25 April Thursday

ഈ വാനം നിറയെ തുമ്പികൾ

അക്ഷിത രാജ്‌Updated: Sunday Mar 5, 2023

സിപിഐ എം വീട് നിർമിച്ച് നൽകിയ നിവേദ്യ, ചേർപ്പിലെ വേദിയിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെ സ്വീകരിക്കുന്നു ഫോട്ടോ: പി വി സുജിത്


തൃശൂർ
ജനാരവങ്ങൾക്കിടയിലൂടെ പാറിപ്പറന്ന്‌ നടക്കുകയാണ്‌ ‘തുമ്പി’. നിറഞ്ഞുകവിയുന്ന ഈ വഴികളിലെല്ലാം സ്നേഹത്തിന്റെ മാധുര്യം അവൾ നുകരുന്നുണ്ട്‌. മാനവികതയുടെ മഹാകാവ്യമായി മുഴങ്ങുന്ന മുദ്രാവാക്യങ്ങൾക്കൊപ്പം ആ കൂട്ടത്തിൽനിന്ന്‌ ‘തുമ്പി’ ആദ്യമായി അവ ഏറ്റുവിളിച്ചു. ജീവിത വെളിച്ചംകെട്ടുപോകുമെന്ന്‌ തോന്നിയപ്പോൾ വൃദ്ധരായ അച്ഛച്ഛനെയും അമ്മൂമ്മയെയും തന്നെയും ചേർത്തുനിർത്തി കൈപിടിച്ചുയർത്തിയ സാഹോദര്യത്തിന്റെ മന്ത്രങ്ങളാണ്‌ അവയെന്ന്‌ അവളിന്നറിയുന്നു.  ജനകീയ പ്രതിരോധ ജാഥ ചേർപ്പ്‌ മഹാത്മാ മൈതാനിയിലെത്തിയപ്പോൾ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനെ സ്വീകരിക്കാനെത്തിയ നിവേദ്യയെന്ന ‘തുമ്പി’ക്ക്‌ മനസ്സ്‌ നിറഞ്ഞു കവിയുകയായിരുന്നു. 

ഇങ്ങനൊരു ആൾക്കൂട്ടം പുതുമയാണെങ്കിലും അവിണിശേരി ഗ്രാമവും ഈ ചെങ്കൊടിയും താങ്ങും തണലുമാണ്  നിവേദ്യക്ക്. ‘നന്ദി പറയണം തണലായ ഈ പാർടിയോട്, തന്നെ ചേർത്തുപിടിച്ചതിന്‌’. അതിനായാണ്‌ വന്നതെന്ന്‌ അവൾ പറഞ്ഞു. അച്ഛന്റെ വിയോഗം, ഉപേക്ഷിച്ചുപോയ അമ്മ. അച്ഛച്ഛനും അച്ഛമ്മയ്ക്കുമൊപ്പം പുറമ്പോക്കു ഭൂമിയിൽ ചോർന്നൊലിക്കുന്ന വീട്ടിലെ ദുരിതക്കയത്തിൽനിന്നാണ്‌ പാർടി  തുമ്പിയെ കൈപടിച്ചുയർത്തിയത്‌.  ഒമ്പതു ലക്ഷത്തോളം രൂപ ചെലവിട്ട്‌ സിപിഐ എം അവിണിശേരി ലോക്കൽ കമ്മിറ്റി നിർമിച്ച അടച്ചുറപ്പുള്ള വീട്ടിലേക്ക്‌ മാറാനൊരുങ്ങുന്നതിന്റെ ആഹ്ലാദമാണ്‌ അവളിൽനിറയെ. ലൈഫ് അനുവദിച്ച തുകയും പാർടി സംഭാവനയും ചേർത്താണ്‌ സ്ഥലം വാങ്ങിയത്‌. അവിണിശേരി സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് എട്ടാം ക്ലാസ്‌ വിദ്യാർഥിയാണ് നിവേദ്യ.

പൂവത്തൂർ ബസ്‌സ്റ്റാൻഡ്‌,  മതിലകംസെന്റർ, മാള, ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനം എന്നിവിടങ്ങളിലായിരുന്നു ഞായറാഴ്‌ചയിലെ പര്യടനം. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ ജാഥ എറണാകുളം ജില്ലയിലേക്ക്‌ പ്രവേശിക്കും.

ജാഥ ഇന്ന്‌
രാവിലെ 10ന്‌ നന്തിക്കര, 11ന്‌ ചാലക്കുടി, പകൽ 1.30ന്‌  കൊരട്ടി പൊങ്ങത്ത്‌ എറണാകുളം ജില്ലയിലേക്ക്‌, 3ന്‌ അങ്കമാലി, 4ന്‌ ആലുവ, 5ന്‌ പറവൂർ സമാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top