25 January Tuesday

തുടരുന്നു ഉറപ്പോടെ ; സാർഥകമായ ആറുമാസം

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021

രണ്ടാം പിണറായി സർക്കാരിന്‌ ആറുമാസം. ക്ഷേമരാഷ്‌ട്ര സങ്കൽപ്പങ്ങൾക്കിടമുള്ള എല്ലാകോണിലും ആവേശം പകർന്ന തുടർഭരണം; കേരള ജനതയ്‌ക്ക്‌ അത്യാവേശവും. ഭക്ഷണവും മരുന്നും കിടപ്പാടവും പഠന സൗകര്യവും സുരക്ഷിതത്വവും ഉറപ്പാണ്‌ എന്ന വിശ്വാസം.
കേരളത്തിന്റെ സ്വപ്നങ്ങൾക്ക്‌ തൂവൽച്ചിറക്‌ വിരിയിച്ചു 1957ലെ ഇ എം എസ്‌ സർക്കാർ. ക്ഷേമവും വികസനവും ഉറപ്പാക്കിയ അടിത്തറ. അതിൽനിന്നുള്ള കുതിപ്പായിരുന്നു കഴിഞ്ഞ സർക്കാർ; പൊതുവിദ്യാഭ്യാസരംഗത്ത്‌ സാർവത്രിക വെളിച്ചം. വീടും ക്ഷേമ പെൻഷനുകളും  ഉറപ്പാക്കി. ആപൽഘട്ടങ്ങളിൽ വീട്ടുവിഭവങ്ങളും ചികിത്സയും മുന്നിൽ. അടിസ്ഥാന സൗകര്യ വികസനത്തിലും വൻ നേട്ടം. വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ സർക്കാർ കടന്നിരിക്കുന്നു. ലോകോത്തര നിലവാരത്തിലേക്ക്‌ ഉന്നത വിദ്യാഭ്യാസമേഖല. ചരിത്രത്തിലില്ലാത്ത വിധം ഗ്രാഫ്‌ ഉയർത്തുന്ന വ്യവസായരംഗം.

പിന്നിട്ടതിനേക്കാൾ കൂടുതൽ ദൂരം, നേടിയതിന്റെ പലമടങ്ങ്‌

സാർഥകമായ ആറുമാസം....

 

പ്രതീക്ഷയുടെ 
തീരമണിഞ്ഞ്‌ 
പുനർഗേഹം
തീരത്തെ വേലിയേറ്റരേഖയിൽനിന്ന്‌ 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും സുരക്ഷിതമേഖലയിലേക്ക്‌ മാറ്റി താമസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുനർഗേഹം പദ്ധതിയിൽ നിർണായക പുരോഗതി. 18,685 കുടുംബത്തെയാണ്‌ മാറ്റി പാർപ്പിക്കേണ്ടത്‌. ഇതിൽ 726 കുടുംബത്തിന്‌ പുതിയ സ്ഥലത്ത്‌ പുതിയ വീടായി. 1882 കുടുംബത്തിന്‌ വീട്‌ നിർമിക്കാൻ സ്ഥലം കണ്ടെത്തി ഉടമസ്ഥാവകാശം രജിസ്റ്റർ ചെയ്‌തു. 2363 കുടുംബത്തിന്‌ ഭൂമി കണ്ടെത്തി വിലയിൽ ധാരണയായി. ഇവ രജിസ്‌ട്രേഷൻ ഘട്ടത്തിലാണ്‌. പദ്ധതിയിൽ 1174 കുടുംബത്തിനായി 11 സ്ഥലത്ത്‌ ഫ്ലാറ്റ്‌ നിർമാണം വിവിധ ഘട്ടത്തിലാണ്‌. തിരുവനന്തപുരം കാരോട്‌, ബീമാപള്ളി, മലപ്പുറം പൊന്നാനി എന്നിവിടങ്ങളിലായി 276 ഫ്ലാറ്റ്‌ കൈമാറി.

പ്രതിരോധക്കോട്ട
കോവിഡ്‌ പ്രതിരോധ വാക്‌സിൻ വിതരണത്തിൽ രാജ്യത്ത്‌ ഒന്നാമതാണ്‌ കേരളം. 18 വയസ്സ്‌ കഴിഞ്ഞ വിഭാഗത്തിൽ 95.6 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും (2,55,51,479), 59.6 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (1,59,33,048) നൽകി. ഒരുഘട്ടത്തിൽ ഉയർന്ന നിരക്കിൽനിന്ന കോവിഡ്‌ പ്രതിദിന കണക്ക്‌ കുത്തനെ കുറഞ്ഞതും നിലവിലുള്ള രോഗികളുടെ എണ്ണം 62,288 ആയി കുറഞ്ഞതും പ്രതിരോധ പ്രവർത്തനങ്ങളുടെ നേട്ടം. കിടപ്പുരോഗികൾ, ഗർഭിണികൾ, പ്രായമായവർ, അനുബന്ധ രോഗമുള്ളവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി വാക്സിൻ വിതരണത്തിന്‌ പ്രത്യേക പദ്ധതികളാണ്‌ നടപ്പാക്കിയത്‌.

മരണനിരക്ക്‌ 0.72 ശതമാനംമാത്രമാണ്‌. കോവിഡ്‌ മരണപ്പട്ടികയിൽ ഉൾപ്പെടാതെപോയ മരണങ്ങൾ കൃത്യമായി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ എണ്ണായിരത്തോളം അധിക മരണങ്ങൾ ഒരുമാസത്തിൽ പട്ടികയിൽ ഉൾപ്പെടുത്തി.


 

വിദ്യാഭ്യാസത്തിന്‌  ഒന്നാംറാങ്ക്‌

●  കൂടുതൽ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക്‌ എത്തിച്ചു
●  ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്ന വിദ്യാകിരണം പദ്ധതി
●  അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ കോവിഡ്‌ പ്രതിരോധ 
കവചമൊരുക്കി തുറന്നു
●  പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായി പൂർത്തീകരിച്ചു
●  എല്ലാ വിദ്യാർഥികൾക്കും പ്ലസ്‌ വൺ പ്രവേശനം ഉറപ്പാക്കി. 
അധികബാച്ച്‌ അനുവദിക്കാനും തീരുമാനിച്ചു
●  കോളേജിൽ സീറ്റ്‌ വർധന
●  ലിംഗസമത്വം ഉറപ്പാക്കാൻ സമഭാവനയുടെ സത്‌കലാശാലപദ്ധതി

കായലുകൾ 
പറുദീസയായി
ഉൾനാടൻ ടൂറിസം വീണ്ടും പഴയ പ്രതാപത്തിലേക്ക്‌. വിനോദസഞ്ചാര മേഖല മുഴുവനായും തുറന്നതോടെ രംഗം ആകെ ഉഷാറായി. മഴകൂടി മാറിയാൽ കൂടുതൽ സഞ്ചാരികൾ ഓളപ്പരപ്പുകളിലേക്കെത്തും. ടൂറിസം സജീവമാക്കാൻ ജലഗതാഗത വകുപ്പും രംഗത്തുണ്ട്‌. ആലപ്പുഴയിൽ മാത്രം രണ്ടായിരം പുരവഞ്ചിയും ശിക്കാരവള്ളങ്ങളുമുണ്ട്‌.


 

കേരളപ്പിറവി സമ്മാനമായി കെഎഎസ്‌
കേരള സിവിൽ സർവീസിൽ പുതു ചരിത്രമെഴുതിയാണ്‌ ഇത്തവണത്തെ കേരളപ്പിറവി ദിനത്തിൽ കെഎഎസ്‌ ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) തസ്‌തികയിലേക്ക്‌ നിയമന ശുപാർശ നൽകിയത്‌. 2019 നവംബർ ഒന്നിനാണ് തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒന്നാം സ്ട്രീമിലേക്ക്‌ 5,47,543 പേർ അപേക്ഷിച്ചു. രണ്ടാം സ്ട്രീമിൽ 26,950 പേരും. കോവിഡ്‌  പ്രതിസന്ധിക്കിടയിലും 2020 ഫെബ്രുവരി 22, ഡിസംബർ 29 തീയതികളിൽ പ്രാഥമികപരീക്ഷയും നവംബർ 20, 21, 2021 ജനുവരി 15, 16 തീയതികളിലായി അന്തിമ പരീക്ഷയും നടന്നു. 2021  സെപ്‌തംബർ 30ന്‌ അഭിമുഖം പൂർത്തിയായി. ഒക്ടോബർ എട്ടിന്‌ റാങ്ക്‌ ലിസ്റ്റും പ്രസിദ്ധീകരിച്ചു. കെഎഎസ്‌ ഓഫീസർമാർക്കുള്ള പരിശീലനം നടക്കുകയാണ്‌.

സമഗ്ര 
മാറ്റത്തിന്‌ അറിവ്‌
കേരളത്തിന്റെ സമഗ്ര മാറ്റത്തിന്‌ അറിവിനെ ആയുധമാക്കാനുള്ള കർമപദ്ധതി കേരള നോളജ്‌ ഇക്കോണമി മിഷൻ പ്രവർത്തനങ്ങൾ മുന്നേറുന്നു. ദൗത്യതന്ത്രങ്ങൾ ഉൾക്കൊള്ളുന്ന വിശദ പദ്ധതിരേഖ തയ്യാറായി. ഇതിന്‌ സർക്കാരിന്റെ അന്തിമ അനുമതിയാകുന്നതോടെ വിപുലമായ പ്രചാരണ പരിപാടിയിലേക്ക്‌ കടക്കും.

നാലു ഘടകമാണ്‌ ദൗത്യത്തിന്റെ അടിസ്ഥാനം. അഞ്ചുവർഷത്തിൽ 20 ലക്ഷം അഭ്യസ്‌തവിദ്യരായ യുവജനതയ്‌ക്ക്‌ അനുയോജ്യമായ‌ തൊഴിൽ ഉറപ്പാക്കൽ, സമഗ്രമായ നൂതനത്വങ്ങളുടെ (ഇന്നൊവേഷൻ) പ്രോത്സാഹനം, ഉന്നത വിദ്യാഭ്യാസമേഖലയുടെ സമൂല പുനഃസംഘടന, കേരള സമ്പദ് വ്യവസ്ഥയുടെ വ്യത്യസ്‌ത ഘടകങ്ങളുടെ ഡിജിറ്റൽ രൂപാന്തരീകരണം എന്നിവയ്‌ക്കാണ്‌ ഊന്നൽ. തൊഴിൽ ഉറപ്പാക്കൽ പദ്ധതിയിൽ തൊഴിൽ അന്വേഷകരുടെയും തൊഴിൽ ദാതാക്കളുടെയും സംഗമത്തിന്‌ വഴിയൊരുക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ രജിസ്‌ട്രേഷൻ തുടരുന്നു. ഏതാണ്ട്‌ 1500ൽപരം പേർ ഇതിനകം അനുയോജ്യ തൊഴിൽ ഉറപ്പാക്കി.

പഴുതടച്ച്‌ 
പൊതുമരാമത്ത്‌

●    റോഡുകളെക്കുറിച്ചുള്ള പരാതികൾ അറിയിക്കാൻ 
‘പിഡബ്ല്യുഡി 4 യു’ മൊബൈൽ ആപ്
●    ദേശീയപാത 16 റീച്ചിന്റെ ടെൻഡർ നടപടി പൂർത്തിയാക്കി
●    റോഡുകളുടെ നിർമാണ പുരോഗതി വിലയിരുത്താൻ 
ജില്ലാ അവലോകന സമിതി
●    കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന റോഡിന്‌ 
പ്രത്യേക സെൽ
●    അറ്റകുറ്റപ്പണിക്ക്‌ റണ്ണിങ്‌ കോൺട്രാക്ട്‌
●    നിർമാണപുരോഗതി  ജനങ്ങളെ അറിയിക്കാൻ പ്രോജക്ട്‌ 
മാനേജ്‌മെന്റ്‌ സിസ്റ്റം
●    പിഡബ്ല്യുഡി റെസ്റ്റ്‌ ഹൗസുകളിൽ ഓൺലൈൻ ബുക്കിങ്‌; 
പൊതുജനങ്ങൾക്കും താമസിക്കാൻ അവസരം
●    പൊതുമരാമത്തുവകുപ്പ്‌ പൂർണമായും ഇ–- ഓഫീസിലേക്ക്‌

കീശയിലൊതുങ്ങും റേഷൻ കാർഡും

●  എടിഎം കാർഡ്‌ മാതൃകയിൽ സ്‌മാർട്ട്‌ 
റേഷൻകാർഡുകൾ  
●  വാടകവീട്ടിൽ താമസിക്കുന്നവർ സത്യവാങ്മൂലം നൽകിയാൽ പുതിയ റേഷൻകാർഡ്
●  കർഷകരെ സംരംഭകരാക്കാൻ ലക്ഷ്യമിട്ട്‌ 
50 കാർഷികോൽപ്പാദന കമ്പനി  
●  മോട്ടോർവാഹനവകുപ്പിന്റെ വിവിധ 
സേവനങ്ങൾ ഓൺലൈനിൽ

കുതിക്കാം സിൽവർ ലൈനിൽ
സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ അർധ അതിവേഗ റെയിൽപ്പാത (സിൽവർ ലൈൻ) യാഥാർഥ്യമാക്കാൻ സർക്കാർ ആദ്യ ആറുമാസത്തിനകം നടപടി ഊർജിതമാക്കി. കാസർകോട്ടുനിന്ന്‌ തിരുവനന്തപുരംവരെ 529.45 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട് എത്താവുന്ന സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ഏകോപനത്തിന്‌ പോർട്ടൽ തയ്യാറാക്കി. പദ്ധതിയുടെ പരിസ്ഥിതി ആഘാതപഠനത്തിന്‌ അതിരുകല്ലുകൾ സ്ഥാപിച്ചു. പരമാവധി നിലവിലെ റെയിൽവേ ലൈനുകളോട്‌ ചേർന്ന്‌ പുതിയ റെയിൽ സ്ഥാപിക്കുന്നതിനാൽ കുറഞ്ഞ ഭൂമിയേ ഏറ്റെടുക്കേണ്ടിവരൂ. 63,941 കോടി രൂപ പദ്ധതിച്ചെലവിൽ 11,535 കോടി നഷ്ടപരിഹാരത്തിനായിമാത്രം വകയിരുത്തി. ഹഡ്‌കോയിൽനിന്ന്‌ 3000 കോടിയുടെ വായ്‌പയ്‌ക്ക്‌ അനുമതി നൽകി. പദ്ധതിക്കായി കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതിക്കായുള്ള ശ്രമം അവസാനഘട്ടത്തിൽ.

ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക്‌ 
പുതിയ തസ്‌തിക
ഒന്നാം പിണറായി സർക്കാർ ആരംഭിച്ച ശ്രീനാരായണഗുരു ഓപ്പൺയൂണിവേഴ്‌സിറ്റിക്ക്‌ 118 പുതിയ തസ്‌തിക സ്യഷ്‌ടിച്ചു. യുജിസി പരിശോധന പൂർത്തിയായശേഷം  അടുത്ത ജൂണിൽ ക്ലാസ്‌ ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top