28 March Thursday

കണ്ണീർമഴയിൽ മറഞ്ഞു സച്ചി

വെബ് ഡെസ്‌ക്‌Updated: Saturday Jun 20, 2020


കൊച്ചി
മലയാളം ഏറെ സ്‌നേഹിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക്‌ സുഹൃത്തുക്കളും സഹപ്രവർത്തകരും നാടും കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. സച്ചി ബാക്കിയാക്കിയ സൗഹൃദസ്‌മരണകളിലും സിനിമാനുഭവങ്ങളിലും വിതുമ്പിയ അന്ത്യയാത്രാനിമിഷങ്ങൾ ഹൃദയഭേദകമായി. വെള്ളിയാഴ്ച രാവിലെ ഹൈക്കോടതിയിലെ അഡ്വക്കറ്റ്‌സ്‌ അസോസിയേഷൻ ചേംബർ ഹാളിലും 10.30ന്‌ തമ്മനത്തെ വസതിയിലും പൊതുദർശനത്തിന്‌ വച്ചു.  

സച്ചിയെയും അദ്ദേഹത്തിന്റെ സിനിമകളെയും സ്‌നേഹിച്ച നിരവധിപേർ‌ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി‌. ആത്മമിത്രങ്ങളായ തിരക്കഥാകൃത്ത്‌ സേതുവും സംവിധായകൻ രഞ്ജിത്തും നിറകണ്ണുകളോടെ മൃതദേഹത്തിനരികിൽ ഉണ്ടായിരുന്നു.  സംവിധായകരായ ജോഷി, ലാൽ, ബി ഉണ്ണിക്കൃഷ്ണൻ, ലാൽജോസ്‌, വൈശാഖ്‌, മേജർ രവി, എഴുത്തുകാരായ ബെന്നി പി നായരമ്പലം, ബോബി, ഉദയ്‌കൃഷ്ണ  തുടങ്ങിയവരും നടന്മാരായ പൃഥ്വിരാജ്‌, മുകേഷ്‌, സുരേഷ്‌ കൃഷ്‌ണ, ദിലീപ്‌, സിദ്ദിഖ്‌, ആസിഫ്‌ അലി, ബിജു മേനോൻ, മനോജ്‌ കെ ജയൻ, സുരാജ്‌ വെഞ്ഞാറമൂട്‌, രമേഷ്‌ പിഷാരടി, നടി മിയ ജോർജ്‌ എന്നിവരും   സിനിമ–-സാംസ്‌കാരിക–--രാഷ്‌ട്രീയ രംഗത്തെ പ്രശസ്‌തരും കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ സച്ചിയെ അവസാനമായി കാണാനെത്തി.

സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വി എസ്‌ സുനിൽകുമാർ അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഐ എം  പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബിക്കുവേണ്ടി ഏരിയ സെക്രട്ടറി കെ ഡി വിൻസന്റ്‌ അനുശോചനം അറിയിച്ചു. ജില്ലാ സെക്രട്ടറി സി എൻ മോഹനനും മേയർ സൗമിനി ജെയിനും തമ്മനത്തെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. വൈകിട്ട്‌ നാലിന്‌ മൃതദേഹം രവിപുരത്തെ പൊതുശ്മശാനത്തിലെത്തിച്ചു.  സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകി. സഹോദരന്റെ മകൻ‌ ചിതയ്ക്ക്‌ തീകൊളുത്തി‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top