05 December Tuesday

വാനോളം മലയാള സിനിമ

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Jan 1, 2023

കോവിഡ്‌ സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന്‌ ഉയിർത്തെഴുന്നേൽക്കാനുള്ള മലയാള സിനിമയുടെ ശ്രമങ്ങൾ ഒരുപരിധിവരെ വിജയംകണ്ട വർഷമാണ്‌ 2022. വലിയ പ്രതീക്ഷാഭാരവുമായി വന്ന പടങ്ങൾ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താൻ കഴിയാതെ ദയനീയമായപ്പോൾ യുവതാരങ്ങളും പുതുമുഖ സംവിധായകരും മികച്ച സിനിമകളുമായി എത്തി കൈയടി നേടി.  ഏകദേശം 165 മലയാള സിനിമയാണ്‌ കഴിഞ്ഞവർഷം എത്തിയത്‌. ഒടിടിയിലെത്തി പല ചിത്രങ്ങളും പാൻ ഇന്ത്യാ തലത്തിൽ പ്രേക്ഷക സ്വീകാര്യത നേടി.

തുടർച്ചയായി ‘ഷോ ബ്രേക്ക്‌’ വന്ന 2022ന്റെ ആദ്യ പകുതിയിൽനിന്ന്‌ കാര്യങ്ങൾ വ്യത്യസ്‌തമായി. രണ്ടാം പകുതിയിൽ നല്ല സിനിമകളെത്തി, തിയറ്ററുകളിൽ വീണ്ടും ഹൗസ്‌ ഫുൾ ബോർഡ്‌ ഉയർന്നു. ആളുകളെ ആകർഷിക്കാൻ സൗകര്യങ്ങൾ വർധിപ്പിച്ച്‌  തിയറ്ററുകാരും മത്സരിച്ചു. പലയിടവും 4കെയും മികച്ച ശബ്ദസംവിധാനങ്ങളുമായി നവീകരിച്ചു.  കുഞ്ഞുങ്ങൾ കരഞ്ഞാൽ മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ടില്ലാതെ സിനിമ കാണാൻ ക്രൈ റൂം ഒരുക്കി സർക്കാരിനു കീഴിലുള്ള തിരുവനന്തപുരത്തെ കൈരളി തിയറ്റർ മാതൃക തീർത്തു.

കലാമൂല്യവും കച്ചവട സാധ്യതയും സമന്വയിപ്പിച്ച സിനിമകൾ ബോക്‌സോഫീസിൽ പണംവാരി.  ഭീഷ്മപർവം (അമൽ നീരദ്‌), തല്ലുമാല- (ഖാലിദ് റഹ്മാൻ-), ഹൃദയം- (വിനീത് ശ്രീനിവാസൻ), ജന ഗണ മന (-ഡിജോ ജോസ് ആന്റണി-), കടുവ (-ഷാജി കൈലാസ്‌), ന്നാ താൻ കേസ് കൊട്- (രതീഷ് ബാലകൃഷ്ണ പൊതുവാൾ), റോഷാക്ക്- (നിസാം ബഷീർ-), പാപ്പൻ- (ജോഷി-) തുടങ്ങിയ ചിത്രങ്ങളാണ്‌ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയത്‌.

ഉള്ളടക്കത്തിന്റെ മികവും പുതുമയുള്ള പ്രമേയ പരിസരവും അവതരിപ്പിച്ച സിനിമകൾ പ്രേക്ഷക മനസ്സിൽ തലയുയർത്തിനിന്ന വർഷംകൂടിയാണ്‌. തിയറ്ററിൽനിന്ന്‌ സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ കഴിയാതെ പോയ സിനിമകളെയും വാണിജ്യപരമായി രക്ഷിച്ചെടുത്തത്‌ ഒടിടിയാണ്‌. ചലച്ചിത്രമേളയിലും സംസ്ഥാന ചലച്ചിത്ര അവാർഡിലും തിളങ്ങിയ ആവാസവ്യൂഹം (കൃഷാന്ദ്‌), അപ്പൻ (മജു), പുഴു (രത്തീന), 19 (1)എ (ഇന്ദു വി എസ്‌), അറ്റേൻഷൻ പ്ലീസ്‌ (ജിതിൻ ഐസക് തോമസ്‌), ഭൂതക്കാലം (രാഹുൽ സദാശിവൻ), സല്യൂട്ട്‌ (റോഷൻ ആൻഡ്രൂസ്‌), ബ്രോ ഡാഡി (പൃഥ്വിരാജ്‌), അന്താക്ഷരി (വിപിൻ ദാസ്‌), പക (നിതിൻ ലൂക്കോസ്‌) തുടങ്ങി പല സിനിമകളും ഒടിടി ഹിറ്റുകളായി. തിയറ്ററിൽ വലിയ ചലനം സൃഷ്ടിക്കാതെപോയ ഡിയർ ഫ്രണ്ട്‌ (വിനീത്‌കുമാർ), പട (കമാൽ കെ എം), വാശി (വിഷ്‌ണു വി രാഘവ്‌), കൊച്ചാൽ ( ശ്യാം മോഹൻ), ഇനി ഉത്തരം (സുധീഷ് രാമചന്ദ്രൻ) തുടങ്ങിയവ ഒടിടിയാനന്തരം കൂടുതൽ ചർച്ച ചെയ്യപ്പെട്ടു. വലിയ ക്യാൻവാസും താരമൂല്യവുമുള്ള സിനിമകളോടാണ്‌ പ്രേക്ഷകർക്ക്‌ താൽപ്പര്യമെന്ന വാദത്തിന്റെ മുനയൊടിച്ച്‌  ഹൃദയം, സൂപ്പർ ശരണ്യ, ജോ ആൻഡ്‌ ജോ, പാൽത്തു ജാൻവർ, ജയ ജയ ജയ ജയ ഹേ, മുകുന്ദൻ ഉണ്ണി അസോസിയറ്റ്‌സ്‌ എന്നിവ തിയറ്ററിൽ നിറഞ്ഞോടി. സിനിമാ നിർമാണത്തിലും ഇതര ഭാഷാ സിനിമകൾ പ്രദർശനത്തിന്‌ എത്തിച്ചും മാജിക്‌ ഫ്രെയിംസും (ലിസ്റ്റിൻ സ്റ്റീഫൻ) പൃഥ്വിരാജ്‌ പ്രൊഡക്‌ഷൻസും (സുപ്രിയ മേനോൻ) സിനിമാ വ്യവസായത്തിന്‌ ഊർജംപകർന്നു. 19–-ാം നൂറ്റാണ്ടിലൂടെ വിനയൻ, കടുവ, കാപ്പ എന്നിവയിലൂടെ ഷാജി കൈലാസ്‌, കൊത്തിലൂടെ സിബി മലയിൽ എന്നിവർ വീണ്ടും സജീവമായി.

മമ്മൂട്ടിവർഷം

മലയാള സിനിമയിൽ ഈവർഷം എല്ലാ അർഥത്തിലും നേട്ടമുണ്ടാക്കിയത്‌ മമ്മൂട്ടിയാണ്‌. ഭീഷ്‌മപർവം, റോഷാക്ക്‌ എന്നിവ ബോക്‌സോഫീസിൽ  തകർത്തോടി. നേരിട്ട്‌ ഒടിടിയിലെത്തിയ പുഴു മികച്ച അഭിപ്രായംനേടി. ഐഎഫ്‌എഫ്‌കെയിൽ ആദ്യ പ്രദർശനം നടത്തിയ ലിജോ ജോസ്‌ പെല്ലിശ്ശേരി ചിത്രം നൻ പകൽ നേരത്ത്‌ മയക്കത്തിന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. മമ്മൂട്ടി കമ്പനിയിലൂടെ നിർമാണരംഗത്തേക്ക്‌ കടന്ന വർഷംകൂടിയാണ്‌ ഇത്‌. സിബിഐ 5വും പണം വാരി. റോഷാക്ക്‌, നൻ പകൽ എന്നിവയുടെ നിർമാതാവും മമ്മൂട്ടിയായിരുന്നു.

വർഷം തുടങ്ങുമ്പോൾ ബേസിൽ സംവിധാനം ചെയ്‌ത മിന്നൽ മുരളി ഒടിടിയിൽ സൃഷ്ടിച്ച ഓളം അവസാനിച്ചിരുന്നില്ല. അടുത്ത ബേസിൽ ചിത്രം എത്തിയില്ലെങ്കിലും നടനെന്നനിലയിൽ ബേസിൽ പ്രേക്ഷകരെ ത്രസിപ്പിച്ചു. ജയ ജയ ജയ ജയ ഹേയിലെ രാജേഷ്‌, പാൽത്തു ജാൻവറിലെ പ്രസൂൺ, ഡിയർ ഫ്രണ്ടിലെ സജിത് എന്നിവ ഈവർഷത്തെ മികച്ച പ്രകടനങ്ങളായി.

കുഞ്ചാക്കോ ബോബന്റെ പുത്തൻ മേക്ക്‌ ഓവറായിരുന്നു ന്നാ താൻ കേസ്‌ കൊടിലെ രാജീവൻ. അറിയിപ്പിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.  അലൻസിയർ, സണ്ണി വെയ്‌ൻ (അപ്പൻ), സുരാജ്‌ വെഞ്ഞാറമൂട്‌ (ജന ഗണ മന, ഹെവൻ, റോയ്‌), സൗബിൻ ഷാഹിർ (ഇലവീഴാ പൂഞ്ചിറ),  രാജേഷ്‌ മാധവൻ (ന്നാ താൻ കേസ്‌ കൊട്‌), ആസിഫ്‌ അലി (കൊത്ത്‌), ജഗദീഷ്‌ (കാപ്പ, റോഷാക്ക്‌), അസീസ്‌ നെടുമങ്ങാട്‌ ( ജയ ജയ ജയ ജയ ഹേ), അപ്പുണ്ണി ശശി (പുഴു), വിനീത്‌ ശ്രീനിവാസൻ (മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്‌) തുടങ്ങി ഒരുപിടി താരങ്ങളുടെ മികച്ച പ്രകടനത്തിനും മലയാള സിനിമ സാക്ഷിയായി.

മികവുതുടർന്ന്‌ നടിമാർ

പേരിനൊരു നായിക എന്നതിൽനിന്ന്‌ കുതറിനടന്ന മലയാള സിനിമയിൽ പ്രാധാന്യമുള്ള സ്‌ത്രീകഥാപാത്രങ്ങൾ വർധിച്ചു. നവനിരയും അനുഭവസമ്പത്തുള്ളവരും ഒരുപോലെ തിളങ്ങി. ബിന്ദു പണിക്കർ റോഷാക്കിലെ പ്രകടനംകൊണ്ട്‌ ഞെട്ടിച്ചു. ഹൃദയത്തിലെയും ജയ ജയ ജയ ജയ ഹേയിലെയും പ്രധാന കഥാപാത്രത്തിലൂടെ ദർശനയും ഈവർഷം തന്റേതാക്കി. ഭൂതകാലത്തിലെ ആശയിലൂടെ ആദ്യമായി രേവതി സംസ്ഥാന ചലച്ചിത്ര അവാർഡ്‌ നേടിയെടുത്തു. ആറ്‌ സിനിമയാണ്‌ ഗ്രേസ്‌ ആന്റണിയുടേതായി പുറത്തിറങ്ങിയത്‌. റോഷാക്ക്‌, അപ്പൻ തുടങ്ങിയവയിലെ പ്രകടനം മികച്ച പ്രതികരണംനേടി. പോളി വിത്സൻ (അപ്പൻ), ദിവ്യ പ്രഭ (അറിയിപ്പ്‌), ദേവി വർമ (സൗദി വെള്ളക്ക), നിഖില വിമൽ (ജോ ആൻഡ്‌ ജോ), അനശ്വര രാജൻ (സൂപ്പർ ശരണ്യ, മൈക്ക്‌), കല്യാണി പ്രിയദർശൻ (തല്ലുമാല, ഹൃദയം) , നവ്യ നായർ (ഒരുത്തീ), സ്വാസിക (ചതുരം), ഐശ്വര്യ ലക്ഷ്‌മി (അർച്ചന 31 നോട്ട്‌ ഔട്ട്‌, കുമാരി), അപർണ ബാലമുരളി (ഇനി ഉത്തരം, സുന്ദരി ഗാർഡൻസ്‌) എന്നിവരുടെ മികച്ച പ്രകടനത്തിനും പ്രേക്ഷകർ സാക്ഷ്യംവഹിച്ചു.

പണം വാരി മറ്റ്‌ ഭാഷാ ചിത്രങ്ങൾ

മറ്റ്‌ ഭാഷാ സിനിമകൾ കേരളത്തിൽനിന്ന്‌ കോടികൾ വാരിയ വർഷമാണ്‌ ഇത്‌. തമിഴ്‌, കന്നട, തെലുങ്ക്‌ ചിത്രങ്ങൾക്കു പുറമേ ഹോളിവുഡ്‌ സിനിമകളും നിറഞ്ഞോടി. കെജിഎഫ്‌ -2, കാന്താര, 777 ചാർളി (കന്നട), ആർആർആർ, സീതാ രാമം- (തെലുങ്ക്‌), വിക്രം, പൊന്നിയിൻ സെൽവൻ 1, ബീസ്റ്റ്‌- (തമിഴ്) തുടങ്ങിയ ഇന്ത്യൻ സിനിമകളും അവതാർ 2, ഡോക്ടർ സ്‌ട്രെയ്‌ഞ്ച്‌ ഇൻ ദി മൾട്ടിവേഴ്‌സ്‌ ഓഫ്‌ സ്‌ട്രെയ്‌ഞ്ച്‌നസ്‌, തോർ ലൗ ആൻഡ്‌ തണ്ടർ തുടങ്ങിയ ഹോളിവുഡ്‌ സിനിമകളും ഹിറ്റായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top