25 April Thursday

പുതുവർഷപ്പിറവിയും അമ്മൂമ്മയുടെ ആത്മഗതവും

റഫീക്ക് അഹമ്മദ് rafeeqahammed@gmail.comUpdated: Sunday Jan 1, 2023

അഴുക്കില്ലം എന്ന എന്റെ നോവൽ പരിശ്രമത്തിന്റെ മുഖക്കുറിയായി ഒരു വാചകം കൊടുത്തിരുന്നു. എന്റെ കുട്ടിക്കാലത്ത് വീട്ടിൽ വരാറുള്ള ഒരു അമ്മൂമ്മയുടെ ആത്മഗതമാണ്. ഉമ്മയുടെ ചങ്ങാതിയായിരുന്നു അമ്മൂമ്മ. അവർ ഇടയ്ക്ക് സന്ദർശനത്തിനെത്തും. വീട്ടിലെയും നാട്ടിലെയും ഒരുപാട് വിശേഷം പറയും. അധികവും സങ്കടങ്ങളായിരിക്കും. ബാലനായ ഞാൻ കാതോർത്ത് സാകൂതം കേട്ടിരിക്കും. അവരുടെ സംഭാഷണങ്ങളിൽ ആവർത്തിക്കാറുള്ള ആത്മഗതമാണ് എന്റെ ഉദ്ധരണി. അത് ഇതാണ്: “മനുഷ്യന്മാർക്ക് എത സന്തോഷായിട്ട് ജീവിക്കാം. എന്നിട്ടും എന്താ ഇങ്ങനെ?’’

ചിന്തിക്കുന്ന എല്ലാ മനുഷ്യരിലും പലപ്പോഴും ഉയർന്നുവരാറുള്ള  ചോദ്യമാണിത്. ഒരുപക്ഷെ എല്ലാ മനുഷ്യാസ്തിത്വ ചിന്തകളുടെയും ആധാരബിന്ദു. പലരും പലരീതിയിൽ അതിന്റെ ഉത്തരം തേടിയിട്ടുണ്ട്. ലാവോത്സുവും ബുദ്ധനുംമുതൽ മാർക്സും ഫ്രോയിഡും സാർത്രുംവരെ. ആധുനികകാലത്ത് ഡോക്കിൻസും എറിക് ഫോമും യുവാനോവ ഹരാരിയും തിച്ച് നാത് ഹാനും മുതൽ റട്ജർ ബഗ്മാൻ വരെ എത്രയോ ചിന്തകർ. അവരൊക്കെ ചിന്തിച്ചതിന്റെ  സാരാംശം പണ്ട് വി കെ എൻ പറഞ്ഞതുപോലെ ‘പോയി പൂശെടാ’ എന്നാണല്ലൊ.  (ഗീതാസാരം ഒറ്റ വാക്യത്തിൽ വി കെ എൻ സംഗ്രഹിച്ചത്). രണ്ടായിരത്തി ഇരുപത്തിരണ്ട് വിടപറഞ്ഞ്‌ പുതുവർഷം ആഗതമാകുമ്പോൾ ആ ആത്മഗതം വീണ്ടും ഓർമിക്കുന്നു.

ഉത്തരങ്ങളും കുറെയേറെ ചോദ്യങ്ങളുമായാണ് ഓരോ മനുഷ്യനും പിറന്നുവീഴുന്നത്. ചിലർ അച്ചടിച്ചുവച്ച ഉത്തരങ്ങളിൽ സംതൃപ്തിയടയുന്നു. ചിലർ സ്വയം അന്വേഷിച്ച് കണ്ടെത്തുന്നു. ചിലർ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തിരിച്ചുപോകുന്നു. തീർച്ചയായും മൂന്നാമത്തെ ഗണത്തിൽപ്പെടുത്താവുന്ന ഒരാളായ ഞാൻ കൂടുതൽ സന്ദേഹങ്ങളുമായി പുതുവർഷത്തെ നോക്കുന്നു. കോവിഡ് മഹാമാരിപോലെ ഒന്ന് വീട്ടുമുറ്റത്തുനിന്ന് ഇനിയും യാത്ര പറഞ്ഞിട്ടില്ല. ലോകത്തെ മുഴുവൻ അത് തോക്കിൻമുനയിൽ നിർത്തി. ശാസ്ത്രം വിറച്ചുനിന്നു. ഒരുപാട് കഷ്ടനഷ്ടങ്ങൾക്കൊടുവിൽ ഒരുവിധം ലോകം അതിനെ അതിജീവിച്ചുകൊണ്ടിരിക്കുന്നു.

ഒരിത്തിരിയെങ്കിലും വെളിവ് കോവിഡാനന്തരം നമുക്കുണ്ടായെങ്കിൽ വീണ്ടുമൊരു യുദ്ധം എങ്ങനെ? അതിർത്തികളെയും ദേശീയ വംശീയതകളെയും വർഗവിഭജനങ്ങളെയുമെല്ലാം നിസ്സാരവൽക്കരിച്ച് കൊഞ്ഞനംകുത്തിയ ആ സൂക്ഷ്മാണുവിനു മുന്നിൽ വീണ്ടും എങ്ങനെ ഈ അൽപ്പത്തരങ്ങളും മഹാ മണ്ടത്തരങ്ങളും തുടരാൻ സാധിക്കുന്നു.

മലയാളികളാകട്ടെ കോവിഡിനു പുറമെ രണ്ട് പ്രളയങ്ങളെക്കൂടി അഭിമുഖീകരിച്ചു. പണം ഒരു ഉപകാരവുമില്ലാത്ത വസ്തുവായി മാറുന്നത് കൂറ്റൻ മതിൽക്കെട്ടുകൾക്കുള്ളിലെ മട്ടുപ്പാവിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറുമ്പോൾ മലയാളി മനസ്സിലാക്കിയിട്ടുണ്ടാകും. സെക്യൂരിറ്റിക്കാരനെയും വമ്പൻ പട്ടികളെയും കാവലിരുത്തി കൂറ്റൻ ഗേറ്റുകൾ അടച്ചിട്ട് ഇരുന്നവർ സാമൂഹികതയുടെ അർഥം എന്തെന്ന് മനസ്സിലാക്കിയിട്ടുണ്ടാകുമെന്നും കരുതേണ്ടതാണല്ലോ? പക്ഷേ, അടിസ്ഥാന മനോഭാവങ്ങളിൽ ഒരു മാറ്റവുമുണ്ടായില്ല. കൈ മുത്തുന്ന, കെട്ടിപ്പുണരുന്ന, ആശീർവദിക്കുന്ന സകലമാന ആൾദൈവങ്ങളും ചെമ്പുപാത്രങ്ങളിലേറി തുഴഞ്ഞ് രക്ഷാകേന്ദ്രങ്ങളിലെത്തിയത്‌ നേരിട്ടുകണ്ടിട്ടും ഭക്തിപ്രസ്ഥാനം പുഷ്ടിപ്പെടുക തന്നെയാണ്. നരബലിവരെ അത് എത്തി. വെള്ളം വലിഞ്ഞപ്പോൾ മതവർഗീയ വിഷസർപ്പങ്ങൾ വീണ്ടും ഇഴഞ്ഞിഴഞ്ഞ് വന്നു. ഈ പിടികിട്ടായ്മയുടെ മുകളിലേക്ക് യുക്രയ്‌നിന്റെയും റഷ്യയുടെയും ബോംബുകൾ വർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വീണ്ടും കുഞ്ഞുങ്ങൾ നിലവിളിച്ചോടുന്നു. മനുഷ്യമാംസം കത്തിയെരിയുന്ന മണം നിറയുന്നു.  ജീവന്റെ നിലനിൽപ്പ് ഇനിയെത്ര എന്ന ചോദ്യത്തിനടിയിലൂടെ വീണ്ടും വീണ്ടും കോർപറേറ്റുകളുടെ സമ്പത്ത് വർധിപ്പിക്കുന്നതിന്റെ അവസാനമില്ലാത്ത ദുരകൾ കുതിച്ചുപായുന്നു. 

ചരിത്രത്തിൽനിന്ന് നാം ഒന്നും പഠിക്കുന്നില്ലെന്ന വാക്യം ക്ലീഷേ ആയിരിക്കാം. സത്യങ്ങൾ പലപ്പോഴും ക്ലീഷേകളും ആണ്. ചെങ്കിസ്ഖാനിൽനിന്ന് വർത്തമാനകാലത്തെ ലോകാധികാരിയെ വേർതിരിക്കുന്നത് എന്താണ്? വികസിതമായ ലോകബോധം സാധാരണ മനുഷ്യരെ മാറ്റിത്തീർക്കുകയും അവർ മനുഷ്യാന്തസ്സിനെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും അറിവുള്ളവരാകുകയും ചെയ്തുകഴിഞ്ഞിട്ടും അധികാരിവർഗത്തിന്റെ മനഃസ്ഥിതി ചെങ്കിസ്ഖാനിൽനിന്ന് വളർന്നിട്ടില്ല. ഇന്ത്യയുടെ സർവാധികാരിയാകാൻ നിഷ്പ്രയാസം കഴിയുമായിരുന്ന മഹാത്മാഗാന്ധി നമുക്ക് എത്രയോ മുമ്പ് ജീവിച്ച് മരിച്ചുപോയ ഒരാളായിട്ടും അതിനുശേഷം ഒരുപാട്‌ ഒരുപാട് ചരിത്രാനുഭവങ്ങൾ നമ്മുടെ ബോധമണ്ഡലത്തെ വികസിപ്പിച്ചിട്ടും. നമ്മൾ നിന്നിടത്തുതന്നെ നിൽക്കുന്നു, എന്തൊരു മണ്ടനായിരുന്നു ഗാന്ധിയെന്ന് നമ്മുടെ ഉള്ളിലെ പ്രായോഗിക രാഷ്ട്രീയക്കാരൻ ഊറിച്ചിരിക്കുന്നു. പക്ഷേ, ഗാന്ധിയും പ്രായോഗിക രാഷ്ട്രീയക്കാരനും ഒരുപോലെ എഴുപതോ എൺപതോ വർഷം ജീവിച്ച് മരിച്ചുപോകുകയും ചെയ്യുന്നു. അമ്മൂമ്മയുടെ ചോദ്യംമാത്രം മരിക്കാതെ തുടരുന്നു. 

തത്വവേദികൾ ഇതൊരു പൈങ്കിളിച്ചോദ്യമായി തള്ളിക്കളഞ്ഞേക്കാം. മനശ്ശാസ്ത്രവിദഗ്ധർ ഇഴകീറി പരിശോധിച്ച്‌ സാമാന്യവൽക്കൃതമായ ഒരുത്തരം തന്നേക്കാം. പോരാ പോരാ എന്ന് തെരുവിലെ വിശക്കുന്ന കുഞ്ഞ് പറയുന്നു,  പീഡിതരും നിന്ദിതരും മർദിതരുമായ കോടാനുകോടി മനുഷ്യർ പറയുന്നു.   

‘എണ്ണിയെണ്ണിക്കുറയുന്നിതായുസ്സ്’ എന്ന കവിവചനം ഭൂമിയെ സംബന്ധിച്ചിടത്തോളവും ശരിയാണ്. പ്രകൃതി–- മനുഷ്യ പാരസ്പര്യത്തെക്കുറിച്ചും വൈരുധ്യത്തെക്കുറിച്ചും ഏറെ ആഴത്തിൽ ചിന്തിച്ചിട്ടുള്ള മഹാ ചിന്തകനായിരുന്നു എംഗൽസ്. മുതലാളിത്ത ദുരകളെ വികസനമായി വിവർത്തനം ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് എംഗൽസിലേക്ക് വീണ്ടും തിരിച്ചുനടക്കേണ്ടിയിരിക്കുന്നു. ഭൂമിയെ ഉപയോഗിച്ച് വലിച്ചെറിഞ്ഞ് അന്യഗ്രഹങ്ങളിലേക്ക് കുടിയേറാമെന്നുവരെ മുതലാളിത്ത ശാസ്ത്രബോധം ഇന്ന് എത്തിക്കഴിഞ്ഞല്ലോ.

കഴിഞ്ഞുപോയകാലം അതീവ സുന്ദരമായിരുന്നു എന്നും നടക്കുന്നതും വരാനിരിക്കുന്നതുമായ കാലം വളരെ മോശമാണെന്നുമുള്ള ധാരണകൾ പൊതുവെ പ്രചരിപ്പിക്കപ്പെടാറുണ്ട്. തെറ്റാണത്. ഒരു നൂറ്റാണ്ടിൽ കുറഞ്ഞ കാലംവരെയും ഇവിടെ പരസ്യമായി അടിമവ്യവസ്ഥ നിലനിന്നിരുന്നു. അയിത്തവും തൊട്ടുകൂടായ്മയും നിലനിന്നിരുന്നു. അന്ധവിശ്വാസങ്ങൾ ഇന്നത്തേക്കാൾ കൂടുതലായിരുന്നു. മനുഷ്യായുസ്സ് ഇന്നത്തേക്കാൾ കുറവായിരുന്നു. പൊതുവായ സാങ്കേതിക വികാസങ്ങൾ വിസ്മയജനകമാംവിധം വളർന്നുകഴിഞ്ഞു. വിവിധ ജ്ഞാനശാഖകളിലുള്ള അറിവ് എത്രയോ വർധിച്ചു. എങ്കിലും മനുഷ്യർ സന്തുഷ്ടരാണോ എന്ന ചോദ്യം അവശേഷിക്കുന്നു. 

സന്തോഷം എന്ന അവസ്ഥ പൂർണമായും വ്യക്തിഗതമായ ഒന്നല്ല. സമൂഹത്തിന്റെ സന്തുഷ്ടിയാണ് വ്യക്തിയുടെ സന്തുഷ്ടി. തിരിച്ചുമാണ്. സന്തോഷത്തിനും വൈരുധ്യാത്മക സ്വഭാവമുണ്ട്. മതവും ആത്മീയതയും മനുഷ്യർക്ക് സന്തോഷവും സമാധാനവും പകരുന്നു എന്ന ഒരു വലിയ പ്രചാരണമുണ്ട്. യഥാർഥത്തിൽ ഇത് നേരെ തിരിച്ചാണ്. സ്കാൻഡിനേവിയൻ രാജ്യങ്ങളെ സംബന്ധിച്ച സന്തുഷ്ടി സൂചകങ്ങൾ ഇതിനുള്ള വ്യക്തമായ മറുപടിയാണല്ലോ.

സങ്കുചിതമായ ദേശീയതയും മതതീവ്രതയും വർണവെറിയും കൂടുതലായി പിടിമുറുക്കുന്നു. തീവ്ര വലത് സാമ്പത്തിക നയങ്ങൾ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കുന്നു. യുക്രയ്‌ൻ യുദ്ധവും അഫ്ഗാനിസ്ഥാനിലെ താലിബാൻ നൃശ്ശംസതയും മനുഷ്യരാശിയിലുള്ള പ്രതീക്ഷകളെ കെടുത്തിക്കളയുന്നു. സ്വപ്നം കാണാനുള്ള കണ്ണ് തല്ലിക്കെടുത്തുന്നു. അതിവേഗം വലതുപക്ഷവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തെയാണ് നാമിന്ന് കാണുന്നത്. ചരിത്രപാഠങ്ങൾ പാടെ വിസ്മരിച്ചുകൊണ്ട് ഏറ്റവും മനുഷ്യവിരുദ്ധങ്ങളായ ഫാസിസവും നാസിസവുമെല്ലാം പുതുരൂപങ്ങളിൽ അവതീർണമായി കൊണ്ടിരിക്കുന്നു. നവ നാസിപ്രസ്ഥാനങ്ങൾ, സിയോണിസം, രാഷ്ട്രീയ ഇസ്ലാം, താലിബാനിസം, ഫാസിസ്റ്റ് ഹിന്ദുത്വ എന്നിവ ദേശീയതലത്തിലും സാർവദേശീയതലത്തിലും ശക്തിയാർജിക്കുകയാണ്. ലോകത്തെ ഏകധ്രുവമാക്കിത്തീർക്കുമെന്നും മനുഷ്യരാശിയെ ഒരുമിപ്പിക്കുമെന്നും പ്രചരിപ്പിച്ചു നടപ്പാക്കിയ ആഗോളവൽക്കരണവും നവലിബറൽ നയങ്ങളും ചില പുറംപൂച്ചുകളും ഉപരിപ്ലവമായ വർണപ്പകിട്ടുകളും കാണിച്ച്, ലോകം വികസനത്തിലൂടെ മുന്നോട്ടുകുതിക്കുകയാണെന്ന പ്രതീതി അവശേഷിപ്പിച്ച് തൊഴിലില്ലായ്മയും പണപ്പെരുപ്പവും വർഗീയതയും മൂലധന രാഷ്ട്രീയവും ഉൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ധനിക–- ദരിദ്ര അന്തരം ഭീകരമായി വർധിപ്പിച്ച്‌ ആഗോളമായ അസന്തുലിതത്വം സൃഷ്ടിച്ചിരിക്കുന്നു.

ഇന്ത്യ, അമേരിക്ക, തുർക്കി, ബ്രിട്ടൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പ്രത്യയശാസ്ത്രപരമായ പിന്തിരിപ്പൻ നിലപാടുകളിലേക്ക് തിരിച്ചുനടന്ന വർഷങ്ങളായിരുന്നു തൊട്ടു പിന്നിലേത്. ലിംഗസമത്വത്തിന്റെയും രാഷ്ട്രീയ ശരികളുടെയും പുതിയ ബോധവികാസങ്ങളിലേക്ക് ലോകം ഉണർന്നുകെണ്ടിരിക്കെത്തന്നെയാണ് ഞെട്ടിക്കുംവിധം സ്ത്രീവിരുദ്ധത പരസ്യമായി ഇറാനും അഫ്ഗാനിസ്ഥാനും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വൻശക്തികളും ഐക്യരാഷ്ട്രസംഘടനയുമെല്ലാം നോക്കുകുത്തികളാകുന്നു. സൈബർ സാങ്കേതികജ്ഞാനത്തിന്റെ അഭൂതപൂർവമായ വികാസം, ഇന്റർനെറ്റിന്റെ വളർച്ച മനുഷ്യരാശിയെത്തന്നെ വലിയ അളവോളം മാറ്റിമറിച്ചു. ഗുണഫലങ്ങൾ പലതും നമുക്കറിയാം. എന്നാൽ, അതുണ്ടാക്കിയ സാംസ്കാരികവും മാനവികവുമായ സ്വാധീനങ്ങളുടെ ഋണാത്മകത വേണ്ടരീതിയിൽ അളക്കാനായിട്ടില്ല. മനുഷ്യനും യന്ത്രത്തിനും ഇടയിലുള്ള ഒന്നാക്കി വരുംതലമുറയിലെ മനുഷ്യരെ അത് പരിവർത്തിപ്പിക്കുമോ എന്ന ആശങ്ക തള്ളിക്കളയാവുന്ന ഒന്നല്ല.

പാർലമെന്ററി ജനാധിപത്യമെന്ന താരതമ്യേന മനുഷ്യാന്തസ്സ് നിലനിർത്താൻ സഹായകമായ വ്യവസ്ഥ അപചയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞവർഷത്തിലും. ഭരണഘടനയുടെ താളുകൾ ഇളകിപ്പറിഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ ഗോപുരങ്ങൾ ചരിഞ്ഞു. കുതിരക്കച്ചവടവും കാലുമാറ്റവും ചാക്കിട്ടുപിടിത്തവുമെല്ലാം ഒരു ഉളുപ്പുമില്ലാതെ നടമാടി. ജനാഭിലാഷങ്ങൾ പൂർത്തിയാക്കാൻ ജനങ്ങൾ അധികാരസ്ഥാനങ്ങളിൽ കയറ്റിയിരുത്തിയവർ യജമാനന്മാരായി ചമഞ്ഞു. ഉയർന്ന ജനാധിപത്യ ശീലങ്ങളിലേക്ക്‌ വളരേണ്ടതിനുപകരം ഭരണയന്ത്രങ്ങൾ പതിവു ചാലുകളിലൂടെത്തന്നെ ഉരുണ്ടു. അക്രമവും ഹിംസാത്മകതയും സാമൂഹ്യജീവിതത്തിന്റെ ശീലമായി. അഴിമതി അംഗീകൃത അലങ്കാരമായി.

പുറംലോകം കണ്ടവരും വിദ്യാപ്രബുദ്ധരുമായിട്ടും മലയാളിയുടെ  പൗരബോധവും സാമൂഹ്യപ്രതിബദ്ധതയും മുരടിച്ചുതന്നെ നിന്നു. ജാതിമതബോധങ്ങൾ തീക്ഷ്ണമായി. മാരകമായ ലഹരിയുടെ ചുഴികളിലേക്ക് കുഞ്ഞുങ്ങളെ ആട്ടിത്തെളിക്കുന്ന കുഴലൂത്തുകാർ സജീവരായി.

അതെ, പുതുവർഷത്തിന്റെ പടിപ്പുരയിലിരുന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് ഇതൊക്കെയാണ്. തീർച്ചയായും നേർത്ത വെളിച്ചത്തിന്റെ പൊട്ടുകളും ആശാകിരണങ്ങളും അവയ്ക്കിടയിൽ ഉണ്ടാകും. ജീവിതം ഏകമുഖമല്ല. ഇരുട്ടും വെളിച്ചവും സുഖവും ദുഃഖവും യുദ്ധവും സമാധാനവുമെല്ലാം ഇടകലർന്നതാണ്. പക്ഷേ, ചരിത്രത്തിന്റെ എണ്ണിയാലൊടുങ്ങാത്ത അനുഭവപാഠങ്ങളുമായി, ശാസ്ത്രവെളിച്ചത്തിൽ ഇത്രയേറെ ലോകം മുങ്ങിനിൽക്കെ ഉള്ളിൽ ഇനിയും ഉത്തരമായിട്ടില്ലാത്ത അമ്മൂമ്മയുടെ സന്ദേഹം ഈ വർഷവും എന്നെ പിന്തുടരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top