26 April Friday

കമ്യൂണിസ്റ്റ്‌ കർമബദ്ധതയുടെ കാവ്യരേഖകൾ

കെ ബി രാജാനന്ദ്Updated: Sunday May 1, 2022

ചരിത്രബോധം സജീവവും ക്രിയാത്മകവുമാകാൻ ആവർത്തനമാർന്ന അനുസ്‌മരണം കൂടിയേ തീരൂ. മുഖ്യധാരാ ചരിത്രത്തെ സംബന്ധിച്ച്‌ ഈ ധർമം അബോധപൂർവം സംഭവിച്ചുകൊണ്ടിരിക്കും. എന്നാൽ, മുഖ്യധാരാ ചരിത്രപാതയുടെ ഓരംചേർന്ന്‌ പിന്നിട്ടുപോയ സമാന്തര സാന്നിധ്യങ്ങൾ സാമാന്യസ്‌മരണകളിൽ തെളിയണമെന്നില്ല. കാലത്തിന്റെ വിദൂരതകളിൽ വിലയംപൂണ്ട ആ സാന്നിധ്യങ്ങളെ വിസ്‌മൃതിയിൽനിന്ന്‌ വീണ്ടെടുക്കുക ഏറെ ശ്രമകരവുമാണ്‌. ചില യാദൃച്ഛികതകളിലൂടെ കാലംതന്നെ ഈ പ്രക്രിയയ്‌ക്ക്‌ കളമൊരുക്കിയേക്കാം. 

ഡോ. മുരളി ചന്തവിളയുടെ ‘കെ പി ജി നമ്പൂതിരി കമ്യൂണിസ്റ്റും കവിയും’ എന്ന ജീവചരിത്രം അത്തരമൊരു പ്രക്രിയയാണ്‌.  സിപിഐ എം സംസ്ഥാന സമ്മേളനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ചത്‌ ഗ്രന്ഥരചയ്‌ക്ക്‌ സാർഥകമായ അംഗീകാരമായി.

കെ പി ജിയെ സംബന്ധിച്ച്‌ വിപ്ലവകവി എന്നതിലുപരി,  കമ്യൂണിസ്റ്റ്‌ പ്രതിജ്ഞാബദ്ധതയുടെ വൈവിധ്യമാർന്ന കർമപഥങ്ങൾ താണ്ടിയതിന്റെ വിശദാംശങ്ങൾ വേണ്ടത്ര വെളിപ്പെട്ടിരുന്നില്ല. ബന്ധു–-സുഹൃദ്‌വൃത്തങ്ങളിൽപ്പോലും അജ്ഞാതമായിരുന്ന ആ കർമകാണ്ഡത്തിന്റെ നാൾവഴികൾ കണ്ണിചേർത്തെടുക്കാനുള്ള ഗ്രന്ഥകാരന്റെ മികവുതന്നെയാണ്‌ പുസ്‌തകത്തെ ശ്രദ്ധേയമാക്കുന്നത്‌. കെ പി ജിയുടെ പുത്രനും സാംസ്‌കാരിക പ്രവർത്തകനുമായ പ്രൊഫ. നാരായണൻ ദീർഘകാല ശ്രമഫലമായി സമാഹരിച്ചെടുത്ത ആധികാരിക രേഖകൾ ഗ്രന്ഥരചനയ്‌ക്ക്‌ നൽകിയ പിൻബലം ഡോ. മുരളി ആമുഖത്തിൽ അനുസ്‌മരിക്കുന്നുണ്ട്‌.

റഷ്യൻ വിപ്ലവ വർഷമായ 1917ലെ മെയ്‌ദിനത്തിലാണ്‌ കെ പി ജിയുടെ ജനനം.  ശൈശവബാല്യങ്ങളിലെ അച്ഛനമ്മമാരുടെ വിയോഗവും മുതിർന്ന തലമുറയിലെ അപ്‌ഫൻ നമ്പൂതിരിമാരുടെ സഹജമായ അലസതകളും ചേർന്ന്‌ സവിശേഷമായൊരു സ്വാശ്രയബോധം അദ്ദേഹത്തിൽ അങ്കുരിപ്പിച്ചു. തൃശൂരിലെ വിദ്യാഭ്യാസഘട്ടം ആ ജീവിതത്തിൽ വഴിത്തിരിവായി മാറി.

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സഹവാസം, മുണ്ടശ്ശേരിയുടെ ശിഷ്യത്വം എന്നിവ മുഖേന ബിരുദപഠനക്കാലത്തുതന്നെ കാൽപ്പനികതയുടെയും റിയലിസത്തിന്റെയും സുശിക്ഷിതമായ കാവ്യാനുശീലത്തിലേക്ക്‌ അദ്ദേഹം ആനയിക്കപ്പെട്ടു. വി ടി ഭട്ടതിരിപ്പാടിന്റെയും ഇ എം എസിന്റെയും എം ആർ ബി–-എം പിമാരുടെയും മറ്റും നേതൃത്വത്തിലുള്ള നമ്പൂതിരി നവോത്ഥാന പ്രവർത്തനങ്ങളിലും സജീവമായിരുന്ന അതേ ഘട്ടത്തിൽ തന്നെയായിരുന്നു  പി കൃഷ്‌ണപിള്ളയുമായുള്ള പരിചയം.  കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രാരംഭഘട്ടത്തിൽ മുഖ്യമായും മലബാർ കേന്ദ്രീകരിച്ചുള്ള  അണിയറപ്രവർത്തനങ്ങളിലെല്ലാം കെ പി ജിയുടെ നിർണായക സാന്നിധ്യം  ഗ്രന്ഥത്തിൽ വെളിപ്പെടുന്നുണ്ട്‌.

പാർടി വിദ്യാഭ്യാസ സെല്ലിലെ അധ്യാപകൻ, പ്രഭാതം–-ദേശാഭിമാനി പത്രസ്ഥാപകാംഗം, വിദ്യാർഥി പ്രസ്ഥാന സംഘാടകൻ, പുരോഗമന സാഹിത്യ പ്രസ്ഥാന പ്രവർത്തകൻ (പിന്നീട്‌ ദേശാഭിമാനി സ്റ്റഡിസർക്കിളിലും) എന്നിങ്ങനെ പടർന്നേറിയ പ്രവർത്തന നൈരന്തര്യത്തിന്‌ അനുപൂരകമായിട്ടുമാത്രമേ കാവ്യരചനയെ കെ പി ജി കണ്ടിരുന്നുള്ളൂ എന്ന നിരീക്ഷണം ശ്രദ്ധേയം.

ഒളിവിലും തെളിവിലുമായി മലബാർ മേഖലയിൽ തുടരുന്നതിനിടെ, അങ്കമാലിക്കടുത്ത്‌ കറുകുറ്റിയിലെ ജന്മഗൃഹം കമ്യൂണിസ്റ്റ്‌ ഒളിത്താവളമാക്കിയതിനെ തുടർന്നായിരുന്നു അറസ്റ്റും വിചാരണയില്ലാത്ത കഠിനമായ ജയിൽവാസവും. ജയിൽവാസപീഡകൾ സമ്മാനിച്ച ആരോഗ്യക്ഷയം എഴുത്തിലേക്കും അധ്യാപകവൃത്തിയിലേക്കുമായി വീണ്ടും വഴിമാറി. കാലടിയിലെ ബ്രഹ്മാനന്ദോദയം ഹൈസ്‌കൂളിൽനിന്ന്‌ 1972ൽ വിരമിച്ചതിനെ തുടർന്ന്‌ കൊച്ചി ദേശാഭിമാനിയിലെ പത്രാധിപസമിതിയിൽ സജീവമായിരിക്കെ രോഗപീഡകൾ മൂർച്ഛിച്ച്‌ 1973 ജനുവരി 10ന്‌ ആ ജീവിതത്തിന്‌ തിരശ്ശീല വീണു.

സുശിക്ഷിതമായി സ്വായത്തമാക്കിയ കാൽപ്പനികഭാവുകത്വത്തിന്റെ പൂവിരിപ്പാതയെ ബോധപൂർവം പരിത്യജിച്ച്‌ മർദിതവർഗാവബോധത്തിന്റെ പരുക്കൻ കാവ്യപാത പിന്തുടർന്നുപോന്ന കെ പി ജിയെപ്പോലെ വിമർശനശരങ്ങളേറ്റുവാങ്ങിയ കവികൾ മലയാളത്തിൽ വിരളമാകും.വിശ്വമഹാകവികളായ മയക്കോവ്‌സ്‌കിയെയും നെരൂദയെയും മലയാളത്തിൽ പരിചയപ്പെടുത്തിയ അദ്ദേഹം 1969ലെ സോവിയറ്റ്‌ ലാൻഡ്‌ നെഹ്‌റു അവാർഡ്‌ ഏറ്റുവാങ്ങി.  സോവിയറ്റ്‌നാട്‌ സന്ദർശിച്ചു.  നിരൂപകൻ, വിവർത്തകൻ എന്നീ മുഖങ്ങളും ഗ്രന്ഥകാരൻ  പരിചയപ്പെടുത്തുന്നുണ്ട്‌.

‘‘ഞാൻ വരിച്ചൊരീമാർഗ്ഗം

കൈവിടി,ല്ലൊളിചിന്നും

ഭാവിയിലൊരു പുതു–-

നാടിനെ ദർശിപ്പു ഞാൻ’’

എന്ന കെ പി ജിയുടെ സത്യവാങ്‌മൂലം ഒരു ജന്മദൗത്യത്തിന്റെ രക്തസ്‌പർശമുള്ള കൈയൊപ്പുമാണ്‌. ഈ ഗ്രന്ഥരചനയുടെ ചരിത്രലക്ഷ്യം, സമാദരണീയനായ പ്രൊഫ. സാനുമാഷിന്റെ ഈ അനുസ്‌മരണവാക്യങ്ങളിലുണ്ട്‌:

‘‘പാർടിക്കുവേണ്ടി ഒട്ടേറെ ഓടിനടന്നിട്ടുണ്ട്‌ കെ പി ജി. ഒന്നും മറന്നുകൂടാ.’’ കെ പി ജിയുടെ സഹധർമണിയോടാണ്‌ ഇ എം എസ്‌ ഈ വാക്കുകൾ പറഞ്ഞതെന്ന്‌ വിസ്‌മരിക്കരുത്‌. അതിന്‌ എത്രത്തോളം അർഥമുണ്ടെന്ന്‌ നമുക്കറിയാം. പാർടി ഒരുകാലത്തും കെ പി ജിയെ മറക്കാൻ പാടില്ലെന്നാണ്‌ അതിന്റെ അർഥം.’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top