24 April Wednesday

മുഖ്യമന്ത്രിയുടെ ഉറപ്പ്‌ ; വാനരപ്പടയുടെ പട്ടിണി മാറി

ഉണ്ണി ഈന്താട്‌Updated: Sunday Mar 29, 2020


കോഴിക്കോട്
ആളൊഴിഞ്ഞ കാവിൽ വാനരപ്പടയുടെ കളിയൊഴിഞ്ഞിട്ട്‌ ദിവസങ്ങളായി. നിവേദ്യചോറിനു പുറമെ ഭക്തരും സന്ദർശകരും നൽകുന്ന ഭക്ഷണം നിലച്ചതോടെ  അവരുടെ മുഖത്ത്‌ ദൈന്യതയും നിരാശയും. പതിവുതെറ്റാതെ ക്ഷേത്രത്തിലെ കഴകക്കാരൻ ബാലകൃഷ്‌ണവാര്യർ ശനിയാഴ്‌ച രാവിലെയും നിവേദ്യചോറുമായി എത്തിയപ്പോൾ ആ ജീവികളുടെ മനസ്സ്‌കുളിർത്തു. ‘നാളെ മുതൽ നിങ്ങൾക്ക്‌ കൂടുതലുണ്ടാകും....ട്ടോ രാമാ’ - കൂട്ടത്തിൽ മുതിർന്ന വാനരനെ നോക്കി വാര്യരുടെ വാക്കുകൾ.

കോവിഡിന്റെ ഭീഷണിയിൽ നാടാകെ നിശ്‌ചലമായപ്പോൾ പട്ടിണിയിലായവരാണ്‌ തലക്കുളത്തൂർ  വള്ളിക്കാട്ടുകാവിലെ വാനരന്മാർ. മനുഷ്യരെപ്പോലെ പക്ഷി മൃഗാദികൾക്കും ഭക്ഷണവും കരുതലും വേണമെന്ന്‌ വെള്ളിയാഴ്‌ച വാർത്താ സമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി തലക്കുളത്തൂരിലെ   കുരങ്ങന്മാരുടെ കാര്യവും പ്രത്യേകം എടുത്ത്‌ പറഞ്ഞു.   അത്‌ അപ്പാടെ  ഏറ്റെടുക്കുകയാണ്‌  മലബാർ ദേവസ്വം ബോർഡും ക്ഷേത്ര ഭാരവാഹികളും .

തലക്കുളത്തൂർ പഞ്ചായത്തിൽ എടക്കരയിലാണ് മലബാർ ദേവസ്വം ബോർഡിനുകീഴിലെ വള്ളിക്കാട്ടുകാവ് ക്ഷേത്രം. ഏകദേശം 24 ഏക്കർ  ഇടതൂർന്ന വനത്തിലെ വള്ളിപ്പടർപ്പുകളിൽ ഊഞ്ഞാലാടി രസിക്കുന്ന വാനരപ്പടയാണ്  ക്ഷേത്രത്തിലെ മുഖ്യാകർഷണം. 

മനുഷ്യരെപ്പോലെ കുരങ്ങൻന്മാർക്കും ഭക്ഷണം നൽകണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തെ ആദരവോടെ സ്വാഗതം ചെയ്യുന്നതായി  ക്ഷേത്രം ട്രസ്റ്റി ചെയർമാൻ വി കെ മോഹനൻ പറഞ്ഞു.  ഇതുവരെ നൽകിയിരുന്ന  നിവേദ്യച്ചോറ് ക്ഷേത്ര ഭാരവാഹികളുമായി ആലോചിച്ച് 10 കിലോ ആയി ഉയർത്തും. ചക്കയും പഴങ്ങളും ഇടവേളകളിൽ നൽകുമെന്നും മോഹനൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top