24 April Wednesday
ഭാവിസമരപരിപാടികൾ തീരുമാനിക്കാൻ 27നു കോ–-ഓർഡിനേഷൻ കമ്മിറ്റി യോഗം

സമരൈക്യം ; കാർഷികബില്ലുകൾക്കെതിരെ പ്രതിഷേധനിര

സാജൻ എവുജിൻUpdated: Saturday Sep 26, 2020

ന്യൂഡൽഹി
മോഡി സർക്കാരിന്റെ കാർഷികബില്ലുകൾക്കെതിരെ ഉയരുന്നത്‌ രാജ്യത്തിന്റെ ചരിത്രത്തിലെ അപൂർവമായ പ്രതിഷേധനിര. പ്രക്ഷോഭത്തില്‍ കർഷക സംഘടനകളും -ട്രേഡ്‌ യൂണിയനുകളും യുവജന,- വിദ്യാർഥി, മഹിളാ സംഘടനകളും രാഷ്ട്രീയപാർടികളും ഒന്നിച്ച്‌ അണിനിരന്നു.

എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദളിന്റെ രണ്ട്‌ എംപിമാർ പഞ്ചാബിൽ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി. ബില്ലുകളോട്‌ വിയോജിച്ച്‌ കേന്ദ്രമന്ത്രിസഭയിൽനിന്ന്‌ രാജിവച്ച ഹർസിമ്രത്‌ കൗറും  ഭർത്താവും എസ്‌എഡി അധ്യക്ഷനുമായ സുഖ്‌ബീർ സിങ്‌ ബാദലും ട്രാക്ടറിൽ സഞ്ചരിച്ചാണ്‌ മുക്‌സ്‌തർ ജില്ലയിലെ ലാംബിയിൽ പ്രതിഷേധത്തിന്‌ നേതൃത്വം നൽകിയത്‌.

കോയമ്പത്തൂരിൽ തമിഴ്‌നാട്‌ കർഷക അസോസിയേഷനും അഖിലേന്ത്യാ കിസാൻസഭയും നടത്തിയ മാർച്ചിൽനിന്ന്‌

കോയമ്പത്തൂരിൽ തമിഴ്‌നാട്‌ കർഷക അസോസിയേഷനും അഖിലേന്ത്യാ കിസാൻസഭയും നടത്തിയ മാർച്ചിൽനിന്ന്‌


 

പലയിടങ്ങളിലും ബില്ലുകളുടെ കോപ്പിയും പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു. പഞ്ചാബിലും ഹരിയാനയിലും വെള്ളിയാഴ്‌ച ബസ്‌ ഓടിയില്ല. പഞ്ചാബിലേക്കുള്ള 14 ട്രെയിൻ നിർത്തിവച്ചു. ബംഗാൾ, അസം, ഹരിയാന, ഹിമാചൽപ്രദേശ്‌  എന്നിവിടങ്ങളിൽ ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർടികൾ പ്രതിഷേധങ്ങളിൽ പങ്കുചേർന്നു. ഹരിയാനയിൽ വ്യാപകമായി റോഡ്‌ ഉപരോധിച്ചു. ബംഗാളിൽ 92 ഇടത്ത്‌ ദേശീയപാതകളും 89 സ്ഥലത്ത്‌ സംസ്ഥാനപാതകളും ഉപരോധിച്ചു. കേരളത്തിൽ 250 കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധധർണ നടത്തി.

ബംഗളൂരുവിൽ സിഐടിയു കർണാടക സംസ്ഥാന പ്രസിഡന്റ്‌  വരലക്ഷ്‌മിയെ പൊലീസ്‌ ബലംപ്രയോഗിച്ച്‌ അറസ്‌റ്റുചെയ്യുന്നു

ബംഗളൂരുവിൽ സിഐടിയു കർണാടക സംസ്ഥാന പ്രസിഡന്റ്‌ വരലക്ഷ്‌മിയെ പൊലീസ്‌ ബലംപ്രയോഗിച്ച്‌ അറസ്‌റ്റുചെയ്യുന്നു


 

തമിഴ്‌നാട്ടിൽ നൂറുകണക്കിനു കേന്ദ്രങ്ങളിൽ വഴി തടഞ്ഞു. തിരുച്ചിറപ്പള്ളിയിൽ കർഷകർ തലയോട്ടികളുമായി കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി. രാജസ്ഥാനിൽ മിക്ക ജില്ലകളിലും ബന്ദിന്റെ പ്രതീതിയായി. ത്രിപുരയിൽ വ്യാപകമായി റോഡുകൾ ഉപരോധിച്ചു. ബിഹാറിൽ ആർജെഡി, ഇടതുപാർടികൾ, കോൺഗ്രസ്‌ എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മഹാരാഷ്ട്രയിൽ പാൽഗഡിലും ദഹാനുവിലും ദേശീയപാത ഉപരോധിച്ചു.

ഉത്തർപ്രദേശ്‌, കർണാടകം,   ഉത്തരാഖണ്ഡ്‌, ജാർഖണ്ഡ്‌ എന്നിവിടങ്ങളിലും കർഷകർ വൻപ്രതിഷേധം ഉയർത്തി.
250ൽപരം സംഘടനകളുടെ പൊതുവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയാണ്‌ പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്‌തത്‌. ഭാവിസമരപരിപാടികൾ തീരുമാനിക്കാൻ 27ന്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി ചേരും.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top