25 April Thursday
ക്രിമിനലുകൾക്കായി കത്ത്‌

മൈതാനത്ത് ‘ധാർമികത’ അകത്ത്‌ ‘നെപ്പോട്ടിസം’

പ്രത്യേക ലേഖകൻUpdated: Friday Dec 2, 2022


തിരുവനന്തപുരം
ക്രിമിനൽക്കേസ്‌ പ്രതികളെ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തെഴുതിയത്‌ ഏത്‌ ധാർമികതയുടെ ബലത്തിലാണെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ജനങ്ങളോട്‌ മറുപടി പറയേണ്ടിവരും. കൊടകര കുഴൽപ്പണ കേസിലും ബദിയടുക്കയിൽ സ്ഥാനാർഥിയെ തട്ടിക്കൊണ്ടുപോയ കേസിലുംപെട്ട കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെയും മറ്റ്‌ ക്രിമിനലുകളെയും സഹായിക്കണമെന്നാണ്‌ കത്ത്‌.

സ്വജനപക്ഷപാതത്തെയും ഭരണഘടനയെയുംകുറിച്ച് പറഞ്ഞ്‌ രാപകലില്ലാതെ സർക്കാരിനെതിരെ ‘ആഞ്ഞടിക്കാറുള്ള’ ടോർച്ച്‌ സ്വന്തം മുഖത്തേക്കാണ്‌ ഗവർണർ ആദ്യം അടിക്കേണ്ടത്‌. നിരന്തരം ആരോപിക്കുന്ന ‘നെപ്പോട്ടിസം–- (സ്വജനപക്ഷപാതം)’ മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രിമാർക്കുമെതിരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, രാജ്‌ഭവനിലെ നിയമനങ്ങൾമുതൽ ഇപ്പോൾ പുറത്തുവന്ന കത്തുവരെ കാണിക്കുന്നത്‌ ഗവർണറുടെ മറയില്ലാത്ത സ്വജനപക്ഷപാതവും. വ്യാഴാഴ്‌ചയും സർക്കാരിന്റെ സ്വജനപക്ഷപാതത്തെക്കുറിച്ചാണ്‌ മാധ്യമങ്ങളോട്‌ പ്രസംഗിച്ചത്‌. അപ്പോഴും വാർത്താ ചാനലുകളിൽ നിറഞ്ഞോടിയിരുന്നത്‌ കെ സുരേന്ദ്രനെയും കള്ളനോട്ട്‌ കേസിലെ പ്രതികളെയും രക്ഷിക്കണേ എന്നാവശ്യപ്പെടുന്ന ഗവർണറുടെ കത്തായിരുന്നു.

കേരള സർവകലാശാല സെനറ്റംഗങ്ങളെയും വിസിമാരെയും പിരിച്ചുവിടൽ, ഏകപക്ഷീയ സെർച്ച്‌കമ്മിറ്റി, മന്ത്രിമാരുടെ പ്രീതി പിൻവലിക്കൽ തുടങ്ങി ജനാധിപത്യ മര്യാദപോലും പാലിക്കാതെയുള്ള തീരുമാനങ്ങളിൽ ഒന്നുപോലും നടപ്പാക്കാൻ നിയമപ്രശ്നങ്ങൾമൂലം ഗവർണർക്ക്‌ കഴിഞ്ഞിട്ടില്ല. മന്ത്രിമാരുടെ പേഴ്സണൽ സ്‌റ്റാഫ്‌ നിയമനവും പെൻഷനും ഹൈക്കോടതി ശരിവച്ചതോടെ അക്കാര്യത്തിൽ അധിക്ഷേപിക്കാൻ ഇനി ഗവർണർക്കാകില്ല.

പ്രതികളെ സഹായിക്കണമെന്ന്‌ ഗവർണർ പറയുന്നതിലെ പ്രത്യാഘാതം ഗുരുതരമാണെന്നാണ്‌ നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്‌. കേന്ദ്രയജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള വിടുപണിയാണെങ്കിലും ഭരണഘടനാപദവിയെന്ന്‌ സ്വയം പുകഴ്‌ത്തുന്ന സ്ഥാനത്തെയാണ്‌ അവഹേളിക്കുന്നതെന്ന്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ മറന്നുപോകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top