29 March Friday
പ്രത്യേക പരോളും ഇടക്കാല ജാമ്യവും

ജയിലുകളിൽ ആളൊഴിയുന്നു

റഷീദ‌് ആനപ്പുറംUpdated: Wednesday Apr 1, 2020


തിരുവനന്തപുരം
തിങ്ങിനിറഞ്ഞ  കേരളത്തിലെ ജയിലുകൾ ‘ആൾക്ഷാമ’ത്തിലേക്ക്‌. ശിക്ഷാ തടവുകാർക്കു പിന്നാലെ  റിമാൻഡ്‌, വിചാരണ തടവുകാർകൂടി അടുത്ത ദിവസം പുറത്തിറങ്ങുന്നതോടെ ജയിലുകൾ താൽക്കാലികമായി കാലിയാകും. പരോളിനും ഇടക്കാല ജാമ്യത്തിനും അർഹതയില്ലാത്ത ഗുരുതര കുറ്റകൃത്യം ചെയ്‌തവർമാത്രമാകും ഇനി ജയിലിൽ. നെട്ടുകാൽത്തേരി, ചീമേനി, വനിതാ തുറന്ന ജയിലുകൾ ആളനക്കമില്ലാത്ത അവസ്ഥയിലാണ്‌. കോവിഡ്‌–- 19ന്റെ ഭാഗമായി ജയിലുകളിൽ ആളെ കുറയ്‌ക്കണമെന്ന സുപ്രീംകോടതി, ഹൈക്കോടതി നിർദേശങ്ങളെത്തുടർന്നാണിത്‌.

സംസ്ഥാനത്ത്‌ മൂന്ന്‌ സെൻട്രൽ ജയിൽ ഉൾപ്പെടെ 38 ജയിലാണുള്ളത്‌. 7100  അന്തേവാസികൾ ഇവിടെയുണ്ടായിരുന്നു.  ഇതിൽ 2500 പേർ ശിക്ഷാ തടവുകാരാണ്‌. 4600 പേർ  റിമാൻഡ്‌–- വിചാരണ തടവുകാരും. ഇവരിൽ 1200 പേർക്കും  ഇടക്കാല ജാമ്യം കിട്ടിയേക്കും.   ശിക്ഷാ തടവുകാരിൽ  691 പേർ  രണ്ടുമാസത്തെ പ്രത്യേക പരോളിൽ പുറത്തിറങ്ങി. ശേഷിക്കുന്നവർ അടുത്ത ദിവസങ്ങളിലിറങ്ങും. നേരത്തെ പരോളിലായിരുന്ന 112 പേരുടെ പരോൾ ഏപ്രിൽ 15 വരെ   നീട്ടി.  പോക്‌സോ,  മയക്കുമരുന്ന്‌, ബലാത്സംഗം, രാജ്യദ്രോഹ പ്രവർത്തനം, വയോധികരെ കൊലപ്പെടുത്തിയവർ ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾക്ക്‌ ശിക്ഷിക്കപ്പെട്ടവർ മാത്രമാണ്‌ ജയിലിലുള്ളത്‌.    
 
പട്ടിണി കിടക്കില്ല ഈ മിണ്ടാപ്രാണികൾ 
തടവുകാരെല്ലാം പരോളിൽ പോയതോടെ പട്ടിണിയിലായ ഒരു കൂട്ടരുണ്ട്‌ ജയിലുകളിൽ. തുറന്ന ജയിലുകളിലെ പശുവും ആടും കോഴിയും മുയലും പന്നിയും. മുള പൊട്ടിയതും കായ്‌ച് തൂങ്ങുന്നതുമായ പച്ചക്കറിയും ഫല വൃക്ഷങ്ങളും വെള്ളം കിട്ടാതെ  ഉണക്ക ഭീഷണിയിലുമാണ്‌. ഇതിന്‌ പരിഹാരമായി സെൻട്രൽ ജയിലുകളിൽനിന്ന്‌ പരോൾ ലഭിക്കാത്ത ശിക്ഷാ തടവുകാരെ തുറന്ന ജയിലുകളിൽ  നിയോഗിച്ചുതുടങ്ങി.

474 ഏക്കർ വിസ്‌തൃതിയുള്ള നെട്ടുകാൽത്തേരി ജയിലിൽ 30,000 റബർ മരമുണ്ട്‌. മാസം 1000 റബർ ഷീറ്റ്‌ അടിക്കും.   50 പശു, 15 എരുമ, 200 ആട്‌, 5000 കോഴി എന്നിവയും ഇവിടെയുണ്ട്‌. ഇവിടത്തെ 396 തടവുകാരിൽ 375 പേരും പരോളിൽ പോയി. ചീമേനിയിൽ 195 പേരിൽ 15 പേർ ഒഴികെയുള്ളവർ പരോളിലാണ്‌.  തിരുവനന്തപുരത്തെ വനിതാ തുറന്ന ജയിലിൽ 14ൽ എട്ടുപേർ പരോളിൽ പോയി.

ഓപ്പൺ ജയിലുകളിലെ പ്രവർത്തനം തടസ്സമില്ലാതിരിക്കാൻ സെൻട്രൽ ജയിലുകളിൽനിന്ന്‌ തടവുകാരെ നിയോഗിച്ചിട്ടുണ്ടെന്ന്‌ ജയിൽ ഡിഐജി എസ്‌ സന്തോഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top