27 September Monday

ഗ്രാമീണ ജീവിതത്തിന്റെ രേഖാചിത്രം

പ്രേമൻ തറവട്ടത്ത്Updated: Sunday Aug 1, 2021

കോഴിക്കോട്‌ പേരാമ്പ്രയ്‌ക്കടുത്ത കൈതക്കൽ എന്ന നാട്ടിൻപുറത്തെ രചനയുടെ ഭൂപടമാക്കുന്ന ഹൃദ്യമായ കൃതി. ചിതറിക്കിടക്കുന്ന അസംഖ്യം അനുഭവങ്ങളെയും സ്‌മരണകളെയും മനുഷ്യത്വത്തിനും മതനിരപേക്ഷതയ്‌ക്കും ചന്തമേകുംവിധം ചേർത്തുവയ്‌ക്കുന്നതിൽ പ്രസാദ് കൈതക്കൽ കൈവരിച്ച കൈയൊതുക്കമാണ് പുത്തോലയും കരിയോലയും എന്ന  കൃതിയെ ശ്രദ്ധേയമാക്കുന്നത്. വിജയികളുടെ പൊങ്ങച്ചങ്ങളല്ല, പ്രബുദ്ധ പരാജയങ്ങളുടെ കാലൊച്ചകളാണ് പ്രസാദ് കൈതക്കൽ സ്വന്തം അസ്ഥിയിൽ തൊട്ട്പറയുന്നതെന്ന് അവതാരികയിൽ കെ ഇ എൻ രേഖപ്പെടുത്തുന്നുണ്ട്. ശാസ്‌ത്രപ്രചാരകനും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയുമായ പ്രസാദിന്റെ ആദ്യ പുസ്‌തകമാണ്‌ ഇത്‌. കേരളീയ ഗ്രാമീണജീവിതം നടന്നുതീർത്ത വഴികളിലൂടെ രേഖാചിത്രമാണ്‌ ഇതിൽ വരച്ചിടുന്നത്‌.  

ഔപചാരിക വിദ്യാഭ്യാസം തിരുമണ്ടനെന്നുപറഞ്ഞ് പടിക്കുപുറത്താക്കിയ ഒരു വിദ്യാർഥി കാലങ്ങൾക്കിപ്പുറത്തുനിന്ന് തന്റെ ഓർമകളെയും അനുഭവങ്ങളെയും അവതരിപ്പിക്കുമ്പോൾ അതിലൊരു മധുരപ്രതികാരമുണ്ട്. വിദ്യാർഥി കേന്ദ്രിതമല്ലാതിരുന്ന വിദ്യാഭ്യാസ സമ്പ്രദായം നടതള്ളിയ പതിനായിരക്കണക്കിന് പാവപ്പെട്ട കുട്ടികളുടെ ആത്മരോഷമുണ്ടതിൽ. സ്‌കൂളോർമകൾ പ്രസാദ് അവതരിപ്പിക്കുമ്പോൾ ആ അനുഭവലോകത്തോട് വായനക്കാർ തന്മയീഭവിക്കുന്നത് ഭൂരിപക്ഷം വിദ്യാർഥികളുടെയും അനുഭവം കൂടിയായതുകൊണ്ടാണ്‌.   

 മഴമേഘമായി മനസ്സിൽ കനത്തുനിൽക്കുന്ന അമ്മയെക്കുറിച്ചുള്ള ഓർമകളിലൂടെയാണ് പുത്തോലയും കരിയോലയും ആരംഭിക്കുന്നത്. തലയിൽ സഞ്ചിയിൽ നിറയെ റേഷനരിയും പലവ്യഞ്ജനങ്ങളും കൈയിൽ ഓലമടലുകളുമായി നാട്ടിടവഴി താണ്ടിവരുന്ന അമ്മ. മരണം വരെയും പ്രാരാബ്‌ധങ്ങളോട് പടവെട്ടിയ അമ്മയുടെ വാങ്മയ ചിത്രം സൃഷ്ടിക്കുന്ന നീറ്റലിൽനിന്ന് വായനക്കാർക്ക്‌ എളുപ്പത്തിൽ വിമോചിതരാകാനാകില്ല. അമ്മയിലൂടെ പ്രാദേശിക ജീവിതാവസ്ഥയെ അടയാളപ്പെടുത്തുകയാണ് പ്രസാദ്. മാനത്ത് മഴക്കാറ് കാണുമ്പോൾ തന്നെ പുര പൊളിച്ചിട്ട വീട്ടിലേക്ക് ഓടിയെത്തുന്ന നാട്ടുകാർ മഴത്തുള്ളികൾ താഴെ എത്തുന്നതിനു മുമ്പുതന്നെ പുരകെട്ടി പൂർത്തിയാക്കുമായിരുന്നു. വ്യത്യസ്‌ത ജാതി–-മത, രാഷ്ട്രീയ  വിശ്വാസങ്ങളുള്ളപ്പോൾ വിള്ളലേൽക്കാത്ത സാമൂഹ്യജീവിതം  

എഴുതപ്പെട്ട ചരിത്രത്തിലല്ല എഴുതപ്പെടാത്ത ചരിത്രത്തിലാണ് ഗ്രാമീണ ജീവിതത്തിന്റെ ശക്തിയും സൗന്ദര്യവും കുടികൊള്ളുന്നത്. ഇമ്പോഴ്സൺ കണാരച്ഛൻ, കുമാരപ്പണിക്കർ, കുഞ്ഞിരാമുണ്ണി നായർ, പരത്തൂറ കുഞ്ഞിരാമൻ തുടങ്ങിയ അസംഖ്യം പേരറിയുന്നവരും പേരറിയാത്തവരുടെയും അടയാളപ്പെടുത്താതെ പോയ അനുഭവങ്ങളിലൂടെ നാട്ടുസംസ്‌കൃതിയുടെ ഉർവരതയും മനുഷ്യബന്ധങ്ങളുടെ ഊഷ്‌മളതയും മഴവിൽക്കാഴ്ചയായി വായനക്കാരിൽ സന്നിവേശിപ്പിക്കാൻ പ്രസാദിന് സാധിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top