29 March Friday

കോവിഡിനെ ആപ്പിലാക്കാൻ വാട്‌സാപ്‌

സി പ്രജോഷ്‌ കുമാർUpdated: Tuesday Jul 28, 2020


മലപ്പുറം
കോവിഡ്‌ പ്രതിരോധത്തിൽ വാട്‌സാപ്പിന്‌ എന്ത്‌ കാര്യം എന്ന്‌ ചോദിക്കരുത്‌. മലപ്പുറത്ത്‌ ഒരു ഡോക്ടറും നാലുപേരും വാട്‌സാപ്പ്‌ ഗ്രൂപ്പുണ്ടാക്കി തളരാത്ത പോരാട്ടത്തിലാണ്. കോവിഡ്‌ ബാധിതർക്ക്‌ ആശ്വാസവും നിർദേശവും നൽകി കരുതലിന്റെ കാവലാവുകയാണ്‌ ഈ അഞ്ചുപേർ. പ്ലാസ്‌മ ദാനവുമായി കോവിഡ്‌ ചികിത്സയ്‌ക്കും ഇവർ തണലായുണ്ട്‌. ജില്ലാ കോവിഡ്‌ നോഡൽ ഓഫീസർ ഡോ. പി ഷിനാസ്‌ബാബു ആരംഭിച്ച ‘കോവിഡ്‌ മലപ്പുറം’ വാട്‌സാപ്പ്‌ ഗ്രൂപ്പിലൂടെയാണ്‌ ഇവരുടെ പ്രവർത്തനം. ഉമ്മർ സഖാഫി മൂർക്കനാട്‌, സിറാജുദ്ദീൻ ഇരിങ്ങാട്ടിരി, നിഷാദ്‌ ചങ്ങരംകുളം, ആഷിക്‌ അലി താനൂർ എന്നിവരാണ്‌ മറ്റ്‌ അഡ്‌മിൻമാർ. എല്ലാവരും കോവിഡ്‌ രോഗം മറികടന്നവർ. രോഗമല്ല, രോഗാവസ്ഥയാണ്‌ ഭീതിതമെന്ന തിരിച്ചറിവിൽനിന്നാണ്‌ ഇവർ രോഗബാധിതരായ മറ്റുള്ളവർക്ക്‌ സാന്ത്വനമാകുന്നത്‌.

മേയിൽ രോഗികൾ കുത്തനെ കൂടിയതോടെയാണ്‌ ഡോക്ടറുടെ മനസ്സിൽ ജില്ലയിലെ കോവിഡ്‌ ബാധിതർക്ക്‌ മാത്രമായി വാട്‌സാപ്പ്‌ എന്ന ആശയം ഉദിച്ചത്‌. രോഗികൾക്ക്‌ രോഗാവസ്ഥയും ചികിത്സയും, ക്വാറന്റൈനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക്‌ മറുപടി പറയുകയുമായിരുന്നു ലക്ഷ്യം.  രോഗികളുടെ എണ്ണത്തിനനുസരിച്ച്‌ ഗ്രൂപ്പിന്റെ എണ്ണവും കൂടി. തുടക്കത്തിൽ ഡോക്ടർ നേരിട്ടായിരുന്നു ഗ്രൂപ്പ്‌ നിയന്ത്രിച്ചത്‌.  ഇത്‌ സാധിക്കാതെ വന്നതോടെയാണ്‌ അഡ്‌മിൻമാരെ തേടിയത്‌. രോഗം ഭേദമായ പെരിന്തൽമണ്ണ ഫയർഫോഴ്‌സ്‌ ജീവനക്കാരൻ സിറാജുദ്ദീനും ചെന്നൈയിൽ ചായക്കട നടത്തിയിരുന്ന ആഷിക്‌ അലിയും പ്രവാസിയായ നിഷാദും സ്വയം സന്നദ്ധരായി. ഗ്രൂപ്പിൽ സജീവമായി ഇടപെട്ട സൗദി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ദേശീയ സെക്രട്ടറി ഉമ്മറിനെ ഡോക്ടർ നേരിട്ട്‌  അഡ്‌മിനാക്കി. ഇപ്പോൾ അഞ്ച്‌ ഗ്രൂപ്പുകളിലായി 1063 പേർ. ഗ്രൂപ്പംഗങ്ങളിൽ 70 പേർ ഇതിനകം പ്ലാസ്‌മ നൽകി. സംസ്ഥാനത്തുതന്നെ ഏറ്റവും ഫലപ്രദമായ ആന്റിബോഡി ചികിത്സ നൽകാൻ മഞ്ചേരി മെഡിക്കൽ കോളേജിനായത്‌ ഇവരുടെ സേവനസന്നദ്ധതകൊണ്ടാണ്‌.

രോഗം ഭേദമായാലും ഗ്രൂപ്പിൽനിന്ന്‌ ഒഴിവാക്കില്ല.     പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനാണ്‌ ശ്രമമെന്ന്‌ ഡോ. ഷിനാസ്‌ബാബു പറഞ്ഞു. സർക്കാർ ഒപ്പമുണ്ടെന്ന്‌ എല്ലാവരെയും ഓർമിപ്പിക്കുകയാണ്‌ ലക്ഷ്യം. ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടാൻ വഴിയൊരുക്കും–- അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top