24 April Wednesday
ഇന്ന്‌ ക്യാപ്റ്റൻ ലക്ഷ്മി അനുസ്‌മരണദിനം

പെൺപോരാട്ടത്തിന്റെ ഊർജസ്രോതസ്സ്‌

പി സതീദേവിUpdated: Friday Jul 23, 2021


ആതുരശുശ്രൂഷയ്‌ക്കായി ജീവിതം ഉഴിഞ്ഞുവച്ച ക്യാപ്റ്റൻ ലക്ഷ്മിയുടെ ചരമദിനം ഇത്തവണ ആചരിക്കുന്നത്, രാജ്യമാകെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങൾക്കുനേരെ ഭരണകൂടം ഉയർത്തുന്ന ഭീതിദമായ കടന്നാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്. ജീവിക്കാനുള്ള അവകാശം പരിരക്ഷിക്കാനുള്ള ദിനമായി ക്യാപ്റ്റൻ ലക്ഷ്മി ദിനാചരണം നടത്തണമെന്നാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (ഐഡ്വാ ) തീരുമാനിച്ചിരിക്കുന്നത്. സംഘടനയുടെ രൂപീകരണത്തിൽ -നിർണായകമായ പങ്കുവഹിച്ച ക്യാപ്റ്റൻ ലക്ഷ്മിയുടെ അനുസ്മരണദിനമായ ജൂലൈ 23 മുതൽ സ്വാതന്ത്ര്യദിനമായ ആഗസ്ത് 15 വരെ നീളുന്ന ക്യാമ്പയിനുകൾ നടത്താനാണ് തീരുമാനം.

1914ൽ പാലക്കാട് ആനക്കര ഗ്രാമത്തിലെ പ്രശസ്തമായ വടക്കേടത്തുതറവാട്ടിൽ അമ്മുക്കുട്ടിയുടെയും പ്രശസ്ത അഭിഭാഷകൻ ഡോ.സ്വാമിനാഥന്റെയും മകളായി ജനിച്ച ലക്ഷ്മിയുടെ ബാല്യം മദിരാശിയിലായിരുന്നു. അമ്മു സ്വാമിനാഥൻ അക്കാലത്തെ ഏറ്റവും സ്വാതന്ത്ര്യബോധമുള്ള സ്ത്രീയായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും തീച്ചൂളയിൽ തിളച്ചുമറിഞ്ഞിരുന്ന ആവേശത്തിമിർപ്പിലായിരുന്നു അവരുടെ ബാല്യവും യൗവനവുമെല്ലാം. വീട്ടിൽ നിത്യസന്ദർശകരായിരുന്ന സരോജിനി നായിഡു ഉൾപ്പെടെയുള്ള നേതാക്കളിൽനിന്ന്‌ പകർന്നുകിട്ടിയ ആവേശം ചെറുതായിരുന്നില്ല. സ്വാതന്ത്ര്യസമരത്തോടൊപ്പം വളർന്നുവന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളെല്ലാം ലക്ഷ്മിയിലെ പ്രക്ഷോഭകാരിയെ വളർത്തി.

ലക്ഷ്മി മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് മെഡിക്കൽ ബിരുദം നേടിയതിനുശേഷം സിംഗപ്പൂരിൽ ഡോക്ടറായി. സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യ ൻ നാഷണൽ ആർമിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായ അവർ നേതാജിയുടെ നിർദേശപ്രകാരം സ്ത്രീകളുടെ ഒരു പ്രത്യേക റെജിമെന്റ്‌ രൂപീകരിക്കാൻ മുന്നിട്ടുനിന്നു. റാണി ലക്ഷ്മീബായ് എന്ന പേരിൽ രൂപീകൃതമായ വനിതാ റെജിമെന്റിന്റെ ക്യാപ്റ്റനായി. ഐഎൻഎയുടെ സൈനിക പരിശീലനം നേടിക്കൊണ്ട് ഒരു കൈയിൽ സ്‌റ്റെതസ്‌കോപ്പും മറുകൈയിൽ തോക്കുമായി ക്യാപ്റ്റൻ ലക്ഷ്മി പോരാട്ടവീര്യത്തിന്റെ പര്യായമായി. 1944–-45 കാലയളവിൽ അവർ ബർമയിൽ വീട്ടുതടങ്കലിൽ അടയ്‌ക്കപ്പെട്ടു.

1946ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അവർ ഐഎൻഎയിൽ സഹപ്രവർത്തകനായിരുന്ന കേണൽ പ്രേംകുമാർ സൈഗാളിനെ വിവാഹം ചെയ്ത് കാൺപൂരിൽ താമസമാക്കി. ജീവിതാന്ത്യംവരെ കാൺപൂരിലെ ചേരിപ്രദേശത്തെ മനുഷ്യരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. 1947ൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടൊപ്പം ഇന്ത്യ–- -പാക് വിഭജനം നടന്നതും അഭയാർഥി പ്രവാഹത്തെ തുടർന്ന് മനുഷ്യർ അനുഭവിച്ച ദുരിതങ്ങളുമെല്ലാം അവരുടെ മനസ്സിനെ വേദനിപ്പിച്ചു. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആരോഗ്യ പരിചരണം നൽകാൻ അവർ ഓടിയെത്തി. സ്ത്രീസ്വാതന്ത്ര്യത്തിനും അവസരസമത്വത്തിനുമായുള്ള പോരാട്ടങ്ങളുടെ മുൻനിര നായികയായിരുന്നു ഡോ. ലക്ഷ്മി സൈഗാൾ. 1981ൽ ഐഡ്വാ രൂപീകരണസമ്മേളനത്തിൽ ദേശീയ വൈസ്‌ പ്രസിഡന്റായി.

സ്ത്രീകളുടെ ജീവിതം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ നാലാംസ്ഥാനത്താണ്. വർധിച്ചുവരുന്ന ഗാർഹിക പീഡനങ്ങളും ബലാത്സംഗങ്ങളുമെല്ലാം രാജ്യത്തെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടെ പ്രതിഫലനം തന്നെയാണ്. പെട്രോൾ ഡീസൽ, പാചകവാതക വിലവർധനയെ തുടർന്നുണ്ടായ സാധനങ്ങളുടെ വിലക്കയറ്റം കാരണം അടുക്കളകൾ താളം തെറ്റിയിരിക്കുന്നു. തൊഴിലില്ലായ്മ സ്ത്രീജീവിതത്തെ തകർത്തെറിഞ്ഞുകഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ നടക്കുന്ന ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണദിനം "ജീവിതാവകാശ സംരക്ഷണദിനമായി ആചരിക്കാനാണ് ഐഡ്വ തീരുമാനിച്ചിരിക്കുന്നത്.

നമ്മുടെ വിദ്യാഭ്യാസ സാമൂഹ്യ ആരോഗ്യ മേഖലകളിലാകെ നടക്കുന്ന കോർപറേറ്റുവൽക്കരണത്തിനും വർഗീയതയ്‌ക്കുമെതിരായ തുടർച്ചയായ ക്യാമ്പയിനുകൾ ഉയർത്താനാകണം. ക്യാപ്റ്റൻ ലക്ഷ്മിയുടെ സ്മരണദിനത്തിൽ അവരുടെ മാതൃക ഉയർത്തിപ്പിടിച്ചു ഏരിയാതലത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തിയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ ക്യാമ്പയിനുകൾ സംഘടിപ്പിച്ചും സ്ത്രീകളെയാകെ രംഗത്തിറക്കാനാണ് ഐഡ്വ ലക്ഷ്യമിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top