23 April Tuesday

മറ്റൊരു ബഷീർ - സത്യൻ അന്തിക്കാട് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

 എഴുതാത്ത വൈക്കം മുഹമ്മദ് ബഷീർ എന്നാണ് ഞാൻ പണ്ട് ഇന്നസെന്റിനെ വിളിച്ചിരുന്നത്. എന്നാൽ പിന്നീട് എഴുതുന്ന ബഷീർ ആയെന്നും പറഞ്ഞു. അദ്ദേഹത്തോട് തന്നെയാണ് ഇന്നസെന്റിനെ താരതമ്യപ്പെടുത്താനാവുക. മലയാളം അറിയാവുന്ന ആർക്കും ആസ്വദിക്കാം അത്. ബഷീറിനെപ്പോലെ ഇന്നസെന്റും ചിരിയ്ക്കുള്ളിൽ കടൽപോലെ കണ്ണീർത്തുള്ളി ഒളിപ്പിച്ചുവച്ചു

സിനിമയിലെ എന്റെ ദീർഘകാല സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ഇന്നസെന്റിന്റെ ജീവിതം പൊരുതലിെൻറയും അതിജീവനത്തിന്റെയും വിജയത്തിന്റെതുമായിരുന്നു. പ്രതിസന്ധികൾ എന്നെന്നും അതിജീവിച്ച ചരിത്രമാണ് അദ്ദേഹത്തിന്റേത്. ജിവിതത്തിലും സിനിമയിലും പിടിച്ചുനിൽക്കാനും മുന്നേറാനും ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. അത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചുവെങ്കിലും രോഗം അടിയറവ് പറയിച്ചു. രാഷ്ട്രീയത്തിൽ പോയി ഇന്നസെന്റിന് കാശുണ്ടാക്കേണ്ട. പ്രശസ്തനാവുകയും വേണ്ട. പൂർണ സാമൂഹ്യസേവനമാണ്  ലക്ഷ്യമാക്കിയത്. അനുഭവങ്ങൾകൊണ്ട് മലയാള സിനിമയിലെ വിദ്യാസമ്പന്നനാണ് ഇന്നസെന്റ്. കാര്യങ്ങൾ വേണ്ടപോലെ മനസ്സിലാക്കി പക്വതയോടെ ചെയ്യാനും പെരുമാറാനുമുള്ള കഴിവ് അപാരം.

ഞാൻ അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ച രാഷ്ട്രീയവേഷങ്ങൾ സിനിമയ്ക്ക് വേണ്ടിയുള്ളവയായിരുന്നു. സന്ദേശത്തിലും നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലും ഒരിന്ത്യൻ പ്രണയകഥയിലും മറ്റും അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് പകരം മറ്റൊരാളെ ആലോചിക്കാൻ പോലുമായിരുന്നില്ല. സന്ദേശത്തിലെ നാരിയൽ കി പാനി ചോദിക്കുന്ന ഹിന്ദിക്കാരനായ നേതാവ് യശ്വന്ത് സഹായിയും നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലെ ജനപിന്നോക്ക യാത്ര നടത്തുന്ന രാഷ്ട്രീയക്കാരനും ആർക്കും മറക്കാനാവാത്ത കഥാപാത്രങ്ങളാണ്. പിന്നീട്അഭിനയം വിട്ട് ശരിക്കും രാഷ്ട്രീയത്തിലിറങ്ങി.

അസാമാന്യമായ ആത്മധൈര്യത്തിനുടമയാണ് ഇന്നസെന്റെന്ന് ആദ്യം രോഗത്തെ നേരിട്ടപ്പോൾ തെളിയിച്ചു. സംഘടനാ പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം തികഞ്ഞ ജനാധിപത്യവാദിയായിരുന്നു. ദീർഘകാലം അമ്മയുടെ പ്രസിഡന്റായപ്പോൾ വലുപ്പച്ചെറുപ്പമില്ലാതെ അഭിനേതാക്കളെയെല്ലാം ഒരുപോലെ പരിഗണിക്കാൻ ആത്മാർഥത കാട്ടി. കഷ്ടതയനുഭവിക്കുന്ന താരങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിച്ചത്. സാധാരണക്കാർക്ക് എപ്പോൾ വേണമെങ്കിലും സമീപിക്കാമായിരുന്നു.

ഇന്നസെന്റുമായി ബന്ധപ്പെട്ട് ഒട്ടേറെ ഓർമ മനസ്സിലുണ്ട്. സാധാരണ സന്ദർഭങ്ങളിലെയും സിനിമാ ചിത്രീകരണ വേളകളിലെയും അനുഭവങ്ങൾ. ഒരിക്കൽ ഇരിങ്ങാലക്കുടയിൽനിന്ന് കാറോടിച്ച് കല്ലേറ്റുംകര  സ്റ്റേഷനിലെത്തി. അവിടെനിന്ന് തീവണ്ടിയിലെ സെക്കൻഡ് ക്ലാസിൽ കയറി കഥാ ചർച്ചക്ക്  കൊച്ചിയിലേക്ക് വരുമ്പോൾ കൈയിൽ ബ്രീഫ്കേസ്. ‘ഇന്നസെന്റേ...അതെന്തിനായിരുന്നു...?’ ഞാൻ ചോദിച്ചു. അദ്ദേഹം  പറഞ്ഞു: ‘ചുമ്മാ  അന്തസ്സിന്' അപ്പോൾ ഒരു ചിരി ചുണ്ടുകളിൽനിന്ന് ചുണ്ടുകളിലേക്ക് പടർന്നു. അതുതന്നെയാണ് ലേക്ഷോർ ആശുപത്രിയുടെ ഓഡിറ്റോറിയത്തിലും മരുന്ന് മണക്കുന്ന ഇടനാഴികളിലും ക്യാൻസർ വാർഡിലും ആശുപത്രി  കിടക്കയിലും കാണാനായത്.

"ക്യാൻസർ വാർഡിലെ ചിരി' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനെത്തിയതായിരുന്നു ഞങ്ങൾ. ചിരിയെ മരുന്നാക്കി മാറ്റിയ മനുഷ്യന്റെ ജീവിതം അക്ഷരരൂപമാർന്ന സായാഹ്നം. ആകുലതകൾക്കും വേദനകൾക്കും മീതെ ആത്മവിശ്വാസം ആയുധമാക്കിയ ഇന്നസെന്റിന്റെ പുസ്തക പ്രകാശനം. രോഗത്തോടുള്ള യുദ്ധത്തിൽ അദ്ദേഹത്തിന് പടക്കളമായി മാറിയ ലേക്ഷോർ തന്നെയായിരുന്നു വേദി. ഡോ. ഫിലിപ്പ് അഗസ്റ്റിൻ സാറാ ജോസഫിന് നൽകിയാണ് പ്രകാശിപ്പിച്ചത്.

ഇന്നസെന്റ് എന്ന നിഷ്കളങ്കൻ സൃഷ്ടിച്ച ചിരിയുടെ ഓർമകളിലായിരുന്നു ചടങ്ങിൽ പങ്കെടുത്ത ഓരോരുത്തരും തുടങ്ങിയത്. ഭാര്യ ആലീസിന്റെ എൻഡോസ്കോപ്പിക്ക് എത്തിയപ്പോൾ ‘ഡോക്ടറേ എനിക്കും കൂടി കാണണം ഇവളുടെ ഉള്ളിലിരുപ്പ്...' എന്നുപറഞ്ഞ അദ്ദേഹത്തെക്കുറിച്ചാണ് ഡോ. ഫിലിപ്പ് അഗസ്റ്റിൻ  സൂചിപ്പിച്ചത്. 11 വർഷം പിന്നിട്ട ലേക്ഷോറിന്റെ ചരിത്രത്തിലെ വ്യത്യസ്ത അനുഭവമാണ്  ചടങ്ങെന്നും  കൂട്ടിച്ചേർത്തു.

എഴുതാത്ത വൈക്കം മുഹമ്മദ് ബഷീർ എന്നാണ് ഞാൻ പണ്ട് ഇന്നസെന്റിനെ വിളിച്ചിരുന്നത്. എന്നാൽ പിന്നീട് എഴുതുന്ന ബഷീർ ആയെന്നും പറഞ്ഞു. അദ്ദേഹത്തോട് തന്നെയാണ് ഇന്നസെന്റിനെ താരതമ്യപ്പെടുത്താനാവുക. മലയാളം അറിയാവുന്ന ആർക്കും ആസ്വദിക്കാം അത്. ബഷീറിനെപ്പോലെ ഇന്നസെന്റും ചിരിയ്ക്കുള്ളിൽ കടൽപോലെ കണ്ണീർത്തുള്ളി ഒളിപ്പിച്ചുവെച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top