29 March Friday

വികസനത്തുടർച്ച ചർച്ചയാക്കി ; ജാഥകൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപനം തൃശൂർ തേക്കിൻകാട്‌ മൈതാനത്ത്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം
വികസനപ്പെരുമഴ തീർത്ത ജനകീയ ഭരണത്തിന്റെ തുടർച്ചയ്‌ക്ക്‌ നാടാകെ കാഹളമുയർത്തി എൽഡിഎഫ്‌ ജാഥകൾ പര്യടനം പൂർത്തിയാക്കി. തിരുവനന്തപുരത്ത്‌ പുത്തരിക്കണ്ടത്തും തൃശൂരിൽ തേക്കിൻകാട്‌ മൈതാനത്തും സമാപനസമ്മേളനങ്ങൾക്ക്‌ പടയണി തീർത്ത ജനസാഗരത്തെ തേടി തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനമെത്തിയത്‌ വിജയത്തുടർച്ചയ്‌ക്ക്‌ വർധിതോർജമായി. കേരളത്തിലാദ്യമായി ഭരണത്തുടർച്ചയുടെ അനുപമ ചരിത്രം തീർക്കാൻ ഇനിയുള്ള ദിനങ്ങൾ കരുത്തോടെ രംഗത്തിറങ്ങാൻ പ്രവർത്തകരെ സജ്ജമാക്കിയാണ്‌ ജാഥകൾ സമാപിച്ചത്‌.

അപവാദങ്ങളുടെയും കുപ്രചാരണങ്ങളുടെയും കുത്തൊഴുക്കിൽ നാടിന്റ നന്മയെ കടപുഴക്കാനുള്ള ശ്രമങ്ങളെ കേരളം ചെറുത്തുതോൽപ്പിക്കുമെന്ന പ്രഖ്യാപനമാണ്‌  വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാൻ ഒഴുകിയെത്തിയ ജനസഞ്ചയം. നൂറിലേറെ സ്വീകരണ കേന്ദ്രങ്ങളിൽ ഇരു ജാഥകളെയും സ്വീകരിക്കാനെത്തിയത്‌ പതിനായിരങ്ങളാണ്‌.

അഞ്ചുവർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ്‌ എൽഡിഎഫ്‌ നേതാക്കൾ ജാഥ നയിച്ചത്‌. ഓരോ മേഖലയിലും സർക്കാർ നടപ്പാക്കിയ വികസനവും ക്ഷേമപ്രവർത്തനങ്ങളും തങ്ങൾ കണ്ടും അനുഭവിച്ചുമറിഞ്ഞ യാഥാർഥ്യമാണെന്ന്‌ ജനങ്ങൾ അക്ഷരംപ്രതി ശരിവച്ചു. സമാനതകളില്ലാത്ത പ്രതിസന്ധിയിലും ഇച്ഛാശക്തിയോടെ നാടിനെ മുന്നോട്ടുനയിച്ച സർക്കാരിന്റെ തുടർച്ച കാലത്തിന്റെ അനിവാര്യതയാണെന്ന ജനതയുടെ ബോധ്യം എല്ലായിടത്തും പ്രകടമായി. ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനുള്ള ഓർമപ്പെടുത്തൽ കൂടിയായി വികസന മുന്നേറ്റ ജാഥയുടെ പര്യടനം.

സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ബിനോയ്‌ വിശ്വം എംപി നയിച്ച തെക്കൻ മേഖലാ ജാഥയുടെ സമാപനയോഗം പുത്തരിക്കണ്ടത്തെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിച്ച വടക്കൻ മേഖലാജാഥ തൃശൂരിൽ തേക്കിൻകാട്‌ മൈതാനത്ത്‌ സമാപിച്ചു. സമ്മേളനം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനംചെയ്‌തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top