25 April Thursday

തിളക്കത്തോടെ ഇഎംഎസിന്റെ വാക്കുകൾ; ജനാധിപത്യ അട്ടിമറിക്ക്‌ 62, നശീകരണം തുടങ്ങിയത്‌ കോൺഗ്രസ്‌

ദിനേശ്‌ വർമUpdated: Saturday Jul 31, 2021

 

തിരുവനന്തപുരം>കേരളത്തിന്‌ അടിത്തറയിട്ട ആദ്യ ഇ എം എസ്‌ സർക്കാരിനെ അക്രമസമരത്തിലൂടെ കോൺഗ്രസുകാർ പുറത്താക്കിയിട്ട്‌ 62 വർഷം. 1959 ജൂലൈ 31നാണ്‌  ജനാധിപത്യക്കുരുതിക്ക്‌ വഴിവച്ച വിമോചനസമരം നടന്നത്‌. ചരിത്രത്തിന്റെ പ്രക്ഷോഭ അന്തസ്സിനാകെ കളങ്കമായ പൊതുമുതൽ നശീകരണം അന്നാണ്‌ കേരളം ആദ്യമായി കണ്ടത്‌. ഇന്ന്‌ പൊതുമുതൽ നശിപ്പിക്കൽ പാപമെന്ന്‌ മുതലക്കണ്ണീരൊഴുക്കുന്നവരുടെ തനിനിറം വ്യക്തമാക്കുന്നതുകൂടിയാണ്‌ ഈ അട്ടിമറിസമരം.

ഭൂ, വിദ്യാഭ്യാസമേഖലകളെ പരിഷ്‌കരിച്ചു എന്നതായിരുന്നു സമരക്കാരെ പ്രകോപിപ്പിച്ചത്‌. അക്കാലത്തെ ചില പത്ര റിപ്പോർട്ടുകൾ അക്രമചരിത്രം വ്യക്തമാക്കുന്നുണ്ട്‌. ‘പൊലീസ്‌ കാവലില്ലാത്ത സ്‌കൂളുകൾ തകർത്ത്‌ തീവച്ചു’. ‘മാവേലിക്കരയിലെ കുന്നത്ത്‌ സ്‌കൂളിൽ ഇരുനൂറോളം പേർ ആക്രമണം നടത്തി. തടയാൻ ചെന്ന പൊലീസിനെ കല്ലെറിഞ്ഞു. ലാത്തിച്ചാർജ്‌ ചെയ്തു. ’ ‘ചങ്ങനാശേരിയിൽ ആഭരണക്കട കത്തിച്ചു.’ ‘തിരുവല്ല, കവിയൂർ, മല്ലപ്പള്ളി എന്നിവിടങ്ങളിൽ വ്യാപക നാശം. ’ ‘സമാധാനം പാലിക്കണമെന്ന്‌ ഗവർണർ.’ ‘നൂറുകണക്കിനു പാർടി ഓഫീസുകൾ തകർത്തു.’ ‘അഞ്ചെണ്ണം പൂർണമായും കത്തിനശിച്ചു, കാർത്തിക തിരുനാൾ, ചാല ഉൾപ്പെടെ 13 സ്‌കൂൾ തകർത്തു, ലഭ്യമായ കണക്ക്‌ സർക്കാർ പുറത്തുവിട്ടു. 617 സർക്കാർ ബസും ആക്രമിക്കപ്പെട്ടു’–- ഇങ്ങനെ പോകുന്നു 15 പേരെ കൊലയ്‌ക്ക്‌ കൊടുത്ത നശീകരണത്തിന്റെ ചരിത്രം.

ഭൂരിപക്ഷം മാധ്യമങ്ങളും അക്രമസമരത്തെ പിന്തുണച്ചെന്നും ഇതിൽ വ്യക്തം. ഡോ. തോമസ്‌ ഐസക്‌ എഴുതിയ ‘വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ ’ എന്ന പുസ്തകത്തിൽ ഇത്‌ വിശദം. സിഐഎ സഹായത്തോടെയാണ്‌ വിമോചന സമരം നടന്നതെന്ന്‌ 1978ൽ ഇറങ്ങിയ മൊയ്‌നിഖാന്റെ ‘എ ഡെയ്‌ഞ്ചറസ്‌ പ്ലേസ്‌ ’ എന്ന പുസ്തകം സ്ഥിരീകരിച്ചു. സമരക്കാരുടെ മുദ്രാവാക്യങ്ങളിലും ഈ നീചരാഷ്ട്രീയം തികട്ടി: ‘പാളേ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന്‌ വിളിപ്പിക്കും, ചാത്തൻ പൂട്ടാൻ പൊയ്ക്കോട്ടേ, ചാക്കോ നാട്‌ ഭരിക്കട്ടെ’ മന്ത്രിയായിരുന്ന പി കെ ചാത്തനെകൂടി ഉദ്ദേശിച്ചായിരുന്നു ഇത്‌. പിരിച്ചുവിട്ടെങ്കിലും ഇ എം എസിനും മന്ത്രിമാർക്കും ഉജ്വല സ്വീകരണമാണ്‌ നാട്‌ നൽകിയത്‌. വിടവാങ്ങൽ പ്രസംഗത്തിൽ സെക്രട്ടറിയറ്റ്‌ ജീവനക്കാരോട്‌ ഇ എം എസ്‌ പറഞ്ഞ വാക്കുകളും നാട്‌ ഏറ്റെടുക്കുകയായിരുന്നു: ‘നമുക്ക്‌ ഇനിയും കാണാം. വികസനപദ്ധതികളുടെ പുരോഗതി ത്വരിതപ്പെടുത്തുക.’

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top