24 April Wednesday

‘കോവിഡ്‌ മുക്തരിൽ നിന്ന്‌ വിവിധ ആന്റിബോഡികൾ’

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020


ബീജിങ്‌
കോവിഡ്‌ മുക്തനായ ആളിൽനിന്ന്‌ കോവിഡ്‌ അടക്കം ചില രോഗങ്ങളുടെ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കാവുന്ന വിവിധ ആന്റിബോഡികൾ കണ്ടെത്തുന്ന രീതി വികസിപ്പിച്ചു. ഏകകോശ വിശകലനരീതിയിലൂടെ കണ്ടെത്തിയ  വിവിധ ആന്റിബോഡി‌കൾ വാക്‌സിൻ കണ്ടെത്താൻ‌ ഗുണം ചെയ്യുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. ഈ ആന്റിബോഡികൾ എബോള, എയ്‌ഡ്സ്‌, മേഴ്‌സ്‌ എന്നീ രോഗങ്ങളുടെ ചികിത്സിയ്‌ക്ക്‌ ഫലപ്രദമാകുമെന്നാണ്‌ പെക്കിങ്‌ സർവകലാശാലയിലെ ബീജിങ് അഡ്വാൻസ്‌ഡ്‌ ഇന്നൊവേഷൻ സെന്റർ ഫോർ ജീനോമിക്സ്‌ തലവൻ സണ്ണി ഷീ പറഞ്ഞത്‌.

‘സെൽ’ എന്ന ജേണലിൽ പ്രസീദ്ധികരിച്ച പഠനത്തിലാണ്‌ കണ്ടെത്തലുള്ളത്‌.  രോഗം മാറിയവരുടെ പ്ലാസ്‌‌മയിൽനിന്നാണ്‌ ആന്റിബോഡികൾ വേർതിരിച്ചെടുത്തത്‌.  മോണോ ക്ലോണൽ ആന്റിബോഡികൾ (എംഅബ്‌സ്‌) വികസിപ്പിച്ചെടുക്കൽ ദീർഘമായ പ്രകിയയാണെന്നും പഠനത്തിലുണ്ട്‌. എന്നാൽ, ഉയർന്ന തോതിലുള്ള ഏകകോശ വിശകലനരീതിയിലൂടെ ഈ ആന്റിബോഡികൾ വേഗത്തിൽ  കണ്ടെത്താനാകും. കോവിഡ്‌ രോഗികളിൽ ആന്റിബോഡി പരീക്ഷിച്ചപ്പോൾ രോഗബാധ കുറയുന്നതായി കണ്ടെത്തിയെന്നും‌ പഠനത്തിൽ പറയുന്നു‌.

കോവിഡ്‌ ഹൃദയരോഗങ്ങൾക്കും കാരണമാകാം:- പഠനം
ശ്വാസകോശ അസ്വസ്ഥതകൾ കൂടാതെ ഹൃദയസംബന്ധമായ ഗുരുതര തകരാറുകൾക്കും‌ കോവിഡ് കാരണമാകാമെന്ന്‌ ശാസ്‌ത്രജ്ഞർ.  ഹൃദയാഘാതം, പക്ഷാഘാതത്തിന്‌ ഇടയാക്കുന്നതരത്തിൽ രക്തം കട്ടപിടിക്കൽ  എന്നിവയുണ്ടാകാമെന്നാണ്‌ കണ്ടെത്തൽ‌. അമേരിക്കൻ ജേർണൽ ഓഫ്‌ എമർജൻസി മെഡിസിനിലാണ്‌ ലേഖനമുള്ളത്‌.  കോവിഡ്‌ രോഗികളിൽ 24 ശതമാനത്തോളം പേരിലും കടുത്ത ഹൃദയരോഗങ്ങളോടെയാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇത്‌ കോവിഡുമൂലമുണ്ടായതാണോ, അതോ നേരത്തെയുണ്ടായിരുന്ന തിരിച്ചറിയാതിരുന്ന ഹൃദ്‌രോഗം മൂർച്ഛിതാണോ എന്ന്‌ കണ്ടെത്തിയില്ല. ഇവരിൽ പകുതിയാളുകൾക്ക്‌ നേരത്തെ രക്തസമ്മർദമോ ഹൃദ്‌രോഗമോ ഉണ്ടായിരുന്നതായി അറിയില്ല. കോവിഡും മറ്റ്‌ രോഗങ്ങളും ശരീരത്തിലുണ്ടാക്കുന്ന സ്വാഭാവിക പ്രതിരോധം രക്തക്കുഴലുകളിൽ കൊഴുപ്പടിയുന്നതിന്‌ സാധ്യത കൂട്ടുന്നു. ഇത്‌‌ പിന്നീട്‌ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും ഇടയാക്കാം. ‌കോവിഡ്‌ ചികിത്സയ്ക്ക്‌ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്വോറോക്വിൻ, റെംഡെസിവിർ ഗുളികകൾ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക്‌ ഇടയാക്കുമെന്നും ലേഖനത്തിലുണ്ട്‌.

ഹൃദയ രക്ഷയ്‌ക്ക്‌ നിർമിതബുദ്ധി
കോവിഡ്‌ രോഗികളിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ മൂർഛിക്കാവുന്നവരെ  കണ്ടെത്താൻ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌–- എഐ). അമേരിക്കയിലെ ശാസത്രജ്ഞരാണ്‌ കോവിഡ്‌ രോഗികളെ പരിശോധിക്കാൻ എഐ ഉപയോഗിക്കുന്നത്‌‌. പ്രത്യേക ആൽഗരിതത്തിലൂടെ ഏതു രോഗിക്കാണ്‌‌
ഹൃദയതകരാർ, അസാധാരണ ഹൃദയമിടിപ്പ്‌, ഹൃദയാഘാതം തുടങ്ങിയവ സംഭവിക്കുക എന്ന്‌ കണ്ടെത്താനാണിത്‌.

പഠനത്തിന്‌ ദേശീയ ശാസ്‌ത്രകേന്ദ്രത്തിൽനിന്ന്‌ ജോൺ ഹോപ്‌കിൻസ്‌ സർവകലാശാലയ്ക്ക് 195000 ഡോളർ (14771172 രൂപ) ലഭിച്ചു. ആദ്യഘട്ടത്തിൽ ജോൺ ഹോപ്‌കിൻസ്‌ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച(ജെഎച്ച്‌എച്ച്‌എസ്‌) 300 രോഗികളുടെ വിവരമാകും ശേഖരിക്കുക. ഹൃദയസംബന്ധമായ പരിശോധന നടത്തിയതിന്റെ വിവരങ്ങൾ ശേഖരിക്കും. ഇതുപയോഗിച്ച്‌ ‘മെഷീൻ ലേണിങ്’‌ വഴി ആൽഗരിതം രൂപീകരിക്കും. രോഗിയുടെ സ്ഥതി മോശമാവുന്നതിന്‌ 24 മണിക്കൂർ മുമ്പ്‌ വിവരമറിയാവുന്ന പ്രചനാത്മക രേഖയുണ്ടാക്കാനാണ്‌ ശാസ്‌ത്രജ്ഞർ ലക്ഷ്യമിടുന്നത്‌‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top