20 April Saturday

കർമശ്രേഷ്‌ഠൻ ; പ്രകൃതിയുടെ ഉപാസകൻ

ടി എ റെജികുമാർUpdated: Monday Oct 19, 2020


തിരുവല്ല
കർമശേഷി കൈമുതലാക്കിയ നല്ലിടയനാണ്‌ വിടവാങ്ങിയ ഡോ. ജോസഫ്‌ മാർത്തോമ്മ മെത്രാപോലീത്താ. സഭയുടെ ചരിത്രത്തിൽ ഇത്ര കർക്കശക്കാരനായ അധ്യക്ഷൻ ഉണ്ടായിട്ടില്ല. ഉറച്ച തീരുമാനങ്ങൾ എടുക്കാനും ആര് എതിർത്താലും അവ നടപ്പാക്കാനുള്ള ആർജവവും കർമശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു.

തിരുവനന്തപുരം, മദ്രാസ്, കോഴിക്കോട്, റാന്നി, കുണ്ടറ ഇടവകകളിൽ വികാരിയായി. പിന്നീട് അമേരിക്കയിലെ വെർജീനിയ സെമിനാരി, ഓക്‌സ്‌ഫഡ്‌ വിക്ലിഫ്, കാന്റർബറി സെന്റ്‌ അഗസ്റ്റിൻ കോളേജ്‌ എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തി. എംഡീവ്, എസ്ടിഎം ബിരുദങ്ങളും നേടി. വിദേശ രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തി. സൺഡേ സ്‌കൂൾ സമാജം, യുവജന സഖ്യം, ഡവലപ്‌മെന്റ്‌ കമ്മിറ്റി, കേരള ക്രിസ്ത്യൻ കൗൺസിൽ എന്നിവയുടെ അധ്യക്ഷനായി.

അഞ്ചലിൽ ഐടിസി, ശാസ്താംകോട്ട, പന്തളം എന്നിവിടങ്ങളിൽ വിദ്യാർഥി കേന്ദ്രങ്ങൾ, തെക്കൻ തിരുവിതാംകൂറിൽ വികസന പ്രവർത്തനങ്ങൾക്കായി സ്റ്റാർസ്എന്നിവ സ്ഥാപിച്ചു. ആയൂരിൽ മാർത്തോമ്മ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ആരംഭിച്ച മെത്രാപോലീത്താ അതിന്റെ പ്രഥമ മാനേജരായി. ലാത്തൂർ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒറീസ, ബംഗാൾ എന്നിവിടങ്ങളിൽ പ്രളയ, ഭൂകമ്പ ദുരിതങ്ങളുണ്ടായപ്പോഴും ദക്ഷിണേന്ത്യയിലെ സുനാമി ദുരന്തത്തിലും പുനരധിവാസ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

യുഎൻ അസംബ്ലി ഹാളിൽ ലോകമത സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി. കോഴഞ്ചേരി സെന്റ്‌ തോമസ്, ചെങ്ങന്നൂർ ക്രിസ്ത്യൻ, പെരുമ്പാവൂർ മാർത്തോമ്മാ ടീച്ചേഴ്സ് ട്രയിനിങ്‌, പെരുമ്പാവൂർ വനിത, എംബിഎ കോളേജുകളുടെ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.അമേരിക്കയിലെ വെർജീനിയ സെമിനാരി ഡോക്ടറേറ്റ് നൽകി ആദരിച്ചു.സെറാമ്പൂർ കോളേജ്, ഷിയാറ്റ്സ് ഡീംഡ് യൂണിവേഴ്സിറ്റി എന്നിവരും ഡോക്ടറേറ്റ്‌ നൽകി.

പ്രകൃതിയുടെ  ഉപാസകൻ
മാർത്തോമ്മ സഭാചരിത്രത്തിൽ പ്രകൃതിയെ ശിഥിലമാക്കുന്നതിനെതിരെ ഇത്രമാത്രം രോഷാകുലനായ ഒരു മെത്രാപോലീത്തായുണ്ടായിട്ടില്ല. മലയും പുഴയും വയലും വൃക്ഷസമൃദ്ധിയുമെല്ലാം സംരക്ഷിച്ച്‌ വരും തലമുറകൾക്ക്‌ കൈമാറേണ്ടത് കടമയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. ജനലക്ഷങ്ങൾ എത്തുന്ന മാരാമൺ കൺവൻഷനിലെ ഓരോ പ്രസംഗത്തിലും ഇതു സംബന്ധിച്ച് ഒരു വാചകമെങ്കിലും ജോസഫ് മാർത്തോമ്മ പറയാതിരുന്നിട്ടില്ല.

ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും അദ്ദേഹത്തെ നൊമ്പരപ്പെടുത്തി. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നെടുംപ്രയാറിൽ മാരാമൺ കൺവൻഷൻ നഗറിനോടു ചേർന്നുള്ള പാലക്കുന്നത്ത് തറവാട്ടിൽ പിറന്ന അദ്ദേഹം വാർധക്യത്തിലെത്തും വരെ പമ്പയിൽ കുളിക്കുമായിരുന്നു. പമ്പയിലെ മണൽവാരലിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. പമ്പയെ സ്‌നേഹിച്ചിരുന്നതിനാലാണ്‌‌ വലിയ തിരുമേനിമാർക്ക്‌ താമസിക്കാൻ മാരാമണ്ണിൽ പമ്പാതീരത്ത്‌ വിശ്രമഗേഹം നിർമ്മിച്ചത്‌. ‘പാടം നികത്തൽ, കുന്ന്‌ ഇടിച്ച് മണ്ണെടുപ്പ് എന്നിവ സാമൂഹിക ശരീരത്തിൽ ഏൽക്കുന്ന മുറിവുകളാണ്. ഇത് മനുഷ്യവംശത്തിന്റെ നാശത്തിനിടവരുത്തും. പമ്പയിലുൾപ്പെടെ നദികളിൽ മാലിന്യങ്ങൾ ഒഴുക്കുന്നവർ സ്വന്തം അമ്മയുടെ മുലപ്പാലിലാണ് വിഷം കലക്കുന്നത്‌’ –- അദ്ദേഹം പറഞ്ഞിരുന്നു.

ആറന്മുളയിലെ അതിവിശാലമായ പാടശേഖരം നികത്തി വിമാനത്താവളം നിർമിക്കുന്നതിന്‌ എതിരെ ശക്തമായ നിലപാടെടുത്തു. സമരഭൂമിയിൽ നേരിട്ടെത്തി സമരത്തിന് പിന്തുണ നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top