29 March Friday
നിരീക്ഷണത്തിലുള്ളവർക്ക്‌ കിറ്റ്‌ എത്തിച്ചുതുടങ്ങി

നന്ദി , സർക്കാരിന്റെ കരുതലിന്‌

എ സുൽഫിക്കർUpdated: Sunday Mar 29, 2020


തിരുവനന്തപുരം
"വാർഡ്‌ മെമ്പർ ഒരു കിറ്റ്‌ കൊണ്ടുവന്നിട്ടുണ്ടെന്ന്‌ അമ്മയാണ്‌ പറഞ്ഞത്‌. വീട്ടിൽ നിരീക്ഷണത്തിലായതിനാൽ പുറത്തിറങ്ങാനാകില്ല. കിറ്റ്‌ പൊട്ടിച്ച് അമ്മ അതിലുള്ളത്‌ ഓരോന്നായി പറഞ്ഞു. അരി, പഞ്ചസാര, സോപ്പ്‌ തുടങ്ങി ഒരു മാസത്തേക്കുള്ള സാധനങ്ങളുണ്ട്‌. ഈ സർക്കാർ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. നന്ദി ഈ കരുതലിന്‌' –-എറണാകുളം എടക്കാട്ടുവയൽ സ്വദേശി- എസ്‌ മാളവിക പറഞ്ഞു.

സംസ്ഥാനത്ത്‌ കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള 1,000 രൂപയുടെ പലവ്യഞ്‌ജനക്കിറ്റാണ്‌ ശനിയാഴ്‌ച വാർഡ്‌ മെമ്പർ മാളവികയുടെ വീട്ടിലെത്തിച്ചത്‌. അരി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല, തുവരപ്പരിപ്പ്‌, വെളിച്ചെണ്ണ, തേയില, ആട്ട, ഉഴുന്ന്‌, സാമ്പാർപൊടി, മുളകുപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, ഉപ്പ്‌, സോപ്പ്‌ എന്നിവയടങ്ങുന്നതാണ്‌ കിറ്റ്‌. പോണ്ടിച്ചേരി സർവകലാശാലയിൽ മൂന്നാംവർഷ ബിരുദ വിദ്യാർഥിയാണ്‌ മാളവിക. സർവകലാശാല അടച്ചതിനെ തുടർന്ന്‌ 18നാ ണ്‌ എറണാകുളം റെയിൽവേ സ്‌റ്റേഷനിലെത്തിയത്‌. അപ്പോൾ തന്നെ ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ശേഖരിച്ചു. വീട്ടിലെ മുറിക്കുള്ളിൽ നിരീക്ഷണത്തിലിരിക്കണമെന്ന്‌ പറയുകയും ചെയ്‌തിരുന്നു.

നിരീക്ഷണത്തിലിരിക്കുന്നതിനിടെയാണ്‌ സർക്കാരിന്റെ കരുതൽ മാളവികയ്‌ക്ക്‌ ലഭിച്ചത്‌. ഇത്തരത്തിൽ സംസ്ഥാനത്ത്‌ നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ പേർക്കും പലവ്യഞ്‌ജനക്കിറ്റ്‌ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ആരോഗ്യവകുപ്പ് തയ്യാറാക്കിനൽകുന്ന പട്ടിക അനുസരിച്ചാണ്‌ കിറ്റ്‌ നൽകുക. ഇതിനാവശ്യമായ ഭക്ഷ്യസാധനങ്ങൾ സപ്ലൈകോ ജില്ലാ ഭരണാധികാരികൾക്ക്‌ കൈമാറും. തദ്ദേശഭരണസ്ഥാപനങ്ങൾ, ദുരന്തനിവാരണ സംഘത്തിന്റെ വിതരണസംവിധാനം എന്നിവ വഴിയാണ്‌ സാധനങ്ങൾ വീട്ടിലെത്തിക്കുന്നത്‌. സുരക്ഷാക്രമീകരണങ്ങൾ പൂർണമായും പാലിച്ചാണ്‌ വിതരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top