11 December Monday

ചൊരിമണലിന്റെ സമരനായകൻ

ടി ഹരിUpdated: Saturday Aug 19, 2023


ആലപ്പുഴയുടെ ചൊരിമണലിൽ അടിമസമാന ജീവിതം നയിച്ച തൊഴിലാളികളെ അവകാശബോധമുള്ളവരാക്കിമാറ്റിയ പോരാളി. സഖാവ്‌ എന്ന മൂന്നക്ഷരത്തിലൂടെ ജനഹൃദയങ്ങളിൽ ചേക്കേറിയ ധീരനായ കമ്യൂണിസ്‌റ്റ്‌. അവകാശങ്ങൾ നേടിയെടുക്കാൻ തൊഴിലാളികളെ ഒന്നിപ്പിച്ച്‌ ശക്തരാക്കിയ അതുല്യസംഘാടകൻ.   തൊഴിലാളികൾക്കുവേണ്ടിയുള്ള തിരുവിതാംകൂറിലെ ആദ്യത്തെ സംഘടന 1921ൽ സ്ഥാപിച്ച ‘ആലപ്പുഴ ലേബർ അസോസിയേഷൻ’ ആയിരുന്നു. പി കേശവദേവ്, പി കെ കുഞ്ഞ്, തകഴി, പുതുപ്പള്ളി രാഘവൻ, കൃഷ്ണപിള്ള (കായംകുളം) തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്ന ഈ സംഘടന വർഗാടിസ്ഥാനത്തിലായിരുന്നില്ല.

അതിനാൽ കയർഫാക്ടറി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റും വർഗസംഘടന സ്ഥാപിക്കാൻ പി കൃഷ്ണപിള്ള നേതൃത്വം നൽകി. അങ്ങനെ 1936ൽ പിറന്നതാണ്‌ ‘ആലപ്പുഴ കയർഫാക്ടറി തൊഴിലാളി യൂണിയൻ.’ കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനം.  കുറഞ്ഞകൂലിയിൽ ദുരിതജീവിതം നയിച്ച കയർത്തൊഴിലാളികൾ യൂണിയന്റെ നേതൃത്വത്തിൽ കൂലിവർധന ആവശ്യപ്പെട്ട്‌ നടന്ന സമരത്തിൽ കയർമേഖല സ്‌തംഭിച്ചു. തുടർന്നുനടന്ന ചർച്ചയിൽ കൂലികൂട്ടി. 1938ൽ ശ്രീമൂലം പ്രജാസഭ ആദ്യത്തെ ട്രേഡ് യൂണിയൻ നിയമം പാസാക്കിയപ്പോൾ ഒന്നാമതായി രജിസ്റ്റർചെയ്ത സംഘടനയും ഇതുതന്നെ. ആലപ്പുഴയിൽനിന്ന് പ്രവർത്തകരെ മറ്റു സ്ഥലങ്ങളിലേക്ക് പ്രവർത്തനത്തിനു നിയോഗിച്ച് സഖാവ് പ്രസ്ഥാനത്തെ വ്യാപിപ്പിച്ചു.

1940ൽ കുട്ടനാട്ടിലെ കൈനകരിയിലെ ചെറുകാലി പാടശേഖരത്തിന്റെ വരമ്പിൽ സഖാവ് ജാനകി എന്ന തൊഴിലാളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യയിലെ ആദ്യത്തെ വർഗാടിസ്ഥാനത്തിലുള്ള കർഷകത്തൊഴിലാളി യൂണിയൻ – ‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ’ രൂപീകരിച്ചു.
രാജവാഴ്ചയ്ക്കും സർ സി പി രാമസ്വാമി അയ്യരുടെ ദിവാൻഭരണത്തിനും അമേരിക്കൻ മോഡൽ ഭരണപരിഷ്കാരങ്ങൾക്കും എതിരെ നടന്ന ഫ്യൂഡൽവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധസമരത്തിന് ഊടുംപാവും നെയ്തത് പി കൃഷ്ണപിള്ളയായിരുന്നു.  അതാണ്‌ പുന്നപ്ര വയലാർ സമരത്തിലേക്കും നയിച്ചത്‌.

തൊഴിലാളികളെ 
സമരസജ്ജരാക്കി

ആദ്യം മുഖംതിരിച്ചുപോയ തൃൂശൂർ സീതാറാം കോട്ടൺമില്ലിലെ തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌ ബോധ്യപ്പെടുത്തി സമരസജ്ജരാക്കിയത്‌ കൃഷ്‌ണപിള്ളയുടെ അസാമാന്യ സംഘടനാ വൈഭവമാണ്‌. 1935 ഫെബ്രുവരിയിൽ തൊഴിലാളികൾ പണിമുടക്കി. ഇതരതൊഴിലാളികൾക്ക്‌ അത്‌ പുതിയ അനുഭവമായി.
മലബാറിൽ ഫറൂക്ക്‌, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിലെ നെയ്‌ത്തു, ഓട്ടുകമ്പനി തൊഴിലാളികൾ യൂണിയനുകൾ രുപീകരിച്ചു. തിരുവണ്ണൂർ കോട്ടൺമില്ലിലും ഫറൂക്ക്‌–- ചെറുവണ്ണൂർ പ്രദേശങ്ങളിലേയും കമ്പനികളിൽ തുടരെയുണ്ടായ പണിമുടക്കുകളാണ്‌ ആധുനിക ട്രേഡ്‌ യൂണിയൻ പ്രസ്ഥാനത്തിന്‌ അടിക്കല്ലിട്ടത്‌. അവിടെയെല്ലാം തൊഴിലാളികൾക്കിടയിൽ പി കൃഷ്‌ണപിള്ളയുടെ സമരസാന്നിധ്യം ഉണ്ടായിരുന്നു.

ബീഡിത്തൊഴിലാളികൾക്കൊപ്പം
കൃഷ്ണപിള്ളയുടെ ശ്രദ്ധ പതിഞ്ഞ മറ്റൊരു അസംഘടിതമേഖലയായിരുന്നു കണ്ണൂരിലെ ബീഡിനിർമ്മാണ തൊഴിലാളികൾ. ആഴ്ചയിൽ ഏഴുദിവസവും ജോലിചെയ്താലും ഇവർക്കു കിട്ടിയിരുന്ന കൂലി ആയിരം ബീഡിക്ക് ആറ് അണവരെയായിരുന്നു. അഖിലകേരള ബീഡി തൊഴിലാളി സംഘം എന്ന പേരിൽ തലശ്ശേരി ആസ്ഥാനമാക്കി ഒരു സംഘടന നിലവിലുണ്ടായിരുന്നുവെങ്കിലും നിർജ്ജീവമായിരുന്നു. ഈ സംഘടനയെ പുനരുജ്ജീവിപ്പിച്ച് അഖിലേന്ത്യാ തൊഴിലാളി സംഘടനയുമായി ബന്ധിപ്പിക്കാൻ കൃഷ്ണപിള്ള മുൻകൈയെടുത്തു. 1937 ൽ കൃഷ്ണപിള്ള സംഘടനയുടെ പ്രസിഡന്റായിരുന്നുവെങ്കിലും, 1938 ൽ നേതൃത്വം എ കെ ഗോപാലൻ ഏറ്റെടുത്ത്‌ തലശ്ശേരി ബീഡി തൊഴിലാളി യൂണിയനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top