25 April Thursday

സംഗീതക്കച്ചേരികളിൽ ചെമ്പൈയുടെ ‘വലംകൈ’

സി എ പ്രേമചന്ദ്രൻUpdated: Wednesday Sep 22, 2021

രാഷ്ട്രപതിഭവനിൽ ചെമ്പൈ അവതരിപ്പിച്ച കച്ചേരിയിൽ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി മൃദംഗം വായിക്കുന്നു


തൃശൂർ
സംഗീതക്കച്ചേരികളിൽ ചെമ്പൈയുടെ വലംകൈയായി മൃദംഗത്തിൽ ജീവിതോപാസന നടത്തിയ കലോപാസകനും മണ്ണിൽ ലയിച്ചു.  ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കൊപ്പമാണ്‌ കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി സദസ്സിനുമുന്നിൽ ആദ്യമായി മൃദംഗം വായിച്ചത്‌. ആ  ഉപാസന വളർന്നു.ഡോ. എസ് രാധാകൃഷ്ണനുമുന്നിൽ രാഷ്ട്രപതിഭവനിൽ ചെമ്പൈ അവതരിപ്പിച്ച കച്ചേരിയിൽ മൃദംഗവാദകനായതും കൊങ്ങോർപ്പിള്ളി. തൃശൂർ റേഡിയോ നിലയത്തിന്റെ ഉദ്ഘാടനത്തിന് ചെമ്പൈയുടെ കച്ചേരിക്കും മൃദംഗം വായിച്ചു. 

ഗുരുവായൂർ കോട്ടപ്പടി പരമേശ്വരൻ നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകനായാണ്‌ ജനനം. ഉപനയനശേഷം തൃശൂർ ബ്രഹ്മസ്വംമഠത്തിൽ രണ്ടുവർഷം വേദം പഠിച്ചു. കോട്ടപ്പടി പള്ളി സ്കൂളിലും കുന്നംകുളം സ്കൂളിലുമായി വിദ്യാഭ്യാസം. ചെറുപ്രായത്തിൽ സംഗീത തൽപ്പരനായി. വായ്‌പ്പാട്ടിനേക്കാൾ താളക്കണക്കിൽ  മികവു പുലർത്തിയതോടെ ഗുരുനാഥർ മൃദംഗത്തിലേക്ക് വഴിതിരിച്ചുവിട്ടു. ശബ്ദം നഷ്ടപ്പെട്ട് വൈദ്യമഠത്തിന്റെ‌ ചികിത്സക്കായി പൂമുള്ളിമനയിൽ താമസിച്ച ചെമ്പൈക്ക്‌ മരുന്ന് തയ്യാറാക്കുന്നതിനും മറ്റും സഹായിച്ചത് വഴിത്തിരിവായി.

മൃദംഗവിദ്വാനാൻ കൊടുന്തിരപ്പിള്ളി മഹാദേവ അയ്യരെ പൂമുള്ളിയിൽ താമസിപ്പിച്ച് കൊങ്ങോർപ്പിള്ളിയെ മൃദംഗം പഠിപ്പിക്കാൻ ചെമ്പൈ മുൻകൈയെടുത്തു. ചെമ്പൈയോടൊപ്പം നിരവധി കച്ചേരികൾക്ക് പക്കമേളമൊരുക്കി. ചെമ്പൈയുടെ മരണംവരെ ആത്മബന്ധം തുടർന്നു. മകൻ ബാബുവും ചെമ്പൈയുടെ ശിഷ്യനാണ്‌. 

ഗുരുവായൂർ ഏകാദശി ഉത്സവത്തിന് പാടാൻ ചെമ്പൈ എത്തുമ്പോൾ    കൊങ്ങോർപ്പിള്ളിയും പങ്കാളിയായി. ചെമ്പൈ സംഗീതോത്സവത്തിന്‌ തുടക്കംകുറിക്കുന്നതിലും ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യിക്കുന്നതിലും നിർണായക കണ്ണിയായി. ചെമ്പൈയുടെ ഛായാചിത്രം വരപ്പിച്ച്‌ സ്ഥാപിച്ചതും അദ്ദേഹമാണ്‌. തൃശൂർ തിരുവമ്പാടി  സംഗീതോത്സവത്തിലും കൊങ്ങോർപ്പിള്ളി പരമേശ്വരൻ നമ്പൂതിരി നിറസാന്നിധ്യമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top