ആലപ്പുഴ
പുഞ്ചവയലേലകളിൽ പൊൻകതിരും കർഷകരുടെ വിയർപ്പുമുത്തുകളും കണ്ടതാണ് ഡോ. എം എസ് സ്വാമിനാഥന്റെ ചെറുപ്പകാലം. ഡോ. കെ സാംബശിവന്റെയും തങ്കത്തിന്റെയും മകൻ സ്വാമിനാഥന്റെ പിറവി തമിഴ്‌നാട്ടിലെ കുംഭകോണത്താണെങ്കിലും ആലപ്പുഴ കുട്ടനാട് താലൂക്കിൽ മങ്കൊമ്പിലെ കൊട്ടാരം കുടുംബമാണ് തറവാട്. അച്ഛന്റെ പാതയിൽ മകനെ ഡോക്‌ടറാക്കാനായിരുന്നു കുടുംബത്തിന്റെ താൽപ്പര്യമെങ്കിലും ഇന്ത്യയുടെ ഭക്ഷ്യഅപര്യാപ്‌തതയ്‌ക്ക് മറുമരുന്ന് കണ്ടുപിടിക്കുകയായിരുന്നു സ്വാമിനാഥന്റെ നിയോഗം.
ബ്രിട്ടീഷ് സർക്കാരിന്റെ കീഴിൽ ഡോക്‌ടറായിരുന്നു അച്ഛൻ സാംബശിവൻ. എല്ലാവർഷവും വേനലവധിക്കാലം മുത്തച്ഛൻ കൃഷ്‌ണയ്യരുടെ മങ്കൊമ്പിലുള്ള കൊട്ടാരം വീട്ടിലായിരുന്നു. സ്വാമിനാഥന് 11 വയസുള്ളപ്പോൾ അച്ഛൻ മരിച്ചു.
1987ൽ ആദ്യ ലോക ഭക്ഷ്യ അവാർഡ് സ്വീകരിച്ച് നടത്തിയ പ്രസംഗത്തിൽ ഭക്ഷ്യ ഉൽപ്പാദനം കൂടുമ്പോഴും പട്ടിണി വളരുന്നതിനെപ്പറ്റി ആശങ്കപ്പെട്ടു. 70 ശതമാനം പേരും കൃഷി അനുബന്ധ ജോലിചെയ്യുമ്പോൾ ഇന്ത്യ ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്യുന്നതിനെ സ്വാമിനാഥൻ വിമർശിച്ചു. ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്ന അത്യുൽപ്പാദനശേഷിയുള്ള വിത്തുകൾ വികസിപ്പിച്ച് കർഷകർക്കിടയിൽ പ്രചരിപ്പിച്ചതാണ് സ്വാമിനാഥനെ പ്രശസ്‌തനാക്കിയത്. 1966ൽ മെക്‌സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ കൃഷി ചെയ്‌തു. ഐക്യരാഷ്‌ട്ര പരിസ്ഥിതി പ്രോഗ്രാം "സാമ്പത്തിക പരിസ്ഥിതിയുടെ പിതാവ്’ എന്ന് വിശേഷിപ്പിച്ചു.
സ്‌ത്രീപക്ഷ നിലപാടുകൾ
അന്തർദേശീയ നെല്ല് ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട് ഏഷ്യൻ ഡയറക്‌ടർ ജനറലായപ്പോൾ 1982ൽ അദ്ദേഹം ആദ്യം ചെയ്തത് ‘നെൽകൃഷി മേഖലയിലെ സ്‌ത്രീകൾ’ വിഷയത്തിൽ അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചതാണ്. അതിന് അസോസിയേഷൻ ഓഫ് വിമൻ ഡെവലപ്മെന്റ് പുരസ്‌കാരം ലഭിച്ചു. 2007ൽ രാജ്യസഭാംഗമായി. അക്കാലത്ത്‌അവതരിപ്പിച്ച സ്‌ത്രീകർഷക ജ്ഞാനോദയ ബിൽ പ്രശംസ നേടി. ബിൽ പാസായില്ലെങ്കിലും സ്‌ത്രീകർഷകരെ അംഗീകരിക്കുകയെന്ന ലക്ഷ്യം നിറവേറി.
കുട്ടനാട് പാക്കേജ്
കുട്ടനാടിനെ പുനരുജ്ജീവിപ്പിക്കാനുള്ള സ്വപ്‌നം യാഥാർഥ്യമാക്കാൻ കുട്ടനാട് പാക്കേജിലൂടെ പരിശ്രമിച്ചു. നെൽകൃഷിയും മത്സ്യകൃഷിയും ജലടൂറിസവുമെല്ലാം കോർത്തിണക്കി, കുട്ടനാടിനെ വെള്ളപ്പൊക്ക ദുരിതത്തിൽനിന്ന് കരകയറ്റുകയായിരുന്നു ലക്ഷ്യം. 2010ൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് പാക്കേജ് ഉദ്‌ഘാടനംചെയ്‌തത്.
പ്രമുഖരായ
20 എഷ്യക്കാരിൽ ഒരാൾ
ഇരുപതാം നൂറ്റാണ്ടിൽ ഗാന്ധിജി, ടാഗോർ, മാവോ, ദലൈലാമ എന്നിവർക്കൊപ്പം ഏറ്റവും സ്വാധീനം ചെലുത്തിയ ഏഷ്യക്കാരിൽ ഒരാളായി ടൈം മാസിക തെരഞ്ഞെടുത്ത വ്യക്തികളിൽ എം എസ് സ്വാമിനാഥനുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..