29 March Friday
ശാസ്ത്രസമൂഹകേന്ദ്രം സന്ദർശിച്ചത്‌ മൂന്നുലക്ഷത്തോളം സ്‌കൂൾ കുട്ടികൾ

കുട്ടികളുടെ കുസാറ്റ്‌ ; നേട്ടങ്ങളുടെയും

വെബ് ഡെസ്‌ക്‌Updated: Monday Oct 31, 2022

കൊച്ചി

സ്കൂൾ വിദ്യാർഥികൾക്കെന്താ ​കുസാറ്റിൽ( കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി)  കാര്യമെന്ന്‌ ചോദിക്കാൻ വരട്ടെ.  അതിനുത്തരം സർവകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രം സന്ദർശിച്ച മൂന്നുലക്ഷത്തോളം കുട്ടികൾ പറയും. സ്‌കൂൾ വിദ്യാർഥികൾക്ക്‌ ശാസ്ത്രജ്ഞാനം പകരാനും ജനകീയ ശാസ്ത്രപ്രചാരണത്തിനും ശാസ്ത്രസമൂഹകേന്ദ്രം പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സർവകലാശാലയാണിത്‌. സ്കൂൾ അധ്യാപകർക്ക് ശാസ്ത്രമാതൃകകൾ നിർമിക്കാനുള്ള പരിശീലനവും കുട്ടികൾക്ക് ക്ലാസുകളും ഇവിടെയുണ്ട്‌.

കുസാറ്റിലെ ഗവേഷണങ്ങൾ പ്രബന്ധങ്ങളായി ഒതുക്കാതെ സമൂഹത്തിന് പ്രയോജനകരമായ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയുംചെയ്യുന്നു. ലാപ്ടോപ്, മൊബൈൽഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നുള്ള ഇലക്ട്രോ മാ​ഗ്നറ്റിക് ഇന്റർഫറൻസ് (ഇഎംഐ) തടയുന്ന കനം കുറഞ്ഞ പോളിമർ കോമ്പോസിറ്റ് ഫിലിം ഇത്തരത്തിലൊന്നുമാത്രം.  ഗവേഷണങ്ങൾ സമൂഹത്തിന് ​ഗുണകരമാക്കാൻ ഔട്ട് കം ബേസ്ഡ് പഠനരീതിയിൽ നാലു ബിരുദാനന്തരബിരുദ കോഴ്സുകളും തുടങ്ങി.  ഇതോടെ ദേശീയ റാങ്കിങ്ങിൽ കുസാറ്റിന്റെ സ്ഥാനം 86ൽനിന്ന് നാൽപ്പത്തൊന്നായി. നാലുവർഷത്തിനിടെ മൂന്നുതവണ സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്സ് അവാർഡും ലഭിച്ചു.

ലോകശാസ്ത്രജ്ഞരുടെ പട്ടികയിൽ 113 പേർ
ലോകശാസ്ത്രജ്ഞരുടെ പട്ടികയിൽ കുസാറ്റിൽനിന്ന് 113 പേരുണ്ട്‌. രാജ്യത്തെ മറ്റൊരു സർവകലാശാലയ്ക്കും കൈവരിക്കാനാകാത്ത നേട്ടമാണിത്‌. 30 പേറ്റന്റുകളുമുണ്ട്‌. മികച്ച വിദേശ സർവകലാശാലകളുമായി സ്റ്റുഡന്റ് എക്സ്ചേഞ്ച്, വിവിധ പ്രോജക്ടുകൾക്കുള്ള എംഒയു, ഇന്റേൺഷിപ് എന്നിവയ്ക്ക് കുസാറ്റിൽ അവസരമുണ്ട്. നിലവിൽ 64 വിദേശികൾ ഇവിടെ പഠിക്കുന്നു.

സമുദ്രപഠനങ്ങൾ 
ഒരു കുടക്കീഴിൽ
സമുദ്രമേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളും കുസാറ്റിലുണ്ട്. സമുദ്ര ഗവേഷണത്തിനുള്ള സ്കൂൾ ഓഫ് മറൈൻ സയൻസ്, ഇൻഡസ്ട്രിയൽ ഫിഷറീസ്, ജലജീവി ആരോഗ്യത്തിനുള്ള ദേശീയകേന്ദ്രം,  മറൈൻ എൻജിനിയറിങ്, നേവി വിദ്യാർഥികൾക്ക്‌ പകുതി സീറ്റ് സംവരണം ചെയ്ത ഷിപ് ടെക്നോളജി വിഭാഗങ്ങളുമുണ്ട്.

റിസർച്ച് പബ്ലിക്കേഷനിൽ 
എച്ച് ഇൻഡക്സ് 116
റിസർച്ച് പബ്ലിക്കേഷനിൽ കുസാറ്റിന്റെ എച്ച് ഇൻഡക്സ് (ഗവേഷണസൂചിക) 116  ആണ്. നൂറിനുമുകളിലുള്ള അപൂർവം സ്ഥാപനങ്ങളേ രാജ്യത്തുള്ളൂ. വിവിധ ഇൻകുബേറ്ററുകളിലായി 113 സ്റ്റാർട്ടപ്പുകളുണ്ട്‌. അധ്യാപകർക്കും ഇവിടെ സ്റ്റാർട്ടപ് കമ്പനി തുടങ്ങാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top