26 April Friday

വിസ്‌മയ കേസ്‌ : സർക്കാരിന്‌ മറ്റൊരു പൊൻതൂവൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

വിസ്‌മയയുടെ അച്ഛൻ ത്രിവിക്രമൻനായർ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ജി മോഹൻരാജിനെ ഹസ്‌തദാനം ചെയ്യുന്നു


കൊല്ലം
വിസ്‌മയ കേസിൽ അന്വേഷണം ഒരു വർഷത്തിനകം പൂർത്തീകരിച്ച്‌ കുറ്റപത്രം നൽകാനായതും വിചാരണയും വാദവും പൂർത്തീകരിച്ച്‌ പ്രതിക്ക്‌ ശിക്ഷ ഉറപ്പാക്കിയതും സർക്കാരിന്‌ മറ്റൊരു പൊൻതൂവലായി. വിസ്‌മയയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ അടുത്ത ദിവസം തന്നെ അച്ഛൻ ത്രിവിക്രമൻനായർ അന്വേഷണം ആവശ്യപ്പെട്ടു. ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ത്വരിതഗതിയിൽ നടപടി സ്വീകരിക്കുകയായിരുന്നു. അന്വേഷണത്തിന്‌ ശാസ്‌താംകോട്ട ഡിവൈഎസ്‌പി പി രാജ്‌കുമാറിന്റെ നേതൃത്വത്തിൽ ടീമിനെ നിയോഗിക്കുകയും ഐജി ഹർഷിദ അട്ടല്ലൂരിക്ക്‌ മേൽനോട്ടച്ചുമതല നൽകുകയുംചെയ്‌തു.

ശൂരനാട്‌ പൊലീസ്‌ കസ്റ്റഡിയിൽ എടുത്ത കിരണിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിതിനെ തുടർന്ന്‌ മോട്ടോർവാഹന വകുപ്പ് ജോലിയിൽനിന്ന് സസ്പെൻഡ്‌ചെയ്തു.വകുപ്പുതല അന്വേഷണത്തെ തുടർന്ന്‌ 2021 ആഗസ്ത് ആറിന്‌ കിരണിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു.

സംഭവം നടന്ന്‌ 80 ദിവസത്തിനകം ശാസ്‌താംകോട്ട ഡിവൈഎസ്‌പി പി രാജ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. 2022 ജനുവരി 10ന്‌ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ്‌ കോടതിയിൽ വിചാരണ തുടങ്ങി. ഇടവേളയില്ലാതെ മെയ്‌ 17ന്‌ കേസിന്റെ വിചാരണ പൂർത്തിയാക്കി. കിരണിൽനിന്ന്‌ വിസ്‌മയക്കുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക്‌ ശാസ്‌ത്രീയമായ തെളിവുകൾ ഹാജരാക്കാനും അവ വിചാരണക്കോടതിയെ ബോധ്യപ്പെടുത്താനും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജി മോഹൻരാജിന്‌ കഴിഞ്ഞു. 

സാക്ഷികളില്ലാത്ത കേസിൽ ശാസ്‌ത്രീയ തെളിവുകളായിരുന്നു ആശ്രയം. കിടപ്പുമുറിയിലുണ്ടായിരുന്ന വസ്‌തുക്കൾ, അടയാളങ്ങൾ, ഫോൺ സംഭാഷണങ്ങൾ, വാട്‌സാപ് സന്ദേശങ്ങൾ, ജൂൺ 21നു പുലർച്ചെ വിസ്‌മയയെ എത്തിച്ച ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.  120 രേഖയും 12 തൊണ്ടിമുതലും ഹാജരാക്കിയ പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചു.

എസ്‌ഐമാരായ മഞ്ജു വി നായർ, ചന്ദ്രമോൻ, ശരത്‌ചന്ദ്രൻ ഉണ്ണിത്താൻ, ഹാരിസ്‌, എഎസ്‌ഐമാരായ സുരേഷ്‌ബാബു, സുൾഫി, അനിൽ, ആഭ, സുനിത, മുഹമ്മദ്‌ ഷാഫി, മഹേഷ്‌ മോഹൻ, അരുൺ, അജിത്‌ എന്നിവരായിരുന്നു അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top