്കമുണ്ട്‌. സ്‌റ്റീഫന്റെ കടൽ ജീവിതത്തിലും ഉയിർപ്പു പോലൊരു തിരിച്ചു വരവിന്റെ കണ്ണീരുപ്പുണ്ട്‌. വർഷങ്ങൾക്കിപ്പുറം വിഭാതസൂര്യൻെറ കിരണം തൊട്ട്‌ മകൻ മടങ്ങി വരുന്നത്‌ കണ്ടിരിക്കുന്ന വയോധികയുടെ കണ്ണിലെ നനഞ്ഞ പുഞ്ചിരി വായനക്കാരനിലും അനുഭവിപ്പിക്കാൻ ഈ നോവലിനു കഴിയുന്നു.

 

 

ധാർമികത എന്നുമെന്നും നേരിടുന്ന വെല്ലുവിളി

എം അനിൽ

രാമായണ, മഹാഭാരത കഥകൾ നമ്മുടെ ജനകീയ കൃതികളാണ്‌. രാമായണ കഥകളിൽ ഏതെങ്കിലുമൊന്ന്‌ കേൾക്കാത്തവരായി അധികമാരുമുണ്ടാകില്ല. ‘രാമായണം: അറിഞ്ഞതും അറിയാത്തതും’ എന്ന ഗ്രന്ഥത്തിലൂടെ മുല്ലക്കര രത്‌നാകരൻ നടത്തിയിട്ടുള്ളത്‌ രാമായണത്തിന്റെ പുനർവായനയാണ്‌. ലോക സാഹചര്യങ്ങളെ വരികൾക്കിടയിലൂടെ ബന്ധപ്പെടുത്തിയാണ്‌ മുല്ലക്കര രാമായണ കഥകളെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുള്ളത്‌. ധാർമികത എന്നും ചോദ്യംചെയ്യപ്പെടുന്നുവെന്നും ധാർമികതയ്‌ക്കുവേണ്ടി നിലകൊള്ളുന്നവർ ഏറെ പ്രതിസന്ധികളെയും വിഷമഘട്ടങ്ങളെയും തരണം ചെയ്യേണ്ടിവരുന്നുവെന്നും പുസ്‌തകം വരച്ചിടുന്നു. ധാർമികതയുടെ പര്യായങ്ങളായാണ്‌  ശ്രീരാമനെയും സീതയെയും അവതരിപ്പിച്ചിരിക്കുന്നത്‌. ശരിയുടെ വിജയത്തിനായി അവർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളും അതിനവർ അനുഭവിക്കേണ്ടിവന്ന ത്യാഗങ്ങളും അവതരിപ്പിച്ചിരിക്കുന്നത്‌ ലോകത്തെയും ഇന്ത്യയിലെയും സമീപകാല സാഹചര്യങ്ങളെ മനസ്സിരുത്തിയാണ്‌. ശ്രീരാമൻ, സീത, രാവണൻ, ഹനുമാൻ  തുടങ്ങിയ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ  സമകാലിക ലോകത്തെ വീക്ഷിക്കാനാണ്‌ മുല്ലക്കര ശ്രമിച്ചിട്ടുള്ളത്‌.  ഗ്രന്ഥത്തിൽ ഒരുപക്ഷേ രാമനും മുകളിലാണ്‌ സീതയുടെ സ്ഥാനം. ലോകസുന്ദരിയായ മണ്ഡോദരി ഭാര്യയായി ഉണ്ടായിട്ടും സീതയെ തട്ടിക്കൊണ്ടുപോയി സ്വന്തമാക്കാൻ ശ്രമിച്ച രാവണനെ നിഗ്രഹിച്ച രാമനെക്കാൾ പുസ്‌തകത്തിൽ നിറഞ്ഞുനിൽക്കുന്നത്‌ ശാലീനതകൊണ്ട്‌ ഏവരുടെയും സ്‌നേഹം പിടിച്ചുപറ്റിയ സീതയാണ്‌. സീതയുടെ സ്വീകാര്യതയെയാണ്‌ ഇത്‌ കാണിക്കുന്നത്‌. ബലംകൊണ്ട്‌ നേടുന്നതിനേക്കാൾ മഹത്തരമാണ്‌ സ്‌നേഹംകൊണ്ട്‌ നേടുന്നതെന്നും ഗ്രന്ഥം നമ്മെ ഓർമപ്പെടുത്തുന്നു. ആധുനിക കാലത്തെ അധികാര രാഷ്‌ട്രീയ ഭ്രമങ്ങളും അതിനായുള്ള കുറുക്കുവഴികളും നേരിട്ടല്ലാതെ മുല്ലക്കര രാമായണ കഥാപാത്രങ്ങളുടെ വിശേഷണത്തിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്‌. ലാളിത്യംനിറഞ്ഞ ഭാഷയിലൂടെ രാമായണ കഥാപാത്രങ്ങളെ നമ്മുടെ മനസ്സിൽ തറപ്പിക്കുകയാണ്‌ മുല്ലക്കര.

 

 

കെ പി അപ്പനെ അറിയുക

പ്രദീപ് പനങ്ങാട്

ആധുനിക മലയാളനിരൂപണത്തിന്റെ പ്രകാശ ദീപ്തിയാണ് കെ പി അപ്പൻ. ഒരു കാലഘട്ടത്തിന്റെ ആസ്വാദനത്തെയും സാഹിത്യ ആശയങ്ങളെയും ചിന്തകളെയും സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ധൈഷണിക ആലോചനകളുടെയും,സർഗ്ഗാത്മക അന്വേഷണങ്ങളുടെയും, സവിശേഷ ഭാഷാ വിനിമയത്തിന്റെയും സാക്ഷാൽക്കാരമാണ് കെ പി അപ്പന്റെ വിമർശക ലോകം. ആ ലോകത്ത് കൂടിയുള്ള യാത്രയാണ് പ്രസന്നരാജന്റെ ‘കെ പി അപ്പൻ നിഷേധിയും മഹർഷിയും.’ വിവേക ശാലിയായ വായനക്കാരൻ, അധ്യാപകൻ, വിമർശകൻ, തുടങ്ങിയ വിവിധ തലങ്ങളിലൂടെയാണ് ആ ജീവിതം കടന്നു പോയത്. ഈ സവിശേഷ വ്യക്തിത്വം എങ്ങനെ രൂപപെട്ടു, അതിന്റെ അടിസ്ഥാനമായ സാമൂഹിക സാഹചര്യങ്ങൾ,കലാ സമീപനങ്ങൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ വിശദമായി ചർച്ച ചെയ്യുന്നു. കെ പി അപ്പന്റെ സാഹിത്യ സംവാദങ്ങൾ, ആശയ സമരങ്ങൾ,  വേറിട്ടഅധ്യാപകന്റെ ജീവിത ചിത്രം തുടങ്ങിയവ പുസ്തകത്തിൽ ഉണ്ട്. വിശാലാർഥത്തിൽ, ആധുനിക മലയാള നിരൂപണത്തിന്റെ ആശയ പരിണാമങ്ങൾ ഈ പുസ്തകത്തിൽ വായിച്ചെടുക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top