20 August Saturday

മഴക്കാല രോഗങ്ങളെ കരുതിയിരിക്കാം

ഡോ. പി ഹേമലതUpdated: Sunday Jun 26, 2022

 
മഴക്കാലം സാംക്രമിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. വൈറൽ പനിയും വ്യാപകമായി ഉണ്ടാകാറുണ്ട്‌. കാലാവസ്ഥാ മാറ്റം ഇത്തരം രോഗങ്ങളുടെ തീവ്രത വർധിപ്പിക്കാൻ സാധ്യതയുണ്ട്‌. ഇവയ്‌ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്‌ ഇത്‌. ചില മഴക്കാല രോഗങ്ങളെ പറ്റി.

വെള്ളത്തിൽക്കൂടി
വയറിളക്ക രോഗങ്ങൾ -സാധാരണ അക്യൂട്ട് ഡയേറിയൽ ഡിസീസ് എന്നറിയപ്പെടുന്നവ, വൈറസ്, പലതരം ബാക്ടീരിയകൾ (സാൽമൊണല്ല, ഇ കോളി) തുടങ്ങിയവ കൊണ്ടും മറ്റ് പരാദങ്ങൾ കൊണ്ടും (അമീബ) ഉണ്ടാകാം.  കുടിക്കുന്ന വെള്ളത്തിലൂടെയോ, ഭക്ഷണത്തിലൂടെയോ പകരാം. വയറിളക്കം, വയറുവേദന, ഛർദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഇത് 2–- - 8 ദിവസം നീണ്ടുനിൽക്കാം. രക്തം കലർന്ന മലം, അമിതമായ ക്ഷീണം, ബോധം മറയുക തുടങ്ങിയവ മാരകമായേക്കാവുന്ന രോഗലക്ഷണങ്ങളിൽപ്പെടുന്നു. കൂടുതൽ മാരകമായ വയറുകടിയുടെയും ലക്ഷണങ്ങൾ ആയേക്കാം ഇവ.  രോഗനിർണയത്തിന് രക്തപരിശോധനയും മലം പരിശോധനയും ഉൾപ്പെടെയുള്ളവ വേണ്ടിവരും. ആന്റിബയോട്ടിക് മരുന്നുകളാണ് ബാക്ടീരിയൽ വയറിളക്ക രോഗങ്ങളുടെയും ടൈഫോയ്ഡ് തുടങ്ങിയവയുടെയും ചികിത്സ.

കൊതുകുജന്യ രോഗങ്ങൾ
ഡെങ്കിപ്പനി, മലമ്പനി എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്ന കൊതുകുജന്യ രോഗങ്ങളിൽ മുഖ്യം. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ ഈഡിസ് ഈജിപ്തി എന്ന ഗണത്തിൽപ്പെടുന്നവയാണ്. ശുദ്ധജല സംഭരണികളിൽ മുട്ടയിട്ട് പെരുകുന്ന ഇവയുടെ ശരീരത്തിൽനിന്ന്‌ ഡെങ്കി വൈറസുകൾ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നു. പനി, തലവേദന, കണ്ണിന്റെ പിറകിലുള്ള വേദന, അതിയായ സന്ധിവേദന, രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന രക്തസ്രാവം (തൊലിപ്പുറമെയും ആന്തരിക അവയവങ്ങളുടെയും), ശരീരത്തിലെ രക്തക്കുഴലുകളുടെ ചോർച്ചകൊണ്ട് രക്തസമ്മർദം കുറഞ്ഞ് ഉണ്ടായേക്കാവുന്ന ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിങ്ങനെ പല തീവ്രതയിൽ ഡെങ്കിപ്പനി മനുഷ്യരിൽ കാണപ്പെടാം.

രോഗനിർണയത്തിനായി രക്തത്തിലെ ശ്വേതരക്താണുക്കളുടെയും പ്ലേറ്റ്‌ലെറ്റുകളുടെയും അളവും മറ്റു അവയവങ്ങളുടെ പ്രവർത്തനത്തെ പരിശോധിക്കുന്ന ലിവർ ഫങ്‌ഷൻ ടെസ്റ്റ്‌, കിഡ്‌നി ഫങ്‌ഷൻ ടെസ്റ്റ്‌ തുടങ്ങിയ പരിശോധനകളും  വൈറസിന്റെ സാന്നിധ്യം കണ്ടുപിടിക്കുന്ന ആന്റിജൻ ആന്റിബോഡി ടെസ്റ്റുകളും ഉപയോഗിക്കുന്നു. ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയിൽ ഒന്ന്‐-ഒന്നര ആഴ്ചയ്ക്കുള്ളിൽ അസുഖം ഭേദമാകും.

മലമ്പനി  
മലമ്പനി  കേരളത്തിൽ അത്രയ്ക്ക് കാണപ്പെടുന്ന  കൊതുകുജന്യ രോഗമല്ല. മസ്തിഷ്‌കം, ശ്വാസകോശം, വൃക്കകൾ, കരൾ തുടങ്ങിയവയെ ബാധിക്കുന്ന മാരകമായ മലേറിയയും കാണപ്പെടുന്നുണ്ട്. അനോഫിലസ് ഗണത്തിൽപ്പെടുന്ന കൊതുകുകളാണ് ഈ രോഗത്തിന്റെ വാഹകരായി പ്രവർത്തിക്കുന്നത്. ആന്റി മലേറിയൽ മരുന്നുകൾ രോഗനിവാരണത്തിന് ഉപയോഗിക്കുന്നു.

എലിപ്പനി, ചെള്ളുപനി
ജന്തുജന്യരോഗങ്ങളായ എലിപ്പനി, ചെള്ളുപനി എന്നിവ മഴക്കാലത്ത് മലിനജലത്തിൽ കൂടിയും ജന്തുക്കളിൽനിന്നും  പകരാം. ലെപ്‌റ്റോസ്‌പൈറ എന്ന രോഗാണു എലിയുടെ മൂത്രം കലർന്ന വെള്ളത്തിൽക്കൂടി മനുഷ്യശരീരത്തിൽ പ്രവേശിക്കാം. പനി, മഞ്ഞപ്പിത്തം, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനക്കുറവ്, മറ്റു ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. മലിനജലത്തിൽ ജോലി ചെയ്യുന്നവർക്കും മറ്റും ഇത് കൂടുതലായി ബാധിക്കാം. ആന്റിബയോട്ടിക് മരുന്നുകളാണ് രോഗത്തിന്റെ ചികിത്സ. അവയവ വ്യവസ്ഥകൾക്ക് പ്രവർത്തനക്കുറവ് ഉണ്ടെങ്കിൽ അസുഖം ഭേദമാകാൻ 4–- - 6 ആഴ്ച എടുത്തേക്കാം. പരിസരശുചിത്വവും വ്യക്തി ശുചിത്വവുമാണ്  രോഗം തടയാനുള്ള വഴി.

പ്രതിരോധ മാർഗങ്ങൾ
തിളപ്പിച്ച് ആറിയ ശുദ്ധജലം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കി ഉപയോഗിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകംചെയ്യുന്ന ഭക്ഷണങ്ങളും പഴച്ചാറുകളും ഒഴിവാക്കുക.

കൊതുകുജന്യ രോഗങ്ങളിൽനിന്ന്‌ രക്ഷനേടാനായി കൊതുക് പ്രജനനം ചെയ്യുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക. പരിസരശുചിത്വം ശീലമാക്കുക. കൊതുകുവല ഉപയോഗിക്കുക.

മലിനജലവുമായുള്ള സമ്പർക്കത്തിൽ ജോലി ചെയ്യുന്ന ആളുകൾ സുരക്ഷിത മാർഗങ്ങൾ ഉപയോഗിച്ച് രോഗബാധ ഏൽക്കാതെ സൂക്ഷിക്കുക. ആരോഗ്യ വിദഗ്‌ധരുടെ നിർദേശങ്ങൾ പാലിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top