04 May Saturday

‘ഇമ്മിണി ബല്ല്യ മമ്മൂട്ടി’യുടെ 5പതിറ്റാണ്ട്

സാജു ഗംഗാധരന്‍Updated: Sunday Aug 1, 2021

അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ മമ്മൂട്ടി. ബഹദൂറിനൊപ്പമുള്ള ഈ രംഗത്തിലാണ്‌ മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിലെത്തിയത്‌

മമ്മൂട്ടി അനുഭവത്തിന് നാലു പതിറ്റാണ്ടിന്റെ പ്രായമാണ് ഉള്ളതെങ്കിലും മമ്മൂട്ടിയുടെ സിനിമാ അഭിനയ ജീവിതം അരനൂറ്റാണ്ട് പിന്നിടുന്നു, കൃത്യമായി പറഞ്ഞാൽ 2021 ആഗസ്‌ത്‌ ആറിന്‌. 1971ൽ ഇതേ ദിവസമാണ്‌ മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ ആദ്യമായി തെളിഞ്ഞത്

നാടകവും സിനിമ കാണലും സിനിമാ മോഹവുമൊക്കെയായി പി ഐ മുഹമ്മദ് കുട്ടിയുടെ മഹാരാജാസ്‌ കോളേജിലെ ഒന്നാംവർഷം കടന്നുപോയി. അക്കാലത്താണ് കോട്ടയത്തുനിന്ന്‌ പ്രസിദ്ധീകരിക്കുന്ന സിനിമാ മാസികയിലെ പരസ്യം ശ്രദ്ധയിൽപ്പെട്ടത്. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന് പുതുമുഖങ്ങളെ ആവശ്യമുണ്ട്. സംവിധായകൻ കെ എസ് സേതുമാധവൻ. ഒന്നും ആലോചിച്ചില്ല. തൊട്ടടുത്ത ദിവസം ചെമ്പിലെ വീട്ടിൽനിന്ന് കോട്ടയത്തേക്ക്. "എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാൻ പോകുന്നു’ എന്ന്‌ ബാപ്പയോട്  കള്ളം തട്ടിവിട്ടു.

ആ യാത്ര അക്ഷരാർഥത്തിൽ പേര് രജിസ്റ്റർ ചെയ്യൽ തന്നെയായിരുന്നു. മലയാള സിനിമയിൽ മമ്മൂട്ടി എന്നപേര്. സാങ്കേതികമായി മലയാളിയുടെ മമ്മൂട്ടി അനുഭവത്തിന് നാലു പതിറ്റാണ്ടിന്റെ പ്രായമാണ് ഉള്ളതെങ്കിലും മമ്മൂട്ടിയുടെ സിനിമാഭിനയ ജീവിതം അരനൂറ്റാണ്ട് പിന്നിടുകയാണ്, കൃത്യമായി പറഞ്ഞാൽ 2021 ആഗസ്‌ത്‌ ആറിന്‌. 1971ൽ ഇതേ ദിവസമാണ്‌ മമ്മൂട്ടിയുടെ മുഖം മലയാള സിനിമയുടെ വെള്ളിത്തിരയിൽ ആദ്യമായി തെളിഞ്ഞത്. മുപ്പത്തെട്ട്‌ സെക്കൻഡ്‌ മാത്രം ദൈർഘ്യമുള്ള  ദൃശ്യം. ബഹദൂറിന്റെ ക്ലോസപ്പുകൾ ഒഴിവാക്കിയാൽ മമ്മൂട്ടിയെ പ്രേക്ഷകർ കണ്ടത് സെക്കൻഡുകൾ.  മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി ആ ദൃശ്യം മാറുമെന്ന് അത് പകർത്തിയ സേതുമാധവനോ മെല്ലി ഇറാനിയോ പ്രേക്ഷകരോ കരുതിയിരിക്കില്ല. 

ആദ്യത്തെ അഭിനയത്തിന്റെ കഥ മമ്മൂട്ടി ഇങ്ങനെ വിശദീകരിക്കുന്നു:  

രണ്ടാം ദിവസം ഉച്ചയ്‌ക്കുശേഷം സംവിധായകൻ എന്നെ വിളിച്ചു. 

“രണ്ടു ചെറിയ ഷോട്ടുകളിൽ അഭിനയിക്കണം...” 

ഷോട്ട് റെഡിയാകാൻ അൽപ്പം സമയമെടുക്കും. ഞാൻ മെല്ലെ ഫാക്ടറിക്കകത്ത് ചെന്നു. ഒരൊഴിഞ്ഞ മൂലയിൽ ചാക്കിനുമേലെ സത്യൻ കൂർക്കം വലിച്ചുറങ്ങുന്നു. ഒരു നിമിഷം ഞാനതു നോക്കിനിന്നു. കാലിൽ ഞാൻ തൊട്ടുവണങ്ങി. ആരും അത് കണ്ടില്ല. സത്യൻ സാർ പോലും അതറിഞ്ഞില്ല.

ഞാൻ മുണ്ട് അലക്ഷ്യമായി കുത്തി. ഷർട്ടിന്റെ കൈ മുകളിലേക്ക്‌ തെറുത്തുവച്ചു. മുടി ചിതറിയിട്ടു. അഭിനയിക്കാൻ തയ്യാറായി... ആദ്യ റിഹേഴ്സൽ. കണ്ണ് ഇറുകെപ്പൂട്ടി വായ് പൊളിച്ചുകൊണ്ടാണ് ഞാൻ ഓടിവന്നത്. കാരണം റിഫ്ലക്ടറിന്റെ ചൂടും പ്രകാശവുംമൂലം എനിക്ക്‌ കണ്ണ്‌ തുറക്കാനാകുന്നില്ല... രണ്ട്‌ റിഹേഴ്സലായി. പക്ഷേ, എന്റെ പ്രകടനം ശരിയാകുന്നില്ല.

"ഒരു കാര്യം ചെയ്യൂ... നിങ്ങളങ്ങോട്ട് മാറിനിൽക്കൂ... മറ്റാരെയെങ്കിലും നോക്കാം’...സേതുമാധവൻ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ തകർന്നുപോയി. എല്ലാ പ്രതീക്ഷയും പൊലിഞ്ഞു. പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് എന്റെ നിൽപ്പ്.

"സാർ... ഒരു പ്രാവശ്യംകൂടി ഞാൻ ശ്രമിക്കാം..."എന്റെ സങ്കടം കലർന്ന ശബ്‌ദവും മുഖഭാവവും കണ്ടിട്ടാകണം സേതുമാധവൻ സാർ ഒരു റിഹേഴ്സൽ കൂടി നടത്തി. (ആത്മകഥ: ചമയങ്ങളില്ലാതെ).

1971 ആഗസ്‌ത്‌ ആറിന്‌ എറണാകുളം ഷേണായീസിന്റെ സ്‌ക്രീനിൽ ബഹദൂറിനു പിന്നിൽ   മമ്മൂട്ടിയുടെ മുഖം കണ്ട് മഹാരാജാസിലെ ചങ്ങാതിമാർ ആർപ്പുവിളിച്ചു, “മമ്മൂട്ടിയെ...” അഞ്ചു പതിറ്റാണ്ടുകൾക്കിപ്പുറം ആ ആർപ്പുവിളി ഇപ്പോഴും തുടരുന്നു.

പ്രേംനസീറിന്റെ കാലചക്രത്തിൽ  കടത്തുകാരന്റെ വേഷമായിരുന്നു അടുത്തത്. ഇത്തവണ ഡയലോഗുണ്ട്. പ്രേംനസീറിന് പകരമെത്തുന്ന കഥാപാത്രം. അന്ന് തന്നെ പരിചയപ്പെടാനെത്തിയ പുതുമുഖ നടനോട് പ്രേംനസീർ പറഞ്ഞ വാചകം പ്രവചനപരമായിരുന്നു, “എനിക്കു പകരം വന്ന ആളാണല്ലേ…”

1973ൽ കാലചക്രം ഇറങ്ങിയശേഷം ദീർഘമായ ഏഴു വർഷം കാത്തിരിക്കേണ്ടിവന്നു  സിനിമാ സ്വപ്‌നങ്ങൾ പൂവണിയാൻ. എം  ടി  വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനംചെയ്‌ത ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ (1980). ചെറുകാടിന്റെ  ‘ദേവലോകം’ പാതിയിൽ ഉപേക്ഷിച്ചെങ്കിലും എം ടിയുടെ മനസ്സിൽ മമ്മൂട്ടിയെന്ന ചെറുപ്പക്കാരൻ പതിഞ്ഞിരുന്നു. ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങളി’ലെത്തിച്ചത് അതാണ്. മാധവൻകുട്ടി എന്ന പരുക്കൻ കഥാപാത്രം ഒരു നടന്റെ വരവറിയിച്ചു. ആദ്യമായി ഒരു സിനിമാ പോസ്റ്ററിൽ മമ്മൂട്ടിയും. പക്ഷേ, മലയാളികൾ ആരാധിക്കുന്ന ആ ഘനഗംഭീര ശബ്ദംകേൾക്കാൻ 1981ൽ ഇറങ്ങിയ കെ  ജി ജോർജിന്റെ ‘മേള’വരെ കാത്തിരിക്കേണ്ടിവന്നു.

അനുഭവങ്ങൾ പാളിച്ചകളിലെ രംഗത്തിന്‌ വൈശാഖ്‌ എന്ന കലാകാരൻ വർണശോഭ നൽകിയപ്പോൾ.  കലാകാരന്‌ നന്ദി അർപ്പിച്ചു കൊണ്ട്‌ ഈ ചിത്രം   മമ്മൂട്ടി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്‌ ചെയ്‌തിരുന്നു

അനുഭവങ്ങൾ പാളിച്ചകളിലെ രംഗത്തിന്‌ വൈശാഖ്‌ എന്ന കലാകാരൻ വർണശോഭ നൽകിയപ്പോൾ. കലാകാരന്‌ നന്ദി അർപ്പിച്ചു കൊണ്ട്‌ ഈ ചിത്രം മമ്മൂട്ടി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്‌ ചെയ്‌തിരുന്നു

സർക്കസ് കൂടാരത്തിലെ ജീവിതം പറയുന്ന ‘മേള’യുടെ ചിത്രീകരണം കൂത്തുപറമ്പിൽ നടക്കുമ്പോഴാണ് കെ ജി  ജോർജ്‌ ബൈക്കോടിക്കാൻ അറിയാവുന്ന നായകനെ വേണമെന്ന്‌ നടൻ ശ്രീനിവാസനോട് പറയുന്നത്. ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങളു’ടെ ചിത്രീകരണസമയത്ത് മമ്മൂട്ടിക്ക് നൽകിയ വാക്ക് ശ്രീനിവാസൻ മറന്നില്ല. മമ്മൂട്ടിയുടെ കാര്യം ശ്രീനി പറഞ്ഞു. അഡ്വ. മമ്മൂട്ടിയെ അന്വേഷിച്ച് കെ ജി ജോർജ്‌ വിളിച്ചത് സഹപാഠിയായ ബഷീറിനെ. ബഷീർ മമ്മൂട്ടിയുടെ എളേപ്പനാണെന്ന കാര്യം ജോർജിന് അറിയില്ലായിരുന്നു.

1981ൽ ‘മേള’ പ്രദർശനത്തിനെത്തി. എന്നാൽ, ഹെലികോപ്‌ടർ അപകടത്തിൽ അപ്രതീക്ഷിതമായി ജയൻ മരിച്ചതിനെത്തുടർന്ന് കുത്തിയൊഴുകിയെത്തിയ ജയൻ പടങ്ങളുടെ ഇടയിൽപ്പെട്ട് ‘മേള’ ബോക്സോഫീസിൽ തകർന്നടിഞ്ഞു. എന്നാൽ, മലയാളത്തിലെ പ്രതിഭാധനന്മാരായ രണ്ട്‌ ചലച്ചിത്രകാരൻമാർക്കൊപ്പമുള്ള സ്വപ്‌നതുല്യമായ അരങ്ങേറ്റം മമ്മൂട്ടിയെന്ന നടന്റെ വിജയരേഖ വരച്ചുകഴിഞ്ഞിരുന്നു.

1981ൽ എം ടിയുടെ തിരക്കഥയിൽ  ഐ  വി  ശശിയുടെ തൃഷ്‌ണയിൽ അഭിനയിച്ച മമ്മൂട്ടി ആ വർഷംതന്നെ ശശിയുടെ ‘അഹിംസ’യിലെ അഭിനയത്തിന്‌ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും നേടി. പുരസ്‌കാരങ്ങളുടെയും അംഗീകാരങ്ങളുടെയും ലോകത്തേക്കുള്ള ആദ്യ ചുവട്‌. 

ചെമ്പിനടുത്താണ്‌ വൈക്കം.അവിടെനിന്ന്‌ ബേപ്പൂരിൽ എത്തി അവിടെ സുൽത്താനായി വാഴുകയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ‘മതിലുകളി’ലെ അഭിനയത്തിന്‌ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയതിനു പിന്നാലെ എഴുതിയ ‘ഇമ്മിണി ബല്ല്യ മമ്മൂട്ടി’ എന്ന കുറിപ്പിൽ ആ വിജയക്കുതിപ്പിനെ ഇങ്ങനെ അടയാളപ്പെടുത്തി; "വൈക്കം മുഹമ്മദ് ബഷീറായി ജീവിച്ച് അഭിനയിച്ചിട്ടുള്ള ആളാണല്ലോ മമ്മൂട്ടി. അതിലും മമ്മൂട്ടി വിജയിച്ചു.’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top