10 May Friday

ദൽഹി!...ഡോ.സുനിൽ പി ഇളയിടത്തിന്റെ പംക്തി ഇരുപത്തേഴാം ഭാഗം

ഡോ.സുനിൽ പി ഇളയിടംUpdated: Saturday Nov 19, 2022

മഹാത്മാ ഗാന്ധി

കാലം ഒഴുകിമാറുന്നു. ജീവിതത്തിന്റെ പ്രയാണപഥങ്ങൾ പുതിയ മനുഷ്യരെയും പുതിയ ഇടങ്ങളെയും കൂട്ടിക്കൊണ്ടുവരുന്നു. എങ്കിലും ദൽഹി പഴയ ആകർഷത്തോടെ അകലെ തുടരുന്നു. ഹൃദയത്തിൽ അത്രമേൽ അടുത്തും.

ഒന്ന്

ഡോ.സുനിൽ പി ഇളയിടം

ഡോ.സുനിൽ പി ഇളയിടം

ഗാന്ധിസ്മൃതിയിലെ പുൽമൈതാനത്തിൽ നിൽക്കുമ്പോൾ ചുറ്റും വലിയ തിരക്കൊന്നും ഇല്ലായിരുന്നു. പുൽമൈതാനത്തിൽ മാത്രമല്ല, ഗാന്ധിസ്മൃതിയെന്ന് പിൽക്കാലത്ത് പുനർനാമകരണം ചെയ്യപ്പെട്ട ബിർലാമന്ദിരത്തിലും കാര്യമായി ആരുമുണ്ടായിരുന്നില്ല. ഉച്ചകഴിഞ്ഞ സമയമായിരുന്നു എന്നതുകൊണ്ട് മാത്രമാവില്ല അതെന്നെനിക്കുതോന്നി. ഗാന്ധിയുടെ ജീവിതത്തിലെ അവസാനദിവസങ്ങളിൽ അദ്ദേഹത്തെ വലയം ചെയ്ത ഏകാകിതയുടെ ലോകം ഏഴരപതിറ്റാണ്ടിനിപ്പുറം ഗാന്ധിജിയുടെ ഓർമകളെയും വലയം ചെയ്യുന്നുണ്ട്.

ഹൈന്ദവവർഗീയത അതിന്റെ അക്രമോത്സുകതയാലും വിഭാഗീയതയാലും നാടിന്റെ മനസ്സിൽ അത്രമേൽ വിഷം പടർത്തിയ ഒരു കാലത്ത് ഗാന്ധിജിയുടെ ഓർമ ഏറെയൊന്നും ജനപ്രിയമാവുക വയ്യല്ലോ. സ്വജീവിതംകൊണ്ടും ജീവിതത്തോളം തന്നെ മഹിമയേറിയ മരണംകൊണ്ടും ഗാന്ധിജി ചെറുക്കാൻ ശ്രമിച്ച മതവർഗീയതയുടെ വിഷവായു നിറഞ്ഞ ഒരു ലോകത്തിൽ ഗാന്ധിസ്മൃതിയെ വലയം ചെയ്യുന്ന ആ ഏകാകിതയ്ക്ക് ചരിത്രപരമായി വലിയ അർഥമുണ്ടായിരുന്നു.

മഹാത്മാഗാന്ധിയുടെ അന്ത്യരംഗം

മഹാത്മാഗാന്ധിയുടെ അന്ത്യരംഗം

ഒരു സെമിനാറിനായാണ് ദൽഹിയിലെത്തിയത്. ഏറ്റവുമൊടുവിലത്തെ ദൽഹിസന്ദർശനം. രണ്ടുപതിറ്റാണ്ടായി സെമിനാറുകളോ മീറ്റിങ്ങുകളോ ഒക്കെയായി ഇടയ്ക്കിടെ ദൽഹിയിലെത്താൻ അവസരം കൈവരാറുണ്ട്. അങ്ങനെ കൈവരുന്ന അവസരങ്ങൾ ഞാൻ പൊതുവെ ഒഴിവാക്കാറില്ലതാനും. തുടർച്ചയായുള്ള യാത്രയുടെ പ്രയാസങ്ങളും പ്രസംഗത്തിനായുള്ള നിരന്തരസമ്മർദങ്ങൾ ഉളവാക്കുന്ന അലോസരങ്ങളും ദൽഹിയാത്രകളുടെ കാര്യത്തിൽ എനിക്കു തടസ്സമായി തോന്നിയില്ല.

അകലക്കാഴ്ചയായിരിക്കുമ്പോഴും ദൽഹി ഏതോനിലയിൽ എന്നെ വലിച്ചടുപ്പിക്കുന്നുണ്ട്. ദൽഹിയുടെ നിത്യജീവിതത്തിൽ ഒരുനിലയ്ക്കും ഞാൻ പങ്കാളിയായിട്ടില്ല. വിദ്യാർഥിജീവിതകാലം മുതലാരംഭിച്ചതും പതിറ്റാണ്ടുകൾ നീളുന്നതുമായ ദൽഹിജീവിതാനുഭവമുള്ള എണ്ണമറ്റ സുഹൃത്തുക്കൾ ചുറ്റുമുള്ളപ്പോൾ എണ്ണിയെടുക്കാവുന്ന ചുരുക്കം യാത്രകളുടെ അനുഭവം മാത്രമുള്ള എന്റെ ദൽഹിവിചാരങ്ങൾക്ക് കാര്യമായ സാംഗത്യമൊന്നുമില്ല. അല്പമാത്രം പരിചിതമായിരിക്കുമ്പോഴും, ഏതോ നിലയിൽ ദൽഹിയോട് ഒരു ഹൃദയബന്ധം അനുഭവപ്പെടാറുണ്ട്.

ചരിത്രത്തിന്റെ പടപ്പാച്ചിലുകൾ അത്രയേറെ അരങ്ങേറിയ ഒരിടമായതുകൊണ്ടാവുമോ അങ്ങനെ എന്നു ഞാൻ ആലോചിക്കാറുണ്ട്. അത്രതന്നെ ചരിത്രഭാരമുള്ള മറ്റിടങ്ങൾ ഇതുപോലെ ആകർഷിക്കുന്നില്ലല്ലോയെന്ന് അതിനൊരുത്തരമായി തോന്നാറുമുണ്ട്. ഓരോ തവണ ദൽഹിയിലെത്തുമ്പോഴും അല്പമെങ്കിലും സമയം കണ്ടെത്തി പുതിയൊരിടം കാണാനിറങ്ങും.

അതിനവസം കിട്ടിയില്ലെങ്കിൽ കണ്ട സ്ഥലങ്ങളിലേക്ക് വീണ്ടും നീങ്ങും. ഓരോ കാഴ്ചയിലും ചില പുതുമകളുണ്ടാവും. ഒരു നല്ല ഗായികയോ ഗായകനോ ഒരേ രാഗത്തെ ഓരോ ആലാപനവേളയിലും പുതുക്കിപ്പണിയുന്നതുപോലെ ദൽഹി ഓരോ കാഴ്ചയിലും പുതുതായിരുന്നു. നിത്യസ്രവന്തിയായ കാലം എന്ന് കെ പി അപ്പൻ എഴുതിയതിനെ ഓർമിപ്പിക്കുന്ന വിധത്തിൽ അനുഭൂതികളുടെ നിലയ്ക്കാത്ത ഉറവപോലെയാണ് ആ പ്രദേശം മനസ്സിൽ ഇടം പിടിച്ചത്.

കെ പി അപ്പൻ

കെ പി അപ്പൻ

മാർത്തോമ സഭയുടെ ആഭിമുഖ്യത്തിലുള്ള ദൈവശാസ്ത്രപഠനകേന്ദ്രം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനായിരുന്നു ഏറ്റവുമൊടുവിൽ ദൽഹിയിലെത്തിയത്. പഠനകേന്ദ്രത്തിന്റെ തലവനും ദൈവശാസ്ത്രജ്ഞനും സുഹൃത്തുമായ ഫാദർ വിനയരാജ് സെമിനാറിൽ നാരായണഗുരുവിന്റെ മതദർശനത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കാൻ എന്നോടാവശ്യപ്പെട്ടിരുന്നു. രണ്ടുനിലയ്ക്കും അത് സന്തോഷകരമായതിനാൽ ഞാനാ ക്ഷണം ഉടനെ സ്വീകരിച്ചു.

ദൽഹിയാത്രയുടെ ആകർഷണത്തോടൊപ്പം ഗുരുവിനെക്കുറിച്ച് പിന്നെയും ചിലത് പറയാൻ അവസരം വരുന്നു എന്നതും സന്തോഷകരമായിരുന്നു. അനുകമ്പ ഗുരുവിന്റെ ദൈവഭാവനയുടെ ഹൃദയമായിരിക്കുന്നതെങ്ങനെ എന്നാണ് പ്രബന്ധത്തിൽ ഞാൻ വിശദീകരിക്കാൻ ശ്രമിച്ചത്. വിമർശനാത്മക ആത്മീയത (critical spirituality) എന്ന സങ്കല്പനം ഗുരുവിന്റെ ദൈവഭാവനയിൽ എങ്ങനെ സന്നിഹിതമായിരിക്കുന്നു എന്നതിന് ഊന്നൽ നൽകിയാണ് ആ ആശയം ഞാൻ വിശദീകരിച്ചത്.

ജെസ്യൂട്ട് സഭയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന ഫാദർ കാപ്പൻ അനുസ്മരണത്തിനായി വിമർശനാത്മക ആത്മീയത എന്ന സങ്കല്പനത്തെ മുൻനിർത്തി ഒരു പ്രബന്ധം ഞാൻ നേരത്തെ തയ്യാറാക്കിയിരുന്നു. ഗുരുവിനെക്കുറിച്ചുള്ള പ്രബന്ധാവതരണത്തിന് അത് വലിയ തുണയായി. ആധുനികതയുടെ വിപരീതദ്വന്ദ്വങ്ങളെ മറികടക്കുന്ന ഗുരുവിന്റെ ദർശനലോകത്തിന്റെ അനന്യതയേയും, അതിന്റെ മതാതിവർത്തിയായ ആത്മീയഭാവനയെയും ഒരു സാമൂഹിക‐നൈതിക‐രാഷ്ട്രീയമൂല്യമായി കാണാനാവും എന്നു പറയാനായിരുന്നു എന്റെ ശ്രമം.

സെമിനാർ എന്നതിലുപരി, ഒരു ശില്പശാലപോലെയായിരുന്നു ആ സമ്മേളനം. വൈദികപഠനത്തിലേർപ്പെട്ട വിദ്യാർഥികൾ മുതൽ മുതിർന്ന പുരോഹിതന്മാരും ജെഎൻയുവിലെ പ്രൊഫസർമാരും വരെയുള്ള ചെറിയൊരു സദസ്സ്. അറുപത്‐എഴുപത് പേർ മാത്രം വരുന്ന ചെറിയ കൂട്ടായ്മ. ദൈവശാസ്ത്രത്തിന്റെ സൂക്ഷ്മതലങ്ങൾ മുതൽ സാമൂഹ്യശാസ്ത്രപരമായ പുനരാലോചനകൾ വരെ പല പ്രതലങ്ങളിലേക്ക് പടർന്നുകിടന്നതായിരുന്നു അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ.

ധൈഷണികതയുടെ ഊർജ്ജം പകരുമ്പോഴും അക്കാദമികമായ ഔപചാരികതകളും അധികാരനാട്യങ്ങളും അവിടെ  ഒട്ടുമുണ്ടായിരുന്നില്ല. ആ സെമിനാർ ഇപ്പോഴും ഹൃദ്യമായ ഒരോർമയായി തുടരുന്നതിൽ ആ അനൗപചാരികതയ്ക്ക് വലിയ പങ്കുണ്ട്.

എ രാമചന്ദ്രൻ

എ രാമചന്ദ്രൻ

മൂന്നു ദിവസം നീണ്ട സെമിനാറിനുശേഷമുള്ള ദിവസമാണ് സുഹൃത്തുക്കളിലൊരാൾക്കൊപ്പം ഗാന്ധിസ്മൃതിയിലെത്തിയത്. കിരൺനാഡാർ ഗ്യാലറിയിൽ ആ ദിവസങ്ങളിൽ എ രാമചന്ദ്രന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. രാവിലെ അവിടെപ്പോയി ആ ചിത്രങ്ങൾ കണ്ടു. രാമചന്ദ്രന്റെ അതിപ്രസിദ്ധമായ ലോട്ടസ് പരമ്പരയിലെ ചില ചിത്രങ്ങളായിരുന്നു പ്രധാനം. ഒപ്പം പല കാലങ്ങളിലായി അദ്ദേഹം വരച്ച ഏതാനും ചിത്രങ്ങളും. എ രാമചന്ദ്രൻ വരച്ച ഗാന്ധിസ്കെച്ചുകൾ അവിടെ വില്പനയ്ക്കുണ്ടായിരുന്നു.

മഹാത്മാവിന്റെ ഏകാന്തത (The Lonliness of the great) എന്ന ശീർഷകത്തിൽ, ഇരുപതോളം രേഖാചിത്രങ്ങളുടെ സഞ്ചയം. ഗാന്ധിയുടെ ജീവിതയാത്രയുടെ യാതനകളും, തന്റെ ആത്മാവിൽ അദ്ദേഹം പേറിനടന്ന അഗാധമായ ദുഃഖങ്ങളും രാമചന്ദ്രന്റെ വരകളിൽ ഊറിക്കൂടിനിന്നു. ചരിത്രത്തിന്റെ മഹാദുഃഖങ്ങളെ ഹൃദയത്തിൽ പേറിയ ഏകാകിയും അശരണനുമായ ഒരു മനുഷ്യന്റെ മഹിമയത്രയും  ആ വരകളിലുണ്ടായിരുന്നു.

എ രാമചന്ദ്രന്റെ  ഗാന്ധി സ്‌കെച്ച്‌

എ രാമചന്ദ്രന്റെ ഗാന്ധി സ്‌കെച്ച്‌

ഉച്ചയ്ക്കുശേഷമാണ് ഗാന്ധിസ്മൃതിയിലെത്തിയത്. ‘30 ജനുവരി മാർഗ്ഗ്’ എന്ന അസാധാരണമായ പേരുള്ള വഴിയുടെ അരികത്ത് പഴയ ബിർളാമന്ദിരം മൂകമായി നിലകൊണ്ടു. മുൻകാലയാത്രകൾക്കിടയിൽ രണ്ടോ മൂന്നോ തവണ അവിടെ പോയിട്ടുണ്ടെങ്കിലും അന്നവിടെ കാണാൻ കഴിയാത്ത ഏകാന്തത ഗാന്ധിസ്മൃതിയെ അപ്പോൾ വലയം ചെയ്തിരുന്നതായി തോന്നി.

പഴയ ബിർളാമന്ദിരത്തിലെ  മുറികൾ ഞങ്ങൾ നടന്നുകണ്ടു. ഗാന്ധിജി തന്റെ ജീവിതത്തിലെ അവസാനത്തെ 144 ദിവസങ്ങൾ ചെലവിട്ടതവിടെയാണ്. ജീവിതാന്ത്യത്തിൽ അദ്ദേഹം തീർത്തും പരിക്ഷീണനും പരിത്യക്തനുമായിരുന്നു. ‘നിങ്ങൾ പറയുന്നത് ആരും ചെവിക്കൊള്ളുന്നില്ലെങ്കിൽ  തനിയെ നടക്കുക’ എന്നർഥം വരുന്ന ടാഗോറിന്റെ ഗാനം പ്രാർഥനാസമ്മേളനങ്ങളിൽ അദ്ദേഹം നിരന്തരം ആലപിച്ചു.

1949 ഒക്ടോബർ രണ്ടിന് ചേർന്ന പ്രാർഥനായോഗത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നതിൽ താൻ ലജ്ജിക്കുന്നുവെന്ന് ഗാന്ധിജി പറഞ്ഞു.

125 വർഷം ജീവിക്കണം എന്ന തന്റെ പ്രസിദ്ധമായ ആഗ്രഹത്തിൽനിന്ന് അദ്ദേഹം പിൻവാങ്ങിയിരുന്നു. അദ്ദേഹം ഒറ്റയ്ക്ക് നടക്കുകയായിരുന്നു.

ബിർളാമന്ദിരത്തിൽ നിന്ന് പുറത്തുകടന്ന് വിശാലമായ പുൽമൈതാനത്തിനരികിലൂടെ ഗാന്ധിയുടെ പ്രാർഥനാവേദിയിലേക്ക് നടക്കുമ്പോൾ അവസാനദിവസങ്ങളിൽ അദ്ദേഹത്തെ വലയം ചെയ്തിരുന്ന കഠിനമായ യാതനയെക്കുറിച്ചാണ് ഞാൻ ഓർത്തത്. പ്രാർഥനാവേദിയിലേക്ക് ഗാന്ധിജി നടന്നുപോയ വഴി പാദമുദ്രകളുടെ സിമന്റ് രൂപങ്ങളാൽ ഇപ്പോൾ അടയാളപ്പെടുത്തിവച്ചിട്ടുണ്ട്.

അതിനരികിലൂടെ നിശ്ശബ്ദമായി പുൽമൈതാനത്തിലേക്ക് ഞങ്ങൾ നടന്നു. 1949 ജനുവരി 30ന് വൈകിട്ട് 5.17ന്, അത്രമേൽ ക്ഷീണിതവും ഹതാശവും ദുർബലവുമായ ആ ശരീരത്തിലേക്ക് ഉതിർത്ത മൂന്നു വെടിയുണ്ടകളുടെ ശബ്ദം  അശരീരിയായി വായുവിലുള്ളതുപോലെ തോന്നി.

അതിനും മുകളിൽ ‘ഹേ റാം!’ എന്ന അന്ത്യപ്രാർഥനയും. അത്രമേൽ അർഥനിർഭരമായി, അത്രമേൽ ഗഹനമായി ആ പദം സഹസ്രാബ്ദങ്ങൾക്കിടയിൽ ഒരിക്കൽപോലും ഇന്ത്യയിൽ ഉച്ചരിക്കപ്പെട്ടുകാണില്ല.

മരണം അടുത്തെത്തുന്നുണ്ട് എന്ന് ഗാന്ധിജിക്ക് അപ്പോഴേക്കും മനസ്സിലായിരുന്നു. 1949 ജനുവരി 20ന് ഗാന്ധിയുടെ പ്രാർഥനായോഗത്തിലേക്ക് ഗോഡ്സെയും സുഹൃത്തുക്കളും ചേർന്ന് ബോംബെറിഞ്ഞിരുന്നുവല്ലൊ. മദൻലാൽ പഹ്വ എറിഞ്ഞ ബോംബ് പൊട്ടിയെങ്കിലും അത് കാര്യമായ വിനാശം ഉളവാക്കിയില്ല.

അന്ന് ഗാന്ധിയ്ക്കു നേരെ വെടിയുതിർക്കാൻ നിയുക്തനായിരുന്ന ദിഗംബർ ബഡ്ഗെയ്ക്ക് അതിന് കഴിഞ്ഞില്ല. പ്രാർഥനായോഗത്തിലെ ചെറിയ അലോസരമായേ ഗാന്ധിജി സ്ഫോടനത്തെ പരിഗണിച്ചുള്ളൂ. പൊലീസ് സുരക്ഷ വർധിപ്പിക്കണം എന്നും സന്ദർശകരെ പരിശോധിക്കണം എന്നുമുള്ള നിർദേശങ്ങളൊന്നും അദ്ദേഹം സ്വീകരിച്ചില്ല. പൊലീസ് സുരക്ഷയിൽ ജീവിക്കുന്നതിനെക്കാൾ മഹിമയുറ്റത് വധിക്കപ്പെടുന്നതാണെന്നു തന്നെ അദ്ദേഹം കരുതി.

മരണവും തനിക്കൊരു സത്യാന്വേഷണപരീക്ഷണത്തിന്റെ വഴിയായിത്തീരുമെന്ന തോന്നൽ ഗാന്ധിജിയ്‌ക്കുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ്‌ സഹായികളോടുള്ള സംഭാഷണത്തിൽ അദ്ദേഹം അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കേവലം  രോഗാതുരനായാണ് താൻ മരിക്കുന്നതെങ്കിൽ തന്നെയൊരു കപടമഹാത്മാവായേ പരിഗണിക്കാവൂ എന്ന് ഗാന്ധിജി പറഞ്ഞു.

ഗാന്ധിജി വെടിയേറ്റ്‌ വീണ സ്ഥലത്ത്‌ സുനിൽ പി ഇളയിടം

ഗാന്ധിജി വെടിയേറ്റ്‌ വീണ സ്ഥലത്ത്‌ സുനിൽ പി ഇളയിടം

മറിച്ച് കഴിഞ്ഞ ആഴ്ചയിലേതുപോലെ ഒരു സ്ഫോടനം നടക്കുകയോ, ആരെങ്കിലും തന്റെ മാറിൽ നിറയൊഴിക്കുകയോ ചെയ്യുമ്പോൾ, ചുണ്ടിൽ രാമനാമവുമായാണ് താൻ മരിക്കുന്നതെങ്കിൽ മാത്രമേ തന്നെ യഥാർഥത്തിൽ മഹാത്മാവായി കാണാവൂ എന്നദ്ദേഹം നിർദ്ദേശിച്ചു.

പിന്നീട് ഗാന്ധിജി ഇത്രയും കൂടി കൂട്ടിച്ചേർത്തു. “അത് ഇന്ത്യൻ ജനതയ്ക്ക് പ്രയോജനകരമായിരിക്കും” ( “If I died of illness, you should declare me as a false or hypocritical Mahatma. And if an explosion took place, as if did in the last week or if somebody shot at me and received his bullet on my bare chest without a singh and with Ram’s name on my lips, only then you should say that I am a true Mahatma. This will benefit the Indian people”).


തമിഴ്നാട്ടിലെ മധുരയിലുള്ള ഗാന്ധി മ്യൂസിയത്തിലാണ് ഈ വാക്കുകൾ ഞാനാദ്യം കണ്ടത്. അതിലെ മാരകമായ പ്രവചനശേഷിയും അതിൽ ഊറിക്കൂടിയ നിത്യദുഃഖവും അന്ന് ഉള്ളുലയ്ക്കുന്നപോലെ മനസ്സിൽ ഇടം പിടിച്ചിരുന്നു.

തന്റെ മരണം കൊണ്ടാവും ഈ രാജ്യം അതിന്റെ ആദ്യചുവടുകൾ മുന്നോട്ടുവയ്ക്കുകയെന്ന് ഗാന്ധി എങ്ങനയോ തിരിച്ചറിഞ്ഞിരുന്നു.ജീവിതത്തോളമോ അതിനേക്കാളധികമോ മഹിമയുറ്റ മരണത്തിലൂടെ അദ്ദേഹമത് സാക്ഷാത്കരിക്കുകയും ചെയ്തു. ഗാന്ധി വെടിയേറ്റുവീണ അതേ മണ്ണിൽ ഏഴരപ്പതിറ്റാണ്ടിനിപ്പുറം നിൽക്കുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരുന്നു.

തന്റെ മരണം കൊണ്ടാവും ഈ രാജ്യം അതിന്റെ ആദ്യചുവടുകൾ മുന്നോട്ടുവയ്ക്കുകയെന്ന് ഗാന്ധി എങ്ങനയോ തിരിച്ചറിഞ്ഞിരുന്നു.ജീവിതത്തോളമോ അതിനേക്കാളധികമോ മഹിമയുറ്റ മരണത്തിലൂടെ അദ്ദേഹമത് സാക്ഷാത്കരിക്കുകയും ചെയ്തു. ഗാന്ധി വെടിയേറ്റുവീണ അതേ മണ്ണിൽ ഏഴരപ്പതിറ്റാണ്ടിനിപ്പുറം നിൽക്കുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരുന്നു.

അവിടെ കനംതുങ്ങിനിൽക്കുന്ന ചരിത്രത്തിന്റെ ദുഃഖം അപ്പോഴേക്കും ഞങ്ങളെയും വലയം ചെയ്തു.
പുൽമൈതാനത്തിനു പുറത്തുകടന്ന് ബിർളാമന്ദിരത്തിന്റെ  ചുറ്റുവട്ടങ്ങളിലൂടെ ഞങ്ങൾ നടന്നു. കൈയൊഴിയപ്പെട്ട ഒരു സ്ഥാപനത്തിന്റെ അനാഥത്വം പലയിടത്തും പ്രകടമായിരുന്നു.

വഴിയോരങ്ങൾ പലയിടങ്ങളിലും ചവർമൂടി കിടക്കുന്നുണ്ടായിരുന്നു. മൈതാനത്തിനരികിലെ പവിലിയനിൽ ഗാന്ധിയുടെ ജീവചരിത്രം രേഖപ്പെടുത്തിയ ചിത്രങ്ങൾ മുഴുവൻ നോക്കിക്കണ്ടു. ലോകത്തിന്റെ പല കോണുകളിൽനിന്നും ഗാന്ധിക്കെഴുതിയ കത്തുകളിലെ മേൽവിലാസം എഴുതിയ ഭാഗം അവിടെ ഒരു ഫലകത്തിൽ

ഗാന്ധിജി എവിടെയാണോ അവിടെ:  മഹാത്മാ ഗാന്ധിക്ക്‌ വന്ന ഒരു കത്തിലെ  വിലാസം

ഗാന്ധിജി എവിടെയാണോ അവിടെ: മഹാത്മാ ഗാന്ധിക്ക്‌ വന്ന ഒരു കത്തിലെ വിലാസം

ഒരുമിച്ച് പ്രദർശിപ്പിച്ചിരുന്നു. അതിലൊരു കത്തിലെ മേൽവിലാസത്തിൽ മൂന്നു വാക്കുകളേ ഉണ്ടായിരുന്നുള്ളു. ‘ഗാന്ധി; എവിടെയാണോ അവിടെ!’.

ഗാന്ധിസ്മൃതിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ നിശ്ശബ്ദത ചുറ്റുമുണ്ടായിരുന്നു. അവസാനദിനങ്ങളിൽ ദൽഹിയിലെ തെരുവുകളിൽ ഗാന്ധിക്കെതിരെ പ്രകടനങ്ങൾ നടന്നിരുന്ന കാര്യം ഞാനോർത്തു. 1948 ജനുവരി 13ന് ആരംഭിച്ച അദ്ദേഹത്തിന്റെ അവസാനത്തെ നിരാഹാരം വർഗീയവാദികളെ അത്രമേൽ പ്രകോപിതരാക്കിയിരുന്നു. ‘ചാകുന്നെങ്കിൽ ചാകട്ടെ’ എന്നർഥം വരുന്ന മുദ്രാവാക്യങ്ങൾ മുഴക്കി ബിൽളാമന്ദിരത്തിനടുത്തുകൂടി പല പ്രകടനങ്ങളും കടന്നുപോയി. അവയുടെ ശബ്ദം ഗാന്ധിയുടെ ചെവിയിലുമെത്തിയിട്ടുണ്ടാവണം. അദ്ദേഹം മരണത്തിന് തയ്യാറായിരുന്നു.

‘ജനുവരി 30 മാർഗ്ഗ്’ എന്ന പേരിട്ട ആ വഴിയിൽ ടാക്സി കാത്തുനിൽക്കുമ്പോൾ ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ നാടകീയരംഗങ്ങൾ പലതും ഒന്നൊന്നായി മനസ്സിലെത്തി. കാലത്തിന്റെ എത്ര വലിയൊരു പരീക്ഷണശാലയ്ക്ക് മുന്നിലാണ് നിൽക്കുന്നത്  എന്നോർത്തു.

 അംബേദ്കർ

അംബേദ്കർ

അവിടെനിന്നും ഒരു വണ്ടിയിൽ ഞങ്ങൾ ഖാൻ മാർക്കറ്റിലെ പ്രസിദ്ധമായ പുസ്തകശാലയിലേക്ക് പോയി. ചില പുസ്തകങ്ങൾ വാങ്ങി മടങ്ങുമ്പോൾ വെയിൽ മങ്ങിത്തുടങ്ങിയിരുന്നു.

വഴിയോരത്ത് ഒരിടത്ത് പല നേതാക്കളുടെയും അർധകായപ്രതിമകൾ വില്പനയ്ക്കു വച്ചിരിക്കുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അംബേദ്കറിന്റെ ചെറിയ പ്രതിമകളിലൊന്ന് വാങ്ങി. മേശപ്പുറത്ത് വയ്ക്കാവുന്നത്ര വലുപ്പമുള്ള മനോഹരമായി പണിതീർത്ത ഒരു അംബേദ്കർ ശില്പം.

അംബേദ്കറെകൂടി ചേർത്തുകൊണ്ടല്ലാതെ ഗാന്ധിയുടെ ഓർമ പൂർത്തിയാവുന്നില്ലല്ലോ എന്ന് മനസ്സിലോർത്തു.  ഗാന്ധിയുടെ കടുത്ത വിമർശകൻ ആയിരുന്നപ്പോഴും ഗാന്ധിയുടെ അഭാവങ്ങളെ പൂരിപ്പിക്കുക കൂടിയായിരുന്നു അംബേദ്കർ എന്ന് നമ്മുടെ കാലത്തെ വലിയ ചിന്തകരിലൊരാൾ എഴുതിയത് അപ്പോൾ മനസ്സിലുണ്ടായിരുന്നു.

രണ്ട്

ദൽഹി എപ്പോഴും അകലെ കാഴ്ചയായിരുന്നു.

വയലാർ

വയലാർ

ചരിത്രത്തിന്റെ വലിയ നാടകശാല. അതാദ്യം മനസ്സിൽ പതിഞ്ഞത് വായനയിലൂടെയാണ്. വയലാറിന്റെ ഒരു യാത്രാവിവരണം. മൂന്നരപതിറ്റാണ്ടെങ്കിലും മുമ്പാവണം അതു വായിച്ചത്. ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള തീവണ്ടിയാത്രയെക്കുറിച്ചാണ് വയലാർ തന്റെ കാവ്യാത്മകഭാഷയിൽ എഴുതിയിരുന്നത്.

പഴയ മദ്രാസ് മെയിലിൽ ചെന്നൈയിലെത്തി അവിടെനിന്ന് ദൽഹിയിലേക്ക് നീളുന്ന ഒരു യാത്രയുടെ വിവരണം. വയലാറിന്റെ ആദ്യത്തെ ദൽഹിയാത്രയാവണം. യാത്രക്കിടയിൽ തിവണ്ടി എത്തിച്ചേരുന്ന ഇടങ്ങൾ. ഇടത്താവളങ്ങളിൽ വണ്ടിയിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന മനുഷ്യർ.

അവരുടെ ജീവിതത്തെയും ചുറ്റിലും ഇരമ്പിമറയുന്ന ചരിത്രത്തെയും കുറിച്ചുള്ള വയലാറിന്റെ നിരീക്ഷണങ്ങൾ. ദൽഹിയിലെ ജീവിതഗതിഭേദങ്ങൾ. വയലാറിന്റെ വിവരങ്ങൾക്ക് അസാധാരണമായ ചാരുതയുണ്ടായിരുന്നതിനാൽ അവയിൽ പലതും ഇപ്പോഴും മനസ്സിലുണ്ട്. മഞ്ഞയും ചുവപ്പും കലർന്ന പുറംചട്ടയുണ്ടായിരുന്ന ആ ചെറിയ പുസ്തകത്തിന്റെ മുഴുവൻ പേര് മറവിയിലേക്ക് പിൻവാങ്ങിയിരിക്കുന്നു. ഇന്ദ്രപ്രസ്ഥം എന്ന വാക്കു മാത്രമേ ഇപ്പോൾ ഓർമയിൽ തുടരുന്നുള്ളു. പുസ്തകശീർഷകം ഓർമയിലില്ലെങ്കിലും അതിലെ വിവരണങ്ങൾ വഴി മനസ്സിൽ പതിഞ്ഞ ജീവിതദൃശ്യങ്ങൾ മനസ്സിൽ നിന്നും മാഞ്ഞുപോയില്ല.

വായനയ്ക്കപ്പുറം യഥാർഥത്തിൽ ദൽഹിയിലേക്കെത്തിയത് ഏറെ വൈകിയാണ്. യാത്രകളുടെ പല പടവുകൾ മുമ്പേ കൈവന്നിരുന്നുവെങ്കിലും ദൽഹി എന്തുകൊണ്ടോ അക്കാലത്തെല്ലാം അകന്നുതന്നെ നിന്നു. ദൽഹിയിലെ സൗഹൃദസായാഹ്നങ്ങളെക്കുറിച്ചും സംഗീതമൊഴുകുന്ന സമ്മേളനങ്ങളെക്കുറിച്ചുമെല്ലാമുള്ള വിവരണങ്ങൾ മുമ്പേ ധാരാളമായി കേട്ടറിവുണ്ടായിരുന്നു.കൊളോണിയൽ പ്രതാപത്തിന്റെ എടുപ്പുകൾ പോലെ തലയുയർത്തിനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും ദില്ലി സുൽത്താനേറ്റും മുഗൾ ഭരണവും മറ്റും ജന്മം നല്കി വാസ്തുശില്പങ്ങളുടെ അതുല്യശോഭയെക്കുറിച്ചുമെല്ലാം അറിവുലഭിച്ചത് അക്കാലത്തെ വായനകളിലൂടെയാണ്.

വായനയ്ക്കപ്പുറം യഥാർഥത്തിൽ ദൽഹിയിലേക്കെത്തിയത് ഏറെ വൈകിയാണ്. യാത്രകളുടെ പല പടവുകൾ മുമ്പേ കൈവന്നിരുന്നുവെങ്കിലും ദൽഹി എന്തുകൊണ്ടോ അക്കാലത്തെല്ലാം അകന്നുതന്നെ നിന്നു. ദൽഹിയിലെ സൗഹൃദസായാഹ്നങ്ങളെക്കുറിച്ചും സംഗീതമൊഴുകുന്ന സമ്മേളനങ്ങളെക്കുറിച്ചുമെല്ലാമുള്ള വിവരണങ്ങൾ മുമ്പേ ധാരാളമായി കേട്ടറിവുണ്ടായിരുന്നു.കൊളോണിയൽ പ്രതാപത്തിന്റെ എടുപ്പുകൾ പോലെ തലയുയർത്തിനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും ദില്ലി സുൽത്താനേറ്റും മുഗൾ ഭരണവും മറ്റും ജന്മം നല്കി വാസ്തുശില്പങ്ങളുടെ അതുല്യശോഭയെക്കുറിച്ചുമെല്ലാം അറിവുലഭിച്ചത് അക്കാലത്തെ വായനകളിലൂടെയാണ്. ജെഎൻയു വിലെ വിദ്യാർഥികളായിരുന്ന സുഹൃത്തുക്കൾ നൽകിയ വിവരങ്ങളും കൂടെയുണ്ടായിരുന്നു. അതെല്ലാം ചേർത്ത് ദൽഹി വലിയ മോഹമായി മനസ്സിൽ കയറുകയും ചെയ്തു.

എങ്കിലും ജീവിതത്തിന്റെ സഞ്ചാരപഥങ്ങളിൽ നിന്ന് ദൽഹി ഏറെക്കാലം അകന്നുമാറിത്തന്നെ നിന്നു. ഏകദേശം രണ്ടുപതിറ്റാണ്ടു മുമ്പ്‌ മാത്രമാണ് അതിനറുതിയായത്. പിന്നീട് പലതവണ അവിടെയെത്തി. ഓരോ തവണ വന്നുമടങ്ങുമ്പോഴും പുതിയതായി എന്തെങ്കിലും കണ്ടു. അപ്പോഴും ദൽഹി മനസ്സിൽ ബാക്കിയായി.

ആദ്യത്തെ ദൽഹിയാത്ര ഹ്രസ്വമായിരുന്നു. ഒരു സെമിനാറിൽ പങ്കെടുക്കാൻവേണ്ടിയുള്ള യാത്ര. പ്രൊഫ. കെ എൻ  പണിക്കർ

പ്രൊഫ. കെ എൻ  പണിക്കർ

പ്രൊഫ. കെ എൻ പണിക്കർ

ആണ് അതിനു വഴിതുറന്നുതന്നത്. ഞങ്ങളുടെ സർവകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തുനിന്നു വിരമിച്ച് ഏറെ വൈകും മുമ്പാണ് ദൽഹിയിലെ മലയാളികളുടെ സാംസ്കാരികകൂട്ടായ്മയായ ജനസംസ്കൃതിയുടെ ഒരു സെമിനാറിൽ സംബന്ധിക്കണമെന്ന് മാഷ് ആവശ്യപ്പെട്ടത്.

മാഷ് അന്ന് ജനസംസ്കൃതിയുടെ അധ്യക്ഷനാണ്. സമകാല ഇന്ത്യയുടെ സാംസ്കാരിക രാഷ്ട്രീയത്തെ മുൻനിർത്തിയുള്ള സെമിനാറായിരുന്നു എന്നാണോർമ.

അന്ന് സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടാണ് അത് ഉദ്ഘാടനം ചെയ്തത്. സി പി ചന്ദ്രശേഖറും ജയതിഘോഷും കെ എൻ ഗണേശും മറ്റും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ഉണ്ടായിരുന്നു. അവർക്കെല്ലാമൊപ്പം പ്രബന്ധാവതരണത്തിന് ക്ഷണിക്കപ്പെടുന്നതിൽ എനിക്ക് ആശ്ചര്യവും പരിഭ്രമവും ഒരുപോലെയുണ്ടായിരുന്നു എന്നതാണ് വാസ്തവം.

കേരളത്തിന്റെ നവോത്ഥാനചരിത്രത്തെക്കുറിച്ചുള്ള ഒരു പ്രബന്ധമാണ് ഞാനന്ന് അവതരിപ്പിച്ചത്. മുൻകൂറായി തയ്യാറാക്കിയ പ്രബന്ധം ഞാൻ വായിച്ചവതരിപ്പിക്കുകയായിരുന്നു. നിശ്ചിതസമയത്തിനുള്ളിൽ വിഷയാവതരണം പൂർത്തിയാക്കാനുള്ള വഴി അതാണെന്ന് അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു. സ്വതന്ത്രമായ അവതരണങ്ങൾ  അനുബന്ധങ്ങളും ഉപകഥകളും മറ്റുമായി നീണ്ടുപോകും.  ചുരുങ്ങിയ സമയത്തിന്റെ പരിധിയിൽ അത് പലപ്പോഴും ഒതുങ്ങിനിൽക്കില്ല.

രണ്ട് ദിവസം മാത്രം നീണ്ട ആ യാത്രയിൽ ദൽഹി കാണാൻ കഴിഞ്ഞില്ല. ഒരു രാത്രിയിൽ ജെഎൻയുവിലെ മലയാളികളായ വിദ്യാർഥിത്ഥികളുമായി സംസാരിക്കാൻ അവിടെ പോയി. സെമിനാർ കഴിഞ്ഞ് പിറ്റേന്ന് മടങ്ങുകയും ചെയ്തു. കേരളഹൗസിനും സെമിനാർ നടന്ന ഹാളിനും ഇടയ്ക്കുള്ള ചെറിയ ദൂരത്തിനപ്പുറം ദൽഹി അന്ന് കാഴ്ചയിൽ വന്നില്ല. വായനയിലൂടെ മനസ്സിൽ ഇടംപിടിച്ച ദൽഹിയുടെ ചിത്രങ്ങളെല്ലാം അതേപടി അവശേഷിച്ചു.

 പ്രകാശ് കാരാട്ട്

പ്രകാശ് കാരാട്ട്

പിന്നെയും കുറെ കഴിഞ്ഞാണ് ദൽഹിയുടെ ജീവിതചിത്രങ്ങളും ചരിത്രവിശാലതകളും കണ്ടുനടക്കാൻ ഇടം കിട്ടിയത്. ഐആർസിടിസിയുടെ ഭാരതദർശൻ യാത്രവഴി. നാട്ടിലെ ചില സുഹൃത്തുക്കൾക്കൊപ്പം നടത്തിയ തീവണ്ടിയാത്ര. രണ്ടാഴ്ചയോളം നീണ്ട ആ സഞ്ചാരത്തിലെ അവസാനതാവളം ദൽഹിയായിരുന്നു. ദൽഹിയിലെ ഏതോ ഒരു ഡോർമെറ്ററിയിലായിരുന്നു താമസം.

മൂന്നോ നാലോ ദിവസങ്ങൾ അവിടെ തങ്ങി. ആദ്യദിവസം യാത്രയുടെ സംഘാടകർതന്നെ ദില്ലിയുടെ പല കോണുകളിലേക്കും ഞങ്ങളെ കൊണ്ടുപോയി. രാജ്ഘട്ട്, ഗാന്ധിസ്മൃതി, ഇന്ത്യാഗേറ്റ്, പാർലമെന്റ്, കുത്തബ്മീനാർ, ചെങ്കോട്ട, ലോട്ടസ് ടെംപിൾ, അക്ഷർധാം  ...ചരിത്രവും കലയും സംസ്കാരവും മതവും കൈകോർത്ത് ഇഴപിരിഞ്ഞ ഇടങ്ങളിലൂടെയുള്ള സഞ്ചാരം. അവസാനത്തെ രണ്ടു ദിവസങ്ങൾ ഞങ്ങളുടെ സ്വതന്ത്രമായ സഞ്ചാരത്തിനായി അനുവദിച്ചിരുന്നു.

ദൽഹിയിലെ പ്രസിദ്ധമായ മാർക്കറ്റുകൾ പലതുമന്ന് നടന്നുകണ്ടു. സംഘാടകരുടെ സന്ദർശനപരിപാടിയിൽ ഉൾപ്പെടാത്ത ചില ഇടങ്ങളിലേക്കും ആ ദിവസങ്ങളിൽ യാത്രചെയ്യാൻ കഴിഞ്ഞു. തിരക്കും സമയക്കുറവും നിറഞ്ഞതായിരുന്നുവെങ്കിലും പലകാലങ്ങളിലെ വായനയിൽ മനസ്സിൽ പതിഞ്ഞ ദൽഹി ആദ്യമായി അടുത്തുകണ്ടതങ്ങനെയാണ്.

പിൽക്കാലത്ത് പലവട്ടം ദൽഹിയിലെത്തി. സെമിനാറുകൾക്കും പ്രഭാഷണങ്ങൾക്കും മകന്റെ വിദ്യാഭ്യാസാവശ്യത്തിനും വെറും കാഴ്ചകൾക്കും മറ്റുമായി ആ യാത്രകൾ നീണ്ടു. ജനസംസ്കൃതിയുടെ സെമിനാറുകളിൽ രണ്ടോ മൂന്നോ തവണ സംബന്ധിച്ചു. ജനസംസ്കൃതിയുടെ തന്നെ ആഭിമുഖ്യത്തിൽ എകെജി സ്മാരകപ്രഭാഷണം നടത്താനും ഒരിക്കൽ അവസരം കിട്ടി. സഹ്മത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ഇടതുപക്ഷ സാംസ്കാരിക പ്രസ്ഥാനങ്ങളെ മുൻനിർത്തിയുള്ള സെമിനാറിലും ഒരിക്കൽ പങ്കെടുത്തു.

അതിന്റെ അക്കാദമികമായ ഗരിമകൊണ്ട് പരിഭ്രമം ഉളവാക്കിയ ഒന്നായിരുന്നു ആ സെമിനാർ. ദൽഹിയിലെ തീൻമൂർത്തിഭവനോട് ചേർന്ന ഒരു ഹാളിൽ മുപ്പതോ നാല്പതോ പേർ പങ്കെടുക്കുന്ന ശില്പശാലപോലെയാണ് അത് ആസൂത്രണം ചെയ്തിരുന്നത്. പ്രൊഫ. കെ എൻ പണിക്കർ, പ്രൊഫ. ഐജാസ് അഹമ്മദ്, പ്രൊഫ. പ്രഭാത് പട്നായ്ക്ക് തുടങ്ങിയ മഹാരഥികൾ തൊട്ടടുത്തിരിക്കുമ്പോഴാണ് അന്ന് പ്രബന്ധം അവതരിപ്പിക്കേണ്ടിവന്നത്.

സെമിനാറിന്റെ രണ്ടാം ദിവസമോ മറ്റോ ആയിരുന്നു എന്റെ പ്രബന്ധം. ആദ്യദിവസത്തെ തങ്ങളുടെ അവതരണങ്ങൾക്കുശേഷം അവരെല്ലാം മടങ്ങും എന്നായിരുന്നു എന്റെ പ്രതീക്ഷ. അതുണ്ടായില്ല. മൂന്നു ദിവസം നീണ്ട സെമിനാറിൽ മുഴുവൻ സമയവും അവരെല്ലാം സംബന്ധിച്ചു. ഓരോ പ്രബന്ധവും സശ്രദ്ധം കേട്ടു. ചോദ്യങ്ങൾ ചോദിച്ചു. അഭിപ്രായങ്ങൾ പറയുകയും തങ്ങളുടേതായ വിശദീകരണങ്ങൾ നൽകുകയും ചെയ്തു. അക്കാദമികമായ അച്ചടക്കത്തിന്റെ വലിയൊരു പാഠശാല കൂടിയായിരുന്നു എനിക്കാ സെമിനാർ.

ആദ്യകാല ദൽഹിയാത്രകളിലെ താവളം ലാലച്ചന്റെ വസതിയായിരുന്നു. ദൽഹിയിലെ കന്റോൺമെന്റ് മേഖലയിലെ പള്ളിയിലെ വികാരിയായിരുന്നു ലാലച്ചൻ എന്നു ഞങ്ങൾ സ്നേഹപൂർവം വിളിക്കുന്ന ഫാദർ ലാൽ. എന്റെ വീടിന് തൊട്ടടുത്തായിരുന്നു ലാലച്ചന്റെയും വീട്. അരകിലോമീറ്റർ പോലും ഞങ്ങളുടെ വീടുകൾ തമ്മിൽ അകലമില്ല. ബാല്യകാലം തൊട്ടേയുള്ള പരിചയം.

കുട്ടിക്കാലത്ത് അത് കേവലമായ പരിചയത്തിനപ്പുറം ഗാഢസൗഹൃദമായി വളർന്നിരുന്നില്ല. ജീവിതത്തിന്റെ രണ്ടു വഴികളിലൂടെ ഒഴുകിയതായിരുന്നു ഞങ്ങളുടെ ജീവിതം. എങ്കിലും കാൽനൂറ്റാണ്ട് കഴിഞ്ഞ് മൂവായിരത്തോളം കിലോമീറ്ററുകൾക്കപ്പുറത്തു വച്ച് ഞങ്ങളുടെ പരിചയം ഗാഢമായ സ്നേഹമായി വളർന്നു. പിന്നീടുള്ള ദില്ലിയാത്രകളിലെല്ലാം കന്റോൺമെന്റ് പള്ളിയോടു ചേർന്നുള്ള ലാലച്ചന്റെ വസതിയിലാണ് തങ്ങിയിരുന്നത്.

ചില സന്ദർഭങ്ങളിൽ കാലടിയിലെ പഴയ സുഹൃത്തും ജാമിയ മില്ലിയയിലെ അധ്യാപകനുമായ മാത്യുവും ഞങ്ങൾക്കൊപ്പം ചേർന്നു. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം നേടിയ ആളാണ് മാത്യു. ജമ്മു സർവകലാശാലയിലെ അധ്യാപനവൃത്തിയിൽ നിന്നാണ് മാത്യു ജാമിയ മില്ലിയയിലേക്ക് എത്തിയത്. ഇപ്പോൾ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള പഠനമേഖലയിലെ ഇന്ത്യയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് മാത്യു.

മാത്യു മനോഹരമായി പാടും. ലാലച്ചന്റെ വസതിയിൽ, രാത്രിയുടെ നിശ്ശബ്ദതയ്ക്കുമുകളിലൂടെ  മാത്യുവിന്റെ പാട്ടുകൾ പടർന്നു. അതിരാവിലെയുള്ള ഫ്ളൈറ്റിൽ എനിക്കു മടങ്ങാനുള്ളപ്പോഴും രാത്രിയിലെ പാട്ട് നീണ്ടുനീണ്ടു പോകും. മിക്കവാറും ഉറങ്ങാതെതന്നെ പുലർച്ചെ വിമാനത്താവളത്തിലേക്ക് തിരിക്കും.

കന്റോൺമെന്റ് പള്ളിയും അതിനോടു ചേർന്നുള്ള ഫാദർ ലാലിന്റെ വസതിയും ദൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായിരുന്നു.

ദൽഹി അന്താരാഷ്ട്ര വിമാനത്താവളം

ദൽഹി അന്താരാഷ്ട്ര വിമാനത്താവളം

ചില വൈകുന്നേരങ്ങളിൽ ലാലച്ചനോടൊപ്പം വിമാനത്താവളത്തിന്റെ മതിൽക്കെട്ടിനു പുറത്തെ വഴികളിലൊന്നിൽ ചെന്നിരിക്കുമായിരുന്നു. ലാൻഡിങ്ങിനായി ആകാശച്ചരുവിൽ വിമാനങ്ങൾ നിരനിരയായി താവളമിടുന്ന വിസ്മയകരമായ കാഴ്ച ആദ്യമായി കാണിച്ചുതന്നത് ലാലച്ചനാണ്. ആകാശച്ചരിവിൽ പ്രത്യക്ഷപ്പെടുന്ന വിമാനങ്ങളിലൊന്ന് ലാൻഡിങ്ങിനായി താഴേക്കു നീങ്ങുന്നതിനു തൊട്ടുപിന്നാലെ അടുത്ത വിമാനം അവിടെ പ്രത്യക്ഷപ്പെടും.

മണിക്കൂറുകളോളം ആ കാഴ്ചകണ്ടു ലാലച്ചന്റെ വാഹനത്തിൽ ആ റോഡരുകിൽ ഞങ്ങൾ ഇരുന്നിട്ടുണ്ട്. നാട്ടിലെ പ്രൈവറ്റ് ബസ്സ്റ്റാൻഡിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് കടക്കാൻ റോഡിൽ ചിലപ്പോഴൊക്കെ ക്യൂവായി നിൽക്കുന്ന ബസ്സുകളെയാണ് അത് കണ്ടപ്പോൾ എനിക്കോർമവന്നത്. വിമാനങ്ങൾ അങ്ങനെ ആകാശച്ചരുവിൽ അണിനിരക്കുമെന്ന കാര്യം എനിക്കറിയില്ലായിരുന്നു. ആ കാഴ്ച പകരുന്ന വിസ്മയത്തിനും കൗതുകത്തിനും പിന്നീടും കുറവുണ്ടായിട്ടില്ല.

 ‘കാലം കുറഞ്ഞ ദിനമെങ്കിലുമർഥദീർഘം’ എന്ന കവിവാക്യം പോലെയായിരുന്നു ലാലച്ചന്റെ ജീവിതം. ജീവിതോത്സാഹത്തിന്റെ ഉച്ചസ്ഥാനത്ത് എന്നും നിലയുറപ്പിച്ച ഒരാൾ. പുരോഹിതവൃത്തിയിൽ ആണ്ടുമുഴുകുന്നതോടൊപ്പം തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തിലും ലാലച്ചൻ സജീവമായി പങ്കുചേർന്നു.

അവരുടെ ആഹ്ലാദവിഷാദങ്ങളെ തന്റേതുമാക്കി. കന്റോൺമെന്റിലെ വസതിയിൽ ലാലച്ചനോടൊപ്പം തങ്ങിയ ചുരുക്കം ദിവസങ്ങളിൽ അദ്ദേഹത്തെ കാണാൻ വരുന്ന മനുഷ്യരിൽനിന്നുതന്നെ എനിക്കതു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ബഹുകാര്യവ്യഗ്രമായ ഔദ്യോഗിക ജീവിതത്തിനിടയിലും ചുറ്റുമുള്ളവരുടെ ജീവിതത്തിന്റെ ചെറിയ കോണുകളിലേക്കുവരെ കണ്ണെത്തുകയും, അവർക്ക് സമാശ്വാസം പകരുകയും ചെയ്യുന്ന ഒരാളെത്തേടിയായിരുന്നു ആ മനുഷ്യരുടെ വരവ്. നിരുപാധികമായ സ്നേഹം എന്ന ക്രൈസ്തവമൂല്യത്തെ ലാലച്ചന്റെ ജീവിതംകൊണ്ട് സാക്ഷാത്കരിച്ചു.

ദൽഹിയിൽനിന്ന് നാട്ടിൽ വരുമ്പോഴെല്ലാം ലാലച്ചൻ എന്റെയും വീട്ടിലെത്തുമായിരുന്നു. അന്ന് ചെറിയ കുട്ടിയായിരുന്ന മാധവന് നല്കാൻ എന്തെങ്കിലും സമ്മാനം കൈയിലുണ്ടാവുമെന്നുറപ്പ്. എവിടെയും ലാലച്ചൻ സന്തോഷം നിറഞ്ഞ സാന്നിധ്യമായി.

ലോകത്തിന് ആനന്ദം പകരുന്നതിനിടയിൽ തന്റെ ജീവിതത്തെ അച്ചൻ കാര്യമായി പരിഗണിച്ചില്ല. ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനെക്കുറിച്ച് പലപ്പോഴും പാതി കളിയായും പാതി കാര്യമായും പറയുമായിരുന്നു. ജീവിതോർജ്ജം മുഴുവൻ രോഗത്തിനുവേണ്ടി മാറ്റിവയ്ക്കാൻ ഫാദർ ലാൽ തുനിഞ്ഞില്ല. ഉമിത്തീപോലെ ദീർഘകാലം പുകയുന്നതിലല്ല; അല്പകാലമെങ്കിലും ചുറ്റുപാടും പ്രകാശം പരത്തി തെളിഞ്ഞുകത്തുന്നതാണ് ജീവിതമഹിമയുടെ അടയാളമായി ലാലച്ചൻ കണ്ടത്.

രോഗത്തോടൊപ്പമുള്ള ഓട്ടമത്സരം പാതിവഴിയിൽ നിലച്ചേക്കും എന്ന കാര്യം അദ്ദേഹത്തെ അലട്ടിയില്ല. അന്തിമമായി അതവിടെത്തന്നെ എത്തിച്ചേരുകയും ചെയ്തു. വീട്ടുമുറ്റത്ത് വെള്ള വിരിച്ച പന്തലിനു കീഴെ ശാന്തമായി നിത്യനിദ്രയിലാണ്ട ലാലച്ചനെ നോക്കിനിൽക്കുമ്പോൾ, നേർത്ത പുഞ്ചിരിയോടെ മരണത്തെക്കുറിച്ച് പറയാറുള്ള ലാലച്ചൻ ഓർമയിലുണ്ടായിരുന്നു. മരണം വിടവാങ്ങലല്ല; ജീവിതത്തിന്റെ പൂർത്തിയാണ് എന്നായിരുന്നു ഫാദർ ലാൽ കരുതിയത്. എങ്കിലും ലാലച്ചൻ മടങ്ങിയപ്പോൾ പൂർത്തിയാകാൻ ഇനിയുമെത്രയോ ബാക്കിയുള്ള ജീവിതമായിരുന്നല്ലൊ എന്ന് ഞങ്ങൾ ഖേദപൂർവം ഓർത്തു.

ദൽഹിയുടെ ഉൾപ്രദേശങ്ങളിലേക്ക് കുറച്ചൊക്കെ സഞ്ചരിച്ചത് ഫാദർ ലാലിനോടൊപ്പമാണ്. പുരോഹിതവൃത്തിയുടെ തിരക്കുകൾക്കിടയിലും നഗരജീവിതത്തിന്റെ ഉള്ളടരുകളിലേക്ക് ലാലച്ചൻ സമയം കണ്ടെത്തി കൂട്ടിക്കൊണ്ടുപോയി.

അന്യഥാ ഉപരിതല കാഴ്ചകളായി മാത്രം അവശേഷിക്കുമായിരുന്ന ദൽഹി അനുഭവങ്ങളെ ആ യാത്രകളാണ് ആഴമുള്ളതാക്കിയത്. ലാലച്ചൻ വിടവാങ്ങിയതിനു ശേഷം ദൽഹിയാത്രകൾ ഖേദം നിറഞ്ഞ ഒന്നായി മാറി.

പഴയ ഒത്തുചേരലുകളുടെ ഓർമകൾ പിന്നീടുള്ള ഓരോ യാത്രയിലും കൂടെ വന്നു. സ്വസ്ഥവും സൗമ്യവുമായ ആ പാർപ്പിടത്തിന്റെ പ്രശാന്തത ലഭ്യമല്ലാതായതും പിൽക്കാല യാത്രകളെ തടസ്സപ്പെടുത്തിയ ഘടകങ്ങളിലൊന്നാണ്.

രാവിലെ തിരിക്കിട്ടു പോയി അന്നുതന്നെ മടങ്ങുന്ന രീതിയിൽ വരെ ചില യാത്രകൾ ക്രമീകരിച്ചു. ദൽഹിയുടെ മോഹിപ്പിക്കുന്ന ആകർഷകത്വത്തെ ഫാദർ ലാലിന്റെ വേർപാടിന്റെ ഓർമകൾ വലയം ചെയ്തു.

ലാലച്ചൻ വിടവാങ്ങിയതിനുശേഷം കുറെക്കാലം ദൽഹിയാത്രകൾ കാര്യമായുണ്ടായില്ല. ദൽഹിയിൽ ഒരു സ്ഥിരതാവളവും. സെമിനാറുകൾക്കും മറ്റും പോയപ്പോൾ ചില ഹോട്ടലുകളിൽ തങ്ങി. മിക്കപ്പോഴും വൈകാതെ മടങ്ങി. പിന്നീടതിന് മാറ്റം വന്നത് ഡോ. പി എം ആരതിയുമായി സൗഹൃദത്തിലായതിനുശേഷമാണ്. ജെഎൻയുവിലെ ഗവേഷണപഠനത്തിനുശേഷം ദൽഹിയിലെ സെന്റർഫോർ സോഷ്യൽ ഡെവലപ്മെന്റിൽ (CSD) ഫാക്കൽറ്റിയായി പ്രവർത്തിക്കുകയായിരുന്നു. അവിടെനിന്നാണ് എം ജി  സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ തോട്ടിലേക്ക് ആരതി എത്തിയത്.

അതിനിടയിൽ ജർമനിയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ പഠനവും ആരതി പൂർത്തിയാക്കിയിരുന്നു. ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന അമ്മമാരെക്കുറിച്ചും സറോഗസി എന്ന പ്രശ്നത്തെക്കുറിച്ചും ഏറ്റവും ആഴത്തിൽ പഠനം നടത്തിയ ആളുകളിലൊരാൾ ആരതിയാണ്. ഒരുപക്ഷേ, ഇക്കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ അറിവിന്റെയും അന്വേഷണങ്ങളുടെയും ഉടമ. സാമൂഹ്യാരോഗ്യത്തെക്കുറിച്ചുള്ള പഠനമാണ് ആരതിയുടെ വിശേഷജ്ഞാനമേഖല.

രാഷ്ട്രീയമായ ജാഗ്രതയെയും സാമൂഹികമായ ഉൾക്കാഴ്ചകളെയും തന്റെ എല്ലാ ആലോചനകളുടെയും അടിപ്പടവായി ആരതി ഉൾച്ചേർത്തിരുന്നു. അടിസ്ഥാനപരമായി ഒരു രാഷ്ട്രീയജീവിയായിരിക്കുക എന്നതുതന്നെയാണ് തന്റെ ജ്ഞാനാന്വേഷണങ്ങളുടെ മൗലിക താൽപ്പര്യമായി ആരതി നിലനിർത്തിപ്പോരുന്നത്. നമ്മുടെ കാലത്തെ അക്കാദമികജീവിതങ്ങൾ അതിന് ഏറെയൊന്നും തെളിവുകൾ തരുന്നില്ല.

ആരതിയും ഇരട്ട സഹോദരി ആതിരയും ആരതിയുടെ ജീവിതപങ്കാളി ശ്രീജിത്ത് ദിവാകരനുമെല്ലാം ഏറെക്കാലം മുമ്പേ പരിചിതരാണ്.

ഡോ. പി എം  ആരതി

ഡോ. പി എം ആരതി

അവരുടെ വിദ്യാർഥിജീവിതകാലം മുതലുള്ള പരിചയം. എങ്കിലും സമീപകാലത്ത് ‘ഞാറ്റുവേല’ എന്ന സൗഹൃദക്കൂട്ടായ്മയാണ് ഞങ്ങൾക്കിടയിലെ ഗാഢസൗഹൃദത്തിന് വഴിതുറന്നു തന്നത്. ജീവിതത്തിലെ എക്കാലത്തെയും വലിയ നേട്ടങ്ങളിലൊന്നായിത്തീർന്ന സൗഹൃദം.

മഹാരാജാസിൽ ഞങ്ങളുടെ കാലത്തിനു തൊട്ടുപിന്നാലെയുള്ള തലമുറയിലെ വിദ്യാർഥിപ്രവർത്തകനായി ശ്രീജിത്ത് ഉണ്ടായിരുന്നു. പിന്നീട് കേരളത്തിലെ ശ്രദ്ധേയരായ മാധ്യമപ്രവർത്തകരിൽ ഒരാളായി ശ്രീജിത്ത് മാറി. ദൽഹിയും ഉത്തരഭാരതവുമായിരുന്നു ശ്രീജിത്തിന്റെ പ്രവൃത്തിലോകം. വിദ്യാർഥി സംഘടനാപ്രവർത്തകരെന്ന നിലയിൽതന്നെയാണ് ആതിരയെയും ആരതിയെയും ആദ്യം കാണുന്നത്.

വിദ്യാർഥി‐യുവജനപ്രസ്ഥാനങ്ങളുടെ പഠനക്ലാസുകളിലാവണം ഇരുവരെയും ആദ്യം കണ്ടത്. വിദ്യാഭ്യാസകാലത്ത് എസ്എഫ്ഐ കേന്ദ്രസമിതി അംഗമായിരുന്നു ആതിര. അക്കാലത്തെ സമരമുഖങ്ങളിൽ തീപാറുന്ന സാന്നിധ്യംപോലെ ആതിരയെ കാണാനാവുമായിരുന്നു.

അഡ്വ. പി എം  ആതിര

അഡ്വ. പി എം ആതിര

പിൽക്കാലത്ത് ആതിര അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞു. കോഴിക്കോട്ടെ പ്രധാന അഭിഭാഷകരിലൊരാളും കോഴിക്കോടിന്റെ സാമൂഹികജീവിതത്തിലെ സജീവസാന്നിധ്യവുമാണ് ആതിരയിപ്പോൾ. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ടെലിവിഷൻ സംവാദങ്ങളിലും ബഹുജനപ്രസ്ഥാനങ്ങളുടെ പഠനവേദികളിലും അഭിഭാഷകസംഘടനയിലും സ്ത്രീസംഘടനയിലും  എല്ലാമുള്ള സമർപ്പിതവും സജീവവുമായ പങ്കാളിത്തം. അഗാധമായ രാഷ്ട്രീയബോധ്യങ്ങൾ ഒരാളുടെ വ്യക്തിജീവിതത്തിന്റെ അടിപ്പടവിനെ വരെ പണിതെടുക്കുന്നതിന്റെ മാതൃകയാണ് ആതിര.

ആരതിയുടെയും ആതിരയുടെയും ജീവിതബോധ്യങ്ങൾ മാധവൻ മാഷിന്റെയും പ്രസന്നേച്ചിയുടെയും ഗാഢമായ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ തുടർച്ചയാണെന്ന് തോന്നിയിട്ടുണ്ട്. കാസർകോട്‌ ജില്ലയിലെ അധ്യാപകപ്രസ്ഥാനത്തിന്റെ മുതിർന്ന നേതാക്കളിലൊരാളായിരുന്നു മാധവൻ മാഷ്.

1970‐കളുടെ തുടക്കത്തിൽ ബ്രണ്ണൻ കോളേജിലെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാവ്. അന്നു കൈവന്ന രാഷ്ട്രീയമായ ഊർജ്ജം മാഷിനിന്നും കൈമോശം വന്നിട്ടില്ല. പതിറ്റാണ്ടുകൾ പിന്നിട്ട ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ തുടർച്ച ഇപ്പോഴും പ്രസന്നേച്ചിയിലുണ്ട്.

ജോലിയിൽ നിന്ന് വിരമിച്ച് കുറച്ചുകാലമായെങ്കിലും സംഘടനാ പ്രവർത്തനത്തിൽ നിന്ന് ഇരുവരും പിൻവാങ്ങിയില്ല. സാമൂഹിക ജാഗ്രതയും സമർപ്പിതമായ രാഷ്ട്രീയ പ്രവർത്തനവും അവരുടെ ജീവിതത്തിന്റെ അടിപ്പടവാണ്.

അതിൽ ഒരിക്കലും ഇടവേളകളില്ല.
ദൽഹിയിലെ ഡിഫൻസ് കോളനിയിലെ ആരതിയുടെയും ശ്രീജിത്തിന്റെയും ചെറിയ അപ്പാർട്ടുമെന്റായിരുന്നു ഏറ്റവുമൊടുവിലെ ഒന്നുരണ്ടു യാത്രകളിൽ ദൽഹിയിലെ താവളം.

എസ്‌ ഗോപാലകൃഷ്‌ണനൊപ്പം

എസ്‌ ഗോപാലകൃഷ്‌ണനൊപ്പം

മരച്ചില്ലകൾക്കിടയിലൂടെ ഉണർന്നുവരുന്ന വെളിച്ചം നുകർന്ന് ഒരു കപ്പ്‌  ചായയോടൊപ്പം അപ്പാർട്ടുമെന്റിനു മുന്നിലിരുന്ന പ്രഭാതങ്ങൾ ദൽഹി യാത്രകളിലെ ഹൃദ്യമായ അനുഭവങ്ങളായിരുന്നു. തൊട്ടരുകിലെ മരച്ചില്ലകളിലിരുന്ന് പുലർകാല വെളിച്ചത്തോടൊപ്പം ചിലയ്ക്കുന്ന കിളികൾ. 

വെങ്കിടേഷ് രാമകൃഷ്ണനും ഉണ്ണിരാജൻ ശങ്കറും എസ്  ഗോപാലകൃഷ്ണനും ഉൾപ്പെടെയുള്ള പല സുഹൃത്തുക്കളെയും അക്കാലത്ത് ദൽഹിയിൽ കാണാനിടയാവുകയും ചെയ്തു.

ദൽഹിയിൽ ജീവിതം പടുത്ത മനുഷ്യരാണ് അവരൊക്കെയും. എല്ലാവരെയും മുമ്പേ നാട്ടിൽ വച്ച് അറിയാവുന്നവരാണ്. എങ്കിലും അകലങ്ങളിലെ ആ കൂടിക്കാഴ്ചകൾക്ക് കൂടുതൽ ചാരുതയുണ്ടായിരുന്നു.

ഹ്രസ്വമായ ആ ഒത്തുചേരലുകളുടെ ഹൃദ്യതയും സ്നേഹനിർഭരതയും ജീവിതത്തിലെ വലിയ നീക്കിയിരുപ്പായി എപ്പോഴും കൂടെയുണ്ട്.

ദൽഹിയുമായുള്ള ബന്ധം ദൃഢമാക്കാൻ പോന്ന വിധത്തിൽ മകൻ ദൽഹി സർവകലാശാലയിൽ വിദ്യാർഥിയായി ചേർന്നിരുന്നു. എങ്കിലും രണ്ടുവർഷത്തോളം നീണ്ട കോവിഡ് അവരുടെ വിദ്യാഭ്യാസകാലത്തെയും അക്കാലത്തെ ദൽഹിയാത്രകളെയും പരിമിതപ്പെടുത്തി.

മാധവന്റെ പ്രവേശനസമയത്ത് പോയതിനുശേഷം മൂന്നുവർഷക്കാലത്തിനിടയിൽ ദൽഹിയിൽ പോയതേയില്ല. ഏറ്റവുമൊടുവിൽ ദൽഹിയിലെത്തുമ്പോഴേക്കും മാധവൻ പഠനം പൂർത്തിയാക്കി അവിടെനിന്നും മടങ്ങിയിരുന്നു.

കാലം ഒഴുകിമാറുന്നു. ജീവിതത്തിന്റെ പ്രയാണപഥങ്ങൾ പുതിയ മനുഷ്യരെയും പുതിയ ഇടങ്ങളെയും കൂട്ടിക്കൊണ്ടു വരുന്നു. എങ്കിലും ദൽഹി പഴയ ആകർഷത്തോടെ അകലെ തുടരുന്നു. ഹൃദയത്തിൽ അത്രമേൽ അടുത്തും  .

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top