29 March Friday

‘ഇങ്ങു വരട്ടെ; അവനെയോർത്ത്‌ ഞാൻ നീറിപ്പുകഞ്ഞു’

എം അനിൽUpdated: Tuesday Jul 27, 2021


കാരാളിമുക്ക്‌ (കൊല്ലം)
‘അവനിങ്ങു വരട്ടെ, ഇത്രയും നാൾ എവിടായിരുന്നെന്ന്‌ എനിക്കറിയണം. അത്രയ്‌ക്കാണ്‌ ഞാൻ നീറിപ്പുകഞ്ഞത്‌’.- മരിച്ചെന്നു കരുതിയ മകൻ സജാദ്‌ തങ്ങൾ മുംബൈയിൽ ജീവിച്ചിരിപ്പുണ്ടെന്ന്‌ നാലുപതിറ്റാണ്ടിനുശേഷം അറിഞ്ഞ ശാസ്‌താംകോട്ട മൈനാഗപ്പള്ളി വേങ്ങ (കാരാളിമുക്ക്‌) പടനിലത്ത്‌ തെക്കതിൽ വീട്ടിൽ ഫാത്തിമ ബീവി (91)യുടെ മനസ്സ്‌ നിറയെ മകനെ കാണാനുള്ള വെമ്പലാണ്‌.

നാൽപ്പത്തിയഞ്ച്‌ വർഷംമുമ്പ്‌ ദുബായിലേക്ക്‌ പോയ സജാദ്‌ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ്‌ പടനിലത്ത്‌ തെക്കതിൽ വീട്‌. അന്ന്‌ 24കാരനായ സജാദിന്‌ ഇന്ന്‌ 69 വയസ്സുണ്ട്‌. സഹോദരങ്ങളും കൂടെപ്പിറപ്പിനെ കാണാൻ കാത്തിരിക്കുന്നു. വാപ്പ യൂനുസ്‌ കുഞ്ഞ്‌ 2012ൽ മരിച്ചു. 1971ൽ 19–-ാം വയസ്സിലാണ്‌ സജാദ്‌ ദുബായിക്കു പോയത്‌. സുഹൃത്തുക്കൾക്കൊപ്പം സ്റ്റേജ്‌ഷോ പരിപാടിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. നടി റാണി ചന്ദ്രയെയും സംഘത്തെയും ദുബായിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാൻ വന്നപ്പോൾ 1976ൽ വീട്ടിൽ എത്തിയിരുന്നു. അതാണ്‌ അവസാനവരവ്‌. തിരികെ നടിയെ മദ്രാസിൽ എത്തിക്കാൻ വരുന്നുണ്ടെന്നും വിമാനടിക്കറ്റ്‌ എടുത്തെന്നും വീട്ടുകാരെ അറിയിച്ചിരുന്നു.

മടക്കയാത്രയിൽ ഇന്ത്യൻ എയർലൈൻസ്‌ വിമാനം അപകടത്തിൽപ്പെട്ട്‌ റാണി ചന്ദ്ര അടക്കം 89 യാത്രക്കാരും ആറു വിമാനജീവനക്കാരും മരിച്ചു. 1976 ഒക്ടോബർ 12ന്‌ ആയിരുന്നു ദുരന്തം. അപകടത്തിൽ സജാദും മരിച്ചെന്ന്‌ വീട്ടുകാർ വിശ്വസിച്ചു. മരിച്ചവരുടെ വിവരം പ്രസിദ്ധീകരിച്ചപ്പോഴാണ്‌ സജാദിനു പകരം സുഹൃത്ത്‌ വർക്കല പെരുമാതറ സ്വദേശി സുധാകരൻ ആണ്‌ വന്നതെന്ന്‌ ബന്ധുക്കൾ അറിഞ്ഞത്‌.

തുടർന്നും സജാദിനെക്കുറിച്ച്‌ ഒരു വിവരവും ഉണ്ടായില്ല. വിമാനാപകട വാർത്തയും സുധാകരന്റെ മരണവുമെല്ലാം സജാദിനെ ഉലച്ചിരുന്നു. ദുബായ്‌ വിട്ട സജാദ്‌ മുംബൈയിൽ എത്തി  കച്ചവടം നടത്തി. 35 വർഷമായി  മുംബൈയിലുണ്ട്‌. രോഗിയായ അദ്ദേഹത്തെ സുഹൃത്തായ പ്രസാദ്‌ നാരായണൻ 2019 നവംബറിൽ മുബൈ പനവേൽ സീൽ ആശ്രമത്തിൽ എത്തിച്ചു.

ആശ്രമത്തിന്റെ ചുമതലക്കാരനായ അടൂർ സ്വദേശി പാസ്റ്റർ ഫിലിപ്പിനോട്‌ അടുത്തിടെ സജാദ്‌ വീട്ടുകാരെക്കുറിച്ച്‌ സംസാരിച്ചു. പാസ്റ്ററും കൂട്ടരും കാരാളിമുക്ക്‌ ജുമാ മസ്‌ജിദിൽ എത്തി ബന്ധുക്കളെ കണ്ടു. സജാദിനെ കൂട്ടിക്കൊണ്ടുവരാൻ ബന്ധുക്കൾ ബുധനാഴ്‌ച രാവിലെ കൊല്ലത്തുനിന്ന്‌ യാത്രയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top