07 July Thursday

പി കെ നായർ പേടിച്ചിരുന്നുവോ…?; ആർക്കൈവിലേക്ക് സ്വരുക്കൂട്ടിയത്‌ എണ്ണം പറഞ്ഞ ചലച്ചിത്രങ്ങൾ

കോയ മുഹമ്മദ് Updated: Monday Apr 18, 2022

പി കെ നായർ. പഴയകാല ചിത്രം

ലാഭം ലാക്കാക്കി പ്രവർത്തിക്കാൻ നിയമനാതന്നെ ബാധ്യസ്ഥമായ എൻഎഫ്ഡിസി പോലൊരു സ്ഥാപനത്തിൻകീഴിൽ, പി കെ നായരെയും ജഹാംഗിർ ഭവ്നഗരിയെയും പോലുള്ളവർ ഒരുക്കൂട്ടിത്തന്ന ചലച്ചിത്ര കലവറകളുടെ ഭാവിയെന്ത്? സംശയിക്കപ്പെടുന്നതുപോലെ, പാട്ടവിലയ്‌ക്ക് തൂക്കിക്കൊടുക്കാനുള്ള ഒരു ക്രമീകരണമാണോ നടക്കുന്നത്; അതോ, ആസൂത്രിതമായ ഒരു ‘ശുദ്ധീകരണ' പ്രക്രിയക്കാണോ നാം സാക്ഷ്യം വഹിക്കുന്നത്?

എറണാകുളത്ത് കലൂരിൽ പഴയ ‘മാതൃഭൂമി' ഓഫീസിന് അരികിലൂടെയുള്ള റോഡിലെ ഓലമേഞ്ഞ ടാക്കീസിൽവെച്ചാണ് 1970കളുടെ മധ്യത്തിൽ പി കെ നായരെ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തകർ മിക്കവരും ആദ്യമായി നേരിൽ കാണുന്നത്. മലയാളത്തിലെ രണ്ടാമത്തെ (നിശ്ശബ്ദ) ചിത്രമായ ‘മാർത്താണ്ഡവർമ്മ' (1933) യുടെ പ്രഥമ പ്രദർശനമായിരുന്നു ‘അശോക' എന്ന പേരിലുള്ള ആ ടാക്കീസിൽ അന്നു നടന്നത് (അശോക ടാക്കീസ് ഇന്നില്ല. ആ റോഡിന് അശോക റോഡ് എന്നാണ് ഇപ്പോഴും പേര്).

നേരിട്ടു കണ്ടിരുന്നില്ലെങ്കിലും, പി കെ നായരെ ചലച്ചിത്ര പ്രേമികൾക്ക് അതിനു മുമ്പേ നല്ല  പരിചയമുണ്ടായിരുന്നു. ലോക ചലച്ചിത്ര ക്ലാസിക്കുകൾ ഫിലിം സൊസൈറ്റികൾക്ക് ലഭ്യമാക്കിയത് അദ്ദേഹമായിരുന്നു. കേരളത്തിൽ മാത്രമല്ല, രാജ്യത്താകെയും. ഇന്ത്യയിലെ ആദ്യകാല സിനിമകൾ പലതും വിസ്മൃതിയിൽനിന്ന് വീണ്ടെടുത്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

പി കെ നായർ

പി കെ നായർ

തിയറ്ററിലിരുന്ന്  സിനിമകൾ കാണുന്നതിനിടക്ക്, നേരിയ പ്രകാശം പൊഴിക്കുന്ന പ്രത്യേകതരം പേനയുപയോഗിച്ച്, കുറിപ്പുകളെടുത്തുകൊണ്ടിരുന്ന പി കെ നായരെക്കുറിച്ചും, വായിച്ചും പറഞ്ഞുകേട്ടും, അദ്ദേഹത്തിന്റെ ആരാധകർ മനസ്സിലാക്കിയിരുന്നു.

മെഹബൂബ് ഖാന്റെയും ബിമൽ റോയിയുടെയും ഋഷികേശ്‌ മുഖർജിയുടെയും  മറ്റും കീഴിൽ ചലച്ചിത്രനിർമാണത്തിന്റെ പ്രായോഗിക പാഠങ്ങൾ സ്വായത്തമാക്കി ബോംബെയിലെ മെഹബൂബ് സ്റ്റുഡിയോയിൽ അസിസ്റ്റന്റ്‌ ഡയരക്ടറായി കഴിയുന്ന കാലത്താണ് ഫിലിംസ് ഡിവിഷൻ മേധാവി ജഹാംഗിർ ഭവ്നഗരിയുടെ നിർദേശപ്രകാരം പി കെ നായർ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) യിൽ ഒരു ഇന്റർവ്യൂവിന് ഹാജരാകുന്നതും അവിടെ ലൈബ്രറി തയ്യാറാക്കാൻ ചുമതലപ്പെട്ട റിസർച്ച് അസിസ്റ്റന്റായി 1961ൽ നിയുക്തനാകുന്നതും.

വൈകാതെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേക വിഭാഗമായി ഒരു ഫിലിം ആർക്കൈവ് സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹം വ്യാപൃതനായി. ഇതിനായി അമേരിക്ക, സോവിയറ്റ് യൂണിയൻ, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ആർക്കൈവുകളുടെ ക്യുറേറ്റർമാരും ഡയരക്ടർമാരുമായി ബന്ധം പുലർത്തി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു വിഭാഗമെന്ന നിലയ്‌ക്കല്ലാതെ പ്രത്യേകമായിത്തന്നെ വേണം ആർക്കൈവ് കെട്ടിപ്പടുക്കുക എന്ന നിർദേശമാണ് അവരിൽ നിന്നെല്ലാം ലഭിച്ചത്.

1964ൽ ഇന്ത്യയുടെ ദേശീയ ഫിലിം ആർക്കൈവ് (എൻഎഫ്എഐ) വേറെത്തന്നെയൊരു സ്ഥാപനമായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനു സമീപത്തുതന്നെയായി നിലവിൽവന്നു. പ്രവർത്തനങ്ങൾ നയിച്ച പി കെ നായർക്ക് 1965ൽ അസിസ്റ്റന്റ്‌ ക്യുറേറ്റർ പദവി ലഭിച്ചു. ഇന്ത്യൻ സിനിമയുടെ നാഴികക്കല്ലുകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹബ് ഫാൽക്കേയുടെ ‘രാജാ ഹരിശ്ചന്ദ്ര', 'കാളിയമർദൻ', ബോംബെ ടാക്കീസിന്റെ ‘ജീവൻ നയ്യാ', ‘ബന്ധൻ', ‘കങ്കൺ', ‘കിസ്മത് ', എസ് എസ് വാസന്റെ ‘ചന്ദ്രലേഖ', ഉദയ് ശങ്കറിന്റെ ‘കല്പന' തുടങ്ങിയ ചിത്രങ്ങൾ കണ്ടെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു.

ചലച്ചിത്രങ്ങൾ മനുഷ്യന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകമാണെന്ന ബോധം സമൂഹത്തിൽ വളർത്തിയെടുക്കാനും, കൗതുകത്താൽ വിസ്മൃതചിത്രങ്ങളെക്കുറിച്ചും മറ്റും അന്വേഷിച്ചു പോന്നിരുന്നവരുടെ യത്നങ്ങൾക്ക് ദിശാബോധം നൽകാനും പി കെ നായരുടെ നേതൃത്വത്തിൽ സമർപ്പിതചിത്തമായ പ്രവർത്തനങ്ങൾ നടന്നു. ആക്രിക്കൂമ്പാരങ്ങളിൽ നിന്ന് ഫിലിം തുണ്ടുകൾ പെറുക്കിക്കൂട്ടി അടുക്കിയും ഒതുക്കിയും, നഷ്ടപ്പെട്ടുവെന്ന് അതുവരെ കരുതപ്പെട്ടിരുന്ന പല ചിത്രങ്ങളും വീണ്ടെടുത്ത തൊഴിലാളി യൂണിയൻ പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മുംബൈ നിവാസി  അബ്ദുൾ അലിയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങളും അങ്ങനെ സാർഥകമായി.

ബോംബെ ടാക്കീസിന്റെ ‘അച്യുത് കന്യ', എ ആർ കർദാറിന്റെ ‘ഭഗ്ബാൻ' എന്നീ ചിത്രങ്ങൾ അബ്ദുൾ അലിയിലൂടെയാണ് ആർക്കൈവിലെത്തിയത്.

ക്യാപിറ്റോൾ തിയേറ്റർ

ക്യാപിറ്റോൾ തിയേറ്റർ

അങ്ങനെയൊരു വീണ്ടെടുപ്പ് ആഘോഷിക്കാനാണ് കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തകരെ വിളിച്ചുകൂട്ടി കലൂരിലെ അശോക ടാക്കീസിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ പ്രദർശനവേളയിൽ, സി വി രാമൻപിള്ളയുടെ അതേ പേരിലുള്ള ചരിത്രാഖ്യായിക ആധാരമാക്കി പി വി റാവു തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആർ സുന്ദർരാജ് നിർമിച്ച ‘മാർത്താണ്ഡവർമ്മ'യെക്കുറിച്ച്, അത്തരം സന്ദർഭങ്ങളിൽ പതിവുള്ളവിധം, അദ്ദേഹം സംസാരിക്കുകയും ചെയ്തു. ചലച്ചിത്രാസ്വാദനത്തിന് സഹായകമായ ഒരു മാതൃകാ ക്ലാസു തന്നെയായിരുന്നു അത്.

മൂലകൃതിയായ നോവലിന്റെ പ്രസാധകരായ കമലാലയ ബുക്ക് ഡിപ്പോ ഉന്നയിച്ച പകർപ്പവകാശ പ്രശ്നത്തിൽ തിരുവനന്തപുരം ക്യാപിറ്റോൾ തിയറ്ററിലെ റിലീസോടെതന്നെ, കോടതി ഉത്തരവിനെ തുടർന്ന്, ചിത്രം പ്രദർശനത്തിൽനിന്ന് പിൻവലിക്കപ്പെടുകയായിരുന്നു. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ പകർപ്പവകാശ വ്യവഹാരമായിരുന്നു അത്. ചിത്രത്തെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല.

പുസ്തകശാല സ്ഥിതി ചെയ്തിരുന്ന സേവിയേഴ്സ് കെട്ടിടത്തിലെ ഉപയോഗിക്കാതെ കിടന്ന ഒരു മുറിയിൽ ചിത്രത്തിന്റെ പ്രിന്റുണ്ടെന്നറിഞ്ഞ് പി കെ നായർ അന്വേഷിച്ചുചെന്നാണ് 1974ൽ ആർക്കൈവിനുവേണ്ടി അത് കരസ്ഥമാക്കുകയും അത്യാവശ്യം സമയമെടുത്ത്‌ പുനരുദ്ധാരണം നടത്തി അശോക ടാക്കീസിലെ പ്രദർശനത്തിനെത്തിക്കുകയും ചെയ്തത്.

രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നുമായി എണ്ണം പറഞ്ഞ ചലച്ചിത്രങ്ങൾ പി കെ നായർ ആർക്കൈവിലേക്ക് സ്വരുക്കൂട്ടി. ഫാൽക്കെ ചിത്രങ്ങളും ന്യൂ തിയറ്റഴ്സ്, ബോംബെ ടാക്കീസ്, മിനർവ മൂവീടോൺ, ജമിനി സ്റ്റുഡിയോസ്, എവിഎം പ്രൊഡക്‌ഷൻസ് എന്നിവയുടെ ചിത്രങ്ങളും സത്യജിത് റേ, ഋത്വിക് ഘട്ടക്ക്, മൃണാൾ സെൻ, വി ശാന്താറാം, രാജ് കപൂർ, ഗുരുദത്ത്, ഇംഗ്‌മർ ബർഗ്‌മാൻ, അകിരാ കുറോസാവ, മിക്ലോസ് യാങ്ചോ, ക്രിസ്റ്റോഫ് സനൂസി, വിറ്റോറിയോ ഡിസിക്ക,  ഫ്രഡറിക്കോ ഫെല്ലിനി എന്നിവരുടെയെല്ലാം കൃതികളും ഇതിൽപ്പെടുന്നു.

  രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നുമായി എണ്ണം പറഞ്ഞ ചലച്ചിത്രങ്ങൾ പി കെ നായർ ആർക്കൈവിലേക്ക് സ്വരുക്കൂട്ടി. ഫാൽക്കെ ചിത്രങ്ങളും ന്യൂ തിയറ്റഴ്സ്, ബോംബെ ടാക്കീസ്, മിനർവ മൂവീടോൺ, ജമിനി സ്റ്റുഡിയോസ്, എവിഎം പ്രൊഡക്‌ഷൻസ് എന്നിവയുടെ ചിത്രങ്ങളും സത്യജിത് റേ, ഋത്വിക് ഘട്ടക്ക്, മൃണാൾ സെൻ, വി ശാന്താറാം, രാജ് കപൂർ, ഗുരു ദത്ത്, ഇംഗ്‌മർ ബർഗ്‌മാൻ, അകിരാ കുറോസാവ, മിക്ലോസ് യാങ്ചോ, ക്രിസ്റ്റോഫ് സനൂസി, വിറ്റോറിയോ ഡിസിക്ക, ഫ്രഡറിക്കോ ഫെല്ലിനി എന്നിവരുടെയെല്ലാം കൃതികളും ഇതിൽപ്പെടുന്നു. ചുരുങ്ങിയ കാലംകൊണ്ട് ലോകത്തിലെ ഫിലിം ആർക്കൈവുകളിൽ സമുന്നതമായ സ്ഥാനം എൻഎഫ്എഐക്ക് സ്വന്തമാക്കാനായി.

പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട്‌

പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട്‌

1982ൽ സ്ഥാപനത്തിന്റെ ഡയരക്ടറായി സ്ഥാനക്കയറ്റം ലഭിച്ച് 1991 ൽ എൻഎഫ്എഐയിൽ നിന്ന് പിരിഞ്ഞ ‘സെല്ലുലോയ്ഡ് മാൻ' (ഈ പേരിലാണ് ചലച്ചിത്രകാരനും ഫിലിം ആർക്കൈവിസ്റ്റുമായ ശിവേന്ദ്ര സിങ് ദുംഗാർപൂർ താൻ ഗുരുവായി കണക്കാക്കുന്ന പി കെ നായരുടെ ഐതിഹാസിക ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററിയെടുത്തത്) മൂന്നു ദശകക്കാലത്തെ ഔദ്യോഗിക സേവനത്തിനിടക്ക് രാജ്യത്തിനകത്തു നിന്നുതന്നെയുള്ള 8000 ത്തോളം അടക്കം 12000ത്തിലധികം സിനിമകൾ (തിരക്കഥകളും പാട്ടുപുസ്തകങ്ങളും ചലച്ചിത്ര സംബന്ധമായ ഗ്രന്ഥങ്ങളും മറ്റു ആടയാഭരണങ്ങളുമടങ്ങുന്ന ഭീമമായ ശേഖരം ഇതിനു പുറമെ) ഇന്ത്യയുടെ അമൂല്യ പൈതൃകമായി ആർക്കൈവിൽ ശേഖരിച്ച് വെച്ചുകഴിഞ്ഞിരുന്നു. ഫിലിം ഇൻസ്റ്റിറ്റൂട്ട് വിദ്യാർഥികൾക്കും ഗവേഷകർക്കും ഫിലിം സൊസൈറ്റി അംഗങ്ങൾക്കും മറ്റു ചലച്ചിത്ര പഠനസംഘങ്ങൾക്കുമായി അനന്യമായൊരു മഹാനിധി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാതെ ഈ ആർക്കൈവ് പ്രയോജനപ്പെടുത്തി ചലച്ചിത്രകലയെന്തെന്നു മനസ്സിലാക്കി മികച്ച ചിത്രങ്ങളെടുത്ത ചലച്ചിത്രകാരന്മാർ ‘യാരോ ഒരാളി'ന്റെയും ‘ഉപ്പി'ന്റെയും സംവിധായകനായ പവിത്രനെപ്പോലെ നമ്മുടെ മലയാള സിനിമയിൽത്തന്നെയുണ്ട്.

ഈ നിധിയുടെ പരിപാലനം സംബന്ധിച്ച് പി കെ നായർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു:

ഫിലിം ആർക്കൈവ് വാണിജ്യേതരമായ പൊതുജന സേവന സ്ഥാപനമാണ്. അതിന്റെ ദൗത്യം പ്രാഥമികമായും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമാണ്; അല്ലാതെ ഏതെങ്കിലും വാണിജ്യ പ്രവർത്തനവുമായി അതിനെ കൂട്ടിക്കുഴയ്‌ക്കരുത്.

'ഫിലിം ആർക്കൈവ് വാണിജ്യേതരമായ പൊതുജന സേവന സ്ഥാപനമാണ്. അതിന്റെ ദൗത്യം പ്രാഥമികമായും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമാണ്; അല്ലാതെ ഏതെങ്കിലും വാണിജ്യ പ്രവർത്തനവുമായി അതിനെ കൂട്ടിക്കുഴയ്‌ക്കരുത്. ലാഭത്തിന്റെ ബാലൻസ് ഷീറ്റ് കാണിക്കേണ്ട ഏതെങ്കിലും സ്ഥാപനവുമായി അതിനെ ബന്ധിപ്പിക്കരുത്. ബഹുജനങ്ങളുടെ ചലച്ചിത്രാവബോധം ഉയർത്തുന്നു എന്ന വസ്തുതയിലാണ് ആർക്കൈവിനെ സംബന്ധിച്ചിടത്തോളം ബാലൻസ് ഷീറ്റ് മൂർത്തരൂപം പ്രാപിക്കുന്നത്. അതുകൊണ്ടാണ് ആർക്കൈവ് സ്ഥാപനത്തിന്റെ നിലനില്പിന് സർക്കാർ/പൊതു ധനവിനിയോഗം അനുപേക്ഷണീയമാകുന്നത് ’(Preserving the Past for the Future, P K Nair, 28th International Film Festival of India, KSFDC, 1997).

ഈ പ്രസ്താവത്തിൽ കാൽ നൂറ്റാണ്ടിനിപ്പുറം ഒരു പ്രവചനാത്മകത പ്രതിധ്വനിക്കുന്നുവോ? ഇക്കഴിഞ്ഞൊരു ദിവസം പത്രവാർത്ത വന്നു: Four govt.-run film units merged with NFDC  (ദ ഹിന്ദു, 2022 മാർച്ച് 31). കേന്ദ്ര സർക്കാർ ചലച്ചിത്ര വിഭാഗങ്ങളായ ഇന്ത്യയുടെ ദേശീയ ഫിലിം ആർക്കൈവും ഫിലിംസ് ഡിവിഷനും ഫിലിം ഫെസ്റ്റിവൽ ഡയരക്ടറേറ്റും ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയും, കമ്പനി നിയമ പ്രകാരം ലാഭേഛയോടെ പ്രവർത്തിക്കുന്ന നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ മൂന്നു വ്യത്യസ്ത ഉത്തരവുകളിലൂടെ ലയിപ്പിച്ചിരിക്കുന്നു.

 ഇത്തരമൊരു നടപടി ആസന്നമെന്നു കണ്ടതോടെതന്നെ നസീറുദ്ദീൻ ഷാ, നന്ദിതാ ദാസ് തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ധൈഷണിക ജീവിതത്തിന്റെ മറ്റു തുറകളിലുള്ളവരും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഒപ്പുശേഖരണം നടത്തി ബന്ധപ്പെട്ട മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.

ജോൺ ബ്രിട്ടാസ് എംപി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് സിങ് താക്കൂറിനയച്ച കത്തിൽ, കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട് ലാഭം ലാക്കാക്കി പ്രവർത്തിക്കുന്ന എൻഎഫ്‌ഡിസി ക്ക് എങ്ങനെ ഫിലിം ആർക്കൈവ് നിർവഹിക്കുന്ന ലാഭേതരമായ ചലച്ചിത്ര സംരക്ഷണവും പരിപാലനവും, ഫിലിംസ് ഡിവിഷന്റെയും ഫിലിം ഫെസ്റ്റിവൽ ഡയരക്ടറേറ്റിന്റെയും മറ്റും ലാഭേതര പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ കഴിയുമെന്ന പ്രസക്തമായ ചോദ്യം ഉന്നയിക്കുകയുണ്ടായി.  ഈ പൊരുത്തക്കേട് ലയന പ്രക്രിയയിലാകെ സംശയത്തിന്റെ നിഴൽ വീഴ്‌ത്തുന്നുവെന്നും ബ്രിട്ടാസ് കത്തിൽ പറഞ്ഞു. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യപൂർവകാലം മുതൽ ഇന്നുവരെയുള്ള ചരിത്രത്തിന്റെ ശ്രാവ്യദൃശ്യ മുദ്രണത്തിന്റെ ഭീമമായ ദേശീയ ശേഖരമാണ് ഫിലിംസ് ഡിവിഷനും ഫിലിം ആർക്കൈവുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

പി കെ നായർ

പി കെ നായർ

പുതിയ ക്രമീകരണപ്രകാരം ഇതുവരെ ഫിലിംസ് ഡിവിഷൻ നടത്തിപ്പോന്ന മുംബൈ രാജ്യാന്തര ചലച്ചിത്രമേളയും ഫിലിം ഫെസ്റ്റിവൽ ഡയരക്ടറേറ്റ് സംഘടിപ്പിച്ചുപോന്ന ഗോവയിലെ ഐഎഫ്എഫ്ഐയും ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഹൈദരാബാദ് കേന്ദ്രീകരിച്ച് നടത്തിവരുന്ന ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലും ഇനി എൻഎഫ്ഡിസി നടത്തും. ഫിലിം ആർക്കൈവ് നിർവഹിച്ചുപോന്ന ചലച്ചിത്രപരിപാലന സംബന്ധമായ കാര്യങ്ങളും എൻഎഫ്ഡിസി നോക്കും. ഫിലിംസ് ഡിവിഷന്റെ കീഴിലായിരുന്ന ഡോക്യുമെന്ററി ഫിലിം നിർമാണം പൂർണമായും ഏപ്രിൽ ഒന്ന്‌ മുതൽ എൻഎഫ്ഡിസി ചെയ്യുമെന്നാണ്, മാർച്ച് 31 ന്റെ പത്രവാർത്തപ്രകാരം, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഫിലിംസ് ഡിവിഷന്റെ പൈതൃകവും ബ്രാൻഡും മുന്നോട്ടു കൊണ്ടുപോകുമെന്നും നിർമാണം ഫിലിംസ് ഡിവിഷനെന്ന പേരിലായിരിക്കുമെന്നും അതിൽ അധികൃതർ പറയുന്നുണ്ട്.

പറച്ചിലുകൊണ്ടായില്ലല്ലോ. അതിനു വസ്തുതകളുമായൊരു പൊരുത്തം വേണ്ടേ? ഫിലിം ആർക്കൈവിന്റെ ഭാവി ഭാഗധേയം മാത്രം നോക്കുകയാണെങ്കിൽത്തന്നെ ആശങ്കയ്‌ക്ക്‌ അറ്റമില്ല. ആർക്കൈവിൽ ചലച്ചിത്രങ്ങൾ ശേഖരിക്കുന്നത് ജഡമായി അവിടെ കിടക്കാനല്ല, ആവശ്യമുള്ളപ്പോൾ ആവശ്യക്കാർക്ക് കാണാനാണെന്ന് നമ്മുടെ ആർക്കൈവ് സ്ഥാപകൻ നടേപ്പറഞ്ഞ ലേഖനത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

ഓരോ ചലച്ചിത്രവും അതതു കാലത്തെ നടപ്പു സാങ്കേതിക വിദ്യയുപയോഗപ്പെടുത്തിക്കൊണ്ടുതന്നെ കാണാൻ കഴിയത്തക്കവിധം അനുയോജ്യമായ വിധത്തിലേക്കു പരുവപ്പെടുത്തിയാലേ ഈ കാണൽ നടപ്പുള്ളൂ.

തകരപ്പെട്ടിയിൽ സൂക്ഷിച്ചിട്ടുള്ള പ്രിന്റ്‌ പ്രൊജക്ടറിൽ വെച്ച് പ്രദർശനം നടത്തുക എക്കാലവും പ്രായോഗികമായ രീതിയല്ല. എന്നുവെച്ച് ആ രൂപത്തിൽ കൈവന്ന ചിത്രങ്ങളെല്ലാം ഉപേക്ഷിക്കാൻ പറ്റുമോ? അതുപോലെ, നെഗറ്റീവ് മാത്രം കിട്ടിയ ചിത്രങ്ങളുടെ കാര്യവും പി കെ നായർ ഉദാഹരിക്കുന്നുണ്ട്.

തകരപ്പെട്ടിയിൽ സൂക്ഷിച്ചിട്ടുള്ള പ്രിന്റ്‌ പ്രൊജക്ടറിൽ വെച്ച് പ്രദർശനം നടത്തുക എക്കാലവും പ്രായോഗികമായ രീതിയല്ല. എന്നുവെച്ച് ആ രൂപത്തിൽ കൈവന്ന ചിത്രങ്ങളെല്ലാം ഉപേക്ഷിക്കാൻ പറ്റുമോ. അതുപോലെ, നെഗറ്റീവ് മാത്രം കിട്ടിയ ചിത്രങ്ങളുടെ കാര്യവും അദ്ദേഹം ഉദാഹരിക്കുന്നുണ്ട്. അവ നെഗറ്റീവായിത്തന്നെ സൂക്ഷിക്കുന്നതുകൊണ്ടുമാത്രം കാര്യമില്ലെന്നും പ്രദർശനയോഗ്യമായ പ്രിന്റ് ഇല്ലാതെ അവ പരിപാലിക്കുന്നത് നിഷ്ഫലമാണെന്നും കാൽ നൂറ്റാണ്ട് മുമ്പേ പി കെ നായർ ഓർമിപ്പിക്കുകയുണ്ടായി.

 എന്നു പറഞ്ഞാൽ, അനുദിനം ചെലവേറിക്കൊണ്ടിരിക്കുന്ന ഒരു ദൗത്യമാണ് ഈ പൈതൃക പരിപാലനം. ലാഭം ലാക്കാക്കി പ്രവർത്തിക്കാൻ നിയമനാതന്നെ ബാധ്യസ്ഥമായ എൻഎഫ്ഡിസി പോലൊരു സ്ഥാപനത്തിൻകീഴിൽ, പി കെ നായരെയും ജഹാംഗിർ ഭവ്നഗരിയെയും പോലുള്ളവർ ഒരുക്കൂട്ടിത്തന്ന ചലച്ചിത്ര കലവറകളുടെ ഭാവിയെന്ത്? സംശയിക്കപ്പെടുന്നതുപോലെ, പാട്ടവിലയ്‌ക്ക് തൂക്കിക്കൊടുക്കാനുള്ള ഒരു ക്രമീകരണമാണോ നടക്കുന്നത്; അതോ, ആസൂത്രിതമായ ഒരു ‘ശുദ്ധീകരണ' പ്രക്രിയക്കാണോ നാം സാക്ഷ്യം വഹിക്കുന്നത്  ? .

(ദേശാഭിമാനി വാരികയിൽ നിന്ന്).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top