28 May Sunday

വൈറസിന്റെ കൗതുകലോകം

ഡോ. ടി എൻ ബിന്ദു ,ഡോ. പേരോത്ത് ബാലകൃഷ്ണന്‍Updated: Sunday May 29, 2022


സാർസ്, നിപാ, കോവിഡ്  തുടങ്ങിയ  പകർച്ചവ്യാധികൾ വൈറസ് എന്ന പദത്തെ ഏറെ  സുപരിചിതമാക്കിയിട്ടുണ്ട്. ലാറ്റിൻ ഭാഷയിൽ വിഷമെന്ന അർഥം വരുന്ന പദത്തിൽനിന്നാണ് വൈറസ് എന്ന വാക്കിന്റെ ഉത്ഭവം. വൈറസുകളെ സംബന്ധിച്ചുള്ള ശാസ്ത്രപഠന ശാഖയാണ് വൈറോളജി.

മിമിവൈറസ്
സ്വതന്ത്ര പദാർഥങ്ങളായ ‘വിറിയോൺ’ ആയാണ് ആതിഥേയ കോശങ്ങൾക്ക് പുറത്ത് വൈറസുകൾ കാണപ്പെടുന്നത്. ഓരോ വിറിയോണിനും മൂന്നു ഭാഗമാണുള്ളത്. ഡിഎൻഎ അല്ലെങ്കിൽ ആർഎൻഎ അടിസ്ഥാനമാക്കിയുള്ള ജനിതക പദാർഥങ്ങൾ, ഇവയെ സംരക്ഷിക്കുന്ന മാംസ്യം അടങ്ങിയ ആവരണം, ഇതിനു പുറമെയുള്ള കൊഴുപ്പടങ്ങിയ കവചം എന്നിവയാണ്‌ അവ. 20 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെയാണ് വൈറസുകളുടെ  വലുപ്പം. ന്യൂക്ലിയോ- സൈറ്റോപ്ലാസ്മിക് ലാർജ് ഡിഎൻഎ വൈറസുകൾ (NCLDVs) എന്ന ഗ്രൂപ്പിൽപ്പെടുന്ന മിമി വൈറസാ (Acanthamoeba polyphaga) ണ് ഇതുവരെ കണ്ടെത്തിയിട്ടുള്ള ‘ഏറ്റവും വലിയ’ വൈറസ്.  ജലദോഷത്തിന് കാരണമാകുന്ന   500 മില്യനിൽപ്പരം റൈനോ വൈറസുകളെ ഉൾക്കൊള്ളാൻ  ഒരു മൊട്ടുസൂചിയുടെ തലഭാഗത്തിനു കഴിയും!. ഹെലിക്കൽ, പോളിഹെഡ്രൽ, സ്പെറിക്കൽ, കോംപ്ലക്സ് എന്നിങ്ങനെ പലതരം ആകൃതിയിൽ വൈറസുകൾ കാണുന്നു.

പ്രവർത്തനരീതിയിലെ സങ്കീർണത
ഒരു  ശരീരകോശത്തിൽ എത്തുന്ന വൈറസ് കണങ്ങൾ ആതിഥേയരുടെ ജനിതക കണങ്ങളിൽ തങ്ങളുടേത് കൂട്ടിച്ചേർക്കുന്നു. തുടർന്ന് ആതിഥേയ കോശങ്ങൾ വൈറസ് പ്രോട്ടീനുകൾ ധാരാളമായി നിർമിക്കുന്നതിന് നിർബന്ധിതരാകുന്നു. ഇവ പുതിയ വൈറസ് കണങ്ങളായി മാറ്റപ്പെടുകയും പിന്നീട് ആതിഥേയ കോശഭിത്തികളെ ഭേദിച്ച് പുറത്തുവരികയും ചെയ്യുന്നു. വൈറസ് കണങ്ങൾ ബാധിച്ച കോശങ്ങൾ സ്വന്തം ധർമങ്ങളിൽനിന്ന്  വ്യത്യസ്തമായി വൈറസ് കണങ്ങൾ നിർമിക്കുന്നതിൽ വ്യാപൃതരാകുകയും പുതുതായി നിർമിക്കപ്പെടുന്ന വൈറസ് കണങ്ങൾ ആരോഗ്യമുള്ള മറ്റ് ആതിഥേയ കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നു .

സസ്യങ്ങൾ, ജന്തുക്കൾ, ഫംഗസുകൾ, ബാക്ടീരിയകൾ തുടങ്ങി എല്ലാത്തരം ജീവജാലങ്ങളെയും വൈറസുകൾ ബാധിക്കുന്നുണ്ടെങ്കിലും ചില വൈറസുകൾ ഒരു പ്രത്യേകതരം സ്പീഷ്യസുകളെ മാത്രമേ മിക്കവാറും ബാധിക്കുകയുള്ളൂ (host specificity).  എന്നാൽ, മറ്റു ചില വൈറസുകൾ ഒരു ശ്രേണിയിൽ വരുന്ന മുഴുവൻ ആതിഥേയ ജീവികളെയും ആക്രമിക്കുന്നവയാണ്. ഉദാഹരണത്തിന്‌ ചിക്കൻപോക്‌സ്‌ വൈറസുകൾ മനുഷ്യനെമാത്രം ബാധിക്കുമ്പോൾ റാബീസ് വൈറസുകൾ ഒട്ടുമിക്ക സസ്തനികളെയും ബാധിക്കാറുണ്ട്.

അംഗീകാരമുള്ളത്‌ 9110 ഇനം വൈറസുകൾക്ക്‌ !
മനുഷ്യരിൽ മാത്രമല്ല, ലോകത്തുള്ള സകലജീവജാലങ്ങളിലും എല്ലാ ആവാസവ്യവസ്ഥകളിലും -ശ്വസിക്കുന്ന വായുവിൽമുതൽ ആഴക്കടലിൽവരെ- വൈറസുകൾ കാണുന്നു. നാല് ബില്യൺ വർഷംമുമ്പ്‌ ആദ്യത്തെ ജീവകോശങ്ങൾ ഉത്ഭവിച്ചെന്നാണ് കണക്കാക്കുന്നത്‌. എന്നാൽ, അതിനു മുമ്പുതന്നെ വൈറസുകൾ രൂപപ്പെട്ടിരുന്നുവെന്നാണ്‌ അനുമാനം.  നിലവിൽ, 9110 തരം വൈറസുകളെയാണ് ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്സോണമി ഓഫ് വൈറസസ് അംഗീകരിച്ചിട്ടുള്ളത്. ഇത് മൊത്തം വൈറസുകളുടെ എണ്ണത്തിന്റെ  ചെറിയൊരു ശതമാനംമാത്രം.

ഇതിന്‌ പ്രധാന കാരണം ഒരു വൈറസിന്‌ നാമകരണം നടത്തണമെങ്കിൽ അവയെ ആതിഥേയ കോശങ്ങളിൽ വളർത്തിയെടുക്കണം എന്നതാണ്. ഇത് വർഗീകരണം ദുഷ്കരമാക്കുന്നു. വളരെയധികം സമയവും പണവും ആവശ്യമുള്ള പ്രക്രിയയുമാണ്‌.  മുൻകാല ഗവേഷണങ്ങൾ മനുഷ്യരിലോ, മൃഗങ്ങളിലോ, വിളസസ്യങ്ങളിലോ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ളവയും ആയിരുന്നു. എന്നാൽ, മെറ്റാജീനോമിക്സ് പോലുള്ള പുതിയ സാങ്കേതികവിദ്യകൾ വൈറസുകളുടെ വർഗീകരണത്തിന് ഏറെ സഹായകരമാണ്. 2020-ൽ മാത്രം ഏകദേശം 1044 വൈറസുകളെ പുതുതായി തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ഒരു കിലോ സമുദ്ര അവശിഷ്ടത്തിൽ ഒരു ദശലക്ഷത്തിലധികം വ്യത്യസ്ത വൈറൽ കണങ്ങൾ അടങ്ങിയിരിക്കുന്നു. 200 ലിറ്റർ സമുദ്രജലത്തിൽ ഏകദേശം 5000 വൈറൽ കണങ്ങളും മനുഷ്യന്റെ കുടലിൽമാത്രം ഏകദേശം 1000 വ്യത്യസ്ത വൈറസുകളും വസിക്കുന്നു. അടുത്തിടെ നടന്ന ചില പഠനങ്ങൾ പ്രകാരം സമുദ്രങ്ങളിൽമാത്രം 1031 വ്യക്തിഗത വൈറൽ കണങ്ങളുണ്ടെന്നാണ്‌ കണക്ക്‌. 

പുതിയ പഠനങ്ങൾ
കാലാവസ്ഥാ വ്യതിയാനം ജീവജാലങ്ങളുടെ സഞ്ചാരം, പലായനം, സമ്പർക്കം എന്നിവ വർധിപ്പിക്കുന്നതോടൊപ്പം വൈറസ് അടക്കമുള്ള സൂക്ഷ്മജീവികളുടെ പകർച്ചയുടെ വേഗം കൂട്ടുകയും ചെയ്യും. അന്തരീക്ഷ ഊഷ്മാവിന്റെ വർധന രണ്ട് ഡിഗ്രി സെൽഷ്യസിൽ താഴെ നിർത്തുകയാണെങ്കിൽപ്പോലും 2070 ആകുമ്പോഴേക്കും നാലായിരത്തിലധികം വൈറസുകൾ ഇപ്രകാരം ജീവജാലങ്ങൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാമെന്ന്‌ പുതിയ പഠനങ്ങൾ പറയുന്നു. മനുഷ്യൻ, വളർത്തുമൃഗങ്ങൾ, വന്യജീവികൾ, ആവാസവ്യവസ്ഥ എന്നീ നാലു ഘടകം തമ്മിലുണ്ടാകുന്ന സംഘർഷം, പരസ്പരബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ, പ്രതികൂലമായ സമ്പർക്കം, വന്യജീവികളുടെ അധിവാസ സ്ഥലങ്ങളിൽ വരുന്ന മാറ്റം, അവയുടെ വേട്ടയാടൽ, വിൽപ്പന, ഇരപിടിക്കൽ, വനമേഖലകളിലെ അനിയന്ത്രിത സഞ്ചാരം,  വൈറസുകളിലെ ജനിതകമാറ്റം തുടങ്ങിയവയെല്ലാമാണ്‌  വൈറസുകൾ മനുഷ്യനിലേക്കും വളർത്തുമൃഗങ്ങളിലേക്കും വന്യജീവികളിലേക്കും പകരുന്നതിന്‌ ഇടയാക്കുന്നത്‌.

വേണം നമുക്ക്  വൈറസുകളെയും  
വിനാശകാരികളായ ഒട്ടേറെ വൈറസുകൾ നമുക്ക്‌ സുപരിചിതമാണ്. എന്നാൽ, നിരവധി വൈറസുകൾ ആവാസവ്യവസ്ഥയുടെയും  ഫംഗസുകളും സസ്യങ്ങളുംമുതൽ പ്രാണികളും മനുഷ്യരുംവരെയുള്ള ജീവജാലങ്ങളുടെയും ആരോഗ്യം നിലനിർത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നവയാണ്‌. ഭക്ഷ്യശൃംഖലയിലും  പാരിസ്ഥിതിക വ്യവസ്ഥകളിലും  ഭൂമിയുടെ അന്തരീക്ഷത്തിലുംവരെ മാറ്റംവരുത്താൻ കഴിവുള്ളവയാണ്‌ വൈറസുകൾ.

അന്തരീക്ഷത്തിൽനിന്ന്‌ കാർബൺ വേർതിരിച്ചെടുക്കുന്നതിലും വൈറസുകൾ പങ്കുവഹിക്കുന്നു. ജീവിവർഗങ്ങളുടെ, പ്രത്യകിച്ച്‌ കീടങ്ങളുടെ സംഖ്യാ നിയന്ത്രണത്തിന് വൈറസുകൾ നിർണായകമാണ്‌. മനുഷ്യരുടെയും മറ്റു മൃഗങ്ങളുടെയും ശരീരത്തിൽ ആരോഗ്യകരമായ മൈക്രോ ബയോമുകൾ നിലനിർത്തുന്നതിനും സെല്ലുലോസിനെ പഞ്ചസാരയാക്കി മാറ്റുന്നതിലുംവരെ  വൈറസുകൾ മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്നാണ്‌ നിഗമനം. ജീവജാലങ്ങളുടെ ജനിതകഘടനയിൽ മാറ്റംവരുത്തുന്നതിന് വൈറസുകൾക്ക് വലിയ സ്വാധീനമുണ്ട്.  വെസ്റ്റ് നൈൽ വൈറസിന്റെയും ഡെങ്കിപ്പനിയുടെയും വിദൂര ബന്ധുവായ, രോഗകാരിയല്ലാത്ത  മനുഷ്യ വൈറസായ ജിബി വൈറസ് (GB virus C) എച്ച്ഐവി പോസിറ്റീവായ ആളുകളിൽ രോഗപ്രതിരോധത്തിന് സഹായകരമാണ്. ജനിതക വൈകല്യങ്ങൾ തടയാനും  വൈറൽ അണുബാധകളെ ചെറുക്കാനും പല നാനോ ടെക്നോളജി, ജനിതക പഠനങ്ങളിലും വൈറസുകളെ ഉപയോഗിക്കുന്നു.

വൈറസ്‌ ഇല്ലാത്ത ലോകമോ
മാരകമായ വൈറസുകളുടെ ആവിർഭാവവും അവയുടെ വ്യാപനവും  പൊതുജനാരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണ്. വൈറസുകളെ പൂർണമായും ഇല്ലാതാക്കി ഒരു ലോകം അസാധ്യമാണ്. അതിനാൽത്തന്നെ അവയോടൊപ്പം  ജീവിക്കുക മാത്രമാണ്  പോംവഴി. പൊടുന്നനെ പൊട്ടിപ്പുറപ്പെടുന്ന വൈറൽ രോഗങ്ങൾ വാക്സിനുകളോ മരുന്നുകളോ അതേ വേഗത്തിൽ കണ്ടെത്തി രോഗവ്യാപനം തടയുകയെന്നത് അപ്രായോഗികമാണെന്ന്‌ കോവിഡ് വ്യാപനം ലോകത്തെ പഠിപ്പിച്ചുകഴിഞ്ഞു. ചികിത്സയല്ല, പ്രതിരോധമാണ് പ്രധാനമെന്ന അടിസ്ഥാനപാഠവും.

ഡോ.  ടി എൻ ബിന്ദു (നിലമ്പൂർ വൈൽഡ് ലൈഫ് റിസർച്ച് ആൻഡ്‌ കൺസർവേഷൻ ട്രസ്റ്റിൽ ഗവേഷക)
ഡോ. പേരോത്ത് ബാലകൃഷ്ണൻ (പീച്ചി  കേരള വനം ഗവേഷണ സ്ഥാപനത്തിൽ ശാസ്ത്രജ്ഞൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top