26 April Friday

‘ചിന്ത’യിൽ ഓർമകൾ 
ഉണർന്നിരിക്കും

സുജിത്‌ ബേബിUpdated: Tuesday Oct 4, 2022

ചിന്ത ഫ്ലാറ്റിലെ കോടിയേരി ബാലകൃഷ്ണന്റെ ഓഫീസ്


തിരുവനന്തപുരം
ചിന്ത ഫ്ലാറ്റിന്റെ പടികയറി ‘നാല്‌ എ’യിലേക്ക്‌ ഇനി വരാൻ സഖാവില്ല. കൈകൾ പിന്നിൽക്കെട്ടി ‘കേറി വാ’യെന്നു പറഞ്ഞ്‌ കാര്യമന്വേഷിക്കാൻ ആ സൗമ്യനായ ആതിഥേയനില്ല. വായിച്ചുതീർത്ത പുസ്തകങ്ങൾ വേർപാടിന്റെ നൊമ്പരമറിയുന്നു. അവശതയാർന്ന കൈയുയർത്തി അഭിവാദ്യം ചെയ്ത്‌ പ്രിയസഖാവ്‌ ഒടുവിലിറങ്ങിയത്‌ ഇവിടെനിന്നായിരുന്നു.

നൂറായിരം ഓർമകളുറങ്ങുന്ന ഫ്ലാറ്റിന്റെ താക്കോലുമായി ഷിജുവും എ കെ ജി സെന്ററിലെ ജീവനക്കാരൻ അഖിലും അവിടുണ്ട്‌. സ്വീകരണമുറി കഴിഞ്ഞാൽ ജനനേതാവിന്റെ ഓഫീസായി.

ഏതു പ്രശ്‌നത്തിനും പരിഹാരമുണ്ടായിരുന്ന ആ മുറിയിലും മൗനം തളംകെട്ടി നിൽക്കുന്നു. കോടിയേരിയെ കേൾക്കാൻ ഇനിയാരും വന്നിരിക്കാനില്ലാതെ രണ്ടു നിരയിലായി ആറ്‌ കസേര. അവയ്ക്ക്‌ അഭിമുഖമായി സഖാവിന്റെ ഇരിപ്പിടവും.

ഇടയിലെ മേശപ്പുറത്ത്‌ വായിക്കാനെടുത്ത രണ്ടു പുസ്തകം–- ഡോ. ഗീനാകുമാരിയുടെ ‘മാർക്‌സിയൻ അർഥശാസ്ത്രം കുട്ടികൾക്കും’, എം രൺദീഷിന്റെ  ‘മണിക്കുട്ടിയുടെ  നിയമപുസ്തക’വും. മൂന്നു വശത്തുമുള്ള പുസ്തകറാക്കിൽ നാരായണ ഗുരുവും  ഇ എം എസും വയലാറും ടി പത്മനാഭനും സി വി ആനന്ദബോസുമെല്ലാം ഒരുമിച്ചിരിക്കുന്നു. ജീവിതത്തിന്റെ ഭാഗമാക്കിയ യോഗയെക്കുറിച്ചുള്ള വൻ പുസ്തകശേഖരവും.

താഴേത്തലംമുതൽ പാർടി കോൺഗ്രസുവരെ പങ്കെടുത്ത സമ്മേളനങ്ങളുടെ ബാഡ്‌ജുകൾ അലമാരയിൽ തൂങ്ങിക്കിടക്കുന്നു. അകാലത്തിൽ പിരിഞ്ഞ യുവനേതാവ്‌ പി ബിജുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനത്തിനുള്ള ക്ഷണക്കത്ത്‌ പ്രത്യേകം സൂക്ഷിച്ചിരിക്കുന്നു. എണ്ണമറ്റ ഉപഹാരങ്ങൾമുതൽ തൊട്ടടുത്ത മുറിയിലെ വ്യായാമ ഉപകരണങ്ങളും ഒടുവിലുപയോഗിച്ച വീൽച്ചെയറും വാക്കറുംവരെ ഓർമകളുടെ കടലിരമ്പമാകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top