02 May Thursday

ഇന്ദിരാഗാന്ധിയും കരുണാകരനും-പ്രഭാവർമ്മയുടെ 'ദില്ലിക്കാലം' പരമ്പര നാലാം ഭാഗം

പ്രഭാവർമ്മUpdated: Monday Sep 26, 2022

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്‌ തൊട്ട്‌ മുമ്പ്‌ ഇന്ദിരാഗാന്ധി കോൺഗ്രസ്‌ നേതാക്കൾക്കൊപ്പം

ഇന്ദിരാഗാന്ധിക്ക് ഒരു പ്രത്യേക രീതിയുണ്ട്. അപ്രിയമായ നടപടികൾ സർക്കാരിന് കൈക്കൊള്ളേണ്ടിവരുമ്പോൾ, അത്‌ സ്വമേധയാ എടുത്തതല്ല, മറിച്ച് പ്രതിപക്ഷസമർദ്ദംകൊണ്ട് നിവൃത്തിയില്ലാതെ എടുത്തതാണ് എന്ന പ്രതീതിയുണ്ടാക്കുക. ഒരുപക്ഷേ, നടപടി നേരത്തെതന്നെ എടുത്തുകഴിഞ്ഞിട്ടുണ്ടാവും. എങ്കിലും പ്രതിപക്ഷം അതിശക്തമായി നടപടി ആവശ്യപ്പെടട്ടെ എന്ന മട്ടിൽ കാത്തിരിക്കും.   പ്രക്ഷുബ്ധതയുടെ ഉച്ചാവസ്ഥയിൽ മാത്രം നടപടി പ്രഖ്യാപിക്കും.

ഇന്ദിരാഗാന്ധിയും കരുണാകരനും

‘If  you can’t say anything good about someone, sit right here by me’
Alice Roosevelt Longworth, The New York Times

ഡൽഹിയിൽ ഒരു കേരളീയ പത്രപ്രവർത്തകന്‌ വീണുകിട്ടുന്ന അസാധാരണത്വമാർന്ന രണ്ട് മുഹൂർത്തങ്ങളെക്കുറിച്ച്‌ പറയാം; ഒന്ന് ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ടതും, മറ്റൊന്ന് കെ കരുണാകരനുമായി ബന്ധപ്പെട്ടതും.

'വിസ്മയം പോലെ ലഭിക്കും നിമിഷത്തി‐
നർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം'

എന്നാണല്ലോ കവിതയിൽ പറയുന്നത്. പൊലിപ്പിച്ചെടുക്കാൻ കഴിഞ്ഞത്  വി പി സിങുമായും ഇന്ദിരാഗാന്ധിയുമായും എനിക്ക് നടത്താൻ കഴിഞ്ഞ കൂടിക്കാഴ്ചകളാണ്. മനസ്സിൽ അത് ഇപ്പോഴും സൗരഭം പടർത്തിനിൽക്കുന്നു.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ഒരു മുറിയിൽ അരമണിക്കൂറിലേറെ സമയം ചെലവിടാൻ കഴിഞ്ഞ തികച്ചും അപ്രതീക്ഷിതമായ അനുഭവം. ഡൽഹിയിലെ അതിപ്രമുഖരായ സീനിയർ ജേർണലിസ്റ്റുകൾക്കുപോലും ഏറെ ശ്രമിച്ചാൽ മാത്രം ഒരുപക്ഷേ, കൈവരാവുന്നത് എന്നുമാത്രം പറയാവുന്ന അവസരമാണ് കോളേജ് വിട്ട് ഡൽഹിയിൽ പത്രപ്രവർത്തകനായി എത്തിയതിന്റെ ആദ്യവർഷങ്ങളിലെ ഒരു സന്ധ്യയ്ക്ക് എനിക്ക് കൈവന്നത്; എന്റെ മിടുക്കുകൊണ്ടല്ല; വെറും ഒരു യാദൃച്ഛികതകൊണ്ട്.

ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ ആദ്യവർഷങ്ങളിലൊന്നിലാണത്. ഇന്ദിരാഗാന്ധി ഉഗ്രപ്രതാപശാലിയായി പ്രധാനമന്ത്രിക്കസേരയിൽ വാഴുന്ന കാലം. അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ ജൂനിയറായി, ഞാൻ അവിടെ പത്രപ്രവർത്തനം നടത്തുന്ന കാലം.

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

പാർലമെന്റിലെ പ്രധാന ചർച്ചകളെല്ലാം അപ്പുക്കുട്ടൻ വള്ളിക്കുന്നുതന്നെയാണ് കവർ ചെയ്യുക. ഞാൻ അന്ന് വല്ല ചോദ്യോത്തരവേളയോ മറ്റോ നോക്കും. ഏറിയാൽ സീറോ അവർ. അന്ന് ഒരിക്കൽ പഞ്ചാബ് പ്രശ്നം സംബന്ധിച്ച് ലോക്‌സഭയിൽ ഗൗരവപൂർവമായ ഒരു ചർച്ച നടന്നു.

കവർ ചെയ്യാനായല്ലെങ്കിലും ഞാൻ സഭയുടെ പ്രസ് ഗാലറിയിൽ വെറുതെ എല്ലാം നിരീക്ഷിച്ച് ഇരുന്നു. ബൽറാം ഝാക്കറാണ് ലോക്സഭാ സ്പീക്കർ. ചർച്ച ഏറെ ചൂടുപിടിച്ച് കത്തിക്കയറി. സഭ നിയന്ത്രിക്കാൻ ഝാക്കർ അങ്ങേയറ്റം പാടുപെട്ടുകൊണ്ടിരുന്നു. ഭരണപക്ഷത്ത് സി എം സ്റ്റീഫൻ, പി വി നരസിംഹറാവു, ബൂട്ടാസിങ്, എൻ ജി രങ്ക, വി സി ശുക്ല, മാധവ്സിങ് സോളങ്കി തുടങ്ങിയവർ. ഇവരിലാരും ഇപ്പോഴില്ല.

ഡൽഹിയിലെ കേരള ഹൗസ്‌

ഡൽഹിയിലെ കേരള ഹൗസ്‌

പ്രതിപക്ഷത്ത് എ ബി വാജ്പേയി, റാംജത് മലാനി, ജോർജ് ഫെർണാണ്ടസ്, സോമനാഥ് ചാറ്റർജി, സുബ്രഹ്മണ്യം സ്വാമി, മധു ദന്തവാതെ, പ്രമീളാ ദന്തവാതെ, സത്യസാധൻ ചക്രവർത്തി തുടങ്ങിയവർ. ഇവരിലും ചിലർ ഇപ്പോഴില്ല.

ഇന്ദിരാഗാന്ധിക്ക് ഒരു പ്രത്യേക രീതിയുണ്ട്. അപ്രിയമായ നടപടികൾ സർക്കാരിന് കൈക്കൊള്ളേണ്ടിവരുമ്പോൾ, അത് സ്വമേധയാ എടുത്തതല്ല, മറിച്ച് പ്രതിപക്ഷസമർദ്ദംകൊണ്ട് നിവൃത്തിയില്ലാതെ എടുത്തതാണ് എന്ന പ്രതീതിയുണ്ടാക്കുക. ഒരുപക്ഷേ, നടപടി നേരത്തെതന്നെ എടുത്തുകഴിഞ്ഞിട്ടുണ്ടാവും. എങ്കിലും പ്രതിപക്ഷം അതിശക്തമായി നടപടി ആവശ്യപ്പെടട്ടെ എന്ന മട്ടിൽ കാത്തിരിക്കും. പ്രക്ഷുബ്ധതയുടെ ഉച്ചാവസ്ഥയിൽ മാത്രം നടപടി പ്രഖ്യാപിക്കും. അതാണ് രീതി.

അന്നും ഇന്ദിരാഗാന്ധി അതേ നിലപാടുതന്നെ കൈക്കൊണ്ടു. സഭയിൽ പ്രതിപക്ഷം കത്തിക്കയറി. അനിയന്ത്രിതമായ പ്രക്ഷുബ്ധാവസ്ഥ. അതിന്റെ പരകോടിയിൽ സ്പീക്കർ ബൽറാം ഝാക്കർ സഭ നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. സ്പീക്കർ ‘‘House stands adjourned for the day' എന്ന് പറഞ്ഞുനിർത്തിയതും ഇന്ദിരാഗാന്ധി ചാടിയെഴുന്നേറ്റ് എന്തോ പറയാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു.

പക്ഷേ, സഭ നിർത്തിവച്ചുകഴിഞ്ഞല്ലോ. ഇരുഭാഗത്തെയും അംഗങ്ങൾ കൂട്ടത്തോടെ പുറത്തേക്ക് പ്രവഹിച്ചുതുടങ്ങി. സഭ ശരിക്കും പിരിയുകയായി. പ്രസ് ഗാലറിയിൽനിന്ന് പത്രക്കാരും ഇറങ്ങി.

ട്രഷറി ബഞ്ചിലും പ്രതിപക്ഷ ബഞ്ചിലും മുൻനിരയിലെ പ്രമുഖരായ നേതാക്കൾ മാത്രമുണ്ട്. ഇന്ദിരാഗാന്ധി നേരേ സ്പീക്കറുടെ വേദിയിലേക്ക് നടക്കുന്നു. സ്പീക്കർ ഝാക്കറാകട്ടെ, മുൻനിരയിലെ പ്രതിപക്ഷനേതാക്കളോട് പോകരുത് എന്ന് കൈകൊണ്ട് കാണിക്കുന്നു. അവർ നടുത്തളത്തിൽ തങ്ങുന്നു. പ്രധാനമന്ത്രി സ്പീക്കറോട് എന്തോ രഹസ്യം പറയുന്നുണ്ട്.

അവിടേക്ക് പ്രതിപക്ഷനേതാക്കൾ ചെല്ലുന്നുണ്ട്. എന്തോ കൂടിയാലോചന നടക്കുന്നുമുണ്ട്.

ഈ ഘട്ടത്തിൽ പ്രസ് ഗാലറി ഏതാണ്ട് കാലിയായിക്കഴിഞ്ഞിരുന്നു. എത്രയും വേഗം സ്റ്റോറി ഫയൽ ചെയ്യാൻ പാഞ്ഞുപോയിക്കഴിഞ്ഞു മിക്കവാറും എല്ലാവരും. റിപ്പോർട്ടുചെയ്യേണ്ട ചുമതല ഇല്ലാത്തതുകൊണ്ട് ഞാൻ ഇറങ്ങാൻ അൽപ്പം സാവകാശമെടുത്തതാണ്. നോക്കുമ്പോൾ പ്രസ് ഗാലറിയിൽ എന്നെക്കൂടാതെ ഒരാളേയുള്ളൂ. ദ ടെലഗ്രാഫിന്റെയാണെന്നുതോന്നുന്നു; ഒരു ചാന്ദ്നി.

താഴെ നടക്കുന്ന കൂടിയാലോചനകൾ ശ്രദ്ധിച്ച് ഞങ്ങൾ മാത്രം അവിടെ ഇരുന്നു. നാലഞ്ചുമിനിറ്റുകൊണ്ട് കൂടിയാലോചനകൾക്കുശേഷം ഇന്ദിരാഗാന്ധിയും പ്രതിപക്ഷനേതാക്കളും പിരിഞ്ഞു.

എന്തായിരുന്നിരിക്കാം ചർച്ച എന്നാലോചിച്ച് ഞാനും ചാന്ദ്നിയും പതിയെ പുറത്തേക്ക് നടക്കുമ്പോൾ പ്രണബ് മുഖർജി പടികയറി മുകളിലേക്കുവരുന്നു. അപ്പോൾ ഞങ്ങൾ പ്രസ് ഗാലറിയിൽനിന്നുള്ള ഇടനാഴിക്ക് പുറത്തേക്കുകടന്നിട്ടേയുണ്ടായിരുന്നുള്ളൂ.

പത്രക്കാരെല്ലാം പോയിക്കഴിഞ്ഞോ എന്ന് പ്രണബ് മുഖർജി ആരാഞ്ഞു. എല്ലാവരും പോയല്ലോ എന്ന് ഞങ്ങൾ. 'മാഡത്തിന് ചിലതുപറയാനുണ്ട്; നിങ്ങൾ അവരുടെ റൂമിലേക്കുവരൂ' എന്നായി പ്രണബ് മുഖർജി. ഞങ്ങൾ അദ്ദേഹത്തിനുപിന്നാലെ പ്രധാനമന്ത്രിയുടെ മുറിയിലേക്ക് നടന്നു.

ഈ ഘട്ടത്തിൽ പാർലമെന്റ് കവർ ചെയ്യുന്ന പ്രമുഖ പത്രപ്രവർത്തകരൊക്കെ പാർലമെന്റിനും പ്രധാന പത്രസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന റഫ്ഗാർഗിലെ ഐ എൻഎസിനും ഇടയിലെ വഴിയിലോ, അതല്ലെങ്കിൽ ഐടിഒയ്ക്ക് അപ്പുറമുള്ള ബഹുദൂർഷാസഫർ മാർഗിലെ സ്ഥാപനങ്ങളിലേക്കുള്ള യാത്രയിലോ ആയിരുന്നു. അന്ന് മൊബൈൽ ഇല്ല.

ഒരിടത്തുനിന്നിറങ്ങിയാൽ മറ്റൊരിടത്തെത്തുന്നതുവരെ സന്ദേശമെത്തിക്കാൻ വഴിയൊന്നുമില്ല. പാർലമെന്റ് മന്ദിരത്തിൽനിന്ന് ബഹുദൂർഷാ സഫർമാർഗിലുള്ള പത്രസ്ഥാപനങ്ങളിൽ പോയി തിരിച്ചുവരാൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും വേണം. അവിടേക്കുപോയ പത്രപ്രവർത്തകരെയൊക്കെ തിരിച്ചുവിളിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിൽ ചിലർ.

ആർ കെ ധവാൻ നിർദേശങ്ങൾ നൽകിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അദ്ദേഹം തന്നെ ഞങ്ങളെ ഇന്ദിരാഗാന്ധിയുടെ മുറിയിലേക്ക് കടത്തിവിട്ടു. ഇന്നത്തെപ്പോലുള്ള സുരക്ഷാപരിശോധനകളൊന്നും അന്ന് വാതിലിലുണ്ടായിരുന്നില്ല.

പാർലമെന്റ് കവാടത്തിലെ സുരക്ഷാപരിശോധനയല്ലാതെ. ആ മുറിയിൽ ഇന്ദിരാഗാന്ധിയും ചാന്ദ്നിയും ഞാനും മാത്രമായി. പത്രപ്രവർത്തകർ ഓരോരുത്തരായി കടന്നുവന്നുതുടങ്ങാൻ പിന്നെയും അരമണിക്കൂറെങ്കിലും എടുത്തു. മുറിയിൽ കനത്തുനിന്ന മൗനം മുറിച്ചുകൊണ്ട് ഈ അരമണിക്കൂറിന്റെ തുടക്കത്തിൽ ഇന്ദിരാഗാന്ധിതന്നെ സംസാരിച്ചുതുടങ്ങി ‐ ഞങ്ങളെ പരിചയപ്പെടൽ!

ഇന്ദിരാഗാന്ധിയോട് സ്നേഹം സൂക്ഷിക്കുന്ന ഒരു മനസ്സായിരുന്നില്ല എന്റേത്. സജീവമായ ഒരു എസ്‌എഫ്ഐ ഘട്ടത്തിനിടയിലാണ് ഞാൻ ഡൽഹിക്കുപോയതുതന്നെ. അമിതാധികാര സ്വേച്ഛാധിപത്യത്തിന്റെ രാക്ഷസി എന്ന് കോളേജ് ക്യാമ്പസുകളിൽ അടിയന്തരാവസ്ഥയ്ക്കുതൊട്ടുപിന്നാലെയുള്ള ഘട്ടത്തിൽ ഞാൻ അവരെക്കുറിച്ച് പ്രസംഗിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ മഹാപാതകങ്ങൾ എത്രയോ എണ്ണം എന്റെ മനസ്സിൽ മായാതെ പതിഞ്ഞുകിടക്കുന്നുണ്ട്.

ഇന്ദിരാഗാന്ധിയോട് സ്നേഹം സൂക്ഷിക്കുന്ന ഒരു മനസ്സായിരുന്നില്ല എന്റേത്. സജീവമായ ഒരു എസ്‌എഫ്ഐ ഘട്ടത്തിനിടയിലാണ് ഞാൻ ഡൽഹിക്കുപോയതുതന്നെ. അമിതാധികാര സ്വേച്ഛാധിപത്യത്തിന്റെ രാക്ഷസി എന്ന് കോളേജ് ക്യാമ്പസുകളിൽ അടിയന്തരാവസ്ഥയ്ക്കുതൊട്ടുപിന്നാലെയുള്ള ഘട്ടത്തിൽ ഞാൻ അവരെക്കുറിച്ച് പ്രസംഗിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്തെ മഹാപാതകങ്ങൾ എത്രയോ എണ്ണം എന്റെ മനസ്സിൽ മായാതെ പതിഞ്ഞുകിടക്കുന്നുണ്ട്. കക്കയം ക്യാമ്പിലെ രാജൻ അടക്കമുള്ളവരുടെ നിലവിളികൾ എത്രയോവട്ടം എന്റെ മനസ്സിന്റെ ഏകാന്തരാത്രികളുടെ നിറുക പിളർന്നിട്ടുണ്ട്. ഈ പശ്ചാത്തലങ്ങൾകൊണ്ടാവാം; ഒരു ആനുകൂല്യവും എന്റെ മനസ്സിൽ അവരോടുണ്ടായിരുന്നില്ല. ആ ഇന്ദിരാഗാന്ധിയാണ് മുമ്പിലിരിക്കുന്നത്; ചോദ്യങ്ങൾ ചോദിക്കുന്നത്.

സഫ്‌ദർജങ്‌ റോഡിലെ ഇന്ദിരാഗാന്ധിയുടെ വസതി

സഫ്‌ദർജങ്‌ റോഡിലെ ഇന്ദിരാഗാന്ധിയുടെ വസതി

ഏത് പത്രത്തിലാണ് എന്ന് അവർ ചോദിച്ചു. ദേശാഭിമാനി എന്ന്‌  ഞാൻ മറുപടി പറഞ്ഞു. ദേശാഭിമാനിയെ അവർക്കറിയാമെന്നുതോന്നി. പൊളിറ്റിക്കൽ ആക്ടിവിസ്റ്റാണോ എന്നായി അവർ. പൊളിറ്റിക്സുണ്ട് എന്ന്‌ ഞാൻ.

ഇവിടുത്തെ ഏതെങ്കിലും മുഖ്യധാരാ ഇംഗ്ലീഷ് പത്രത്തിൽ ചേരാൻ താൽപ്പര്യമില്ലേ എന്ന് അവർ. എന്റെ രാഷ്ട്രീയവിശ്വാസങ്ങളുമായി ഒത്തുപോകുന്ന സ്ഥാപനത്തിലേ പ്രവർത്തിക്കൂ എന്ന്‌ ഞാൻ. അങ്ങനെ കൊച്ചുകൊച്ചു ചോദ്യോത്തരങ്ങളിലൂടെ നീണ്ടുപോയി ആ നിമിഷങ്ങൾ.

അതിനിടെ, സീനിയർ പത്രപ്രവർത്തകരൊക്കെയെത്തി‐ലോക്‌സഭ സ്ഥിരമായി കവർ ചെയ്യുന്നവർ. അവർ പറയാനുള്ള വിഷയത്തിലേക്ക് ഗൗരവപൂർവം കടന്നു ‐ അപ്പോൾ അവർ മറ്റൊരു ഇന്ദിരാഗാന്ധി. എനിക്ക് മനസ്സിലായതിതാണ്: പഞ്ചാബ് വിഷയത്തിൽ ഇന്ദിരാഗാന്ധി നേരത്തേതന്നെ ചില നടപടികൾ കൈക്കൊണ്ടിരുന്നു. അത് പ്രതിപക്ഷ സമ്മർദ്ദത്തിന്റെ ഫലമായിക്കൂടിയാണ് എന്ന് വരുത്തിത്തീർക്കാൻ പ്രതിപക്ഷ ബഹളം സഭയിൽ അതിന്റെ ഉച്ചാവസ്ഥയിലെത്തട്ടെ എന്നുകരുതി കാത്തിരിക്കുമ്പോഴാണ് സ്പീക്കർ പൊടുന്നനെ സഭ നിർത്തിവെച്ചത്.

സഭ ബഹളമയമായിരിക്കുന്ന ഘട്ടത്തിൽതന്നെ പഞ്ചാബിൽ നടപടികൾ നീങ്ങിത്തുടങ്ങിയിരുന്നു. എന്നിട്ടും സഭയിൽനിന്ന് അത് മറച്ചുവെച്ചുവെന്ന് പിറ്റേന്ന് ആരോപണമുണ്ടാവാതിരിക്കാനാണ്, സഭയിൽ തന്നെ ആ നടപടികൾ പ്രഖ്യാപിക്കാൻ, സഭ പിരിയുന്നതായി സ്പീക്കർ അപ്രതീക്ഷിതമായി അറിയിച്ച നിമിഷത്തിൽ തന്നെ അവർ എഴുന്നേറ്റത്.

പ്രതിപക്ഷനേതാക്കളെ വിവരമറിയിച്ചാൽ സഭയെ അറിയിച്ചതായി കരുതിക്കൊള്ളുമെന്ന സ്പീക്കറുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലുള്ള ആശയവിനിമയമാണ് സഭ പിരിഞ്ഞയുടൻ സഭയുടെ നടുത്തളത്തിലുണ്ടായത്. അതിനെക്കുറിച്ചുള്ള തന്റേതായ ഭാഷ്യം പത്രങ്ങളിൽ വരണമെന്ന താല്പര്യംകൊണ്ടാണ് പോയ പത്രക്കാരെ തിരിച്ചുവിളിക്കാനും അവർ വരുംവരെ കാത്തിരിക്കാനും ഇന്ദിരാഗാന്ധി തയ്യാറായത്.

പിന്നീട് കുറച്ചുമാസങ്ങളെ ജീവിച്ചിരുന്നുള്ളൂ അവർ. സഫ്ദർ ജങ് റോഡിലെ ഒന്നാം നമ്പർ വസതിയിൽനിന്ന് അ‌ക്‌ബർ റോഡിലെ ഒന്നാം നമ്പർ വസതിയിലെ ഓഫീസിലേക്കുള്ള (രണ്ടും ഒരേ സ്ഥലത്തുതന്നെ) നടപ്പാതയിൽ അവർ രക്ഷാഭടന്മാരുടെ വെടിയേറ്റുവീണ്‌ മരിച്ചു.

ഇന്ദിരാഗാന്ധി വെടിയേറ്റു വീണ നടപ്പാത

ഇന്ദിരാഗാന്ധി വെടിയേറ്റു വീണ നടപ്പാത

എന്നെ വിസ്മയിപ്പിച്ച വ്യക്തിത്വങ്ങളിലൊന്നാണ് മുൻ മുഖ്യമന്ത്രി കെ കരുണാകരന്റേത്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെയും പ്രതിപക്ഷ നേതാവായിരിക്കെയും കേന്ദ്രമന്ത്രിയായിരിക്കെയും, ഇതൊന്നുമല്ലാതിരിക്കെയും ഞാൻ അടുത്തുനിന്ന്‌ കണ്ടിട്ടുണ്ട്.

ചില ഉത്തരങ്ങൾ പറഞ്ഞിട്ട് കണ്ണിറുക്കി സമ്മാനിക്കുന്ന ആ പുഞ്ചിരി ഞാൻ എത്രയോ വട്ടം അനുഭവിച്ചിരിക്കുന്നു. രാഷ്ട്രീയമായി എതിർപക്ഷത്തുനിന്ന്‌ വിമർശിച്ചിട്ടേയുള്ളു ഞാൻ.

ജയറാം പടിക്കലിന്റെ കേസിൽ മുതൽ പ്രതിച്ഛായാ വിവാദത്തിൽ വരെ. ചിലതൊക്കെയെങ്കിലും ചെന്നു വല്ലാതെ തറച്ചിട്ടുമുണ്ട്. എന്നാലും കരുണാകരൻ പാരുഷ്യത്തോടെ, കാലുഷ്യത്തോടെ എന്നോട്‌ സംസാരിച്ചിട്ടില്ല; എന്തിനധികം? പ്രതിഷേധ സൂചകമാം വിധം ഒന്നുനോക്കിയിട്ടുപോലുമില്ല.

അതവിടെ നിൽക്കട്ടെ. എനിക്ക് പറയാനുള്ളത് മറ്റൊന്നാണല്ലൊ; അദ്ദേഹം ഹൃദയം തുറന്നുസംസാരിച്ചതിനെക്കുറിച്ചാണല്ലോ.

കോൺഗ്രസിൽ എന്നും അചഞ്ചലവിശ്വാസമുണ്ടായിരുന്ന കെ കരുണാകരന് കോൺഗ്രസ് നേതാക്കൾക്കിടയിൽ നിരുപാധികമായി വിശ്വസിക്കാൻ കഴിയുന്നതും ഹൃദയം തുറന്നുപറയാൻ കഴിയുന്നതുമായ എത്രപേരുണ്ടായിരുന്നു? ഈ ചോദ്യം എനിക്ക് എന്നോടുതന്നെ ചോദിക്കേണ്ടിവന്നത് 1993 മാർച്ച് 23ന്റെ സന്ധ്യയിലാണ്.

കോൺഗ്രസിൽ എന്നും അചഞ്ചലവിശ്വാസമുണ്ടായിരുന്ന കെ കരുണാകരന് കോൺഗ്രസ് നേതാക്കൾക്കിടയിൽ നിരുപാധികമായി വിശ്വസിക്കാൻ കഴിയുന്നതും ഹൃദയം തുറന്നുപറയാൻ കഴിയുന്നതുമായ എത്രപേരുണ്ടായിരുന്നു? ഈ ചോദ്യം എനിക്ക് എന്നോടുതന്നെ ചോദിക്കേണ്ടിവന്നത് 1993 മാർച്ച് 23ന്റെ സന്ധ്യയിലാണ്.

പ്രിയപത്നി കല്യാണിക്കുട്ടിയമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ഡൽഹി കേരള ഹൗസിന്റെ 104‐ാം നമ്പർ മുറിയിൽ മരവിച്ചെന്നപോലെ ഇരിക്കുകയായിരുന്നു കരുണാകരൻ.

കെ .കരുണാകരൻ

കെ .കരുണാകരൻ

ആ മുറിക്കുമുമ്പിലെ ഇടനാഴിയിലും കേരള ഹൗസിന്റെ പൂമുഖത്തും മുറ്റത്തുമൊക്കെയായി കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് നേതാക്കൾ ധാരാളം. കരുണാകരന്റെ വാത്സല്യം ഒന്നുകൊണ്ടു മാത്രം നേതൃത്വത്തിലേക്ക് ഉയർത്തപ്പെട്ടവരുണ്ട്. അദ്ദേഹത്തിന്റെ മമത ഒന്നുകൊണ്ടുമാത്രം ഉദ്യോഗസ്ഥ സ്ഥാനത്തുനിന്ന് കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് എത്തിപ്പെട്ടവരുണ്ട്. അങ്ങനെ പലരും. പക്ഷെ, കെ കരുണാകരൻ ആരെയും കാണാൻ കൂട്ടാക്കാതെ ഒറ്റയ്ക്കിരിപ്പാണ്.

ഡൽഹിയിലെ മലയാള പത്രപ്രവർത്തകരൊക്കെ പകൽ തന്നെ കൂട്ടായി ചെന്ന് കെ കരുണാകരനെ കണ്ടു. ചില തിരക്കുകൾകൊണ്ട് ആ കൂട്ടത്തിൽപ്പെടാൻ എനിക്ക്‌ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സന്ധ്യയ്ക്കാണ് ഞാൻ കേരള ഹൗസിലെത്തിയത്. അപ്പോഴത്തെ അവസ്ഥയാണ് ഈ വിവരിച്ചത്.

സുശീലാഗോപാലൻ

സുശീലാഗോപാലൻ

ഇടയ്ക്ക് സുശീലാഗോപാലൻ വന്നെന്ന് അറിഞ്ഞപ്പോൾ കെ കരുണാകരൻ കാണാമെന്ന്‌ സമ്മതിച്ചു. അവർ സംസാരിച്ചിറങ്ങിയപ്പോൾ വാതിൽപ്പാളിയിലൂടെ അദ്ദേഹം എന്നെ കണ്ടു; അകത്തേക്ക് വിളിച്ചു.

നിറഞ്ഞ കണ്ണുകളുമായിരിക്കുന്ന കരുണാകരനെയാണ് ഞാൻ അവിടെ കണ്ടത്. വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്ന നില. നീണ്ട മൗനങ്ങൾ. ഇടയ്ക്കിടയ്ക്ക് ഓരോ വാക്ക്. ആ സന്ദർഭത്തിൽ രണ്ടുമിനിറ്റിലേറേ അവിടെ തങ്ങുന്നത് ആലോചിക്കാൻ കഴിയാത്ത കാര്യമായിരുന്നു.

അതുകൊണ്ടുതന്നെ, ഔപചാരികതയിൽ ഒതുങ്ങിനിന്ന് ചില വാക്കുകൾ മാത്രം പറഞ്ഞ് ഞാൻ യാത്ര ചോദിച്ചു. അപ്പോൾ, തടഞ്ഞുകൊണ്ട് അദ്ദേഹം എന്റെ കൈപിടിച്ചു. അടുത്തിരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഇരുന്നു.


പിന്നീടങ്ങോട്ട് കരുണാകരന്റെ ഭാഗത്ത് മൗനമുണ്ടായില്ല. കണ്ണീരോടെ തുടർച്ചയായി പല കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. എല്ലാം കല്യാണിക്കുട്ടിയമ്മയുമായി ബന്ധപ്പെട്ട ഓർമകൾ. എത്രമേൽ ആത്മബന്ധത്തിലുറച്ച ദാമ്പത്യമാണ് ഇതെന്ന്‌ വിസ്മയം കൂറിക്കൊണ്ടാണ് ഞാനതെല്ലാം കേട്ടിരുന്നത്. അണപൊട്ടിയൊഴുകുംപോലെ ഓർമകളുടെ പരമ്പരകൾ.

കല്യാണിക്കുട്ടിയമ്മ

കല്യാണിക്കുട്ടിയമ്മ

തന്നെ ക്ഷേത്രവിശ്വാസിയാക്കിയത് കല്യാണിക്കുട്ടിയമ്മയായിരുന്നുവെന്ന് കരുണാകരൻ പറഞ്ഞു. ദൈവവിശ്വാസി പോലുമായിരുന്നില്ല കരുണാകരൻ. 'അവർക്ക് ക്ഷേത്രത്തിൽ തൊഴാൻ പോകണമെന്നുപറഞ്ഞു. ഞാൻ കൊണ്ടുപോയി. അവർ ക്ഷേത്രത്തിൽ കയറി തൊഴുമ്പോൾ, ഞാൻ പുറത്ത് വെറുതെ നടക്കും. ക്ഷേത്രത്തിൽ കയറുമായിരുന്നേയില്ല. ഒരിക്കൽ നിർബന്ധിച്ച് അവർ ഗുരുവായൂർ ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഞാൻ വെറുതെ ഒന്നുതൊഴുതു.

പക്ഷെ, അത് എനിക്കൊരു അനുഭവമായി. പിന്നീട് ഗുരുവായൂരമ്പലത്തിലെ നിത്യസന്ദർശകനായത് ഞാനാണ്; അവർ കൂടെ വരുന്ന ആളും!
അമേരിക്കയിൽ അവർക്ക് ശസ്ത്രക്രിയ നടക്കുന്ന ദിവസം രാത്രി ഞാൻ ഉറക്കത്തിൽ ഞെട്ടിയുണർന്നു. ഒരു സ്വപ്നം കണ്ടാണ് ഞെട്ടിയുണർന്നത്. സ്വപ്നത്തിൽ കണ്ടത് ഗുരുവായൂർ ശ്രീകോവിലാണ്. പെട്ടെന്ന് നട തുറക്കുന്നു.

പക്ഷേ, വിഗ്രഹം അവിടെ കാണാനില്ല. എന്തോ അശുഭം സംഭവിക്കാൻ പോകുന്നെന്ന് ഞാൻ കരുതി. ആ ദിവസമാണ് അവർ പോയത്!

കല്യാണിക്കുട്ടിയമ്മ രക്ഷപ്പെടുമെന്ന് ഉറപ്പാക്കാൻ ഞാൻ മിത്രൻ നമ്പൂതിരിപ്പാടിനെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത്, തിങ്കളാഴ്ച കഴിഞ്ഞാൽ രക്ഷപ്പെടുമെന്നാണ്.

തിങ്കളാഴ്ചവരെയുള്ള കാര്യത്തിൽ ഉറപ്പില്ലെന്നും പറഞ്ഞു. പക്ഷേ, തിങ്കളാഴ്ചയ്ക്ക്‌ കാത്തിരിക്കാതെ അവർ പോയി! ഇങ്ങനെ,

ദാമ്പത്യത്തിന്റെ ആദ്യനാളുകൾ തൊട്ടുള്ള ഓർമകൾ ഈറൻ കണ്ണുകളോടെ കരുണാകരൻ വിവരിച്ചുകൊണ്ടേയിരുന്നു. പുറത്ത് ധാരാളമാളുകൾ കാത്തുനിൽക്കുകയല്ലേ. ഞാൻ ഇറങ്ങട്ടെ എന്ന് ഇടയ്ക്കുകയറി പറഞ്ഞുനോക്കി. നിർബന്ധപൂർവം തടഞ്ഞുകൊണ്ട് അദ്ദേഹം കല്യാണിക്കുട്ടിയമ്മയുമായി ബന്ധപ്പെട്ട ഓർമകൾ തുടർന്ന്‌ പറഞ്ഞുകൊണ്ടേയിരുന്നു.

ദാമ്പത്യത്തിന്റെ ആദ്യനാളുകൾ തൊട്ടുള്ള ഓർമകൾ ഈറൻ കണ്ണുകളോടെ കരുണാകരൻ വിവരിച്ചുകൊണ്ടേയിരുന്നു. പുറത്ത് ധാരാളമാളുകൾ കാത്തുനിൽക്കുകയല്ലേ. ഞാൻ ഇറങ്ങട്ടെ എന്ന് ഇടയ്ക്കുകയറി പറഞ്ഞുനോക്കി. നിർബന്ധപൂർവം തടഞ്ഞുകൊണ്ട് അദ്ദേഹം കല്യാണിക്കുട്ടിയമ്മയുമായി ബന്ധപ്പെട്ട ഓർമകൾ തുടർന്ന്‌ പറഞ്ഞുകൊണ്ടേയിരുന്നു.

കെ മുരളീധരനോ പത്മജയോ അതുപോലെ അദ്ദേഹത്തിന്റെ മനസ്സിനോടു ചേർന്നുനിന്ന മറ്റാരെങ്കിലുമോ അപ്പോൾ അവിടെയുണ്ടായിരുന്നില്ല. ഉള്ളത് കുറേ കോൺഗ്രസ് നേതാക്കൾ മാത്രം; അതും മുറിക്ക്‌ പുറത്ത്.
അദ്ദേഹം എന്തുകൊണ്ടാകാം എന്നോട് ഇതൊക്കെ പറയുന്നതെന്ന്‌ ഞാൻ ആലോചിച്ചു.

അദ്ദേഹത്തെ പുകഴ്ത്തി ഒരു വാക്ക് എഴുതിയിട്ടുള്ള ആളല്ല ഞാൻ. പത്രസമ്മേളനത്തിൽ അദ്ദേഹത്തിന്‌ സുഖപ്രദമാകുന്ന ഒരു ചോദ്യമെങ്കിലും ചോദിച്ചിട്ടുള്ള ആളുമല്ല. വിമർശിച്ച് എഴുതിയിട്ടുള്ളതാകട്ടെ ധാരാളം. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളും ധാരാളം! എന്നിട്ടും സഹപ്രവർത്തകരായ കോൺഗ്രസ് നേതാക്കളെയാകെ പുറത്തുനിർത്തി അദ്ദേഹം കണ്ണീരോടെ എന്നോട്‌ മനസ്സുതുറക്കുന്നു.

മനസ്സിലെ സങ്കടങ്ങളെല്ലാം ആരോടെങ്കിലും തുറന്നുപറഞ്ഞാൽ അൽപ്പമൊരു ആശ്വാസമാകുമെന്ന് ഒരുപക്ഷേ അദ്ദേഹം കരുതിയിരുന്നിരിക്കാം. അത്തരമൊരു സന്ദർഭത്തിൽ മനസ്സുതുറന്ന് സംസാരിക്കാൻ പറ്റുന്ന ഒരു കോൺഗ്രസ് നേതാവുമില്ലെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം.

തന്റെ കൈവിരൽത്തുമ്പിൽ തൂങ്ങി നേതൃത്വത്തിന്റെ പടിചവിട്ടി മുന്നോട്ടുപോയവർ, പള്ളിപ്പുറത്ത് വാഹനാപകടത്തിൽപ്പെട്ട് നാലുനാൾ തികയുംമുമ്പേ തന്നെ തള്ളിപ്പറഞ്ഞവരാണെന്ന ചിന്ത ആ മനസ്സിൽ വന്നിരിക്കാം.

കാര്യസാധ്യത്തിനായിമാത്രം തന്നെ കാണുന്നവർക്ക് മനസ്സ് എന്നൊന്നില്ലെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. സ്തുതി പാഠകരുമായല്ല, മനസ്സിനെ മനസ്സിലാക്കുന്നവരുമായാണ് ഈ വിഷമചിന്തകൾ പങ്കിടേണ്ടതെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം. ഇതൊക്കെയല്ലാതെ, ആ നിമിഷങ്ങൾക്ക് വേറെ വിശദീകരണമൊന്നുമില്ല.

ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കരുണാകരൻ അന്ന് ഏറെ പറഞ്ഞത്. ഞാനാകട്ടെ, ദൈവവിശ്വാസിയേ അല്ല. കോൺഗ്രസ് നേതാക്കളെ കല്യാണിക്കുട്ടിയമ്മ കുടുംബാംഗങ്ങളെപ്പോലെ കണ്ട് സ്നേഹിച്ച് വീട്ടിൽ സൽക്കരിച്ചിരുന്നതിനെക്കുറിച്ച് പറഞ്ഞു.

ഞാനാകട്ടെ കോൺഗ്രസിന്റെ മിത്രമേ അല്ല. എന്നിട്ടും ഇങ്ങനെയുള്ള എന്നോട് അത്രയേറെ ഹൃദയംതുറന്നുസംസാരിക്കാൻ പ്രേരിപ്പിച്ചത് എന്താണെന്ന് ഞാൻ ഒരു പതിറ്റാണ്ടിനുശേഷം തിരുവനന്തപുരത്തെ ശാസ്തമംഗലത്തുള്ള വസതിയിൽവെച്ച് അദ്ദേഹത്തോട്‌ തുറന്നുചോദിച്ചു. കൈരളി ടിവിക്കുവേണ്ടിയുള്ള ഒരഭിമുഖത്തിനു ചെന്നതായിരുന്നു ഞാൻ. കണ്ണിറുക്കി ചിരിച്ചതല്ലാതെ അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ, ആ ചിരി വാചാലമായിരുന്നു.

'കൊട്ടാരത്തിൽ ശാസ്താ' എന്ന ആ വസതിയിൽ വെച്ചുനടന്ന ആ അഭിമുഖത്തിലാണ് കരുണാകരൻ സോണിയാഗാന്ധിയെ ആദ്യമായി 'മദാമ്മ' എന്നുവിശേഷിപ്പിച്ചത്. ഈ രാജ്യത്തിന്റെയോ ജനതയുടെയോ വികാരം അറിയാത്ത സ്ത്രീ എന്നുപറഞ്ഞത്. ഡിസംബർ തണുപ്പിൽ ദില്ലിയിൽചെന്ന് കാത്തുകിടന്നിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അനുമതിപോലും നിഷേധിച്ച് തന്നെ അപമാനിച്ചതിനെക്കുറിച്ച് വേദനയോടെ സംസാരിച്ചത്.

കോൺഗ്രസിന്റെ ചരിത്രം ആ മദാമ്മയ്ക്ക് മനസ്സിലാകില്ലെന്ന് കലാപസ്വരത്തിൽ തുറന്നടിച്ചത്.

ഏതുതരത്തിലുള്ള കോൺഗ്രസ് നേതാക്കൾക്കിടയിലാണ് കെ കരുണാകരൻ ജീവിച്ചത്? തന്റെ വാത്സല്യം കൊണ്ടുമാത്രം നേതാക്കളാകുകയും താൻ വീണെന്നറിഞ്ഞ നിമിഷം തന്നെ തള്ളിപ്പറയുകയും ചെയ്തവർ! തന്റെ കാരുണ്യം കൊണ്ടുമാത്രം കോൺഗ്രസിൽ തിരിച്ചുവരികയും വന്നശേഷം തനിക്ക് കോൺഗ്രസിൽ നിന്നിറങ്ങിപ്പോകേണ്ട സ്ഥിതിയുണ്ടാക്കുകയും ചെയ്തവർ!

തന്റെ സഹായംകൊണ്ട് പ്രധാനമന്ത്രിയാവുകയും ആയശേഷം തന്നെ തിരിഞ്ഞുകുത്തുകയും ചെയ്ത ഒരു മുൻ പ്രധാനമന്ത്രി! പിന്മുറക്കാരി എന്ന നിലയിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ പേര് നിർദേശിക്കുകയും പ്രസിഡന്റായശേഷം തന്നെ അപമാനിക്കുകയും ചെയ്ത ഒരു കോൺഗ്രസ് പ്രസിഡന്റ്! പ്രതിച്ഛായ ചർച്ചയുടെയും മറ്റും മറവിൽ തന്ത്രം മെനഞ്ഞ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഇറക്കിവിടുകയും ആ കസേരയിലേക്ക് അടുത്തനാൾ കയറിയിരിക്കുകയും ചെയ്ത സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ആസ്ഥാന പ്രതിയോഗി!

ബാല്യത്തിൽ ചിത്രകലയെ സ്നേഹിച്ച ചെറുകുന്നിലെ ആ ബാലൻ മുതിർന്നപ്പോൾ കേരളത്തിന്റെ ചിത്രം മാറ്റിവരയ്‌ക്കുന്ന രാഷ്ട്രീയ അതികായകനായി. മലബാറിന്റെ തനത്‌ വാസ്തുശൈലിയിലുള്ള ഒരു പഴയ കെട്ടിടത്തിലാണ് കെ കരുണാകരൻ ജനിച്ചത്.

പുൽതൊടികൾക്കുനടുവിലെ ഒറ്റയടിപ്പാതകളിലൂടെ നടന്നാണ് ചെറുകുന്നിലെ പ്രൈമറി സ്കൂളിൽ ആ ബാലൻ ദിവസവും എത്തിയത്.

കരുണാകര മാരാർ എന്ന പേര് കരുണാകരൻ എന്നായി ചുരുങ്ങിയത് ചിറയ്ക്കൽ രാജാസ് യുപി സ്കൂളിലെ പ്രൈമറി ക്ലാസ് പഠനഘട്ടത്തിലായിരുന്നു. പതിനൊന്നാം വയസ്സിൽ എടയ്ക്കാട് റെയിൽവേ സ്റ്റേഷനിലെത്തി മഹാത്മജിയെ കണ്ടതാണ് ആ ജീവിതത്തിലെ ആദ്യ രാഷ്ട്രീയ വഴിത്തിരിവുകുറിച്ചത്.

മഹാത്മജിയിൽ ആകൃഷ്ടനായി ദേശീയ പ്രസ്ഥാനത്തിലേക്ക്‌ കടന്നുചെന്ന കരുണാകരൻ ഗാന്ധിസത്തോടും കോൺഗ്രസിനോടുമുള്ള പ്രതിബദ്ധത തുടർന്നുള്ള ഘട്ടങ്ങളിൽ നെഞ്ചോടുചേർത്തുപിടിച്ചു.
എട്ടാം ക്ലാസ് പഠനം പൂർത്തിയാക്കുന്ന വേളയിൽ കരുണാകരന്റെ മനസ്സിൽ എന്നും തെളിഞ്ഞുനിന്ന മറ്റൊരു സ്വപ്നമുണ്ടായിരുന്നു.

വരകൾ ചിത്രങ്ങളായി രൂപപ്പെടുന്ന കല. അതായിരുന്നു ആ സ്വപ്നം. ചിത്രകലാ പഠനത്തിനുവേണ്ടി 1933ൽ തൃശൂരിലെ ഒരു സ്ഥാപനത്തിൽ ചേർന്നു.

ചിത്രകലാ പഠനത്തിനുവേണ്ടിയാണ് തൃശൂരിലെത്തിയതെങ്കിലും തൃശൂർ കരുണാകരന്‌ തന്റെ രാഷ്ട്രീയ കളരിയാവുകയായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തുടക്കം. നാലുവർഷത്തിനുള്ളിൽ അതായത് 37ൽ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൽ ചേർന്ന കരുണാകരൻ തൃശൂർ മുനിസിപ്പൽ കൗൺസിലറായി. വി ആർ കൃഷ്ണനെഴുത്തച്ഛനാണ് തൃശൂരിൽ കരുണാകരന്‌ രാഷ്ട്രീയ ഗുരുവായത്. പ്രജാമണ്ഡലത്തിലേക്കാനയിച്ചതും അദ്ദേഹം തന്നെ.

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത കരുണാകരന് ആ പ്രക്ഷോഭവേളയിലാണ് ആദ്യ അറസ്റ്റ് നേരിടേണ്ടിവന്നത്. 42ലാണത്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലായി കരുണാകരൻ അതോടെ. ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പുതന്നെ തെരഞ്ഞെടുപ്പിൽ വിജയിച്ചയാളാണ്‌ കരുണാകരൻ. തൃശൂർ നഗരസഭാ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച വേളയിൽ പി ഡി കരിയപ്പൻ എന്നയാളാണ്‌ കരുണാകരനെ ലീഡർ എന്ന് ആദ്യമായി വിളിച്ചത്.

ആ വിളി കരുണാകരനിൽ പതിഞ്ഞു. പിന്നീടങ്ങോട്ട് എന്നും കെ കരുണാകരൻ മുഴുവൻ കോൺഗ്രസുകാരുടെയും ലീഡറായി ഉയർന്നുനിന്നു. ആ പദം കരുണാകരൻ എന്ന വാക്കിന്റെ പര്യായംപോലുമായി മാറി. ഒല്ലൂക്കരയിലാണ് അന്ന്‌ കരുണാകരൻ മത്സരിച്ചത്. 1314 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായത്.

48ൽ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായ കരുണാകരന് ജീവിതത്തിൽ ഏറ്റവും വലിയ അനുഗ്രഹമായി മാറിയത് കല്യാണിക്കുട്ടിയമ്മയുമായുള്ള വിവാഹമായിരുന്നു. അമ്മാവന്റെ മകളെ 1954ലാണ് കരുണാകരൻ വിവാഹം ചെയ്തത്.

പിന്നീടിങ്ങോട്ട് അവർ മരിക്കുംവരെ കരുണാകരന്റെ താങ്ങും തണലും മാത്രമല്ല, കരുത്തും ആശ്വാസവും കൂടിയായിരുന്നു കല്യാണിക്കുട്ടിയമ്മ. അവരുടെ വിയോഗത്തെപ്പോലെ കരുണാകരനെ മാനസികമായി ക്ഷീണിപ്പിച്ച മറ്റൊരു സംഭവം ആ ജീവിതത്തിലുണ്ടായിട്ടില്ല. 93ലായിരുന്നു കല്യാണിക്കുട്ടിയമ്മയുടെ വിയോഗം.

കരുണാകരന്റെ നിയമസഭാ ജീവിതം കേരളപ്പിറവിക്ക് അപ്പുറവും ഇപ്പുറവുമായി പടർന്നുനിൽക്കുന്നു. 1945, 52, 54 എന്നീ വർഷങ്ങളിൽ തിരു‐കൊച്ചി നിയമസഭാംഗമായി പ്രവർത്തിച്ച കരുണാകരൻ കേരളപ്പിറവിക്ക്‌ ശേഷമിങ്ങോട്ട് ഏഴുതവണയായി 27 വർഷം കേരള നിയമസഭാംഗമായിരുന്നു. പിൽക്കാലത്ത് ഇന്ത്യൻ പാർലമെന്റിന്റെ ഇരുസഭകളിലേക്കുമായി ആ പാർലമെന്ററി ജീവിതം ഉയർന്നുചെന്നു. അങ്ങനെ ആ രാഷ്ട്രീയ ജീവിതം കേന്ദ്രമന്ത്രിസഭയിലുമെത്തി.

1970ൽ ഐക്യജനാധിപത്യമുന്നണി രൂപപ്പെടുത്തുന്നതിന്‌ മുന്നിൽനിന്നുപ്രവർത്തിച്ചത് കരുണാകരനാണ്. മുന്നണിയുടെ സ്ഥാപകൻ അദ്ദേഹമാണെന്നു പറയാം. പരസ്പരം ചേരാതിരുന്ന പല പാർടികളെ ഒരുമിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹം കാട്ടിയ പ്രാഗത്ഭ്യം ശ്രദ്ധേയമായിരുന്നു. ആധുനിക കേരളചരിത്രത്തിന്റെ മിക്ക ഘട്ടങ്ങളിലും നിയമസഭയിൽ ട്രഷറി ബെഞ്ചിലോ പ്രതിപക്ഷത്തോ ആയി കരുണാകരൻ തന്റെ നേതൃസ്ഥാനം ഉറപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയെന്നതിനെക്കാൾ ആഭ്യന്തരമന്ത്രിയായി ശ്രദ്ധേയനായ വ്യക്തിയാണ് കരുണാകരൻ.

അടിയന്തരാവസ്ഥയിലെ ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയേക്കാൾ ശക്തനായിരുന്നതുകൊണ്ടും ആ ശക്തി കേരളത്തിലാകെ പിടിമുറുക്കി നിന്നതുകൊണ്ടുമാവാമിത്. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് ചടുലമായ സാന്നിധ്യമായിരുന്നു കേരളത്തിൽ കെ കരുണാകരൻ.

എ കെ ആന്റണി

എ കെ ആന്റണി

കരുത്തനും കാർക്കശ്യക്കാരനുമായി അറിയപ്പെട്ടിരുന്ന കരുണാകരൻ ഒരു ഘട്ടത്തിൽ രാഷ്ട്രീയ ഉദാരതകൊണ്ട്‌ ശ്രദ്ധേയനായി. കോൺഗ്രസ് വിട്ടുപോയ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന എ കെ ആന്റണിയെയും കൂട്ടരെയും തിരികെ കോൺഗ്രസിൽ പ്രവേശിപ്പിക്കാനുള്ള സന്മനസ്സു കാട്ടിയതാണ് ആ ഉദാരതയുടെ ദൃഷ്ടാന്തം.

കരുത്തനായ കരുണാകരൻ ദില്ലിയിലെ കിങ് മേക്കറായാണ് ഒരു ഘട്ടത്തിലുയർന്നുനിന്നത്. പി വി നരസിംഹറാവുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കുയർത്തുന്നതിൽ വലിയ പങ്കുവഹിച്ച കരുണാകരന് പിന്നീട് റാവു എതിരായി എന്നത്‌ മറ്റൊരുകാര്യം..( തുടരും)

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top