19 April Friday

അശ്രദ്ധമായി വാർത്ത കൈകാര്യം ചെയ്തവരോട് എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ...നിങ്ങൾ കരിവാരി ഒഴിച്ചത് മാലാഖമാരുടെ മുഖത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020


എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ മനോരമ ചാനൽ നൽകിയ വ്യാജവാർത്ത വ്യാപകപ്രതിഷേധത്തിന്‌ കാരണമായപ്പോൾ മെഡിക്കൽ കോളേജ്‌ ആർഎംഒ  ഗണേഷ്‌ മോഹൻ എഴുതിയ ഹൃദയസ്‌പർശിയായ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ പങ്കിട്ടത്‌ ആയിരങ്ങൾ. പോസ്‌റ്റിൽനിന്ന്‌: 

ആറുമാസത്തിലേറെയായി കളമശേരി മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർ, ക്ലീനിങ് തൊഴിലാളികൾമുതൽ പ്രിൻസിപ്പൽവരെ ഒരേമനസ്സായി കോവിഡ് വിരുദ്ധ പോരാട്ടത്തിലാണ്. ഞങ്ങളുടെ രണ്ട് സഹപ്രവർത്തകർ കോവിഡ് ബാധിതരായി, മറ്റു പല സഹപ്രവർത്തകരും ക്വാറന്റൈനിലാണ്. ഇവരെല്ലാം സാധാരണക്കാരാണ്, ഇവർക്കും കുഞ്ഞുകുട്ടി പരാധീനതകളുണ്ട്. ഇവിടെ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളെ സ്വന്തം കൂടെപ്പിറപ്പുകളെപ്പോലെയാണ് ഡോക്ടർമാരും നേഴ്സുമാരും നോക്കുന്നത്. ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി ഏർപ്പാടാക്കാനും ഗർഭിണികൾക്ക്‌ കമ്പിളിപ്പുതപ്പ് ഏർപ്പാടാക്കാനും, എന്തിന് രോഗികൾക്ക് സാനിറ്ററി നാപ്കിനുകൾ ഏർപ്പാടാക്കാനുംവരെ ഓടിനടക്കുന്ന സിസ്റ്റർമാരെയും അറ്റെൻഡർമാരെയും കണ്ടിട്ടുണ്ട്. കോവിഡ് രോഗി മരിച്ചപ്പോൾ കൊച്ചുകുട്ടിയെപ്പോലെ നിലവിളിച്ച മെഡിസിൻ പ്രൊഫസറെ കണ്ടിട്ടുണ്ട്. ചെറിയ കുറ്റവും കുറവും ഉണ്ടാവാം. എന്നാലും ജീവൻ പണയം വച്ചാണ് ഈ സേവനം.

പക്ഷെ മനോരമ ചാനലിൽ കണ്ട ഒരു വാർത്ത എന്റെ ഹൃദയമിടിപ്പ് സ്തംഭിപ്പിച്ചു.

‘‘എറണാകുളം മെഡിക്കൽ കോളേജ്‌ വാർഡിൽ ദുരിതം, പഴകിയ ചപ്പാത്തി നൽകുന്നു, ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരുമിച്ചിട്ടിരിക്കുന്നു, കുഞ്ഞുകുട്ടികളെ കെട്ടിയിട്ടിരിക്കുന്നു’’

മനസ്സിനെ ഒന്ന് നിയന്ത്രിച്ച്‌ വാർത്താ വിഷ്വലിലേക്ക്‌ വീണ്ടും നോക്കി...

വാർത്തയിൽ കാണിക്കുന്ന ദൃശ്യങ്ങൾ കളമശേരി മെഡിക്കൽ കോളേജിലെയല്ല, ഇവിടെ അതുപോലത്തെ രോഗികളില്ല, ഇവിടെ ഞങ്ങൾ ഒരു കുഞ്ഞിനെയും കെട്ടിയിട്ടിട്ടില്ല...

പൂർണമായും അസത്യമായ വാർത്തയും ദൃശ്യവും. അശ്രദ്ധമായി വാർത്ത കൈകാര്യം ചെയ്തവരോട് എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ...
നിങ്ങൾ കരിവാരി ഒഴിച്ചത് അനേകമനേകം രോഗികൾ മാലാഖമാരെപ്പോലെ കണ്ട, ഒത്തിരിപ്പേരെ മരണത്തിന്റെ കൈയിൽനിന്ന്‌ വലിച്ചെടുത്ത്‌ ജീവൻ തിരികെനൽകിയ വെള്ള  പിപിഇ വസ്ത്രം ധരിച്ച കളമശേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ മുഖത്താണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top