17 April Wednesday

‘ഇവിടം സ്വർഗമാണ്‌’ ; ഒറ്റപ്പെടലില്ല. എല്ലാവരും ഒപ്പമുണ്ടെന്ന തോന്നലാണുള്ളത‌്

എം കെ പത്മകുമാർUpdated: Tuesday May 19, 2020


ആലപ്പുഴ
ഒന്നരമാസത്തോളം ഗുഡ‌്ഗാവിലെ ഹോസ്റ്റൽ മുറിയിൽ പുറത്തിറങ്ങാതെ കഴിഞ്ഞ ജോസ്‌മിക്ക‌് നാട്ടിലേക്കുള്ള യാത്രയിൽ നിറയെ ആശങ്കയായിരുന്നു. ഒരുവർഷത്തിനുശേഷമാണ്‌ വരവ്‌. പക്ഷേ, വീട്ടിലേക്ക്‌ പോകാനോ അച്ഛനെയും അമ്മയെയും കാണാനോ ആകില്ല. 14 ദിവസം ക്വാറന്റൈനിൽ കഴിയണം –- ചിന്തകൾ നീണ്ടു.  നാട്ടിലെത്തിയതോടെ അതെല്ലാം മാറി. ലോകം മുഴുവൻ വാഴ്‌ത്തുന്ന കേരളത്തിന്റെ കരുതലും പരിചരണവും 100 ശതമാനം ശരിയെ‌ന്ന്‌ ഡൽഹിയിൽനിന്ന‌് രാജധാനി എക്‌സ‌്പ്രസ്സിൽ നാട്ടിലെത്തി  ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്ന നേഴ്സ്‌ ജോസ്‌മി പറയുന്നു. മികച്ച ഭൗതികസാഹചര്യങ്ങളും മാനസികമായ പിന്തുണയും  ആരോഗ്യപ്രവർത്തകർ നൽകുന്നു.

ചമ്പക്കുളം പഞ്ചായത്ത‌് 12–--ാം വാർഡ‌് തെക്കുംതറ ജോസഫിന്റെയും ഡെയ്സിയുടെയും മകളാണ‌് ജോസ്‌മി. ഹരിയാന ഗുഡ‌്ഗാവിലെ ഫോർട്ടിസ‌് ആശുപത്രിയിലായിരുന്നു മൂന്ന്‌ വർഷം ജോലി. സൗദി അറേബ്യയിൽ അവസരം ലഭിച്ചതിനെത്തുടർന്ന‌് ഏപ്രിൽ ആദ്യം  രാജിവച്ചു. മാതാപിതാക്കൾക്കൊപ്പം കുറച്ചുദിവസം കഴിഞ്ഞ്‌ വിദേശത്തേക്കു പോകാനായിരുന്നു തീരുമാനം‌. ലോക്ക‌്ഡൗണിൽ ഗുഡ‌്ഗാവിൽക്കുടുങ്ങി.

സുഖാന്വേഷണവും ആരോഗ്യ പരിചരണവും  മാത്രമല്ല ക്വാറന്റൈൻ കേന്ദ്രത്തിൽ സർക്കാർ ലഭ്യമാക്കിയത‌്. ഒപ്പമുണ്ടെന്ന ഉറപ്പ‌്, മാനസിക സമ്മർദം കുറയ്‌ക്കാൻ പിന്തുണ എന്നിവയും സർക്കാർ സംവിധാനം നൽകുന്നു.

എറണാകുളത്തുനിന്ന‌് കെഎസ‌്ആർടിസി ബസിലാണ‌് ആലപ്പുഴയിൽ വന്നത‌്. പ്രായമായ മാതാപിതാക്കൾ ഉള്ളതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാകില്ലായിരുന്നു. ആംബുലൻസിൽ നെടുമുടിയിലെ റിസോർട്ടിലുള്ള നിരീക്ഷണകേന്ദ്രത്തിലെത്തി. വീട്ടിൽ അല്ലെന്ന വ്യത്യാസം മാത്രമേയുള്ളൂവെന്ന‌് ജോസ്‌മിയുടെ സാക്ഷ്യം.  ‘ഞാൻ മാത്രമാണ‌് ഇവിടെ ക്വാറന്റൈനിൽ കഴിയുന്നത‌്. ഒരിക്കലും ഒറ്റപ്പെടലില്ല. എല്ലാവരും ഒപ്പമുണ്ടെന്ന തോന്നലാണുള്ളത‌്. ഒന്നിനും ഒരു ബുദ്ധിമുട്ടില്ല. സമയാസമയം നല്ല ഭക്ഷണവും ലഭിക്കുന്നുണ്ട’ -ജോസ്‌മി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top