29 March Friday

കോവിഡ്‌ വ്യാപനത്തിൽ കാലാവസ്ഥയ്ക്ക്‌ പങ്കെന്ന്‌ പഠനം

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020


ബോസ്റ്റൺ
കൊറോണ വൈറസ്‌ വ്യാപനത്തിൽ കാലാവസ്ഥയ്ക്കും പങ്കുണ്ടെന്ന്‌ പഠനം. മാസച്യുസെറ്റ്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ (എംഐറ്റി) ഖാസിം ബുഖാരിയുൾപ്പെട്ട ശാസ്‌ത്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിലാണ്‌ കണ്ടെത്തൽ. വിവിധ രാജ്യങ്ങളിലെ കോവിഡ്‌ രോഗബാധയുടെ കണക്കുകൾ താപനിലയുടെയും ഈർപ്പത്തിന്റെയും അടിസ്ഥാനത്തിലാണ്‌ പഠനവിധേയമാക്കിയത്‌.

മാർച്ച്‌ 22 വരെയുണ്ടായ കോവിഡ്‌ വ്യാപനത്തിൽ 90 ശതമാനവും താപനില മൂന്നുമുതൽ 17 ഡിഗ്രിവരെയുള്ള സ്ഥലങ്ങളിലായിരുന്നു. ഈ സ്ഥലങ്ങളിലെ ഈർപ്പത്തിന്റെ അളവ്‌ ഒരു ഘനമീറ്ററിന് നാലുമുതൽ ഒമ്പത്‌ ഗ്രാം  (ജി/എം3) എന്നതായിരുന്നു. 18 ഡിഗ്രി താപനിലയും 9 ജി/എം3 ഈർപ്പവുമുള്ള സ്ഥലത്ത്‌  ആറ്‌ ശതമാനം കോവിഡ്‌ കേസുമാത്രമേ രേഖപ്പെടുത്തിയുള്ളൂ.

ഏഷ്യൻ രാജ്യങ്ങളിൽ അന്തരീക്ഷ ഈർപ്പം 10ജി/എം3യാണ്‌. അതിനാൽ വൈറസ്‌ വ്യാപനത്തോത്‌ കുറവായിരിക്കുമെന്നാണ്‌ പഠനം. അമേരിക്കയിലെ കോവിഡ്‌ വ്യാപനവും പഠനവിധേയമാക്കി. ഇവിടെ വടക്കൻ പ്രദേശങ്ങളിൽ തണുപ്പ്‌ കൂടുതലായതിനാൽ രോഗബാധ കൂടുതലായിരുന്നു. തെക്കൻ പ്രദേശങ്ങളിൽ നേരേ തിരിച്ചും.

ഈ പഠനം അവസാനവാക്കായി കരുതാനാകില്ലെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.  ‘‘നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനമാണിത്‌. വൈറസിന്റെ ജനിതകഘടനയിൽ മാറ്റമുണ്ടാവുകയാണെങ്കിൽ ഈ അനുമാനം തെറ്റാകാൻ സാധ്യതയുണ്ട്‌’’–- അവർ പറഞ്ഞു. ചൂടുള്ള സ്ഥലങ്ങളിൽ കോവിഡ്‌ പകരില്ല എന്നല്ല ഇതിനർഥമെന്നും അവർ കൂട്ടിച്ചേർത്തു.


 

കൊറോണ കണ്ണീരിലൂടെ  പടരില്ലെന്ന് പഠനം
കണ്ണീരില്‍ കൂടി കൊറോണ വൈറസ് പടരാന്‍ സാധ്യത കുറവാണെന്ന് പഠനം. രോഗിയുടെ ശരീരസ്രവത്തിലൂടെ രോഗം പടരുന്നതെങ്ങനെയെന്നതിലേക്ക് വെളിച്ചംവീശുന്ന പുതിയ പഠനത്തിന്റെ ഫലം സിംഗപ്പുരിലെ ദേശീയ സാക്രമികരോഗ വിഭാഗം പുറത്തുവിട്ടു.തുടക്കംമുതല്‍ രോഗമുക്തി നേടുന്നതുവരെ വിവിധഘട്ടങ്ങളില്‍ രോഗിയുടെ കണ്ണീര്‍, മൂക്കിനുള്ളിലെ സ്രവം, തൊണ്ടയിലെ സ്രവം എന്നിവ ഗവേഷകര്‍ പരിശോധിച്ചു. രോഗിയുടെ കണ്ണീരില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍, തൊണ്ടയിലേയും മൂക്കിലേയും സ്രവങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി.

രോഗി ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് കണങ്ങള്‍ മൂക്കിലൂടെയോ വായിലൂടെയോ പുറത്തേക്ക് തെറിക്കാം. ചുറ്റുമുള്ളവരുടെ മൂക്കിലൂടെയോ വായിലൂടെയോ കണ്ണിലൂടെയോ വൈറസ് ഉള്ളില്‍ പ്രവേശിക്കാം. വൈറസ് ഉള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുകയും പിന്നീട് മുഖത്ത് സ്പര്‍ശിക്കുകയും ചെയ്യുന്നതിലൂടെയും രോഗംവരാം. രോഗവ്യാപനം തടയാന്‍ കണ്ണ്, കൈകള്‍, വായ എന്നിവ മൂടേണ്ടത് അനിവാര്യമാണെന്നും  പഠനം ചൂണ്ടിക്കാട്ടി.



 

ഫോണിൽ പരിശോധിക്കാം; 50 മിനിറ്റിൽ ഫലം
കോവിഡ്‌–-19 രോഗനിർണയം നടത്താൻ ഇനി സ്‌മാർട്ട്‌ഫോണും. ബ്രിട്ടനിലെ ഗവേഷകരാണ്‌ സ്‌മാർട്ട്‌ഫോൺ വഴി രോഗനിർണയം നടത്താൻ സാങ്കേതികവിദ്യ കണ്ടുപിടിച്ചത്‌.  50 മിനിറ്റിൽ ഫലം അറിയാമെന്നാണ്‌ പറയുന്നത്‌. തൊണ്ടയിലെ സ്രവത്തിലൂടെയാണ്‌ രോഗനിർണയം നടത്തുക. നിലവിലെ പരിശോധനകളുടെ ഫലം ലഭിക്കാൻ 24–-48 മണിക്കൂർ സമയം വേണ്ടിവരുന്നുണ്ട്‌. ഈ കാലതാമസത്തെ മറികടക്കാനാണ്‌ ബ്രിട്ടനിലെ ഈസ്റ്റ്‌ ആംഗ്ലിയ സർവകലാശാല നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചത്‌. രണ്ടാഴ്ചയ്ക്കുള്ളിൽ നാഷണൽ ഹെൽത്ത് സർവീസ് (എൻ‌എച്ച്എസ്)ഉദ്യോഗസ്ഥർക്ക്‌ ഇത്‌ പരീക്ഷണത്തിന്‌ നൽകും. ഒരേസമയം 16 സാമ്പിൾ പരിശോധിക്കാനാകുമെന്നും ലാബ്‌ പരിശോധനാ ഉപകരണങ്ങൾവഴി 384 സാമ്പിൾ പരിശോധിക്കാനാകുമെന്നുമാണ്‌ ഗവേഷകർ പറയുന്നത്‌. സ്വയം നിരീക്ഷണത്തിലുള്ള ആരോഗ്യപ്രവർത്തകർക്ക്‌ ഇത്‌ ഫലപ്രദമാകുമെന്നാണ്‌ ഗവേഷകരുടെ അനുമാനം. ഇതുവഴി കൂടുതൽ പേർക്ക്‌ രോഗവ്യാപനമുണ്ടാകുന്നതും തടയാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top